Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫെബ്രുവരിയിലെ കൃഷിപ്പണികൾ: തെങ്ങിനും കമുകിനും നന

coconut

തുള്ളിനനയാണെങ്കിൽ തെങ്ങിനു ദിവസം 50–70 ലീറ്റർ കൊടുക്കാം. വർഷം ശരാശരി 125–130 തേങ്ങ ലഭിക്കും. തടത്തിൽ വെള്ളം തുറന്നുവിട്ടു നനയ്ക്കുകയാണെങ്കിൽ വിളവ് 150–160 തേങ്ങയാകും. നനയ്ക്കുമ്പോൾ ഉദ്ദേശം 300 ലീറ്റർ വെള്ളം 3–4 ദിവസത്തെ ഇടവേളയിൽ കൊടുക്കുന്നത് വിളവ് കൂട്ടും. മണലിന്റെ അംശം കൂടിയ മണ്ണിൽ നനയുടെ അളവും ഇടവേളയും കുറയ്ക്കണം. കളിമണ്ണിന്റെ അംശം കൂടിയ മണ്ണിൽ കൂടിയ അളവും കൂടിയ ഇടവേളയും. കേരളത്തിൽ 20% തെങ്ങുകളേ നനയ്ക്കുന്നുള്ളൂ. നനയ്ക്കുന്നില്ലെങ്കിൽ തടത്തിൽ പുതയിട്ട് ഉണക്കിന്റെ കാഠിന്യം കുറയ്ക്കുക. ചപ്പുചവർ, ഓല, പച്ചച്ചകിരി എന്നിവ ഉപയോഗിക്കാം. ചെറുതൈകൾക്ക് തെക്കുപടിഞ്ഞാറൻ ദിശയിൽനിന്നു തണൽ നൽകണം. നനയ്ക്കുന്ന തെങ്ങിന് ഈ മാസം മേൽവളം താഴെ പട്ടികയിൽ കാണുംവിധം ചേർക്കാം. വളം തടത്തിൽ വിതറി മണ്ണിൽ കൊത്തിച്ചേർക്കണം.

fertilizer-chart-coconut

കീടങ്ങളെ ഈ മാസം പ്രത്യേകം ശ്രദ്ധിക്കുക. കൊമ്പൻചെല്ലിയെ ചെല്ലിക്കോൽകൊണ്ട് കുത്തിയെടുത്ത് നശിപ്പിക്കുക. രാസകീടനാശിനി ഒഴിവാക്കുക. ചെമ്പൻചെല്ലിയുടെ ഉപദ്രവം മാരകം. തടിയിൽ സുഷിരങ്ങൾ കാണുകയും അതിലൂടെ ചണ്ടി പുറത്തേക്കു വരുന്നതുമാണ് ലക്ഷണം. അവസാനം മണ്ട മറിയും. തടിയിലുള്ള സുഷിരങ്ങളെല്ലാം കളിമണ്ണുകൊണ്ട് അടയ്ക്കുക. ഏറ്റവും മുകളിലത്തെ സുഷിരങ്ങളിലൂടെ നാലു മില്ലി കീടനാശിനി രണ്ട് ലീറ്റർ വെള്ളത്തിൽ കലക്കി ഒഴിക്കുക. ഈ ദ്വാരവും അടയ്ക്കുക. തോ‌ട്ടത്തിൽ പറന്നു നടക്കുന്ന മുതിർന്ന ചെമ്പൻചെല്ലികളെ കള്ളിന്റെ മട്ടും ഏതെങ്കിലും കീടനാശിനിയും ചേർത്തുള്ള കെണി, ഫിറമോൺ കെണി എന്നിവ ഉപയോഗിച്ച് നശിപ്പിക്കാം. തീരപ്രദേശങ്ങളിൽ തെങ്ങിന്റെ പച്ചപ്പ് കാർന്നു തിന്നുന്ന തെങ്ങോലപ്പുഴുക്കളെ നിയന്ത്രിക്കാൻ എതിർപ്രാണികളെ വിടുന്നതിന് കൃഷിവകുപ്പുമായി ബന്ധപ്പെടുക.

