Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗുണമേന്മയുണ്ടെങ്കിൽ മികച്ച വില

cocoa-bean1 കൊക്കോ കുരുക്കൾ

പ്രതിവർഷം 10–12 ശതമാനം നിരക്കിൽ കൊക്കോ ഉപയോഗം വർധിച്ചുവരുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അതിനാൽ കൊക്കോയുടെ ഭാവി ശോഭനമെന്നു കൃഷിക്കാർക്കൊപ്പം കൃഷിയെ പ്രോൽസാഹിപ്പിക്കുന്ന ഏജൻസികളും പ്രതീക്ഷ‍ിക്കുന്നു. ആവശ്യമായതിന്റെ 60–80 ശതമാനം മാത്രമേ ഇപ്പോൾ ഉൽപാദിപ്പിക്കുന്നുള്ളൂ.

വിളവെടുത്ത കായ്കൾ പൊട്ടിച്ചെടുക്കുന്ന കുരു പച്ചയായോ പുളിപ്പിച്ച് ഉണക്കിയോ ആണ് മിക്ക കർഷകരും വിൽക്കുന്നത്. കേരളത്തിൽ കൊക്കോ ഉൽപാദനം ആരംഭിച്ച ആദ്യനാളുകളിൽ ഉൽപന്നം വാങ്ങുന്നതിന് ഒരു കുത്തക ഏജൻസി മാത്രമേ ഉണ്ടായിരുന്നുള്ളൂ. കൃഷി വ്യാപകമായിട്ടും ഇവിടെ സംസ്കരണ സംവിധാനമൊരുക്കാൻ ശ്രമമുണ്ടായില്ല. സംഭരണരംഗത്തെ കരുത്തരായ കുത്തകക്കാരുടെ ഇംഗിതങ്ങൾക്കനുസരിച്ചു വിലനിലവാരം ചാഞ്ചാടിയതോടെ കർഷകരിൽ നല്ലൊരു പങ്കും കൊക്കോയെ കൈവിട്ടു. എന്നാൽ സ്ഥിതി മാറുകയാണ്. കൂടുതൽ സംഭരണ ഏജൻസികൾ രംഗത്തുവരികയും വില സ്ഥിരതയുണ്ടാകുകയും ചെയ്തതോടെ ഒട്ടേറെ കർഷകർ കൊക്കോക്കൃഷിയിലേക്കു മടങ്ങിവരുന്നു. അയൽസംസ്ഥാനങ്ങളിലും ഇന്ത്യയ്ക്കു പുറത്തും കൊക്കോക്കൃഷി വ്യാപകമാകുന്നുമുണ്ട്.

വായിക്കാം ഇ - കർഷകശ്രീ

കൊക്കോ ഉൽപന്നങ്ങളുടെ സ്വഭാവം, ഇവ ഉൽപാദിപ്പിക്കുന്ന കമ്പനികളുടെ ആവശ്യം എന്നിവയെല്ലാം കണക്കിലെടുത്താകണം കർഷകരുടെ ഇടപെടൽ. രാജ്യാന്തര നിലവാരത്തിലുള്ള കൊക്കോ ഉൽപാദനത്തിനായി കൃത്യതയോടെയുള്ള ശാസ്ത്രീയ പരിചരണവും വിളവെടുത്ത് ഉണക്കിസൂക്ഷിക്കുന്നതുവരെയുള്ള എല്ലാ പ്രക്രിയകളും ജാഗ്രതയോടെ നടത്തേണ്ടതുണ്ട്. വേനൽക്കാലത്തു തണൽ ക്രമീകരിച്ചു ശരിയാംവിധം നനയ്ക്കണം. ഇതിൽ വീഴ്ചവന്നാൽ കുരുവിന്റെ വലുപ്പവും വെണ്ണയുടെ അളവും കുറയുകയും തൊലിയുടെ അളവ് കൂടുകയും ചെയ്യും.

വിളഞ്ഞു പഴുത്ത കായ്കൾ മാത്രം പറിച്ചെ‌ടുക്കണം. മൂപ്പിന്റെ ഏറ്റക്കുറവുകൾ കായ്കളുടെ ഗുണമേന്മയെ ബാധിക്കും. സ്വാഭാവിക നിറവും ആകൃതിയുമില്ലാത്ത കുരുക്കൾ നല്ലവയുമായി കൂടിക്കലരാൻ ഇടയാകരുത്.

പുളിപ്പിക്കൽ

സംസ്കരണത്തിലെ ഏറ്റവും പ്രധാന ഘട്ടമാണ് പുളിപ്പിക്കൽ. ഇതു ലളിതമെങ്ക‍ിലും ശ്രദ്ധയോടെ നടത്തിയാൽ മാത്രമേ ഗുണമേന്മയുള്ള കുരുക്കൾ ലഭിക്കുകയുള്ളൂ. കുരുക്കൾ വേർപെടുത്തിയെടുത്തു കൂട്ടിയിടുമ്പോൾ ഉണ്ടാകുന്ന ചൂടു മൂലം കുരുവിന്റെ ഉള്ളിലെ രാസപ്രവർത്തനങ്ങൾ പൂർത്തിയാകുന്നു. കൂനയാക്കി ഇടുകയോ, കുട്ട, പെട്ടി, ഉയരം കുറഞ്ഞ പരന്ന തട്ടുകൾ (Tray) എന്നിവ ഉപയോഗിക്കുകയോ ആണ് പുളിപ്പിക്കലിനു സാധാരണ അവലംബിക്കുന്ന രീതികൾ.

ട്ര‍േകളുടെ ഉപയോഗം

കൊക്കോ കുരുക്കൾ അളവു കുറവെങ്കിൽ ട്രേ ഉപയോഗം തന്നെ നല്ലത്. ഒരു ട്രേ(തട്ടം)യുടെ വലുപ്പം 60 സെ.മീ. നീളവും 25 സെ.മീ. വീതിയും ആയിരിക്കും. ഉയരം 10 സെ.മീറ്ററും അടിഭാഗം ക്ലിപ്ത അകലം നൽകി പാകിയിട്ടുള്ള പട്ടികക്കഷണങ്ങളാണ്. ഈ ട്രേയിൽ ഒരു സമയം 10 കിലോ ബീൻസ് വരെ നിറയ്ക്കാം. തട്ടുകൾ ഒന്നിനു മേൽ മറ്റൊന്നായി നിറച്ചശേഷം കൊക്കോ കുരുക്കൾ വയ്ക്കാവുന്നതാണ്. ഏറ്റവും മുകളിലുള്ളതു വാഴയിലകൊണ്ടു മൂടണം. ഇനി 24 മണിക്കൂർ കഴിഞ്ഞാൽ ചാക്കുകൊണ്ടു മൂടുക കൂടി ചെയ്താൽ ഉള്ളിൽ താപനില വർധിക്കും. ഉള്ളിലെ കുരുക്കൾ ഇളക്കുകയോ ചുറ്റിക്കുകയോ ഒന്നും ചെയ്യേണ്ടതില്ല. ഈ രീതിയിൽ പുളിപ്പിക്കൽ പൂർത്തിയാകുന്നതിനു നാലഞ്ചു ദിവസം മതി. മ‍റ്റു രീതികളിൽ 6–7 ദിവസം വേണം.

