Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റംബുട്ടാൻ കായ്കൾ പൊഴിയുന്നു

rambutan-fruit റംബുട്ടാൻ

ചോദ്യം ഉത്തരംവിളകൾ

Q. റംബുട്ടാൻ സമൃദ്ധമായി പൂക്കുകയും കായ്കൾ പിടിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ ഇവയിൽ നല്ല പങ്ക് കൊഴിഞ്ഞുപോകുന്നു. ഇത് ഒഴിവാക്കാനെന്തുവഴി.

സി.വി. അനിയൻ, തിരുവല്ല, പത്തനംതിട്ട

മിക്ക ഫലവൃക്ഷങ്ങളിലും കാണുന്നതാണിത്. വേനൽക്കാലത്ത് വേണ്ടത്ര നനയ്ക്കാതിരിക്കുക, യഥാസമയം വളം ചേർക്കാതിരിക്കുക, പരാഗണം നടക്കാതിരിക്കുക എന്നിവയാകാം പ്രധാന കാരണങ്ങൾ. ശരിയായ പരിചരണ രീതി താഴെ:

വളം ചേർക്കൽ: റംബുട്ടാൻ പൂർണമായും ജൈവരീതിയിൽ കൃഷി ചെയ്യാവുന്നതാണ്. ഇതിനുവേണ്ട വളമിശ്രിതം കൃഷിക്കാർക്കുതന്നെ തയാറാക്കാം. ചാണകപ്പൊടി, എല്ലുപൊടി, കടലപ്പിണ്ണാക്ക് / വേപ്പിൻപിണ്ണാക്ക് എന്നിവ തുല്യ അളവിൽ ചേർത്തു യോജിപ്പിച്ചാൽ ജൈവവള മിശ്രിതമായി. ഓരോ വർഷവും ചേർക്കേണ്ട വളത്തിന്റെ അളവ് തുല്യമാകണമെന്നില്ല.

മേൽക്കൊടുത്ത വളക്കൂട്ടിൽനിന്ന്

ഒന്നാം വർഷം– 300 ഗ്രാം
രണ്ടാം വർഷം– 600 ഗ്രാം
മൂന്നാം വർഷം– ഒരു കിലോ

നാലാം വർഷം മുതൽ ചെടിയുടെ വലുപ്പം അനുസരിച്ച് ഒന്നര കിലോ തുടങ്ങി രണ്ടു കിലോവരെ ചേർക്ക‍ാം. കൂടാതെ, ജീവാണുവളങ്ങളായ അസോസ്പൈറില്ലം, ബയോപൊട്ടാഷ് എന്നിവ 25 മുതൽ 50 ഗ്രാംവരെ നൽകുന്നതും നന്ന്. ചെ‌ടി നട്ട് ആദ്യത്തെ 3–4 വർഷം ജൈവവള മിശ്രിതം രണ്ടു തവണയായി വർഷാരംഭത്തിൽ ചേർക്കണം. എന്നാൽ ചെടി വിളവു നൽകിത്തുടങ്ങിയാൽ മിശ്രിതം മൂന്നു തവണകളായി വേണം ചേർക്കാൻ. പൂക്കുന്നതിനു രണ്ടു മാസം മുൻപ് ആദ്യതവണയും കായ്കൾ പകുതി മൂപ്പ് ആകുമ്പോൾ ചാണകപ്പൊടി 2–3 കിലോയും ജൈവവളക്കൂട്ട് ഒരു കിലോയും ചേർക്കണം. പൂക്കുന്ന സമയത്ത് നനയും വളംചേർക്കലും ഒഴിവാക്കണം. തളിരിടുന്ന സമയത്തും വളം ചേർക്കരുത്. മഴയില്ലെങ്കിൽ നനയ്ക്കണം.

തേനീച്ചകളാണ് പരാഗണത്തെ സഹായിക്കുന്ന പ്രാണികളിൽ പ്രധാനം. തേനീച്ചവളർത്തലിലൂടെ പരാഗണം ഉറപ്പാക്കാം. വിളവെടുപ്പു കഴിഞ്ഞാൽ ശിഖരം കോതുന്നതു ഗുണം ചെയ്യും.

നിറയെ പൂത്താലും കായ്പിടിത്തം നിശ്ചിത അളവിൽ കൂടാറില്ല. ഒരു മരത്തിൽനിന്ന് ഒരു വർഷം 15–20 ടൺ പഴങ്ങൾ ലഭിക്കും. ഇത് പ്രതീക്ഷിക്കാവുന്ന ഏറ്റവും നല്ല വിളവ് ആണ്.

പൊതിച്ച തേങ്ങ പൊട്ടിക്കാൻ യന്ത്രം

coconut

Q. ഒരു കൊപ്രാമില്ലിലെ തൊഴിലാളിയാണ് ഞാൻ. തേങ്ങ പൊതിച്ചു രണ്ടു നേർപകുതിയായി പൊട്ടിക്കുകയാണ് പ്രധാന ജോലി. അത്യധ്വാനം നടത്തിയാലും ഒരു ദിവസം 2500ലേറെ തേങ്ങ ഉടയ്ക്കാനാകില്ല. അധ്വാനഭാരം കുറച്ച് കൂടുതൽ തേങ്ങ ഉടയ്ക്കാൻ പറ്റുന്ന യന്ത്രം കോഴിക്കോ‌ടു പ്രദേശത്ത് കിട്ടാനുണ്ടെങ്കിൽ അറിയിക്കണം.

എം.എം. പ്രസാദ്, ഹരി വിഹാർ, കൊന്നത്തടി‌

ഇതിനു പറ്റിയ ചെറുകിട യന്ത്രമുണ്ട്. കട്ട്കോ എന്നാണ് പേര്. ഈ യന്ത്രത്തിന്റെ പ്രവർത്തന രീതി ഇങ്ങനെ: പ്രവർത്തിപ്പിക്കുന്ന ആളിന്റെ ഉയരമനുസരിച്ച് സൗകര്യപ്രദമായ ഉയരത്തിൽ നിർമിച്ചിട്ടുള്ള ഇരുമ്പു സ്റ്റാൻഡിൽ ഒരു എച്ച്പി മോട്ടോർ ഘടിപ്പിച്ചു മോട്ടോറിന്റെ കറക്കവേഗം 1440 ആർപിഎമ്മിലേക്ക് കുറച്ചെ‌ടുക്കാവുന്നതും തുടർന്ന് മിനിറ്റ‍ിൽ 27 തവണ ചലിക്കുന്ന കട്ടിങ് ബ്ലേഡിലേക്ക് എത്തിക്കാവുന്നതുമാണ്. അർധവൃത്താകൃതിയിലുള്ള ചാലിലൂടെ തേങ്ങ കട്ടിങ് ബ്ലേഡ് പതിക്കത്തക്കവിധം കൈകൊണ്ടു വയ്ക്കുകയും തുടർച്ചയായി മോട്ടോറിൽനിന്ന് ഊർജം സ്വീകരിക്കുന്ന ബ്ലേഡിന്റെ പ്രവർത്തനത്താൽ തേങ്ങ രണ്ടായി പിളർത്തിയെടുക്കുകയുമാണു ചെയ്യുന്നത്. ഈ രീതിയിൽ ഒരു മണിക്കൂറിൽ അനായാസമായും താരതമ്യേന സുരക്ഷിതമായും 1500 തേങ്ങ വരെ പൊട്ടിച്ചെടുക്കാം. അതായത് യന്ത്രസഹായമില്ലാതെ ചെയ്യാനാകുന്നതിന്റെ അഞ്ചിരട്ടി. തേങ്ങാവെള്ളം പാഴാകാതെയും കൈകൊണ്ടു തൊടാതെയും ശേഖരിക്കാനുമാകുന്നു.

യന്ത്രനിർമാണം താരതമ്യേന എളുപ്പമാണ്. ഇതിന്റെ ഭാഗങ്ങൾ എല്ലാം തന്നെ പ്രാദേശികമായി സമാഹരിക്കാനാകും. വൈദ്യുതിയിൽ പ്രവർത്തിക്കുമ്പോൾ എട്ടുമണിക്കൂറിനു 10 യൂണിറ്റ് വൈദ‍്യുതി മാ‍ത്രമേ വേണ്ടിവരികയുള്ളൂ. അപകട സാധ്യത കുറവാണ്. ഒരു സ്ഥലത്തുനിന്നു മറ്റൊരിടത്തേക്ക് നിഷ്പ്രയാസം മാറ്റാം. തേയ്മാനം കുറവായതിനാൽ ആവർത്തനച്ചെലവും കുറവ്. യന്ത്രത്തിന്റെ ഉദ്ദേശ വില 20,000 രൂപ. കൂടുതലറിയാൻ ഫോൺ: 98476 02693

മച്ചിങ്ങ കൊഴിച്ചിൽ

coconut-flower

Q. ആറുവർഷമായ നാടൻ തെങ്ങ്. പൂങ്കുല ഉണ്ടാകുന്നുണ്ടെങ്കിലും തേങ്ങാപിടിത്തം കുറവാണ‍്. മൂന്നു തവണ മണ്ടചീയൽ രോഗം വന്നെങ്കിലും ബോർഡോ മിശ്രിതം തളിച്ചു നിയന്ത്രിച്ചു. ഈ തെങ്ങ് കായ്‍ക്ക‍ുമോ.

ആനന്ദ് കവടിയാർ, തിരുവനന്തപുരം

ചൊട്ട വിരിഞ്ഞു പൂങ്കുല വിടർന്നാൽ അതിൻമേൽ പെൺപൂക്കളും ആൺപൂക്കളും കാണാം. പെൺപൂക്കൾ വെള്ളയ്ക്കായും മറ്റ‍ുള്ളവ ആൺപൂക്കളുമാണ്. പെൺപൂക്കളിൽ പരാഗണം നടന്നാൽ അവ വളർന്നു തേങ്ങയായിത്തീരുന്നു. പരാഗണം നടന്നാൽ തേങ്ങ മൂപ്പാകാൻ 11 മാസം വേണം. പെൺപൂക്കൾ അഥവാ വെള്ളയ്ക്കാ മുഴുവൻ വിളഞ്ഞു പാകമാകാറില്ല. കുറെയൊക്കെ കൊഴിഞ്ഞുപോകും. പരമാവധി വിളവു ലഭിക്കുന്നതിനു മച്ചിങ്ങ (വെള്ളയ്ക്ക) കൊഴിയൽ നിയന്ത്രിക്കണം. ഇതിനു മച്ചിങ്ങ കൊഴിയുന്നതിന്റെ കാരണങ്ങളും പരിഹാരവും അറിയണം.

കുമിൾ രോഗം (മച്ചിങ്ങ ചീയൽ), കീടാക്രമണം (മച്ചിങ്ങ തുരപ്പൻ), ചില മൂലകങ്ങളുടെ കുറവ്, പരാഗണത്തിലും ബീജ സങ്കലനത്തിനുമുള്ള പാളിച്ച, പൂക്കളിലെ ഘടനാപരമായ പോരായ്മ, ഭ്രൂണം അലസിപ്പോകൽ, വരൾച്ച, തെങ്ങിനു ചുവട്ടിൽ വെള്ളം കെട്ടിക്കിടക്കുന്നതുമൂലമുള്ള വായുസഞ്ചാരക്കുറവ്, സമ്പ‍ൂർണ സമീകൃതാഹാരത്തിന്റെ കുറവ്, ജനിതക സ്വഭാവം എന്നിവയാകാം കാരണങ്ങൾ. ഏതു കാരണത്താലാണ് മച്ചിങ്ങ പൊഴിയുന്നതെന്നു കണ്ടെത്തി ശാസ്ത്രീയ നിയന്ത്രണമാർഗം തേടണം. മൂന്നു തവണ മണ്ടചീയൽ രോഗമുണ്ടായ തെങ്ങിൽനിന്ന‍ു ന്യായമായ വിളവ് പ്രതീക്ഷിക്കേണ്ടതില്ല. വെട്ടിമാറ്റി പുതിയ തൈ നടുന്നതായിരിക്കും നന്ന്.

പുളിങ്കുരുപൊടി കാലിത്തീറ്റ

tamarind

Q. വാളൻപുളി ഉണക്കി വേർപെടുത്തിയെടുത്ത ശേഷം കുരു (വിത്ത്) പാഴാക്കുകയാണ് ഇപ്പോൾ ചെ‍യ്യുന്നത്. ഇത് പ്രയോജനപ്പെടുത്താനാകുമോ.

നന്ദനൻ പിള്ള, മഞ്ഞുമ്മൽ, ആലുവ

വിളവെടുത്ത പുളി സംസ്കരിക്കുമ്പോൾ ശേഷിക്കുന്ന പുളിങ്കുരു കാലിത്തീറ്റയായി ഉപയോഗിക്കാറുണ്ട്. ഒരു ഉരുവിന് എത്രമാത്രം കൊടുക്കാം, സംസ്കരിച്ചെടുക്കേണ്ട രീതി എന്നിവ അടുത്തുള്ള മൃഗാശുപത്രിയിലെ ഡോക്ടറോ‌ടു ചോദിച്ചു മനസ്സിലാക്കണം.

അവക്കാഡോ മരങ്ങൾ

avocado-fruit അവക്കാഡോ

Q. കേരളത്തിൽ അവക്കാഡോ കൃഷിയുണ്ടോ. എവിടെപ്പോയാൽ മരങ്ങൾ കാണാനും കൃഷിരീതി മനസ്സിലാക്കാനും സാധിക്കും.

സെബാസ്റ്റ്യൻ വെൽവിൻ, ആലപ്പുഴ

അവക്കാഡോ നന്നായി വളരുന്നതിനും വിളവു നൽകുന്നതിനും യോജിച്ച കാലാവസ്ഥ കേരളത്തിലെ ഹൈറേഞ്ച് മേഖലകളിലാണുള്ളത്. കേരളത്തിൽ പ്രായം കൂടിയ അവക്കാഡോ മരങ്ങൾ വയനാട് ജില്ലയിലെ അമ്പലവയലിൽ കേരള കാർഷിക സർവകലാശാലയുടെ റീജനൽ അഗ്രികൾച്ചർ റിസർച്ച് സ്റ്റേഷനിലുണ്ട്. ഫോൺ: 04936 260421

ഉത്തരങ്ങൾ തയാറാക്കിയത്: ജി. വിശ്വനാഥൻ നായർ

വായനക്കാരുടെ ശ്രദ്ധയ്ക്ക്
കൃഷി സംബന്ധമായ സംശയങ്ങൾക്ക് ഉത്തരം നൽകുന്ന ഈ പംക്തിയിലേക്ക് ചോദ്യങ്ങൾ അയയ്ക്കാം.
വിലാസം: എഡിറ്റർ ഇൻ ചാർജ്, കർഷകശ്രീ, മലയാള മനോരമ, കോട്ടയം - 686001

ഇ-മെയിൽ: karsha@mm.co.in