ചെന്നീരൊലിക്കുന്ന ഭാഗത്തെ തൊലി ചെത്തി മാറ്റി കാലിക്സിൻ അല്ലെങ്കിൽ കോൺടാഫ് 5 മി.ലീ, 100 മി.ലീ. വെള്ളത്തിൽ കലക്കി ചെത്തിയ ഭാഗത്തു തേക്കുക. കൂടാതെ കാലിക്സിൻ അല്ലെങ്കിൽ കോൺടാഫ് 5 മി.ലീ, 300 മി.ലീ വെള്ളത്തിൽ കലക്കി വേരിൽക്കൂ‌ടി കയറ്റുക. നല്ല കരുത്തുള്ള വേരിന്റെ അഗ്രഭാഗം ചരിച്ചു മുറിച്ച് ലായനിയിൽ മുക്കിവച്ചിരുന്നാൽ മതി. ഫെബ്രുവരി, മേയ്, ഒക്ടോബർ മാസങ്ങളിൽ ഇങ്ങനെ മൂന്നു തവണ ലായനി കയറ്റുക. പകരം 50 ഗ്രാം ട്രൈക്കോഡെർമ 50 മി.ലീ. വെള്ളത്തിൽ കുഴമ്പാക്കി കറ ഒലിക്കുന്ന ഭാഗത്ത് തേക്കാം. കൂടാതെ, തെ‍ങ്ങൊന്നിന് അഞ്ചു കിലോ വീതം വേപ്പിൻപിണ്ണാക്കും 50 ഗ്രാം ട്രൈക്കോഡെർമ കൾച്ചറും ഒന്നിച്ച് തടത്തിൽ ചേർക്കുകയും ചെയ്യുന്നു. കോൺടാഫ് വേരിൽക്കൂടി കയറ്റാൻ പറ്റുന്നില്ലെങ്കിൽ 50 മി.ലീ. വെള്ളത്തിൽ കലർത്തി നനവുള്ള തടത്തിൽ ഒഴിക്കുക.

കമുക്

നന അഞ്ചു ദിവസത്തിൽ ഒന്ന‍ു വീതം. ഒരു നനയ്ക്ക് 150–175 ലീറ്റർ വെള്ളം. നനയില്ലാത്ത കമുകിന്റെ ചുവട്ടിൽ കനത്തിൽ പുതയിടുക. തൈകളുടെ തടി വെള്ള പൂശുകയോ ഓലകൊണ്ട് പൊതിയുകയോ ചെയ്യുക. നനയ്ക്കുന്ന കമുകൊന്നിന് താഴെ പട്ടികയിൽ കാണുംവിധം വളം തടത്തിൽ വിതറി മണ്ണിളക്കി ചേർക്കുക.

fertilizer-chart-arecanut

വിത്തടയ്ക്ക ശേഖരിക്കുന്നതിന് ഈ മാസവും യോജ്യം. രണ്ടും മൂന്നും കുലകളാണ് ഉചിതം. ഈ കുലകളിൽനിന്ന് രണ്ട് അടയ്ക്ക വീതം പിളർന്നുനോക്കുക. പുറത്തെ തൊലിക്ക് കനക്കുറവും കാമ്പിന് കട്ടിയും ഉണ്ടാകണം. ഇത്തരം കമുകിൽനിന്നു വിത്തടയ്ക്ക ശേഖരിക്കാം.

നെല്ല്

പുഞ്ചയ്ക്കു നടീലാണെങ്കിൽ ഈ മാസം ആദ്യംതന്നെ തീരണം. നടീലിനെ അപേക്ഷിച്ച് വിതയിൽ കള കൂടും. വിതയ്ക്കാനായി പാടം ഒരു തവണ ഉഴുതു നിരത്തുക. തുടർന്ന് വെള്ളം വാർന്നു രണ്ടാഴ്ച ഇടുക. കളകളെല്ലാം ഈ സമയത്തു മുളയ്ക്കും. തുടർന്ന് വീണ്ടും ഉഴുത് നിരപ്പാക്കി വിത്ത് വിതയ്ക്കുക. കുട്ടനാട് കോൾനിലങ്ങളിൽ വിതച്ച് വെള്ളം വറ്റിച്ച് പാടം ഉണങ്ങി വിള്ളൽ വീഴിച്ച് വെള്ളം കയറ്റുന്നതോടെയാണ് അടിവളം ചേർക്കുക. ഒരേക്കറിനുള്ള വളത്തിന്റെ അളവ് ഇതോടൊപ്പം.

fertilizer-chart-paddy

വിതച്ച് 18–20 ദിവസം കഴിഞ്ഞ് 2–4 ഡി ഉപയോഗിച്ച് കളകൾ നശിപ്പിക്കാറുണ്ട്. മുത്തങ്ങയും പരന്ന ഇലകളുള്ള കളകളും നശിക്കും. ഏക്കറിന് 400 ഗ്രാം ഫെർനോക്സോൺ 150 ലീറ്റർ വെള്ളത്തിൽ കലക്കി തളിക്കുക. ഇതിനു മുൻപ് പാടത്തെ വെള്ളം വാർന്നു കളയുകയും തളിച്ച് രണ്ടു ദിവസം കഴിഞ്ഞ് വെള്ളം കയറ്റുകയും ചെയ്യുക. കവട എന്ന കളയെ ക്ലിഞ്ചർ 320 മി.ലീ. ഒരേക്കറിൽ സ്പ്രേ ചെയ്ത് നിയന്ത്രിക്കാറുണ്ട്. ഫെർനോക്സോൺ സ്പ്രേ ചെയ്ത് 3–4 ദിവസം കഴിഞ്ഞുമതി ക്ലിഞ്ചർ സ്പ്രേ. നൊമിനി ഗോൾഡ് എന്ന കളനാശിനി 120 മി.ലീ ഒരേക്കറിനു വീതം 15–16 ദിവസം കഴിഞ്ഞ് സ്പ്രേ ചെയ്യാമെങ്കിൽ എല്ലാത്തരം കളകളും നശിക്കും. കളനാശിനി തളിക്കുമ്പോൾ നെല്ലിന് നേരിയ മഞ്ഞപ്പും ക്ഷീണവും കാണാം. അൽപം യൂറിയ വിത‍റിക്കൊടുക്കുക. ഓലചുരുട്ടിക്കും തണ്ടുതുരപ്പനുമെതിരെ ട്രൈക്കോ കാർഡ് ഉപയോഗിക്കുക. വിത്തു കുതിർക്കാൻ സ്യൂഡോമോണാസ് കൾച്ചർ ഉപയോഗിക്കുക. വിതച്ച് 35–40 ദിവസം കഴിഞ്ഞും സ്യൂഡോമോണാസ് സ്പ്രേ ചെയ്യുക.

റബർ

ചെറുതൈകൾക്ക് തെക്കുപടിഞ്ഞാറൻ വെയിലിനെതിരെ തണൽ നൽകുക. രണ്ടും മൂന്നും വർഷം പ്രായമായ തൈകളുടെ തടിയിൽ വ‌െള്ള പൂശണം. തോട്ടത്തിനു ചുറ്റും ഫയർ ബെൽറ്റ് തീർക്കുക. തീ പിടിക്കാനുള്ള എല്ലാ സാഹചര്യങ്ങളും ഒഴിവാക്കുക.

കശുമാവ്

വൈകി പൂക്കുന്ന ഇനങ്ങളിൽ തേയിലക്കൊതുകിനെ നിയന്ത്രിക്കുക. മരങ്ങളുടെ ചുവട്ടിൽ തടിതുരപ്പൻ പുഴുവിനെ ശ്രദ്ധിക്കുക. സുഷിരവും അതിലൂടെ ചണ്ടിയും പുറത്തേക്കു വരുന്നതാണു ലക്ഷണം. സുഷിരം കാണുന്ന ഭാഗം ചെത്തിയാൽ പുഴു തുരന്നു പോയ വഴി കാണാം. ഈ വഴി പിൻതുർന്ന് പുഴുവിനെ പുറത്തെടുത്തു കൊല്ലുക.

കുരുമുളക്

കുരുമുളകുതണ്ടുകൾ മുറിച്ചു വേരുപിടിപ്പിക്കുന്ന സമയമാണിത്. കൊടിത്തലകൾ മുറിച്ച് 2–3 മുട്ടുള്ള കഷണങ്ങളാക്കി പോളിത്തീൻ ഉറകളിൽ ന‌ട്ട് മുളപ്പിക്കാം. പോട്ടിങ് മിശ്രിതത്തിൽ വാം കൾച്ചർ ചേർക്കുന്നത് ചെടികൾക്ക് കരുത്തും രോഗപ്രതിരോധശക്തിയും കൂട്ടും. പോളിത്തീൻ ഉറകളിൽ നട്ട് തണലുള്ള താൽക്കാലിക ഷെഡ്ഡിൽ വയ്ക്കുക. പാകത്തിന് നനയ്ക്കുക. കൊടിത്തലകൾ വളർത്തുന്നതിന് മുരിക്കിന്റെ അരിക്കാലുകളും കമ്പുകളും മുറിച്ചെടുക്കാം. കുംഭത്തിലെ കറുത്ത പക്ഷമാണ് ഇതിനു പറ്റിയ കാലമെന്നു കരുതുന്നു. മുറിച്ചെടുത്ത കാലുകൾ 10–15 ദിവസം തണലത്ത് തറയിൽ വയ്ക്കുക. പിന്നീട് ഏപ്രിൽ വരെ തണലിൽ നിവർത്തി വയ്ക്കാം.

വിവരങ്ങൾക്ക്: പന്ന‍ിയൂർ കുരുമുളക് ഗവേഷണകേന്ദ്രം
ഫോൺ– 0460–2227287

മാവ്

mango

ഒട്ടുതൈകൾക്ക് ആഴ്ചയിൽ രണ്ടു നനയും മുതിർന്നവയ്ക്ക് ഒന്നു വീതവും. ചുവട്ടിൽ പുതയിടുക. മുതിർന്ന കണ്ണിമാങ്ങാപ്രായമായാൽ നനച്ചു തുടങ്ങിയാൽ മതി. കായീച്ചയെ തുളസിക്കെണികൊണ്ട് നിയന്ത്രിക്കാം. കീടനാശിനിയാണെങ്കിൽ മാലത്തയോൺ 20 മി.ലീ. 10 ലീറ്റർ വെള്ളത്തിൽ അൽപം പഞ്ചസാരയും ചേർത്ത് മാങ്ങ വളർന്നു തുടങ്ങുന്നതോടെ സ്പ്രേ ചെയ്യുക. കീടബാധയേറ്റു വീഴുന്ന മാങ്ങകൾ നശിപ്പിച്ച് കായീച്ചയുടെ വംശവർധന തടയുക. മണ്ണിലാണ് ഇവയുടെ സമാധി പൂർത്തിയാകുക. അതിനാൽ പുഴുക്കുത്തേറ്റ് നിലത്തുവീഴുന്ന മാങ്ങകൾ ചുട്ടു നശിപ്പിക്കണം. കായീച്ചയെ നിയന്ത്രിക്കുന്ന ഫിറമോൺ കെണികൾ വെള്ളായണി, വെള്ളാനിക്കര, പടന്നക്കാട് കാർഷിക കോളജുകളിൽ ലഭ്യമാണ്.

ജാതി

വിളവെടുപ്പ് തുടരുന്നു. നന തുടരുക. വിവരങ്ങൾക്ക് കോഴിക്കോട് പെരുവണ്ണാമൂഴിയിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച്ച്.

ഫോൺ– 0496–2249371

വാഴ

നേന്ത്രന് ആഴ്ചയിൽ രണ്ടു നനയും മറ്റിനങ്ങൾക്ക് ഒന്നും നൽകുക. പുതയിടാമെങ്കിൽ നനയുടെ ഇടവേള കൂട്ടാം. നട്ട് മൂന്നു മാസമായ നേന്ത്രന് 65 ഗ്രാം യൂറിയ, 100 ഗ്രാം പൊട്ടാഷ് വളം എന്നിവ ചേർക്കുക. നാലു മാസമായ നേന്ത്രനും ഇതേ അളവ് ഒരോ ചുവടിനും ചേർക്കാം. തോട്ടം വൃത്തിയായി സൂക്ഷിക്കുക. തടതുരപ്പൻ പുഴു ഉപദ്രവിക്കാം. ഉണങ്ങിയ ഇലകളും കുത്തേറ്റ പുറത്തെ പോളകളും നീക്കുക. ഇക്കാലക്സ് രണ്ടു മില്ലി ഒരു ലീറ്റർ വെള്ളത്തിൽ എന്ന കണക്കിനും തളിക്കാം. ഇലക്കവിളുകളിലും തടതുരപ്പന്റെ സുഷിരങ്ങളിലും വീഴണം.

ഏലം

വിളവെടുപ്പുകാലം. നഴ്സറിയിൽ തണൽ ക്രമീകരിക്കുകയും നനയ്ക്കുകയും ചെയ്യുക. വെള്ളം മാത്രം നല്ല മർദത്തിൽ സ്പ്രേ ചെയ്താൽ മിക്ക ചെറുകീടങ്ങളും നശിക്കും. ജൈവ നിയന്ത്രണത്തിൽ ഊന്നൽ കൊടുക്കണം. വെളുത്തുള്ളി– വേപ്പെണ്ണ–സോപ്പുമിശ്രിതം നല്ല മർദത്തിൽ സ്പ്രേ ചെയ്യുക. സൗകര്യമുള്ള തോട്ടങ്ങളിൽ നന തുടരുക. മണ്ണിടീലും പുതവയ്ക്കലും വേനലിന്റെ കാഠിന്യം കുറയ്ക്കും.

വിലാസം: കേരള കാർഷിക സർവകലാശാല പ്രഫസർ (റിട്ട). ഫോൺ: 9495054446

Your Rating: