Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോവൽ കായ്ക്കാൻ

ivy-gourd-kovakka-vegetable കോവൽ

ചോദ്യം ഉത്തരം ∙ വിളകൾ

Q. ഞാൻ നട്ട പച്ചക്കറിത്തൈകൾ തഴച്ചുവളരുന്നു. എന്നാൽ പൂവിടുന്നതും കായ്ക്കുന്നതും കുറവ്. കോവലിലാണിത് കാണുന്നത്. പരിഹാരമെന്ത്.

ഡി. സുധീന്ദ്രബാബു, അഭയം, ചാത്തന്നൂർ

നമ്മുടെ കാലാവസ്ഥയിൽ നന്നായി വളരുകയും നല്ല വിളവു നൽകുകയും ചെയ്യുന്ന ദീർഘകാല പച്ചക്കറിവിളയാണ് കോവൽ. കോവലിൽ ആൺചെടികളും പെൺചെടികളും ഉണ്ട്. പെൺചെടികളാണ് വിളവു തരുന്നത്. ഇടത്തരം മൂപ്പുള്ളതും 25—30 സെ.മീ. നീളമുള്ളതുമായ തണ്ടാണ് നടീൽവസ്തു. നടേണ്ട സമയം മഴക്കാലാരംഭം. നടേണ്ടത് ഒന്നര രണ്ടു മീറ്റർ അകലത്തിൽ 30—45 സെ.മീ. വലുപ്പത്തിൽ കുഴികളെടുത്തതിൽ മേൽമണ്ണും കാലിവളം, കമ്പോസ്റ്റ് അല്ലെങ്കിൽ തത്തുല്യമായ ജൈവവളങ്ങളോ ചേർത്ത് മുറിച്ച തണ്ടുകൾ രണ്ടോ മൂന്നോ എണ്ണം നടുക. മഴയില്ലെങ്കിൽ നനയ്ക്കണം. മുളച്ചു പടരാൻ തുടങ്ങിയാൽ താങ്ങ് കൊടുത്തോ പന്തലിട്ടോ വളർത്തണം. ചെടിയുടെ വലുപ്പം അനുസരിച്ച് 7:10:5 അനുപാതത്തിലുള്ള പച്ചക്കറി മിശ്രിതം ചേർക്കാം. ചെടികൾ നട്ട് ഒന്നര രണ്ടു മാസമാകുന്നതോടെ പൂവിടാൻ തുടങ്ങും. ഇളംപരുവത്തിൽ കായ്കൾ പറിച്ചെടുക്കാം.

ചെടിയുടെ വളർച്ച രണ്ടാംവർഷത്തിലെത്തിയാൽ കായ്ചതും മൂത്തുമുരടിച്ചതുമായ വള്ളികൾ മുറിച്ചുമാറ്റണം. ചുവട്ടിൽ തടമെടുത്ത് ജൈവ, രാസവളങ്ങൾ ചേർത്ത് നനയ്ക്കണം. ഈ വിധം മൂന്നുനാലു വർഷം ഒരു ചെടിയെ നിലനിർത്താം.

മേൽക്കൊടുത്ത പരിചരണം, കൃഷിമുറകൾ താങ്കളുടെ ചെടികൾക്കു ലഭിച്ചിട്ടുണ്ടോ എന്നു പരിശോധിക്കുക. ഫലം വിപരീതമെങ്കിൽ ഇന്നത്തെ ചെടികൾ നീക്കി, നല്ലപോലെ കായ്കൾ തന്നുകൊണ്ടിരിക്കുന്ന ഒരു ചെടിയിൽനിന്നു വിത്തുവള്ളികൾ ശേഖരിച്ച് മറ്റൊരു സ്ഥലത്ത് കൃഷിയിറക്കുക.

അവക്കാഡോ കായ്ക്കാൻ വൈകുന്നു

avocado-fruit അവക്കാഡോ

Q. വീട്ടിൽ നാലുവർഷം പ്രായമായ അവക്കാഡോ മരമുണ്ട്. ഇപ്പോൾ 10 മീറ്ററിലധികം വളർച്ചയുണ്ട്. ഇത് കായ്ക്കാൻ എത്ര വർഷം വേണം. നൽകേണ്ട പരിചരണം എന്തെല്ലാം.

പി. ബാലൻ, കരിക്കിലാട്, വടകര

അവക്കാഡോയിൽ കായ്കൾ മൂപ്പെത്തുന്നത് കാലാവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നു. താപനില ഏറിനിൽക്കുന്ന പ്രദേശങ്ങളിൽ കായ്കൾ വിളയാൻ ആറുമാസം മതി. എന്നാൽ തണുപ്പ് കൂടുതലുള്ള ഇടങ്ങളിൽ ഇതിനു 12—18 മാസംവരെ വേണ്ടിവരും. അവക്കാഡോയുടെ നടീൽവസ്തു രണ്ടു വിധത്തിൽ — വിത്ത് മുളപ്പിച്ചും കായിക പ്രവർധനവും (വശം ചേർത്തൊട്ടിക്കൽ, പാളി മുകുളനം, പതിവയ്ക്കൽ, ചിപ്പ് മുകുളനം) - തയാറാക്കുന്നു. വിത്ത് മുളപ്പിച്ചു കിട്ടുന്ന തൈകൾ വിളവാകാൻ വൈകും. മറ്റുള്ളവ കായ്ക്കാൻ നാലു വർഷം മതി.

ശാഖകളോടെ പടർന്നു പന്തലിക്കുന്ന അവക്കാഡോയുടെ വളർച്ചയ്ക്ക് കൂടിയ അളവിൽ വളപ്രയോഗം വേണ്ടിവരും. കായ്ച്ചു തുടങ്ങിയ മരങ്ങൾക്ക് ഒരു വർഷം 40—45 കിലോ ജൈവവളം ചേർക്കണം. കൂടുതൽ ആവശ്യം നൈട്രജൻ വളമാണ്. ഇതിന്റെ ലഭ്യത കുറഞ്ഞാൽ വളർച്ച മുരടിച്ച് ഇലകൾ മഞ്ഞളിക്കുന്നു. കായ്കളുടെ വലുപ്പം കുറയുകയും ചെയ്യും. ഉൽപാദനക്കുറവും ഉണ്ടാകാം. പ്രായമായ ചെടികൾക്ക് 2:1:2 എന്ന അനുപാതത്തിൽ രാസവളങ്ങൾ ചേർക്കാം.

ചെടിയുടെ എല്ലാ ശാഖകളിലും വേണ്ടത്ര സൂര്യപ്രകാശം ലഭിക്കത്തക്കവിധം കൊമ്പുകൾ കോതി നീക്കണം. വേനൽക്കാലത്തു നനയ്ക്കുന്നതും വിളവ് കൂടുന്നതിനു സഹായകമാണ്.

വയനാട് ജില്ലയിലെ അമ്പലവയൽ കൃഷിത്തോട്ടത്തിലാണ് കേരളത്തിലെ ഏറ്റവും പ്രായം കൂടിയ അവക്കാഡോ മരങ്ങളുള്ളത്. ഇപ്പോൾ ഇവിടെ നാലിനം മരങ്ങളുണ്ട്. ഉയരം 30 മീറ്റർവരെ വരും. വിത്തുകൾ പാകി കിളിർപ്പിച്ച തൈകളാണ് നട്ടത്. പ്രത്യേക പരിചരണം ഒന്നും നടത്താറില്ല. വയനാട്ടിൽ അവക്കാഡോ പൂവിടുന്നത് ജനുവരിയിലാണ്. ഏപ്രിൽ, മേയ് മാസങ്ങളിൽ കായ്കൾ പറിക്കാം. ഞെക്കിനോക്കിയാൽ പാകമായോ എന്നും അറിയാം. പഴുത്ത കായ ബട്ടർഷേക്ക് എന്ന മിൽക് ഷേക്കായി ഉപയോഗിക്കാം.

കറുത്ത ഉറുമ്പിന്റെ ശല്യം

Q. എന്റെ പുരയിടത്തിലെ കൃഷിക്ക് കറുത്ത ഉറുമ്പുകൾ വലിയ ശല്യമാണ്. വിളനഷ്ടവുമുണ്ട്. പരിഹാരമെന്താണ്.

എം.കെ. റഫീക്ക്, കുഴിക്കാട്ടിൽ, തോട്ടുമുഖം

വിളകളെ നശിപ്പിക്കുന്ന ഉറുമ്പുകളുടെ ശല്യം കൃഷിയിടങ്ങളിൽ സാധാരണമാണ്. കീടനാശിനി പ്രയോഗിച്ച്‌ ഇവയെ നിയന്ത്രിക്കൽ എളുപ്പമല്ല. അതിനാൽ കെണികളിൽപ്പെടുത്തി നശിപ്പിക്കാം. അല്ലെങ്കിൽ വീര്യം കുറഞ്ഞ പൊടിരൂപത്തിലുള്ള ഉറുമ്പുനാശിനി പ്രയോഗിക്കാം.

ഇറച്ചിയുടെ ഒരു കഷണം ചിരട്ടയിൽവച്ച് ചിരട്ടയുടെ വാവട്ടം വലിയ ഇഴയുള്ള കമ്പിവലകൊണ്ട് മൂടുക. എന്നിട്ട് മരത്തിന്റെ പ്രധാന തടിയിൽ തൂക്കിയിടുക. ഈ കെണികളിൽ കുടുങ്ങുന്ന ഉറുമ്പുകളെ തീവച്ചു നശിപ്പിക്കുക.

അകഭാഗം വൃത്തിയാക്കിയ ചിരട്ടയ്ക്കുള്ളിൽ ലേശം വെള്ളം ചേർത്ത ശർക്കര പുരട്ടുക. അത് ഉറുമ്പുകളെ കാണുന്ന സ്ഥലത്ത് വയ്ക്കുക. ചിരട്ടയ്ക്ക് ഉള്ളിലേക്ക് ഉറുമ്പുകൾ കൂടും. ഇവയെ ചിരട്ടയോടുകൂടി തീയിലിട്ട് നശിപ്പിക്കുക.

ഉറുമ്പുപൊടി വിപണിയിൽ കിട്ടും. ഉറുമ്പുകളുള്ള സ്ഥലത്ത് ഈ പൊടി വിതറുക. ഉറുമ്പുകളുടെ ഉറവിടം കണ്ടെത്തി അവിടെ കരിയിലകൾ കൂട്ടിയിട്ടു തീ കത്തിച്ചും ഉറുമ്പുകളെ ഒതുക്കാം.

ശീമപ്ലാവിൽ കായ്കൊഴിച്ചിൽ

breadfruit-tree-kadachakka ശീമപ്ലാവ്

Q. ഞാൻ നട്ടുവളർത്തിയ ശീമപ്ലാവിൽ കായ്പിടിത്തം മോശമില്ല. എന്നാൽ, അധികവും മൂപ്പാകും മുമ്പ് കൊഴിഞ്ഞുപോകുന്നു. അവസാനം ഒന്നോ രണ്ടോ ചക്ക കിട്ടിയാലായി. ഇതെങ്ങനെ പരിഹരിക്കാം.

ശീമപ്ലാവ് തൈകൾ നട്ട് മൂന്നു നാലു വർഷം കഴിയുമ്പോൾ കായ്കൾ ഉണ്ടാകാൻ തുടങ്ങും. തൃപ്തികരമായ വിളവ് നിലനിർത്താൻ വേനൽക്കാലത്ത് നനച്ചുകൊടുക്കണം. നന ആഴ്ചയിലൊരിക്കൽ മതി.

വേനൽക്കാലത്തെ നനയുടെ അപര്യാപ്തതമൂലം മണ്ണിൽ ഈർപ്പം കുറയും. അത് വിളവിനെ ബാധിക്കുകയും ചെയ്യും. ഇതോടൊപ്പം ചെടിയെ ബാധിക്കാവുന്ന കുമിൾരോഗവും കായ്കൾ പൊഴിയുന്നതിനു കാരണമാകും.

കുമിൾരോഗം അകറ്റാൻ ഏപ്രിൽ, മേയ് മാസങ്ങളിൽ ഒരു ശതമാനം വീര്യത്തിൽ തയാറാക്കിയ ബോർഡോമിശ്രിതം തളിക്കുക. ഒപ്പം നനയ്ക്കാനുമായാൽ പ്രശ്നത്തിനു പരിഹാരമായി.

ഉത്തരങ്ങൾ തയാറാക്കിയത്: ജി. വിശ്വനാഥൻ നായർ

വായനക്കാരുടെ ശ്രദ്ധയ്ക്ക്
കൃഷി സംബന്ധമായ സംശയങ്ങൾക്ക് ഉത്തരം നൽകുന്ന ഈ പംക്തിയിലേക്ക് ചോദ്യങ്ങൾ അയയ്ക്കാം.
വിലാസം: എഡിറ്റർ ഇൻ ചാർജ്, കർഷകശ്രീ, മലയാള മനോരമ, കോട്ടയം - 686001

ഇ-മെയിൽ: karsha@mm.co.in