Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അയൽക്കാരൻ മണ്ണു മാന്തുമ്പോൾ

gulati-wife ഗുലാത്തിയുടെ വീട് (ഫയൽ ചിത്രം)

കൃഷിയും നിയമവും ∙ ഉത്തരങ്ങൾ തയാറാക്കിയത്: അഡ്വ. വി.കെ സത്യവാൻ നായർ

'ഗുലാത്തിയുടെ വീട് പുനർനിർമിക്കുമെന്ന് സർക്കാർ' എന്ന ശീർഷകത്തിൽ ജൂലൈ 19നു മലയാള മനോരമയിൽ വന്ന വാർത്തയാണ് ഈ കുറിപ്പിനാധാരം. അയൽവസ്തുക്കളിലെ അനിയന്ത്രിത മണ്ണെടുപ്പിനെത്തുടർന്നാണ് കേരള സർക്കാരിന്റെ മുൻ സാമ്പത്തിക ഉപദേഷ്ടാവും ആസൂത്രണ ബോർഡ് മുൻ ഉപാധ്യക്ഷനുമായിരുന്ന ഐ.എസ്. ഗുലാത്തിയുടെ വീട് അപകടത്തിലായത്. ഗുലാത്തിയുടെ മരണശേഷം എൺപതുകാരിയായ ഭാര്യ ലീല ഗുലാത്തി തനിച്ചാണ് ഈ വീട്ടിൽ താമസം.

ഈ കേസിന്റെ പശ്ചാത്തലത്തിൽ മണ്ണെടുപ്പു സംബന്ധിച്ച് പൊതുവായ ചില കാര്യങ്ങൾ പറയാം.

‌ഒരു വസ്തു സംബന്ധിച്ച് ഉടമയ്ക്കു സ്വാഭാവികമായും പല അവകാശങ്ങൾ സിദ്ധിച്ചിട്ടുണ്ട്. വസ്തു കൈവശം വച്ച് കൃഷി ചെയ്യുന്നതിനും അഭിവൃദ്ധിപ്പെടുത്തുന്നതിനും ആദായം എടുക്കുന്നതിനും വീടുവച്ചു താമസിക്കുന്നതിനും വസ്തു സംരക്ഷിക്കുന്നതിനാവശ്യമായ നടപടിയെടുക്കുന്നതിനും നിയമവിധേയമായ ഏതു പ്രവർത്തനവും അവിടെ നടത്തുന്നതിനും ഉടമയ്ക്കു മാത്രമുള്ള അവകാശമാണത്. ഇത്തരത്തിൽ പല അവകാശങ്ങളും കൂടി ചേർന്നതാണ് ഉടമസ്ഥാവകാശം.

‌വസ്തുവിന്റെ കിടപ്പനുസരിച്ച് അതിന്റെ വശങ്ങൾ താങ്ങിനിർത്തുന്നത് അയൽ വസ്തുക്കളാകും. ഈ താങ്ങു കിട്ടുന്നതിനുള്ള അവകാശത്തിനു നിയമത്തിൽ പറയുന്നത് Right to Lateral Support എന്നാണ്. വസ്തുവിന്റെ പാർശ്വഭാഗങ്ങൾ താങ്ങിനിർത്തി ഇടിഞ്ഞു പോകാതെ നിലനിർത്തിക്കിട്ടുന്നതിനുള്ള അവകാശം വസ്തു ഉടമ എന്ന നിലയിൽ സ്വാഭാവികമായി സിദ്ധിക്കുന്നതാണ്.

എന്നാൽ ഇതിനു ചില പരിമിതികളുണ്ട്. വസ്തുവിന്റെ പ്രകൃത്യാ ഉള്ള സ്വഭാവത്തിനോ ഘടനയ്ക്കോ മാറ്റം വരുത്തിയാൽ മേൽപറഞ്ഞ അവകാശം നഷ്ടപ്പെടും. ഉദാഹരണമായി ആ ഭാഗത്ത് കെട്ടിടമോ മറ്റു നിർമാണ പ്രവർത്തനങ്ങളോ നടത്തിയാൽ ഭൂമി താങ്ങേണ്ട മർദത്തിനു വ്യത്യാസം വരുന്നു. വസ്തുവിന്റെ സ്വാഭാവിക അവസ്ഥയിൽ ആ വസ്തു താങ്ങുന്ന മർദത്തെ അപേക്ഷിച്ച് മർദം വർധിക്കുന്നു. അതിർത്തിയിൽ മതിൽ കെട്ടിയാൽ ആ മതിലിന്റെ ഭാരം കൂടി വസ്തുവിന്റെ പാർശ്വഭാഗങ്ങൾ താങ്ങേണ്ടിവരുന്നു. അയൽ വസ്തുവിന്റെ ഉടമസ്ഥൻ അതിർത്തിയിലെ മതിൽ വരെയുള്ള മണ്ണ് നീക്കം ചെയ്യുകയും അതിന്റെ ഫലമായി മതിൽ ഇടിഞ്ഞു വീഴുകയും ചെയ്താൽ അതിനു നഷ്ടപരിഹാരം കൊടുക്കാൻ വസ്തുവിന്റെ ഉടമയ്ക്ക് ബാധ്യതയില്ലെന്നാണ് ഹൈക്കോടതി വിധികൾ‍. ഈ നിയമം തന്നെയാണ് കെട്ടിടം വയ്ക്കുമ്പോഴും ബാധകമാവുന്നത്. എന്നാൽ വസ്തുവിൽ കൃഷി ചെയ്യുകയോ നിരപ്പാക്കുയോ കൃഷിക്കുവേണ്ടി ഭൂമിയിൽ പണികൾ നടത്തുകയോ ചെയ്യുന്നതുകൊണ്ട് വസ്തുവിന്റെ സ്വാഭാവികാവസ്ഥയ്ക്ക് മാറ്റം വരുന്നതായി കാണാനാവില്ലെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.

മേൽവിവരിച്ച പ്രകാരം സ്വാഭാവികമായി സിദ്ധിക്കുന്ന അവകാശം കൂടാതെ മറ്റൊരു തരത്തിൽ Lateral Support അവകാശമുണ്ട്. അതിന് ഈസ്മെന്റ് അവകാശം എന്നാണ് പറയുന്നത്. അതായത്, കെട്ടിടമോ മതിലോ ഇതരനിർമാണങ്ങളോ ആ വസ്തുവിൽ ഉണ്ടായിട്ട് 20 വർഷം കഴിഞ്ഞാൽ അയൽവസ്തുവിലെ മണ്ണു മാറ്റുന്നതുകൊണ്ട് കെട്ടിടമോ ഇതര ചമയങ്ങളോ ഇടിഞ്ഞുപോയാൽ അതിന് അയൽവസ്തു ഉടമസ്ഥൻ നഷ്ടപരിഹാരം കൊടുക്കാൻ ബാധ്യസ്ഥനാണ്. 20 വർഷം കഴിഞ്ഞെങ്കിൽ മാത്രമേ ഈസ്മെന്റ് അവകാശം കിട്ടുകയുള്ളൂ.

ഗുലാത്തിയുടെ വീടിന്റെ കാര്യത്തിൽ കെട്ടിടം മിക്കവാറും ഇടിഞ്ഞുവീഴാറായതായി ചിത്രത്തിൽ നിന്നു മനസ്സിലാക്കാം. നിയമങ്ങളും ചട്ടങ്ങളും നിയന്ത്രണങ്ങളും ലംഘിച്ചാണ് മണ്ണെടുപ്പിന് അനുമതി കൊടുത്തതെങ്കിൽ അപ്രകാരം അനുവാദം കൊടുത്ത ഉദ്യേഗസ്ഥരും സർക്കാരും നഷ്ടപരിഹാരം കൊടുക്കേണ്ടതായി വരും.

പത്രവാർത്തയിൽ ജില്ലാ കലക്ടർ ദുരന്തനിവാരണ നിയമമനുസരിച്ചു കേസെടുക്കുമെന്ന് അറിയിച്ചതായി കണ്ടു. ദുരന്തങ്ങൾ കാര്യക്ഷമമായി നേരിടുന്നതിനും പരിഹരിക്കുന്നതിനും 2005ൽ ദി ഡിസാസ്റ്റർ മാനേജ്മെന്റ് ആക്റ്റ് എന്ന പേരിൽ നിയമം പാസാക്കിയിട്ടുണ്ട്. അത് കേന്ദ്രനിയമമാണ്. പ്രകൃതിക്ഷോഭം നിമിത്തമോ മനുഷ്യന്റെ പ്രവൃത്തി മൂലമോ ഏതെങ്കിലും പ്രദേശത്ത് മനുഷ്യജീവന് അപകടം വരുന്നതിനോ വസ്തുവകകൾക്കോ പരിസ്ഥിതിക്കോ നാശനഷ്ടം സംഭവിക്കുന്നതിനോ ഇടയാക്കുന്നതായ എല്ലാ വിപത്തുകളും ദുരന്തത്തിന്റെ നിർവചനത്തിൽ പെടുത്തിയിട്ടുണ്ട്. ജില്ലാ തലത്തിലുള്ള ഡിസാസ്റ്റർ മാനേജ്മെന്റ് സമിതിയുടെ അധ്യക്ഷൻ ജില്ലാ കലക്ടറാണ്.

പാട്ടഭൂമി തിരികെ കിട്ടുമോ

ഞങ്ങളുടെ കാരണവർമാർ 1950–1960 കാലഘട്ടത്തിൽ കൃഷിഭൂമി പാട്ടത്തിനു വിട്ടിരുന്നു. ഇത് അവരുടെ അലസത മൂലമായിരിക്കാം. എന്നാൽ ഭൂപരിഷ്കരണ നിയമം വന്നപ്പോൾ ഈ ഭൂമി പാട്ടക്കാരനു സ്വന്തമായി. കാലം മാറി. ഭൂമി സ്വന്തമാക്കിയവരും ഇന്ന് അവിടെ കൃഷി ചെയ്യുന്നില്ല. ആ സ്ഥലം നല്ല വിലയ്ക്കു വിറ്റ് സുഖിക്കുന്നു. പക്ഷേ ഞങ്ങൾ ഭൂമിയൊന്നുമില്ലാതെ പരമദരിദ്രരായി. അന്ന് സർക്കാർ ഉദ്ദേശിച്ച മാതിരി, കൃഷി ചെയ്യുന്നവന് ഭൂമി എന്ന തത്വത്തിൽനിന്ന് പുതിയ ഉടമകൾ വ്യതിചലിച്ചതുകൊണ്ട് പഴയ ഉടമകളുടെ പിന്മുറക്കാർക്ക് വസ്തു തിരികെ കിട്ടാനോ അല്ല വസ്തുവിന്റെ ഒരു ഭാഗം അവർ വിറ്റപ്പോൾ കിട്ടിയ തുകയുടെ ഒരു പങ്ക് ഞങ്ങൾക്കു കിട്ടാനോ എന്തെങ്കിലും പോംവഴിയുണ്ടോ.

മോഹൻ ശങ്കർ, പാലക്കാട്

∙ ചെറുകിട ഭൂവുടമകൾക്ക് പാട്ടഭൂമിയിൽ ഒരു പകുതി ഒഴിപ്പിച്ചു കിട്ടുന്നതിന് ഭൂപരിഷ്കരണ നിയമത്തിൽ വ്യവസ്ഥ ഉണ്ടായിരുന്നു. ആ അവകാശം അന്ന് വിനിയോഗിക്കണമായിരുന്നു. ഭൂപരിഷ്കരണ നിയമം നടപ്പാക്കിയതിന്റെ ഫലമായി നിങ്ങളെപ്പോലെ സാമ്പത്തിക ബുദ്ധിമുട്ടോ ദാരിദ്ര്യമോ അനുഭവിക്കുന്നവർ ഉണ്ടാകാം. നിയമം നടപ്പാക്കുകയും പാട്ടക്കാർ ഭൂവുടമകളാവുകയും ചെയ്തിട്ട് വർഷങ്ങൾ കഴിഞ്ഞു. അന്നത്തെ പാട്ടഭൂമി തിരിച്ചു പിടിക്കാനോ നഷ്ടപരിഹാരം ലഭിക്കാനോ നിയമപരമായി ഒരു വഴിയുമില്ല.

ന്യായവിലയും വിറ്റവിലയും

ഞാൻ എന്റെ 10 സെന്റ് ഭൂമി 20 ലക്ഷം രൂപയ്ക്ക് വിൽക്കുന്നു. സർവേ നമ്പർ അനുസരിച്ച് ന്യായവില ഒരു ലക്ഷം രൂപ കാണിക്കണം. ഞാൻ ആധാരം റജിസ്റ്റർ ചെയ്യുമ്പോൾ ആധാരത്തിൽ നിയമം അനുസരിച്ച് ന്യായവില കാണിച്ചാൽ മതിയോ. അതോ വിറ്റവില കാണിക്കണമോ.

ജോയൽ, രാമപുരം

യഥാർഥത്തിൽ വിറ്റവില ന്യായവിലയെക്കാൾ കൂടുതലാണെങ്കിൽ വിറ്റവില ആധാരത്തിൽ കാണിക്കണമെന്നാണ് നിയമം.

നിയമപ്രശ്നങ്ങൾക്കു പരിഹാരം

ഈ പംക്തിയിൽ പരാമർശിക്കുന്ന തരത്തിലുളള നിയമപ്രശ്നങ്ങൾ കർഷകർ ദിനംപ്രതി നേരിടുന്നുണ്ട്. വിശദാംശങ്ങൾ സഹിതം അയച്ചുതരുക.

വിലാസം: എഡിറ്റർ ഇൻ ചാർജ്, കർഷകശ്രീ, മലയാള മനോരമ, കോട്ടയം.

ഇ–മെയിലായും ചോദ്യങ്ങൾ അയയ്ക്കാം. വിലാസം: karsha@mm.co.in 

Your Rating: