Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പച്ചക്കറിക്ക് ‘നല്ലകാലം’

okra-ladies-finger-vegetable

ഓണം മുന്ന‍ിൽക്കണ്ട് മലയാളികളെല്ലാം വീട്ടുമുറ്റത്തു പച്ചക്കറി കൃഷിചെയ്തു നൂറുമേനി വിളവെടുത്തു. എന്നാൽ, ഓണം കഴിഞ്ഞതോടെ പലയിടത്തും കൃഷി നിലച്ച മട്ടാണ്. ശക്തിയായി മഴ പെയ്യുന്ന കാലം കഴിഞ്ഞതിനാൽ നന്നായി കൃഷി ചെയ്യാവുന്ന കാലാവസ്ഥയാണിപ്പോൾ. വെണ്ട, പയർ, ചീര, പച്ചമുളക്, തക്കാളി തുടങ്ങിയ പച്ചക്കറികളോടൊപ്പം ശീതകാല പച്ചക്കറികളും കൃഷി ചെയ്യാവുന്നതാണ്. നല്ല വെയിൽ ലഭിക്കുന്നതും കീടശല്യം കുറയുന്നതും ഈ സമയത്തായതിനാൽ ഒന്നു ശ്രദ്ധിച്ചാൽ നല്ല വിളവെടുക്കാം.

വെണ്ട

നട്ട് ഒന്നര മാസമാകുമ്പോഴേക്കും വെണ്ട കായ്‌ച്ചു തുടങ്ങും. വിത്തു നട്ടാണു വെണ്ട കൃഷി ചെയ്യുന്നത്. മുക്കാൽ മീറ്റർ അകലത്തിലാണ് വിത്തു നടേണ്ടത്. വേനലിൽ, ചാലെടുത്തു വേണം കൃഷി ചെയ്യാൻ. നനയ്ക്കുന്ന വെള്ളം പാഴായിപ്പോകാതിരിക്കാനാണു ചാലെടുക്കുന്നത്.

മണ്ണൊരുക്കുമ്പോൾ തന്നെ വേപ്പിൻപിണ്ണാക്ക് പൊടിച്ചിടണം. നിമാവിരകൾ ഏറ്റവും ശല്യം ചെയ്യുന്നതു വെണ്ടയെയാണ്. ചാണകപ്പൊടിയും കംപോസ്‌റ്റ് വളവും ഉത്തമം. രണ്ടാഴ്‌ച കൂടുമ്പോൾ ചാണകവെള്ളം ഒഴിച്ചു കൊടുക്കാം.

തക്കാളി

tomato-vegetable

നന്നായി ശ്രദ്ധിച്ചാൽ നല്ല വിളവുതരുന്നതാണു തക്കാളി. അതേസമയം, ഏറ്റവുമധികം കീടബാധയേൽക്കുന്നതും.

തൈകൾ ഒരുക്കി പറിച്ചു നടുന്നതാണ് തക്കാളിയുടെ രീതി. നടുമ്പോൾ തൈകൾ സ്യൂഡോ മോണസിൽ മുക്കിയെടുക്കുന്നതു നല്ലതാണ്.

തൈകൾ മുളപ്പിച്ചു രണ്ടാഴ്‌ച കഴിഞ്ഞാൽ പറിച്ചു നടാം. പിഴുതെടുക്കുമ്പോൾ വേരുകൾക്കു ക്ഷതമേൽക്കരുത്. ചെടികൾ തമ്മിൽ മുക്കാൽ മീറ്റർ അകലം വേണം. വെള്ളം കൂടാനും കുറയാനും പാടില്ല. രണ്ടുദിവസം കൂടുമ്പോൾ നനച്ചാൽ മതി. കോഴിവളവും ചാണകപ്പൊടിയും നല്ലതാണ്. കോഴിവളം നൽകുമ്പോൾ ചുവട്ടിൽനിന്ന് അൽപം അകലെയിടുക. മണ്ണുനീക്കി വളം ചെയ്‌തശേഷം മുകളിൽ മണ്ണിട്ടു മൂടുക. രണ്ടാഴ്‌ച കൂടുമ്പോൾ ചാണകവും പിണ്ണാക്കും പുളിപ്പിച്ച ലായനി നേർപ്പിച്ച് ഒഴിച്ചു കൊടുക്കാം.
വേരുചീയൽ, ഇലപ്പുള്ളി, വൈറസ് രോഗം, ബാക്‌ടീരിയ ആക്രമണം എന്നിവയാണ് തക്കാളിയുടെ വില്ലൻമാർ. വെളുത്തുള്ളി എമൽഷൻ, ഫിഷ് എമൽഷൻ എന്നിവ കൊണ്ടു കീടങ്ങളെ അകറ്റാം.

ചീര

spinach-vegetable

പച്ച, ചുവപ്പ് എന്നീ രണ്ടുതരം ചീരയുണ്ട്. തൈകൾ മുളപ്പിച്ചു പറിച്ചുനട്ടും അല്ലാതെയും കൃഷി ചെയ്യാം.

പോഷക സമൃദ്ധമായ മണ്ണും നല്ല നനവും ഉണ്ടെങ്കിൽ ചീര പെട്ടെന്നു വളരും. ഒരുമാസം കൊണ്ടു തന്നെ വിളവെടുക്കാം.

മണ്ണൊരുക്കുമ്പോൾ മണലും ചകിരിച്ചോറും ചേർക്കുന്നതു നല്ലതാണ്. ചാണകവും ചാരവും അടിവളമായി ഇടണം. പശുവിന്റെ മൂത്രമാണ് ചീരയുടെ ഏറ്റവും നല്ല വളം. വെള്ളം ചേർത്തു നേർപ്പിച്ച് ആഴ്‌ചതോറും ഒഴിച്ചു കൊടുക്കാം. കീട ബാധയുണ്ടാകാതിരിക്കാൻ വെളുത്തുള്ളി മിശ്രിതം ഉചിതം.

പച്ചമുളക്

chilli

ഏതു കാലാവസ്‌ഥയിലും നടാവുന്നതാണ് പച്ചമുളക്. വിത്തു മുളപ്പിച്ച് 15 ദിവസമാകുമ്പോൾ പറിച്ചുനടാം. അരമീറ്റർ അകലത്തിലാണ് തൈകൾ നടേണ്ടത്. ചാണകമാണു പച്ചമുളകിന് ഏറ്റവും നല്ല വളം.

പത്തുദിവസം കൂടുമ്പോൾ ചാണകവെള്ളവും പശുവിന്റെ മൂത്രവും ചേർത്ത് ഒഴിക്കാം. തൈ ചീയൽ, ഇലപ്പുള്ളി, വൈറസ് ബാധ എന്നിവയാണു പ്രധാന ശത്രുക്കൾ. കീടനിയന്ത്രണത്തിനു പുകയില കഷായം ഉത്തമമാണ്.

പാവയ്ക്ക (കൈപ്പയ്‌ക്ക)

പന്തലിൽ പടർത്തിയാണു പാവയ്‌ക്ക കൃഷി ചെയ്യുന്നത്. മണ്ണൊരുക്കുമ്പോൾ ചാണകം അടിവളമായി ചേർത്തുകൊടുക്കണം. പച്ചിലവളമാണ് പാവയ്‌ക്കയ്‌ക്ക് ഏറ്റവും നല്ലത്. വിത്തു മുളപ്പിച്ചു നടാം. പരുത്തിത്തുണിയിൽ വിത്തുകെട്ടി നനവുള്ള മണ്ണിൽ കുഴിച്ചിടുക. മൂന്നാംദിവസം വിത്തിനു മുള പൊട്ടും. തയാറാക്കിയ തടത്തിൽ ഒരുമീറ്റർ അകലത്തിൽ നടാം. രണ്ടാഴ്‌ച കൂടുമ്പോൾ ചാണക ലായനി ഒഴിച്ചുകൊടുക്കുക.

vegetable-bitter-gourd-pavakka

കീടബാധ പെട്ടെന്നുണ്ടാകുന്നതിനാൽ ശ്രദ്ധ നന്നായി വേണം. വേപ്പെണ്ണ– വെളുത്തുള്ളി മിശ്രിതം ഉചിതമാണ്. കായ്‌ക്കാൻ തുടങ്ങിയാൽ തുണികൊണ്ടോ പ്ലാസ്‌റ്റിക് കവർ കൊണ്ടോ കായ്‌കൾ മൂടിവയ്‌ക്കുന്നതു കീടബാധയേൽക്കുന്നതു തടയാൻ ഉചിതമാണ്.

വഴുതന

brinjal-eggplant-vegetable

വഴുതനയും തൈ മുളപ്പിച്ചു പറിച്ചുനടാം. ചാരവും ചാണകവുമാണു പ്രധാന വളം. ഏതു കാലാവസ്‌ഥയിലും വഴുതന കൃഷി ചെയ്യാം. ഒരു ചെടി തന്നെ രണ്ടു വർഷത്തോളം ഫലം തരും. ഇടയ്‌ക്കിടെ കമ്പുകൾ വെട്ടിക്കൊടുത്താൽ മതി.

20 ദിവസം പ്രായമായാൽ തൈകൾ പറിച്ചുനടാം. ചാണകവും ചാരവും വേപ്പിൻപിണ്ണാക്കും ചേർത്ത മണ്ണിൽ രണ്ടുമീറ്റർ അകലത്തിൽ വേണം തൈകൾ നടാൻ. തണ്ടും കായും തുരക്കുന്ന വണ്ടുകളാണ് മുഖ്യശത്രു. വേപ്പെണ്ണ എമൽഷൻ കീടനാശിനിയായി ഉപയോഗിക്കാം.

പയർ

Purple yard long bean

തടങ്ങൾ തമ്മിൽ രണ്ടു മീറ്റർ അകലം വേണം. ചെടികൾ തമ്മിൽ 20 സെന്റിമീറ്ററും. വിത്തുനടുന്നതിനു മുൻപു ചാണകവും ചാരവും വേപ്പിൻപിണ്ണാക്കും മണ്ണിൽ ഇളക്കിയിടണം.

പത്തുദിവസം കഴിയുമ്പോൾ ചാണകവും പിണ്ണാക്കും പുളിപ്പിച്ച ലായനി ഒരു ലീറ്ററിനു 10 ലീറ്റർ വെള്ളം ചേർത്തു തടത്തിൽനിന്ന് അൽപം അകലം വിട്ട് ഒഴിച്ചു കൊടുക്കണം.

പയർപേൻ, കായ തിന്നുന്ന പുഴു, ചിത്രകീടം എന്നിവയാണ് പ്രധാന ശത്രുക്കൾ. പയർപേനിനു പുകയിലക്കഷായമാണ് ഉത്തമം. വേപ്പെണ്ണ എമൽഷൻ ആണ് ചിത്രകീടത്തെ നശിപ്പിക്കാൻ നല്ലത്. കായ തിന്നുന്ന പുഴുക്കളെ പുകയിലക്കഷായം കൊണ്ടു നശിപ്പിക്കാം.