കുട്ടകളിൽ പുളിപ്പിക്കൽ

കൊക്കോ കുരുക്കളുടെ അളവ് 2 മുതൽ 6 കിലോ വരെയെങ്കിൽ ചെറിയ വള്ളിക്കുട്ടകളിൽ നിറച്ചു പുളിപ്പിക്കാം. രണ്ടു കിലോ കുരു നിറയ്ക്കാൻ വ്യാസം 20 സെ.മീറ്ററും ഉയരം 15 സെ.മീറ്ററും വലുപ്പമുള്ള കുട്ട മതി. കൂടുതൽ നിറയ്ക്കണമെന്നുണ്ടെങ്കിൽ കുട്ടയുടെ ഉയരം കൂട്ടണം. ആറു കിലോ നിറയ്ക്കാൻ 40 സെ.മീ. ഉയരമുള്ളതു മതി. കുട്ടയുടെ ഉൾഭാഗം വാഴയില വിരിച്ചാലത് പുളിപ്പിക്കൽ സമയത്ത് ഇളകിവരുന്ന കൊഴുപ്പ് ഒഴുകി പുറത്തേക്കു പോകാൻ സഹായിക്കും. കുരുക്കൾ നിറച്ചുകഴിഞ്ഞാൽ വാഴയിലകൊണ്ടു മൂടണം. 24 മണിക്കൂർ കഴിയുന്നതോടെ ചണച്ചാക്കുകൊണ്ടും മൂടണം. തുടർന്ന് 48ാം മണിക്കൂറിലും 96ാം മണിക്കൂറിലും കുട്ട കുലുക്കി കുരുക്കൾ ഇളക്കിയിടണം. ഈ രീതിയിൽ പുളിപ്പിക്കൽ പ്രക്രിയ പൂർത്തിയാകാൻ ആറു ദിവസം മതി. ഇനി ഉണ‍ക്കുക.

ഉണക്കൽ

cocoa-bean2 കൊക്കോ കുരുക്കൾ

പുളിപ്പിച്ചെടുത്ത കുരുക്കൾ വെയിലിൽ നിരത്തിയോ മറ്റു കൃ‍ത്രിമ മാർഗങ്ങളിലൂടെയോ ഉണക്കിയെടുക്കണം. വെയിലിലാകുമ്പോൾ രണ്ടോ മൂന്നോ നിരകളിൽ കൂടുതലാകരുത്. ഇടയ്ക്കിടയ്ക്ക് ഇളക്കിയിടുകയും വേണം. നല്ല വെയിലുള്ളപ്പോൾ ഉണക്ക് പൂർത്തിയാകാൻ നാലഞ്ചു ദിവസം മതി. മറ്റു രീതികളിൽ ഉണക്കുമ്പോൾ പുകയും കരിയും തട്ടാതെ സംരക്ഷിക്കുകയും വേണം. ഉണക്കു പൂർത്തിയായോ എന്നറിയാൻ കുരുക്കളുടെ പുറന്തോടിൽ തട്ടിനോക്കുകയാണ് കർഷകർ ചെയ്യുന്നത്. കൂടുതൽ കൃത്യമായി അറിയണമെങ്കിൽ ഈർപ്പമാപിനി (മോയ്സ്ചർ മീറ്റർ) ഉപയോഗിക്കണം.

സൂക്ഷിക്കൽ

പോളിത്തീൻ ഷീറ്റ് ലൈനിങ് ഉള്ള ചാക്കുകളിൽ നിറച്ച് ഗോഡൗണിൽ നിർദേശാനുസൃതം സൂക്ഷിക്കുക.

വിളവെടുപ്പിൽ ശ്രദ്ധിക്കേണ്ടത്

കായ്കൾ ത‌ടിയോടു ചേരുന്ന ഭാഗത്തിനു മുറിവുണ്ട‍ാകാതെ മൂർച്ചയുള്ള കത്തികൊണ്ടു മുറിച്ചെടുക്കണം. നല്ല പരിചരണം ലഭിക്കുന്ന ഒരു മരത്തിൽനിന്നു വർഷം 60–100 കായ്കൾ കിട്ടും. വില കൂടുതൽ ലഭി‍ക്കുന്നതും പച്ചക്കുരു സംസ്കരിച്ച് ഉണക്കി വിൽക്കുമ്പോഴാണ്. പറിച്ചെടുത്ത കായ്കൾ കൂട്ടിയിട്ടു രണ്ടു ദിവസം കഴിഞ്ഞേ പൊട്ടിക്കാവൂ.

ഹൈബ്രിഡ് തൈകൾ

കേരള കാർഷിക സർവകലാശാലയുടെ വെള്ളാനിക്കര കൊക്കോ ഗവേഷണ കേന്ദ്രത്തിൽ (0487 2438451) ഹൈബ്രിഡ് തൈകൾ ലഭിക്കും. അംഗീകൃത നഴ്സറികളിലും തൈകൾ ലഭ്യമാകും. 

Your Rating: