Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊക്കോ ഇന്ന് ആദായവിള

cocoa കൊക്കോ കായ്കൾ

ഒരു കാലത്ത് കേരളത്തിലെ കർഷകരെ ഏറെ നിരാശപ്പെടുത്തിയ കൊക്കോ ഇന്ന് അവർക്ക് ആശ്വാസ വിളയാണ്. 13,257 ഹെക്ടർ സ്ഥലത്തെ കൃഷിയിൽ നിന്ന് 12,323 ടൺ കൊക്കോ ഉൽപാദിപ്പിച്ചതായാണ് 2013–’14 ലെ സ്ഥിതിവിവരക്കണക്ക്.

മറ്റു വിളകളുമായി തട്ടിക്കുമ്പോൾ കൊക്കോയ്ക്കു കൃഷിച്ചെലവു കുറവാണ്. കേരളത്തിലെ കാലാവസ്ഥയും മൺതരങ്ങളും കൊക്കോക്കൃഷിക്ക് അനുയോജ്യവുമാണ്. കുടുംബാംഗങ്ങൾക്കു തന്നെ കൃഷിപ്പണികളെല്ലാം ചെയ്യാമെന്നതു മറ്റൊരു മെച്ചം.

കാർഷിക കേരളത്തിന്റെ പ്രധാന പ്രശ്നമാണ് സ്ഥലപരിമിതി. ഇതും പക്ഷേ കൊക്കോയെ ബാധിക്കുന്നില്ല. കാരണം ഭാഗികമായി തണൽ ആവശ്യമുള്ളതിനാൽ ഇതു തെങ്ങ്, കമുക് എന്നിവയ്ക്കു പറ്റിയ ഇടവിളയാണ്.

കേരളത്തിൽ എല്ലാ ജില്ലകളിലും കൊക്കോക്കൃഷിയുണ്ടെങ്കിലും ഇടുക്കി, എറണാകുളം, കോട്ടയം, കോഴിക്കോട് ജില്ലകളിലാണു കൂടുതൽ.

ജൈവാംശം സമൃദ്ധമായതും വളപ്പൊലിമയിൽ വനമണ്ണിനു തുല്യവുമായ സ്ഥലം കൃഷിക്കു തിരഞ്ഞെടുക്കുക. വേനൽക്കാലത്തും ഈർപ്പം നിലനിൽക്കുന്നതും നല്ല ഉലർച്ചയുള്ളതും ആഴം കൂടിയതുമായ മേൽമണ്ണ് വിളവളർച്ചയെ ത്വരിതപ്പെടുത്തുന്നു.

ഇനങ്ങൾ

ഫോറസ്റ്റിറോ, ക്രയോള, ട്രിനിറ്റേറിയോ എന്നിവയാണ് പ്രധാനപ്പെട്ട മൂന്നിനങ്ങൾ. ഇന്ത്യയിൽ അനുസൃതമെന്നു കണ്ടിട്ടുള്ളതു ഫോറസ്റ്റിറോ വിഭാഗത്തിൽപെട്ട ഇനങ്ങളാണ്. ഈയിനത്തിനു മൂപ്പാകുന്നതിനു മുമ്പ് പച്ചനിറവും പഴുത്താൽ മഞ്ഞനിറവുമായിരിക്കും. ഫോറസ്റ്റിറോ വിഭാഗത്തിൽ കേരള കാർഷിക സർവകലാശാല വിളവുശേഷി കൂടിയ താഴെ കൊടുക്കുന്ന ഇനങ്ങൾ ഉരുത്തിരിച്ചെടുത്തിട്ടുണ്ട്. CCRP-1 മുതൽ 7 വരെ. ഈ ഇനങ്ങൾ കേരളത്തിലെ തെങ്ങിൻ തോപ്പുകളിലെ കൃഷിക്കു യോജിച്ച മികച്ച ക്ലോണുകളാണ്. വാർഷിക ഉൽപാദനശേഷി മരമൊന്നിന് 55–180 കായ്കൾ.

ഫോറസ്റ്റിറോ ഇനങ്ങൾക്കു നല്ല രോഗപ്രതിരോധശേഷിയും പ്രതികൂല കാലാവസ്ഥ തരണം ചെയ്യാനുള്ള കഴിവുമുണ്ട്. ഒരു കായിൽ മുപ്പതോളം വിത്തുകൾ ഉണ്ടാകും. വിത്തു മുളപ്പിച്ച തൈകളേക്കാൾ ഉൽപാദനക്ഷമത ബഡ് (മുകുളനം) ചെയ്ത തൈകൾക്കാണുള്ളത്.

കേരള കാർഷിക സർവകലാശാല 2002 ൽ CCRP-8, CCRP-9, CCRP-10 എന്നീ സങ്കരയിനങ്ങൾ ഉൽപാദിപ്പിച്ചിട്ടുണ്ട്.

കൃഷിയിറക്കൽ, പരിചരണം

കൊക്കോയ്ക്കു മതിയായ അളവിലുള്ള തണൽ ആവശ്യമാണ്. ഇരുപതു കൊല്ലത്തിനുമേൽ പ്രായമായ തെങ്ങിൻതോപ്പുകളിൽ ഇടയകലം 7.5 മീറ്റർ എന്നതു കൃത്യമെങ്കിൽ മൂന്നു മീറ്റർ അകലത്തിൽ ഒറ്റനിരയായോ രണ്ടര മീറ്റർ അകലത്തിൽ ഇരുനിരയായോ കൊക്കോ നടാം. ഒറ്റനിരയാകുമ്പോൾ ഹെക്ടറിൽ 500 തൈകൾക്ക് ഇടമുണ്ട്. രണ്ടു തെങ്ങുകളുടെ മധ്യത്തിൽ ഒന്ന് എന്ന കണക്കിലും തൈ നടാം. ഇനിയും ഇടയുണ്ടെങ്കിൽ വാഴ കൂടി നടുക. തൈകൾക്കു വേണ്ടത്ര തണൽ കിട്ടുന്നതിനും തോട്ടത്തിലെ മൊത്ത വരുമാന വർധനയ്ക്കും ഇത് ഉതകും.

കമുക് 2.7 X 2.7 മീറ്റർ അകലത്തിലാണു നട്ടിട്ടുള്ളതെങ്കിൽ കൊക്കോ നടേണ്ടത് 5.4 X 2.4 മീറ്റർ അകലത്തിലും. കമുകുകളുടെ ഒന്നിടവിട്ട നിരകൾക്കിടയിലായി ഒരു നിര കൊക്കോ എന്ന രീതിയിൽ.

റബർതോട്ടങ്ങളിൽ റബർ 7.5 X 3 മീറ്റർ അകലത്തിലാണു നട്ടതെങ്കിൽ കൊക്കോ ചെടികൾ തമ്മിലുള്ള അകലം മൂന്നു മീറ്റർ ആകണം. ഈ രീതിയിൽ ഒരു ഹെക്ടറിൽ 500 തൈകൾ നടാം. റബർ തോട്ടങ്ങളിൽ ഈർപ്പം നിലനിര്‍ത്താനും കള വളർച്ച നിയന്ത്രിക്കാനും കൊക്കോ പൊഴിക്കുന്ന ഇലകൾ ഉപകരിക്കും. പുറമേ റബർ ഉൽപാദനം വർധിപ്പിക്കുകയും ചെയ്യും.

തൈകളും നടീലും

പ്രായം 5–6 മാസം. തൈകളിലുള്ള ഇലകളുടെ എണ്ണം 5–6 ജോടി. വളർച്ച കവറിനു മധ്യത്തിൽ കരുത്തോടെ കുത്തനെ മുകളിലേക്ക്. തണ്ടും ഇലകളും കീട, രോഗ വിമുക്തം, ആകൃതിയൊത്ത നല്ല പച്ചനിറമുള്ള ഇലകൾ. തൈയുടെ പൊക്കം: 45–50 സെ.മീ. ശിഖരങ്ങൾ ഉണ്ടാകരുത്.

മഴക്കാലാരംഭത്തോടെ (മേയ്–ജൂൺ) തൈകൾ നടാം. അഞ്ചാറു മാസം പ്രായമുള്ള തൈകൾ തിരഞ്ഞെടുത്തു നടുക. നിശ്ചിത അകലത്തിൽ 50 X 50 X 50 സെ.മീ. വലുപ്പത്തിൽ കുഴികളെടുത്തതിൽ ഓരോന്നിലും മേല്‍മണ്ണും ചാണകപ്പൊടിയും കൂട്ടിക്കലർത്തിയശേഷം നിറച്ച് ഒത്ത മധ്യത്തിൽ തൈ നടുക. ഇതിനു മുൻപായി പ്ലാസ്റ്റിക് കൂടുകൾ ശ്രദ്ധയോടെ നീക്കണം. മൺമിശ്രിതം അപ്പാടെ ഇരിക്കത്തക്കവിധം മധ്യത്തിൽ കുഴിയെടുത്തു തൈ വച്ച് മണ്ണെടുപ്പിച്ച് ഉറപ്പിക്കുക. തുടർന്ന് കാറ്റത്ത് ഉലയാതിരിക്കാൻ കമ്പു നാട്ടി കെട്ടണം. തൈച്ചുവട്ടിൽ വെള്ളം കെട്ടിക്കിടക്കാതെയും നോക്കണം. വേനൽ കാഠിന്യം കുറയ്ക്കാൻ പുതയിടുകയും വേനൽ നീണ്ടുനിന്നാൽ നനയ്ക്കുകയും വേണം. ഒരു ദിവസം 25 ലീറ്റർ വെള്ളം കിട്ടത്തക്കവിധം തുള്ളിനനരീതിയും അവലംബിക്കണം.

വളം ചേർക്കൽ

ജൈവവളം തൈയൊന്നിന് അഞ്ചു കിലോ നിരക്കില്‍ നടീലിനു മുമ്പ്. വളർച്ച നാലു മാസമാകുമ്പോൾ 3–5 കിലോ ജൈവവളവും 20 ഗ്രാം സൂക്ഷ്‌മാണുവളവും ഓരോന്നിനും നൽകണം. രണ്ടാം വർഷം ഒന്നര ഇരട്ടിയാകണം വളത്തിന്റെ അളവ്. മൂന്നാം വർഷം മുതൽ ഓരോ ചെടിക്കും 7–10 കിലോ കമ്പോസ്റ്റ് വളം, 40 കിലോ കാലി വളം, ഒരു കിലോ ചാരം എന്നിവ നാലു തവണകളായി ചേർക്കുക.

വളം ചേർക്കുമ്പോൾ

cocoa-planting വളമിടേണ്ടത് ചെടിച്ചുവട്ടിൽനിന്ന് അൽപം അകലെ

ചാരമിട്ട് രണ്ടാഴ്ച കഴിഞ്ഞേ സൂക്ഷ്മാണു വളങ്ങൾ ചേർക്കാവൂ. കോഴിക്കാഷ്ഠം മഴക്കാലത്തു മാത്രം ചേർക്കുക. അളവ് മറ്റു വളങ്ങളുടേതിനേക്കാൾ മൂന്നിലൊന്നു മതിയാകും. ഇതിടുന്നതു ചെടിച്ചുവട്ടിൽ നിന്നും 15 സെ.മീ. അകലത്തിലാകണം.

കൊക്കോയുടെ വേരുപടലം മൺനിരപ്പിന് 15 സെ.മീ താഴ്ചയിൽ ആണുള്ളത്. ആയതിനാൽ ചെടിച്ചുവട്ടിൽ കൊത്തും കിളയും ഒഴിവാക്കുക. വേരുപടലത്തിനു ക്ഷതമേറ്റാൽ അതു ചെടിക്കു ക്ഷീണമാകും.

ചെടികൾ പൊഴിക്കുന്ന ഇലകൾ ചുവട്ടിലേക്കടുപ്പിച്ചു പുതയിടണം. ചെടിക്കു രണ്ടു മൂന്നു വർഷം പ്രായമാകുന്നതുവരെ തോട്ടത്തിൽ കളകളെ നിയന്ത്രിക്കണം.

Your Rating: