Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സീതപ്പഴത്തിന്റെ ഉൽപാദനശേഷി

seetha-pazham-custard-apple സീതപ്പഴം

ചോദ്യം ഉത്തരംവിളകൾ

Q. എന്റെ വീട്ടുവളപ്പിൽ ആത്തച്ചക്ക ഇനത്തിൽപ്പെട്ട സീതപ്പഴമെന്ന ചെടി കായ്ച്ചു തുടങ്ങി. കുട്ടികൾ പറിച്ച് ഉള്ളിലെ മാംസളഭാഗം കഴിക്കാറുണ്ട്. ആണ്ടിൽ അഞ്ചോ ആറോ കായ്കളാണ് ലഭിക്കുന്നത്. എന്താണ് ഇതിന്റെ വിളവുശേഷി. പരമാവധി വിളവു ലഭിക്കുന്നതിനുള്ള ശാസ്ത്രീയ പരിചരണമുറകൾ അറിഞ്ഞാൽക്കൊള്ളാം. പഴത്തിന്റെ ഗുണങ്ങളും അറിയിക്കണം.

എസ്. വർക്കി മാത്യു, ചക്കിയേത്ത്, കുരുവട്ടൂർ

കേരളത്തിലെ വിവിധതരം മണ്ണുകളിലും കാലാവസ്ഥയിലും നന്നായി വളരുന്ന പഴച്ചെ‌ടിയാണ് സീതപ്പഴം (ആത്തയ്ക്ക). എങ്കിലും നല്ല നീർവാർച്ചയുള്ള സ്ഥലങ്ങളിലെ ചരൽ കലർന്ന ചെമ്മൺ പ്രദേശം ഏറെ നന്ന്. തുറന്ന സ്ഥലത്തും തണലിലും വളരും. കാര്യമായ പരിചരണം ഇതിനാവശ്യമില്ല. വിത്ത‍ുകൾ പാകി മുളപ്പ‍ിക്കുന്ന തൈകളാണ് പ്രധാന നടീൽവസ്ത‍ു. എന്നാൽ നല്ല മാതൃചെടികളിൽനിന്നു ബഡ്‌ഡിങ്ങോ വശം ചേർത്തൊട്ടിക്കലോ വഴിയും തൈകൾ ഉൽപാദിപ്പിക്കാം. വംശ ശുദ്ധിക്കും കനത്ത വിളവിനും മുകുളനം, ഒട്ടിക്കൽ രീതികൾ സഹായകമെങ്ക‍ിലും ഈ രീതികൾക്ക് നമ്മുടെ നാട്ടിൽ പ്രചാരമായിട്ടില്ല.

കൃഷിരീതി: തൈകൾ കാലവർഷാരംഭത്തിൽ നടാം. നീളവും വീതിയും 60 സെ.മീറ്ററും 45 സെ.മീറ്റർ താഴ്ചയുമുള്ള കുഴികൾ എടുത്ത് അതിൽ കമ്പോസ്റ്റും മേൽമണ്ണും കലർത്തി നിറച്ചുവേണം തൈ നടാൻ. രാസവളങ്ങൾ ചേർക്കുന്നതിനും ശുപാർശയുണ്ട്. തൈ ഒന്നിന് ഒരു വർഷം യൂറിയ 750 ഗ്രാം, രാജ്ഫോസ് ഒരു കിലോ, പൊട്ടാഷ് വളം 750 ഗ്രാം എന്ന തോതിൽ നൽകിയപ്പോൾ ഗവേഷണകേന്ദ്രങ്ങളിൽ നല്ല വിളവു ലഭിച്ചിട്ടുണ്ട്. ആത്തയുടെ വേരുപടലം അധികം ആഴത്തിൽ പോകാത്തതിനാൽ താഴ്ത്തിയുള്ള കൊത്തും കിളയും ഒഴിവാക്കണം. വളങ്ങൾ മരത്തിനു ചുറ്റുമായി വിതറി മണ്ണ് വരണ്ടി യോജിപ്പിക്കുക.

തൈ നട്ട് 3–4 വർഷം ആകുന്നതോടെ കായ്ച്ചുതുടങ്ങും. പൂവിടുന്നത് മാർച്ച് മുതൽ ഓഗസ്റ്റ് വരെ. നാലു മാസംകൊണ്ട് കായ്കൾ പറിക്കാൻ പാകമാകും. ഓഗസ്റ്റ് മുതൽ നവംബർവരെയാണ് വിളവെടുപ്പുകാലം. വീട്ടാവശ്യത്തിനാകുമ്പോൾ ചാരം, ഉമി എന്നിവയിൽ കായ്കൾ പൂഴ്ത്തിവച്ചു പഴുപ്പിക്കാം. ഒരു മരത്തിൽനിന്ന് 60–80 കായ്കൾ ലഭിക്കും. ഒന്നിന് 200–400 ഗ്രാം തൂക്കമുണ്ടാകും. വിളവെടുപ്പു കഴിഞ്ഞാൽ ശിഖരം കോതണം. ഇതുമൂലം പുതിയ ശിഖരങ്ങൾ ഉണ്ടാകും. വിളവും കൂടും.

ഉപയോഗവും ഗുണങ്ങളും: ചെ‌ടിയുടെ ഇലകൾ, തൊലി, വേര്, പഴം എന്നിവ ഔഷധഗുണമുള്ളതാണ്. ഇല ചതച്ചുപിഴിഞ്ഞെടുത്ത നീര് മൃഗങ്ങളിലെ വിരശല്യം ശമിപ്പിക്കും. ഇലകൾ കുത്തിപ്പിഴിഞ്ഞു കുഴമ്പുരൂപത്തിലാക്കി പുരട്ടുന്നത് മുറിവുകൾ കരിയാൻ സഹായിക്കും. വിളയാത്ത ഫലങ്ങളിൽ ധാരാളം ടാനിൻ അടങ്ങിയിട്ടുണ്ട്. അതിനാൽ കായ്കൾ ഉണക്കിപ്പൊടിച്ചത് വയറിളക്കത്തിനു മരുന്നാണ്. വയറിളക്കം, ഛർദി എന്നിവയ്ക്കു പ്രതിവിധിയായി തൊലി കഷായംവച്ചതും നന്ന്.

ആത്തച്ചക്കയിൽ ധാരാളം ധാതുക്കൾ, ജീവകങ്ങൾ സി, എ എന്നിവയും അടങ്ങിയിരിക്കുന്നു. പഴത്തിലുള്ള മഗ്നീഷ്യം മാംസപേശികളുടെ സംരക്ഷണത്തിന് നന്ന്. സീതപ്പഴത്തിന്റെ വിത്ത് പൊടിച്ചു കീടനിയന്ത്രണത്തിന് ഉപയോഗിക്കാറുണ്ട്.

എള്ളുകൃഷി ഇങ്ങനെ

sesame-farming എള്ളുകൃഷി

Q. എള്ള് കൃഷിയിറക്കേണ്ട സമയം, കൃഷിരീതി എന്നിവയെക്കുറിച്ച് അറിയാൻ ആഗ്രഹമുണ്ട്. നല്ലയിനം എള്ളുവിത്ത് എവിടെ കിട്ടുമെന്നും അറിയണം.

എസ്. വാമദേവൻ, പുലിത്തിട്ടയിൽ, ആനാട്

എണ്ണക്കുരുവിളകളിൽ പ്രധാനമാണ് എള്ള്. എള്ളെണ്ണ ഔഷധവും സുഗന്ധദ്രവ്യവും നിത്യഭക്ഷണത്തിലെ ചേരുവയുമാണ്. എള്ളിൻപിണ്ണാക്ക് നല്ല കാലിത്തീറ്റയാണ്. എന്നാൽ കേരളത്തിൽ എള്ളുകൃഷി ഇപ്പോൾ 300 ഹെക്ടറിൽ താഴെ മാത്രം. ഉൽപാദനക്ഷമതയാകട്ടെ, ഹെക്ടറിന് 350 കിലോയും. അപ്രതീക്ഷിത മഴ, അശാസ്ത്രീയ കൃഷി എന്നിവയാണ് വിളവു കുറയാൻ കാരണമാകുന്നത്. വിളവുശേഷി കൂടിയ ഇനങ്ങൾ കൃഷി ചെയ്യുക, ശാസ്ത്രീയ വളപ്രയോഗവും കൃഷിരീതികളും അവലംബിക്കുക, യോജിച്ച സ്ഥലത്തു കൃഷിയിറക്കുക, ഉൽപാദന ഉപാധികൾ സുലഭമാക്കുക എന്നിവയിലൂടെ ഉൽപാദനക്ഷമതയും വരുമാനവും കൂട്ടാം.

കൃഷിയിറക്കേണ്ട സമയം: നെൽപ്പാടങ്ങളിൽ മുണ്ടകൻ കൊയ്ത്തു കഴിഞ്ഞ് ഡിസംബർ–ഫെബ്രുവരി. പറമ്പുകളിൽ ഓഗസ്റ്റ് തുടങ്ങി ഡിസംബർ വരെ.

കൃഷിസ്ഥലത്തെ മണ്ണ് നന്നായി ഇളക്കി വെടിപ്പാക്കിയും നിരപ്പാക്കിയും ഹെക്ടറിന് അഞ്ചു ടൺ ചാണകം/കമ്പോസ്റ്റ് അടിസ്ഥാനവളമായി ചേർക്കണം. പുറമേ യൂറിയ 65 കിലോ, രാജ്ഫോസ് 90 കിലോ, പൊട്ടാഷ്‍വളം 30 കിലോയും ഇടുക. (യൂറിയ ചേർക്കുന്നതിന് മറ്റൊരു വഴി: അടിവളമായി 20 കിലോ നൽകി ബാക്കി ഒരു മാസത്തിനുശേഷം യൂറിയ ലായനി മൂന്നു ശതമാനം വീര്യത്തിൽ തയാറാക്കി തളിക്കുക.)

ഒരു ഹെക്ടറിലെ കൃഷിക്ക് അഞ്ചു കിലോ വിത്ത് വേണം. വിതയ്ക്കുന്നത് എല്ലായിടത്തും ഒന്നുപോലെ വിതറിവീഴാൻ മണലുമായി കൂട്ടിക്കലർത്താറുണ്ട്.

കൃഷിസ്ഥലത്തു വെള്ളം കെട്ടിക്കിടക്കരുത്. ഇത് കണക്കാക്കി ആവശ്യത്തിനു ചാലുകളെടുക്കണം. ചെടികൾ തമ്മിൽ 15–25 സെ.മീ. അകലം നിലനിർത്തി അധികമുള്ള ചെടികൾ പിഴുതുമാറ്റണം. വിതച്ച് ഒരു മാസമാകുന്നതോടെ ഇടയിളക്കി കളകൾ നീക്കണം. നാലഞ്ച് ഇല പ്രായമായാൽ 15–20 ദിവസം ഇടവിട്ട് നനയ്ക്കുന്നത് വിളവു 35–50 ശതമാനംകണ്ട് വർധിപ്പിക്കും. ശിഖരം പൊട്ടുമ്പോഴും പൂവിടുമ്പോഴും നന നിർബന്ധം.

കേരളത്തിൽ കീടശല്യവും രോഗബാധയും കുറവാണ്. ഇലപ്പുഴുശല്യം കണ്ടാൽ മൂന്നു ശതമാനം വീര്യത്തിൽ വേപ്പിൻകുരുസത്ത് തയാറാക്കി തളിക്കണം.

കായ്കൾ മഞ്ഞനിറമായി പൊട്ടാൻ തുടങ്ങുന്നതോടെ ചുവടെ പിഴുത് കെട്ടുകളാക്കി തണലിൽ കുത്തിനിർത്തണം. തുടർന്ന് വെയിലിൽ നിരത്തി വടികൊണ്ടു തല്ലി വിത്ത് വേർതിരിച്ചെ‌ടുക്കാം. വിത്തു ശേഖരിച്ച് ഉണക്കിപ്പാറ്റി മാലിന്യങ്ങൾ നീക്കി മൺകലത്തിലോ പാട്ടകളിലോ പോളിത്തീൻ കൂടുകളിലോ നിറച്ചു സൂക്ഷിക്കാം.

നൂറു കിലോ എള്ളിൽനിന്ന‍ു 45–50 കിലോ എണ്ണ ലഭിക്കും. എള്ളുകൊണ്ടുള്ളതും എള്ളുചേർത്തതുമായ പലഹാരങ്ങളുടെ നിർമാണവും വൻ വ്യവസായമാണ്.

എള്ളിന്റെ പ്രധാന ഇനങ്ങൾ: കായംകുളം–1 (ഓണാട്ടുകര മേഖലയിലെ താഴ്ന്ന പ്രദേശങ്ങൾക്കു യോജിച്ചത്), കായംകുളം–2 (തിലോത്തമ– ഓണാട്ടുകര മേഖലയിലെ തരിശിടങ്ങൾക്കു യോജിച്ചത്. ഇലപ്പുള്ളി രോഗത്തെ പ്രതിരോധിക്കുന്നു), എസിവി–1 (സോമ- ഓണാട്ടുകര തരിശിടങ്ങളിൽ വേനൽകൃഷിക്ക്), എസിവി–2 (സൂര്യ- ഉയർന്ന പ്രദേശങ്ങൾക്കു യോജ്യം), എസിവി–3 (തിലക്– ഓണാട്ടുകര വേനൽക്കാല കൃഷിക്ക്)

മികച്ച തൈകൾ

Q. വിത്തുകൾ കൂടാതെ, സസ്യത്തിന്റെ മറ്റു ഭാഗങ്ങളിൽനിന്ന് ഉൽപാദിപ്പിച്ച തൈകൾ നടുന്നത് സാധാരണം. വിത്തിൽനിന്നുള്ളവയെക്കാൾ ഇതിനുള്ള മേന്മകൾ എന്തെല്ലാം.

എം.ടി. സ്കറിയ, നെടുമ്പള്ളിൽ, മുണ്ടത്തിക്കോട്

വിത്ത് ഒഴികെ ചെടിയുടെ ഇല, തണ്ട്, വേര് തുടങ്ങിയ ഭാഗങ്ങൾ ഉപയോഗിച്ചു തൈകൾ ഉൽപാദിപ്പിക്കുന്ന രീതിക്കു കായികപ്രവർധനം എന്നാണു പറയുക. ചെടിയുടെ കോശങ്ങൾ ഉപയോഗിച്ചും ഇതു നടത്താം.

മേന്മകൾ: മാതൃചെടിയുടെ എല്ലാ മേന്മകളും അതേപടി പുതിയ ചെടിയിൽ നിലനിർത്താനാകുന്നു. വിത്തുൽപാദനം തീരെ അപര്യാപ്തമായ ചില ചെടികളുടെ വംശവർധന ഈ രീതിയിൽ സാധിക്കാം. ഈ രീതിയിൽ ലഭ്യമായ തൈകൾ വിത്തു മുഖേന ഉള്ളതിനേക്കാൾ നേരത്തെ പൂവിടുകയും കായ്ക്കുകയും ചെയ്യുന്നു. ചില പ്രത്യേക മണ്ണിലും കാലാവസ്ഥയിലും വളരാൻ പ്രയാസമുള്ള ചെടികളെ അതേ ചുറ്റുപാടിൽ വളരുന്ന ചെടികളുമായി ഒട്ടിച്ചോ മുകുളനം ചെയ്തോ വളർത്താനാകുന്നു.

ചെടികളുടെ വലുപ്പം കുറയ്ക്കാൻ ഈ രീതി പ്രയോജനപ്പെടുത്താം. ചെടികളുടെ വളർച്ചയിലുണ്ടാകാവുന്ന വൈകല്യങ്ങൾ ഒഴിവാക്കി സംരക്ഷണം നൽകുന്നതിനു ചില കായിക പ്രവർധനരീതികൾ സഹായകമാണ്. കുറഞ്ഞ സമയംകൊണ്ട് കൂടുതൽ സസ്യങ്ങൾ ഉൽപാദിപ്പിക്കാനാകുന്നു. ജാതി പോലുള്ള ചെടികളിലെ ആൺമരങ്ങളെ പെൺമരങ്ങളാക്കാം.

പോരായ്മകൾ: രോഗമുള്ള ചെടികളിൽനിന്ന് ഉൽപാദിപ്പിക്കുന്ന തൈകളിൽ രോഗസാധ്യതയേറും. കമ്പു മുറിച്ചുനടീൽ, പതിവയ്ക്കൽ തുടങ്ങിയ രീതികൾ അവലംബിക്കുമ്പോൾ തായ്‌വേരിന്റെ അഭാവത്തിൽ ചെടികൾക്ക് മണ്ണിൽ ഉറച്ചുനിൽക്കാനുള്ള ബലം കുറവായിരിക്കും. കായിക പ്രവർധനം വഴി ലഭിക്കുന്ന ചെടികളുടെ ആയുർദൈർഘ്യം കുറവായിരിക്കും. ചിലയിനം ഒട്ടുചെടികളുടെ ഒട്ടിച്ചഭാഗം കാലക്രമത്ത‍ിൽ‌ വേർപെട്ടു പോകുകയോ നശിക്കുകയോ ചെ‍യ്യാം. വൈകല്യങ്ങൾക്കും ഇടയുണ്ട്. ആദ്യകാലത്ത് ക്രമമായ പരിചരണം അനിവാര്യമാണ്.

ഉത്തരങ്ങൾ തയാറാക്കിയത്: ജി. വിശ്വനാഥൻ നായർ

വായനക്കാരുടെ ശ്രദ്ധയ്ക്ക്
കൃഷി സംബന്ധമായ സംശയങ്ങൾക്ക് ഉത്തരം നൽകുന്ന ഈ പംക്തിയിലേക്ക് ചോദ്യങ്ങൾ അയയ്ക്കാം.
വിലാസം: എഡിറ്റർ ഇൻ ചാർജ്, കർഷകശ്രീ, മലയാള മനോരമ, കോട്ടയം - 686001

ഇ-മെയിൽ: karsha@mm.co.in

Your Rating: