Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പച്ചക്കറി വിളവെടുക്കാം, നൂറുമേനി...

beetroot-carrot-vegetable

ശീതകാല പച്ചക്കറി

ഒക്ടോബർ പകുതിയോടെയാണ് ശീതകാല പച്ചക്കറിക്കൃഷി ആരംഭിക്കുന്നത്. കാബേജ്, കോളിഫ്ലവർ, കാരറ്റ്, ബീറ്റ്‌റൂട്ട് എന്നിവയാണു കേരളത്തിൽ കൂടുതൽ കൃഷി ചെയ്യുന്ന ശീതകാല കൃഷികൾ.

കൃഷി ആരംഭിക്കുന്നതിനു മുൻപുതന്നെ തൈകൾ ഒരുക്കണം. തൈകൾ മുളപ്പിക്കാവുന്ന ചെറിയ ട്രേകൾ ഇപ്പോൾ വിപണിയിൽ സുലഭമാണ്. ചകിരിച്ചോറ്, മണ്ണ്, ചാണകം എന്നിവ കൃത്യം അളവിൽ ചേർത്തു ട്രേയിൽ നിറച്ചു വിത്തു പാകാം. എല്ലാ ദിവസവും ചെറിയതോതിൽ നനച്ചുകൊടുക്കണം. തൈകൾ മുളച്ചു പതിനഞ്ചു ദിവസമാകുമ്പോൾ പറിച്ചുനടാം. കൃഷിഭവനുകളിലും വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിലിന്റെ ഔട്ട്‌ലെറ്റുകളിലും ശീതകാല പച്ചക്കറികളുടെ തൈകൾ ലഭ്യമാണ്. വിത്തുവിൽപനക്കടകളിൽ ഇപ്പോൾ ഇവയുടെ വിത്തു ലഭിക്കുന്നുണ്ട്.

തണുപ്പുകാലത്തു കൃഷി ചെയ്യുന്നതു കൊണ്ടാണ് ശീതകാല പച്ചക്കറിയെന്നു വിളിക്കുന്നത്. ഒക്ടോബർ പകുതിയിൽ തുടങ്ങുന്ന കൃഷി ജനുവരി ആദ്യം വിളവെടുപ്പിനു പാകമാകും.

കൃഷി രീതി

ഗ്രോബാഗിലും നിലത്തും കൃഷി ചെയ്യാം. ഗ്രോബാഗിൽ മണ്ണ്, ചകിരിച്ചോറ്, ചാണകം എന്നിവയാണു നിറയ്‌ക്കേണ്ടത്. 2 കിലോഗ്രാം മണ്ണാണെങ്കിൽ ഒരു കിലോഗ്രാം ചകിരിച്ചോറ്, ഒരു കിലോഗ്രാം ചാണകപ്പൊടി എന്നതാണ് അനുപാതം. 20 ഗ്രാം സ്യൂഡോ മോണസ് ഇതോടൊപ്പം ചേർക്കണം. 50 ഗ്രാം കടലപ്പിണ്ണാക്ക്, 50 ഗ്രാം എല്ലുപൊടി എന്നിവയും ചേർക്കുന്നതു ചെടി തഴച്ചുവളരാൻ നല്ലതാണ്. മണ്ണിലാണെങ്കിൽ കുമ്മായമിട്ടു രണ്ടുദിവസം മണ്ണിളക്കണം. ഒരു സെന്റിന് 100 കിലോഗ്രാം ജൈവവളം വേണം. 90 കിലോഗ്രാം ചാണകം, ഒൻപതു കിലോഗ്രാം വേപ്പിൻ പിണ്ണാക്ക്, ഒരു കിലോഗ്രാം ട്രൈക്കോ ഡെർമ എന്നിങ്ങനെയാണു വളത്തിന്റെ തോത്.

cabbage-cauliflower-vegetable

കാബേജ്, കോളിഫ്ലവർ എന്നിവ മണ്ണിൽ ചാൽ എടുത്തും കാരറ്റ്, ബീറ്റ്‍റൂട്ട് എന്നിവ തറയെടുത്തുമാണു കൃഷി ചെയ്യേണ്ടത്.

ചാലുകൾ തമ്മിലും ചെടികൾ തമ്മിലും 1.5 അടി അകലം വേണം. തറയാണെങ്കിലും ഇതുതന്നെ അകലം.

തൈകൾ നടുമ്പോൾ സ്യൂഡോ മോണസ് ലായനിയിൽ മുക്കിയശേഷം നടുന്നതു കീടബാധ അകറ്റാൻ സഹായിക്കും. കാരറ്റും ബീറ്റ്‍റൂട്ടും പറിച്ചുനടുമ്പോൾ പ്രധാനവേര് പൊട്ടിപ്പോകാതെ ശ്രദ്ധിക്കണം. വൈകുന്നേരമാണ് പറിച്ചുനടാൻ ഉത്തമം.

വളപ്രയോഗം പത്തുദിവസം കൂടുമ്പോൾ വേണം. ഒരു സെന്റിന് 200 ഗ്രാം പച്ചച്ചാണകം നാലു ലീറ്റർ വെള്ളത്തിൽ കലർത്തി തളിച്ചു കൊടുക്കാം. പത്തു ദിവസത്തിനുശേഷം രണ്ടു ലീറ്റർ ഗോമൂത്രം എട്ടു ലീറ്റർ വെള്ളത്തിൽ നേർപ്പിച്ചു തളിച്ചുകൊടുക്കുക. പത്തുദിവസം കഴിയുമ്പോൾ 200 ഗ്രാം കടലപ്പിണ്ണാക്ക് നാലു ലീറ്റർ വെള്ളത്തിൽ കലക്കി ഒഴിക്കാം. ഇങ്ങനെ വളം മാറിമാറി നൽകുന്നതാണു ചെടികൾക്കു നല്ലത്. ഇടയ്ക്കു കോഴിവളവും നൽകാം. നാലു കിലോഗ്രാം കോഴിവളമാണ് ഒരു സെന്റിലേക്കു വേണ്ടത്.

കൃത്യം ഒന്നരമാസമാകുമ്പോഴേക്കും കോളിഫ്ലവർ പൂവിടും. ജനുവരിയാകുമ്പോഴേക്കും വിളവെടുക്കാം. കീടബാധയുണ്ടെങ്കിൽ വെളുത്തുള്ളി എമൽഷൻ ഉപയോഗിച്ചാൽ മതി. വെളുത്തുള്ളിയും വേപ്പിലയും ചേർത്തുള്ള മിശ്രിതമാണിത്. വെളുത്തുള്ളി ഒരു ദിവസം വെള്ളത്തിലിട്ടു വയ്ക്കുന്നതു നല്ലതാണ്. കാന്താരിമുളക് അരച്ചുകലക്കി സ്പ്രേ ചെയ്യുന്നതും കീടങ്ങളെ നശിപ്പിക്കാൻ ഉചിതമാണ്. 

Your Rating: