Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തോട് കൈയേറുന്നു

water-canal-sunlight-trees Representative image

കൃഷിയും നിയമവും ∙ ഉത്തരങ്ങൾ തയാറാക്കിയത്: അഡ്വ. വി.കെ സത്യവാൻ നായർ

എന്റെയും അയൽവാസിയുടെയും വസ്തുക്കൾക്ക് ഇടയിൽ 60 വർഷത്തിൽ അധികമായി ആറടി വീതിയിലുള്ള തോട് നിലവിലുണ്ട്. കുറെ നാളായി അയൽവാസി ഈ തോടിനെ തന്റെ വസ്തുവിനോടു ചേർക്കാൻ ശ്രമിക്കുന്നു. അയാളുടെ വസ്തുവിലെ മണ്ണ് ഇടിച്ചു തോട്ടിലേക്ക് ഇട്ടുകൊണ്ടാണ് കൈയേറ്റം. വില്ലേജ് ഓഫിസിൽ പരാതി നൽകിയപ്പോൾ റീസർവേ പ്രകാരമുള്ള രോഖകളിൽ ഈ തോട് ഇല്ലെന്നായിരുന്നു മറുപടി. എന്താണ് പ്രതിവിധി.

എം. വീണ, പത്തനംതിട്ട

road-path-way Representative image

∙ 2008ലെ കേരള നെൽവയൽ– തണ്ണീർത്തട സംരക്ഷണനിയമപ്രകാരം തണ്ണീർത്തടം രൂപാന്തരപ്പെടുത്തുകയോ പരിവർത്തനപ്പെടുത്തുകയോ ചെയ്യുന്നത് നിയമവിരുദ്ധമാണ്. നിങ്ങൾ റവന്യു ഡിവിഷണൽ ഓഫിസർക്കോ ജില്ലാ കലക്ടർക്കോ പരാതി കൊടുക്കുക. തോട് നികത്തി കയ്യേറ്റം നടത്തുന്നതിനെതിരായി കോടതിയെയും സമീപിക്കാം.

വഴി വീതി കൂട്ടാൻ

ഞങ്ങളുടെ ഗ്രാമത്തിൽക്കൂടി കടന്നുപോകുന്ന പഞ്ചായത്ത് റോഡിന് 30 വർഷത്തെ പഴക്കമുണ്ട്. കാർഷിക ഉപാധികളും ഉൽപന്നങ്ങളും കൊണ്ടുപോകാൻ കർഷകർ ഈ റോഡിനെയാണ് ആശ്രയിക്കുന്നത്. എന്നാൽ ഇതു ടാർ ചെയ്യാത്തതുകൊണ്ട് ഏറെ പണച്ചെലവും ബുദ്ധിമുട്ടുമുണ്ടാകുന്നു. റോഡിനു വേണ്ടത്ര വീതിയില്ലാത്തതുകൊണ്ടാണ് ടാറിങ് നടക്കാത്തത്. ഒരു സ്വകാര്യവ്യക്തിയുടെ സ്ഥലത്തുകൂടി കടന്നുപോകുന്ന റോഡിന് ആവശ്യമായ സ്ഥലം റോഡിന്റെ താഴ്ചയുള്ള ഭാഗത്തുനിന്നു കെട്ടിയെടുത്തുകെ‍ാള്ളാനാണ് അയാൾ പറയുന്നത്. മാറി മാറി വരുന്ന പഞ്ചായത്ത് ഭരണസമിതികൾ സമ്പന്നനായ ഈ വ്യക്തിയുടെ താൽപര്യങ്ങളാണ് സംരക്ഷിക്കുന്നത്. അതുകൊണ്ട് കർഷകർ പണം പിരിച്ച് റോഡിനു വീതികൂട്ടാൻ ശ്രമിക്കുകയാണ്. റോഡിന് വീതി കൂട്ടുമ്പോൾ രണ്ടുവശങ്ങളിൽ നിന്നും ഒരുപോലെ സ്ഥലം എടുക്കണമെന്നു നിയമമുണ്ടോ? നിലവിലുള്ള റോഡിന്റെ മുകൾവശത്തുനിന്ന് ഒരു മീറ്റർ വീതിയിൽ പതിനഞ്ച് മീറ്ററോളം നീളത്തിൽ സ്ഥലം വിട്ടുകിട്ടുന്നതിന് എന്തു നടപടിയാണ് എടുക്കേണ്ടത്.

ജോസഫ്, പരപ്പ

∙ ഉടമസ്ഥന്റെ പൂർണസമ്മതമില്ലാതെ സ്വകാര്യഭൂമിയിൽക്കൂടി വഴി വെട്ടുന്നതിന് ആർക്കും അവകാശമില്ല. പഞ്ചായത്ത് റോഡിനു വീതി കൂട്ടണമെങ്കിൽ ആവശ്യമായ സ്ഥലം ബന്ധപ്പെട്ട ഉടമസ്ഥർ സ്വമനസ്സാലെ വിട്ടുകൊടുക്കണം. നാട്ടുകാർക്കോ പഞ്ചായത്തിനോ സ്വകാര്യഭൂമി കയ്യ‍േറി വഴി വീതി കൂട്ടുന്നതിനു നിയമം അനുവദിക്കുന്നില്ല. പൊതു ആവശ്യമാണെന്നു പഞ്ചായത്തിനും സർക്കാരിനും ബോധ്യപ്പെ‌ട്ടാൽ സ്ഥലം നഷ്ടപരിഹാരം കൊടുത്ത് പൊന്നും വിലയ്ക്ക് ഏറ്റെടുക്കാം.

നിയമപ്രശ്നങ്ങൾക്കു പരിഹാരം

ഈ പംക്തിയിൽ പരാമർശിക്കുന്ന തരത്തിലുളള നിയമപ്രശ്നങ്ങൾ കർഷകർ ദിനംപ്രതി നേരിടുന്നുണ്ട്. വിശദാംശങ്ങൾ സഹിതം അയച്ചുതരുക.

വിലാസം: എഡിറ്റർ ഇൻ ചാർജ്, കർഷകശ്രീ, മലയാള മനോരമ, കോട്ടയം.

ഇ–മെയിലായും ചോദ്യങ്ങൾ അയയ്ക്കാം. വിലാസം: karsha@mm.co.in

Your Rating: