Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കരുതിവയ്ക്കാം മഴവെള്ളം

rain-flower

മഴക്കാലത്ത് ഇഷ്ടംപോലെ വെള്ളം, പലയിടങ്ങളിലും വെള്ളപ്പൊക്കം. വേനലിൽ വെള്ളത്തിനായി നെട്ടോട്ടം. മഴ പെയ്തു കിട്ടുന്ന വെള്ളത്തിന്റെ മുക്കാൽ ഭാഗവും ഉപയോഗപ്പെടുത്താതെ നമ്മുടെ കൺമുന്നിലൂടെ ഒഴുകി കടലിലേക്കു പോകുന്നു. ഇവിടെ ഒരു കൊല്ലം പെയ്യുന്ന മഴ, ഒഴുകി പോകാനനുവദിക്കാതെ കെട്ടിനിർത്തുകയാണെങ്കിൽ കേരളത്തിന്റെ ഉപരിതലത്തിൽ ഏകദേശം മൂന്നുമീറ്റർ ഉയരത്തിൽ വെള്ളമുണ്ടാകും. ദേശീയ ശരാശരിയേക്കാൾ 2.78 ഇരട്ടി മഴ കിട്ടിയിട്ടും കേരളം ജലപ്രതിസന്ധി നേരിടുകയാണ്. ഹ്രസ്വമായ മഴക്കാലം, വർഷകാലത്ത് അതിശക്തമായ മഴ, വീതി കുറഞ്ഞു തൂക്കായ ഭൂപ്രകൃതി, വനനശീകരണം, നെൽപ്പാടങ്ങളും തണ്ണീർതടങ്ങളും നികത്തൽ, ജലമലിനീകരണം, ഉയർന്ന ജനസാന്ദ്രത തുടങ്ങിയവയാണ് കേരളം നേരിടുന്ന ജലക്ഷാമത്തിന്റെ പ്രധാന കാരണങ്ങൾ. മഴവെള്ളം സംഭരിച്ച് ഉപയോഗിക്കാനും മഴവെള്ളത്തെ മണ്ണിലാഴ്ത്തി ഭൂഗർഭ ജലവിതാനം ഉയർത്താനും നാം ശ്രമിക്കേണ്ടതുണ്ട്.

മഴവെള്ള സംഭരണവും ഭൂജല പോഷണവും

മേൽക്കൂരയിൽനിന്നു മഴവെള്ള സംഭരണം
മേൽക്കൂരയിൽനിന്നുള്ള മഴവെള്ളം ശേഖരിച്ച് അരിച്ചു ശുദ്ധമാക്കി സംഭരണികളിൽ സൂക്ഷിച്ചാൽ കുടിവെള്ള ആവശ്യത്തിനായി നേരിട്ടുപയോഗിക്കാം. ഇതിനായി ഫെറോസിമന്റ്, ഫൈബർ, ഇഷ്ടിക മുതലായവകൊണ്ടുള്ള സംഭരണികൾ ഉപയോഗിക്കാം. സംഭരണികളിൽനിന്നുള്ള അധികജലം സമീപത്തെ കിണറുകളിലേക്ക് ഒഴുക്കിവിട്ടു ഭൂഗർഭ ജലവിതാനം കൂട്ടുകയും ചെയ്യാം. 10000 ലീറ്റർ ശേഷിയുള്ള സംഭരണിയിൽ അഞ്ചംഗ കുടുംബത്തിനു കുടിക്കാനും ഭക്ഷണം പാകം ചെയ്യാനുമുള്ള ശുദ്ധജലം ഇത്തരത്തിൽ ശേഖരിച്ചു സൂര്യപ്രകാശം കടക്കാതെ ഭദ്രമായി സൂക്ഷിച്ചുവച്ചാൽ വേനൽക്കാലത്ത് ഉപയോഗിക്കാം.

rain

മഴവെള്ള സംഭരണ കുളങ്ങൾ നിർമിക്കുക
ഗാർഹികേതര ആവശ്യങ്ങൾക്കായി മഴവെള്ളം നേരിട്ടോ ഭൂമിയുടെ ഉപരിതലത്തിലൂടെ ഒഴുകിപ്പോകുന്ന വെള്ളം ശേഖരിച്ചോ സംഭരിക്കാം. ഇതിനായി കുളങ്ങൾ, ചിറകൾ, പോളിത്തീൻ ഷീറ്റു പാകിയ കുളങ്ങൾ തുടങ്ങി ഓരോ സ്ഥലത്തിനും യോജിച്ച നിർമാണങ്ങൾ നടത്താം.

കിണറുകൾക്കു ചുറ്റും മഴക്കുഴികൾ
മഴവെള്ളം ഭൂമിയിൽ ആഴ്ത്താൻ ഏറ്റവും ചെലവു കുറഞ്ഞ മാർഗമാണ് മഴക്കുഴികൾ. സ്ഥലസൗകര്യത്തിനും മണ്ണിന്റെ ഘടനയ്ക്കും അനുസരിച്ച് പുരയിടങ്ങളിലും കൃഷിസ്ഥലങ്ങളിലും കുഴികൾ ഉണ്ടാക്കാം. മഴക്കാലത്ത് എപ്പോഴും വെള്ളം കുഴികളിൽ നിറഞ്ഞിരിക്കും. ഇത് ക്രമേണ ഭൂമിയിലേക്ക് ഊർന്നിറങ്ങും. 0.6 മീx 0.6 മീx0.6 മീ അളവിലുള്ള കുഴികളാണ് നല്ലത്. ഓരോ മഴയ്ക്കും വെള്ളം ഈ കുഴികളിൽ നിറയുകയും ക്രമേണ ഭൂമിയിലേക്ക് ഊർന്നിറങ്ങുകയും ചെയ്യും. ഇത്തരത്തിൽ ഓരോ പുരയിടത്തിലും 10 കുഴികൾ വീതം കുഴിച്ചാൽ ഒരു മഴയ്ക്കു 2160 ലീറ്റർ വെള്ളം കേരളത്തിലെ 80 ലക്ഷത്തോളം വരുന്ന വീടുകളിൽനിന്ന് ഇടവിട്ടിട്ടുള്ള പത്ത് മഴകൊണ്ട് ഏകദേശം 17300 കോടി ലീറ്റർ വെള്ളം ഭൂമിക്കു കൊടുക്കാൻ കഴിയും.

ചെങ്കൽകുഴികളിൽ വെള്ളം
ഉപയോഗശൂന്യമായി കിടക്കുന്ന ചെങ്കൽകുഴികൾ, ക്വാറികളിൽ രൂപപ്പെടുന്ന കുഴികൾ, പൊട്ടക്കിണറുകൾ എന്നിവ ജലസംഭരണികളാക്കാം. വീടുകളിൽ പുരപ്പുറത്തും പുരയിടങ്ങളിലും വീഴുന്ന വെള്ളം പൈപ്പുവഴിയോ ചാലുകൾ വഴിയോ ചെങ്കൽകുഴികളിൽ എത്തിച്ചാൽ വെള്ളം മണ്ണിലേക്കു കിനിഞ്ഞിറങ്ങുന്നതിനും ഭൂഗർഭ ജലനിരപ്പ് ഉയർത്തുന്നതിനും പ്രയോജനപ്പെടും.

കോൺടൂർ ചാലുകൾ
ചരിവുള്ള പ്രദേശങ്ങളിൽ ചരിവിനു കുറുകെ ചാലുകളും വരമ്പുകളും ഉണ്ടാക്കുക. ചരിവ് കൂടുതലുള്ള സ്ഥലങ്ങളിൽ തട്ടു തിരിച്ച് ഇടക്കയ്യാല വയ്ക്കുക.

തടയണകൾ
ഒഴുകിപ്പോകുന്ന വെള്ളം തടഞ്ഞു നിർത്തുന്നതിനായി നീർചാലുകളുടെയും തോടുകളുടെയും വീതി കുറഞ്ഞ ഭാഗം നോക്കി കുറുകെ ചെലവു കുറഞ്ഞ ജൈവ തടയണകൾ നിർമിക്കുക. മണൽ നിറച്ച ചാക്കുകളും ഇതിനായി ഉപയോഗിക്കാം.

അടിയണകൾ
ഭൂഗർഭജലം ഒലിച്ചു പോകാതെ തടഞ്ഞുനിർത്താൻ ഭൂമിയുടെ ഉപരിതലത്തിൽനിന്നു താഴോട്ട് അടിയണകൾ നിർമിക്കുക. അടിയണകൾ ഭൂഗർഭ ജലത്തിന്റെ ഒഴുക്കു തടഞ്ഞ് ആ പ്രദേശത്തെ ഭൂഗർഭ ജലനിരപ്പ് ഉയർത്താൻ സഹായിക്കും.

heavy-rain

പൊട്ടക്കിണർ സംരക്ഷണം
ഭൂനിരപ്പിലൂടെ ഒഴുകി പാഴാവുന്ന മഴവെള്ളത്തെ കൃത്രിമ മാർഗങ്ങളിലൂടെ അരിച്ചു ശുദ്ധീകരിച്ച് ഉപയോഗശൂന്യമായ കുഴൽക്കിണറുകൾ, പൊട്ടക്കിണർ തുടങ്ങിയവയിലൂടെ ഭൂമിയിലേക്കിറങ്ങാൻ അനുവദിക്കാവുന്നതാണ്. ചരൽ, കരി, മണൽ, ചരൽ എന്നിവ യഥാക്രമത്തിൽ നിറച്ച (തിരശ്ചീനമായോ ലംബമായോ) ഫിൽറ്ററുകൾ ശുദ്ധീകരണത്തിനായി ഉപയോഗിക്കാവുന്നതാണ്. കഴിഞ്ഞ പത്തുവർഷങ്ങൾക്കിടയിൽ ഏകദേശം ആറര ലക്ഷം കിണറുകൾ വറ്റിവരണ്ട് ഉപയോഗശൂന്യമായി തീർന്നിട്ടുണ്ട്. ഇവയെല്ലാം ഇത്തരം ഭൂഗർഭ ജലപോഷണത്തിനായി ഉപയോഗിക്കാം.

കൃഷിയിടത്തിൽ ജൈവ പുത
മണ്ണിനു പുതയിടുന്നത് ഈർപ്പം നിലനിർത്തുന്നതിനു സഹായിക്കും. ഉണങ്ങിയ ഇലകൾ, ചപ്പുചവറുകൾ, വയ്ക്കോൽ, മുൻ വിളകളുടെ അവശിഷ്ടങ്ങൾ ഇവയെല്ലാം പുതയിടാൻ ഉപയോഗിക്കാം. മണ്ണിന്റെ ജൈവാംശം വർധിപ്പിച്ചു ജലാഗിരണശേഷി കൂട്ടുന്നതിനും പുതയിടൽ സഹായകമാണ്.

ആവരണ വിളകളും ജൈവ വേലിയും
പയർ വർഗത്തിൽപ്പെട്ട ചെടികളെ ആവരണ വിളകളായി നട്ടു വളർത്തിയാൽ പുതയിടലിന്റെ പ്രയോജനം ചെയ്യും. കലപ്പഗോണിയം, പ്യുറേറിയ, സെന്ററോസിമ തുടങ്ങിയവ ഇതിനു പറ്റിയ ചെടികളാണ്. പറമ്പുകളിൽ രാമച്ചവും പുല്ലുവർഗത്തിൽപ്പെടുന്ന മറ്റു ചെടികളും നട്ടുപിടിപ്പിച്ചു വെള്ളത്തിന്റെ ഒഴുക്കു നിയന്ത്രിക്കാം.

സമ്മിശ്ര ബഹുനില കൃഷി
വിവിധ ഉയരങ്ങളിൽ വളരുന്ന വിളകൾ ഒരേ സ്ഥലത്തു കൃ‍ഷി ചെയ്യുന്ന രീതിയാണിത്. മഴവെള്ളം ഭൂമിയിൽ നേരിട്ടു പതിക്കുന്നതും ഉപയോഗപ്പെടാതെ കുത്തിയൊലിച്ചു പോകുന്നതും തടയാൻ ഈ കൃഷിരീതികൾ സഹായിക്കും.

തണ്ണീർതടങ്ങളും ചതുപ്പുനിലങ്ങളും
വികസനത്തിന്റെ പേരിൽ വയലുകളും ചതുപ്പുകളും നികത്തുമ്പോൾ വെള്ളം ഭൂമിയിൽ താഴ്ന്നു ഭൂഗർഭ ജലവിതാനം ഉയർത്താനുള്ള അവസരം നഷ്ടപ്പെടുന്നു. അതിനാൽ ഇനിയെങ്കിലും നിലവിലുള്ള ഇത്തരം തണ്ണീർതടങ്ങൾ നികത്താതിരിക്കുകയും കുളങ്ങൾ, ചിറകൾ തുടങ്ങിയവ മൂടിക്കളയാതിരിക്കുകയും മൂടിയവയും ഉപയോഗശൂന്യമായവയും പുനരുദ്ധരിക്കുകയും ചെയ്യുക.

rain-harvest3

തെങ്ങിൻതോപ്പിൽ തൊണ്ട് അടുക്കൽ
നാളികേര തൊണ്ടുകൾക്കു സ്വന്തം ഭാരത്തിന്റെ ആറ് ഇരട്ടിവരെ വെള്ളം സംഭരിച്ചുവയ്ക്കാനുള്ള കഴിവുണ്ട്. ഇടവപ്പാതിക്കു തൊട്ടുമുൻപ് തെങ്ങിനുചുറ്റും അര മീറ്റർ വീതിയിലും താഴ്ചയിലും ചാലുകൾ കീറി മൂന്നോ നാലോ അടുക്കുകളായി തൊണ്ടുകൾ മലർത്തിയും മുകളിലെ അടുക്ക് കമഴ്ത്തിയും വയ്ക്കുക. അഞ്ചു മുതൽ ഏഴു വർഷം വരെ ഇതിന്റെ പ്രയോജനം നിലനിൽക്കും.

തെങ്ങിനു ചുറ്റും തടമെടുക്കൽ
തെങ്ങിനു ചുറ്റും തടമെടുത്താൽ തടത്തിൽ വീഴുന്ന ജലമത്രയും മണ്ണിൽ താഴും. കാലവർഷാരംഭത്തിൽ തടമെടുക്കണം. അതിൽ ചപ്പുചവറുകളും മറ്റു വളങ്ങളും ചേർക്കാം. തുലാവർഷം കഴിയുന്ന ഉടൻതന്നെ തടങ്ങൾ വെട്ടി മൂടണം. വേനൽക്കാലത്ത് ഈ തടങ്ങളിൽ തെങ്ങോലകളും മറ്റു ചപ്പുചവറുകളും പുതയായി ഉപയോഗിച്ചു ബാഷ്പീകരണം ത‍ടയുകയും വേണം.

കാവുകൾ നിലനിർത്തുക
കാവുകളോടു ചേർന്നുള്ള കുളങ്ങൾ മികച്ച ജലസ്രോതസുകളായതിനാൽ കാവുള്ള സ്ഥലങ്ങളിൽ ലഭിക്കുന്ന ജലം ചാലുകീറി ഈ കുളങ്ങളിലേക്കു തിരിച്ചുവിടുക.

മൈക്രോ ക്യാച്ച്മെന്റ് രീതിയിൽ വരമ്പു വയ്ക്കുക
നേരിയ ചെരിവുള്ള തെങ്ങിൻതോപ്പിൽ മൈക്രോ ക്യാച്ച്മെന്റ് രീതിയിൽ വരമ്പു വച്ച് ഓരോ തെങ്ങിനും ചെറിയ ചെറിയ ക്യാച്ച്മെന്റ് സൃഷ്ടിച്ചാൽ അവിടെ പെയ്യുന്ന മഴവെള്ളം മുഴുവൻ തടത്തിലേക്കൊഴുകിക്കൊള്ളും. ജൈവ പുതയിടലും കൂടിയായാൽ ഏറെ പ്രയോജനപ്പെടും.

വരൾച്ചയെ നേരിടാൻ വനവൽക്കരണം പ്രോത്സാഹിപ്പിക്കുക
പുഴകളിൽനിന്നുള്ള അമിതമായ മണൽവാരൽ തടയുക. ജലസ്രോതസുകൾ മലിനമാക്കാതിരിക്കാൻ ശ്രദ്ധിക്കുക. ജലചൂഷണവും അമിത ജല ഉപയോഗവും തടയുക. അനിയന്ത്രിതവും അശാസ്ത്രീയവുമായ ഭൂഗർഭജലം ഊറ്റൽ അവസാനിപ്പിക്കുക. മണ്ണ്–ജല സംരക്ഷണ മാർഗങ്ങൾ നടപ്പിലാക്കുക. മലിനജലം ശുദ്ധീകരിച്ച് ഉപയോഗിക്കാനുള്ള മാർഗങ്ങൾ സ്വീകരിക്കുക. സൂക്ഷ്മ ജലസേചനവും അതോടൊപ്പം ഫെർട്ടിഗേഷനും അനുവർത്തിക്കുക. നദികളെയും അവയുടെ വൃഷ്ടിപ്രദേശങ്ങളെയും സംരക്ഷിക്കുക. വെള്ളം മണ്ണിൽ താഴുന്നതു തടയുന്ന പ്ലാസ്റ്റിക് സാധനങ്ങൾ മണ്ണിൽ ഉപേക്ഷിക്കാതിരിക്കുക, ഭൂഗർഭ ജലം ഉയർത്താനുള്ള മാർഗങ്ങൾ നടപ്പാക്കുക. അങ്ങനെ ജലസ്രോതസുകൾ സമ്പുഷ്ടമാക്കുക. ഓരോ പറമ്പിലും വീഴുന്ന മുഴുവൻ വെള്ളവും നിർബന്ധമായും അവിടെത്തന്നെ ഭൂമിയിലേക്ക് ഇറങ്ങാനുള്ള സംവിധാനങ്ങൾ ഒരുക്കുക.

കാര്യക്ഷമമായ ജല ഉപയോഗത്തിന് ദൈനംദിനം അനുവർത്തിക്കേണ്ട പെരുമാറ്റച്ചട്ടങ്ങൾ

* കുടിവെള്ളത്തിനായി വിതരണം ചെയ്യുന്ന ശുദ്ധജലം പറമ്പു നനയ്ക്കാനും വാഹനങ്ങൾ കഴുകാനും ഉപയോഗിക്കാതിരിക്കുക.
* വീടുകളിലെ ടാങ്ക് നിറഞ്ഞു കവിഞ്ഞൊഴുകാതിരിക്കാൻ ഫ്ളോട്ട് വാൽവ് ഘടിപ്പിക്കുക.
* അടുക്കളയിൽ കൈവിട്ടാൽ താനേ അടയുന്ന തരത്തിലുള്ള ടാപ്പുകൾ ഉപയോഗിക്കുക.
* കൂടുതൽ വെള്ളം ആവശ്യമില്ലെങ്കിൽ ടാപ്പ് മുഴുവനായും തുറക്കാതിരിക്കുക.
* പാത്രങ്ങൾ, തുണികൾ തുടങ്ങിയവ കഴുകുമ്പോഴും കുളിക്കുമ്പോഴും പല്ലു തേക്കുമ്പോഴും ഷേവ് ചെയ്യുമ്പോഴുമെല്ലാം മുഴുവൻ നേരവും ടാപ്പ് തുറന്നിട്ടു വെള്ളം പാഴാക്കാതിരിക്കുക. ആവശ്യത്തിനു മാത്രം ടാപ്പ് തുറക്കുകയോ പാത്രത്തിൽ വെള്ളം ശേഖരിച്ച് ഉപയോഗിക്കുകയോ ചെയ്യുക.
* ഒരിക്കൽ ഉപയോഗിച്ച വെള്ളം മറ്റാവശ്യങ്ങൾക്കായി വീണ്ടും ഉപയോഗിക്കുക.
* ഉപയോഗശൂന്യമായ ജലം ഓടയിൽ ഒഴുക്കി കളയാതെ മണ്ണിൽ താഴ്ന്നിറങ്ങാൻ അനുവദിക്കുക.
* വീടിന്റെ മുറ്റവും പരിസരവും വെള്ളം ഇറങ്ങാത്തവിധം കോൺക്രീറ്റ് ചെയ്യാതിരിക്കുക.