Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘മീൻകെണി’: മൽസ്യകൃഷിയിൽ വേറിട്ട തന്ത്രവുമായി സജീവ്

sajeev-fish-farm പിവിസി പൈപ്പ് ഉപയോഗിച്ചു നിർമിച്ച മീൻകെണിയുമായി സജീവ്.

മീൻവളർത്തൽ മേഖലയുടെ വിജയത്തിനായി മൽസ്യകുഞ്ഞുങ്ങളെ ലഭിക്കാത്തതിന്റെ പ്രയാസം സജീവിനെ അലട്ടാറില്ല. താൻ സ്വന്തമായി വികസിപ്പിച്ചെടുത്ത കെണിയുണ്ടെങ്കിൽ കുളത്തിലേക്കു മീനുകൾ താനെ വന്നുകയറിക്കോളുമെന്നു കാട്ടിത്തരികയാണു കൊല്ലം തങ്കശേരി തോട്ടയ്ക്കാട്ട് നഗറിൽ (63) പുന്നത്തല സച്ചിൻ നിവാസിൽ സജീവ് (46). പാവൂർവയലിനു സമീപത്തെ തന്റെ 25 സെന്റ് സ്ഥലത്തെ കുളത്തിൽ മീൻവളർത്തൽ ആരംഭിച്ചപ്പോൾ മൽസ്യകുഞ്ഞുങ്ങളെ ലഭിക്കുന്നതിനു സജീവിനു ജില്ലയിലെ ഫിഷറീസ് അധികൃതർക്കു മുന്നിൽ പലതവണ കയറിയിറങ്ങേണ്ടിവന്നു. ഇതേ തുടർന്നാണു കുളത്തിനു സമീപത്തെ ഏലയിലേക്കു കായലിലെ വേലിയേറ്റ സമയത്തു കയറുന്ന മൽസ്യങ്ങളെയും മൽസ്യകുഞ്ഞുങ്ങളെയും കുളത്തിലേക്ക് എത്തിക്കുന്നതിനു പദ്ധതി ആലോചിച്ചത്. ഈ ആലോചനയാണു ചെലവേറെയില്ലാത്തതായ മീൻകെണി പ്രാവർത്തികമാകുന്നത്.

നാലിഞ്ചു വ്യാസമുള്ള പിവിസി പൈപ്പുകളാണു മീൻകെണിക്കാവശ്യമായ പ്രധാന വസ്തു. മീൻവളർത്തൽ കുളത്തിന്റെ ഒരുഭാഗത്തായി അടിവശത്തുനിന്നു നീളമുള്ള രണ്ടു പിവിസി പൈപ്പുകൾ സമീപത്തെ ഏലയുടെ വശത്തേക്കു സ്ഥാപിച്ചു. ഇതിന്റെ നടുക്കുഭാഗത്തു നിന്നു മുകളിലേക്കായി മറ്റു രണ്ടു പിവിസി പൈപ്പുകളുമുണ്ട്. നിലവിലെ സ്ഥിതിയിൽ കുളത്തിലേക്കു മീനുകൾ വരുന്നതിനൊപ്പം കുളത്തിലെ മീനുകൾ ഏലയിലേക്ക് പോകാനും ഇടയാകും. എന്നാൽ മുകളിലേക്കു സ്ഥാപിച്ചിട്ടുള്ള പൈപ്പുകളിലൂടെ അകത്തേക്ക് അൽപ്പം വ്യാസം കുറഞ്ഞ മറ്റൊരു പൈപ്പ് കടത്തിവിടും.

ഇതിന്റെ അടിവശത്തായി ഒരുഭാഗത്തു നിന്നു ചെറുതായി ഒന്നു സ്പർശിച്ചാൽ മുകൾവശത്തേക്കു പൊങ്ങുന്ന രീതിയിൽ പിവിസി കൊണ്ടുതന്നെ നിർമിച്ചിട്ടുള്ള ഒരു വാതിലുമുണ്ടാകും. പിവിസിയുടെ രണ്ട് അറ്റത്തായി നൈലോൺ നൂൽ ഉപയോഗിച്ചാണു വാതിൽ ബന്ധിപ്പിച്ചിട്ടുള്ളത്. ആദ്യം സ്ഥാപിച്ചിട്ടുള്ള പൈപ്പുകളിലൂടെ താഴേക്കു വാതിൽ ഏലയ്ക്ക് അഭിമുഖമായി വരത്തക്കവിധത്തിൽ സ്ഥാപിക്കും. തുടർന്നു വേലിയേറ്റ സമയങ്ങളിലും രാത്രികാലങ്ങളിലുമായി പിവിസി പൈപ്പുകൾ സ്ഥാപിച്ചിരിക്കുന്നതിനു സമീപത്തായി കുളത്തിൽ നെയ്ചേർത്തു കുഴച്ച അരിയോ ചോറോ വെള്ളത്തിൽ വിതറും. വേലിയേറ്റസമയത്ത് ഏലയിലെത്തുന്ന മീനുകൾ കൂട്ടത്തോടെ തീറ്റിതേടി ഏലയിലേക്കു സ്ഥാപിച്ചിട്ടുള്ള പിവിസി പൈപ്പുകളിലൂടെ കുളത്തിലേക്കെത്തും. കടന്നുവരുന്ന ഭാഗത്തെ വാതിൽ ചെറിയൊരു സ്പർശനമോ വെള്ളത്തിലെ ഓളത്തിന്റെ അനക്കമോമൂലം ഉയരുമെന്നതിനാൽ മീനുകൾ നിഷ്പ്രയാസം കുളത്തിലേക്കു കടന്നുവരും.

എന്നാൽ അകത്തുനിന്നും തിരികെ വാതിലിൽ സ്പർശിച്ചാൽ വാതിൽ അടഞ്ഞുതന്നെ കിടക്കും. ഇതുമൂലം കുളത്തിലെത്തുന്ന മീനുകൾക്ക് തിരികെ പോകാൻ സാധിക്കുകയില്ല. കെണി സ്ഥാപിക്കാത്ത സമയങ്ങളിൽ പൈപ്പുകൾ മറ്റൊരു പിവിസി പൈപ്പ് ഉപയോഗിച്ച് ബ്ലോക്ക് ചെയ്യുകയും ചെയ്യും. ഇത്തരത്തിൽ ലക്ഷക്കണക്കിനു മീനുകളെയാണു തന്റെ കുളത്തിലേക്ക് ഇതിനകം കടത്തിവിട്ടിട്ടുള്ളതെന്നു സജീവ് പറയുന്നു. കരിമീൻ, പൂല, ചെമ്മീൻ ഇനത്തിൽപെട്ടവയാണു കുളത്തിലേറെയും. തന്റെ സുഹൃത്തിന്റെ ബേക്കറി യൂണിറ്റിൽ നിന്നു ലഭിക്കുന്ന വസ്തുക്കളാണു മീനുകൾക്കു ഭക്ഷണമായി നൽകിവരുന്നത്. ലാഭമുണ്ടാക്കാനോ പണത്തിനുവേണ്ടി മൽസ്യവിൽപ്പന നടത്താനോ സജീവ് തയാറല്ല.

sajeev-fish-farm2 പിവിസി പൈപ്പ് ഉപയോഗിച്ചു നിർമിച്ച മീൻകെണിയുമായി സജീവ്.

സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും മറ്റ് ആവശ്യക്കാർക്കും സൗജന്യമായി നൽകുകയാണു ചെയ്യുന്നത്. ചിത്രകാരൻകൂടിയായ സജീവ് കുളത്തിന്റെ വശങ്ങളിൽ പുല്ലുകൾ പാകിയും സമീപത്തായി വിശ്രമ കൂടാരങ്ങൾ പണിതും പ്രകൃതിക്കിണങ്ങിയ വിധത്തിൽ മനോഹരമാക്കിയാണ് ഈ കുളവും പരിസരവും സൂക്ഷിക്കുന്നത്.ഭാര്യ മിനിയും മകൻ സച്ചിനും മകൾ സംഗീതയും സജീവിന്റെ പുതിയ കണ്ടുപിടിത്തങ്ങൾക്ക് ഊർജമേകിവരികയാണ്.‌

Your Rating: