Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുയലിന് തീറ്റ

rabbit മുയലുകൾ

ചോദ്യം ഉത്തരംമൃഗസംരക്ഷണം

Q. മുയലിനു തീറ്റയായി എന്തൊക്കെ നൽകാം. തീറ്റരീതി, ഭക്ഷണക്രമം എന്നിവ അറിയണം.

സജീവ് പ്രസാദ്, തിരുവനന്തപുരം

ഇലകൾ മിക്കതും പിന്നെ പച്ചപ്പുല്ലും മുയലുകൾക്കു തീറ്റയാക്കാം. എന്നാൽ ആനത്തൊട്ടാവാടി പോലുള്ള വിഷച്ചെടികളും കപ്പയില, റബറില എന്നിവയും കുളത്തിനു ചുറ്റും കാണുന്ന വയലറ്റ് നിറമുള്ള പന്നൽച്ചെടിയുടെ ഇലകളും നൽകരുത്. കാബേജില നന്നായി കഴുകി ഉണക്കിവേണം കൊടുക്കാൻ. ശീമക്കൊന്ന ഇലയും പ്ലാവിലയും തലേന്ന് ഇട്ട് വാട്ടിയതിനുശേഷം മാത്രമേ നൽകാവൂ. മുരിക്കില, ഓല, കൈതയില, പയറില, വാഴയില, മാവില എന്നിവയും നൽകാം. ഇവയിലെ നാരംശം ദഹനത്തിനു സഹായകം.

നാരംശം കുറവുള്ള ഖരാഹാരം സ്വന്തമായി ഉണ്ടാക്കിയെടുക്കാം. വിപണിയിൽ ഗുളികരൂപത്തിലുള്ള തീറ്റ ലഭിക്കും. ചോളത്തവിട്, ഗോതമ്പുതവിട്, ഉഴുന്നുതോട്, കടലപ്പിണ്ണാക്ക്, എള്ളിൻപിണ്ണാക്ക് എന്നിവയോടൊപ്പം ഒരു ശതമാനം ധാതുലവണമിശ്രിതവും അര ശതമാനം കറിയുപ്പും ചേർത്താൽ മുയലിനു വേണ്ട ഖരാഹാരമായി. ലഭ്യമായ ചേരുവകൾ തുല്യ അളവിൽ ചേർക്കാം. വെള്ളത്തിലൂടെ കാൽസ്യം ടോണിക്കും ബി കോംപ്ലക്സും ഒരു ലീറ്റർ വെള്ളത്തിന് ഒരു ടീ സ്പൂൺ എന്ന തോതിൽ ചേർക്കാം. രോഗപ്രതിരോധത്തിന് ഇതു സഹായിക്കും.

ഖരാഹാരം പുട്ടിനു മാവു നനയ്ക്കുന്ന പരുവത്തിൽ 100–150 ഗ്രാം എന്ന തോതിൽ മുയലിനു നൽകാം. ഭക്ഷണം കൊടുക്കുന്ന പാത്രങ്ങൾ അതതു ദിവസം വൃത്തിയായി കഴുകി വയ്ക്കണം.

പശുവിന്റെ മുലക്കാമ്പിലെ അരിമ്പാറ

Cow automation farming agricultural Representative image

Q. എന്റെ പശുവിന്റെ മുലക്കാമ്പിൽ അരിമ്പാറ കാണുന്നു. ഇത് ഒഴിവാക്കാൻ എന്താണു മാർഗം.

സി. ഗോപകുമാർ, ചേർപ്പുങ്കൽ

ഒരിനം വൈറസുകളാണ് മുലക്കാമ്പുകളിൽ അരിമ്പാറ ഉണ്ടാക്കുന്നത്. കിടാരികളിൽ ഇതു കൂടുതലായി കണ്ടുവരുന്നു. അരിമ്പാറകൾ മാംസളമായ പിണ്ഡത്തിന്റെ കൂമ്പാരമായോ, അങ്ങിങ്ങ‍ായി ഒറ്റതിരിഞ്ഞോ കാണുന്നു. കാഴ്ചയിൽ വികൃതമായ ഇത്തരം കുരുക്കൾ അകിടിൽ കാണുന്നതു കറവയ്ക്കു ബുദ്ധിമുട്ടുണ്ടാക്കുന്നു.

വളർച്ച പക്വമായ (matured growth) അരിമ്പാറകൾ ലഘു ശസ്ത്രക്രിയ വഴി നീക്കം ചെയ്യുകയാണു ഫലപ്രദമായ ചികിത്സാരീതി. അരിമ്പാറകൾ വരുമ്പോൾതന്നെ മുറിച്ചു മാറ്റിയാൽ അതു വൈറസിന്റെ വളർച്ചയും വ്യാപനവും ത്വരിതപ്പെടുത്തിയേക്ക‍ാം. ചില അരിമ്പാറകളുടെ അടിഭാഗത്തു തണ്ട് (Stalk) കാണാറുണ്ട്. ഒരു നൂൽ ഉപയോഗിച്ചു നന്നായി മുറുക്കിക്കെട്ടിയാൽ ഇവ ഏതാനും ദിവസത്തിനുള്ളിൽ അടർന്നുപോകുന്നതാണ്.

അരിമ്പാറ (Wart) പോകാൻ Thuja Ointment എന്ന ഹോമിയോ ലേപനം പുറമേ പുരട്ടുകയും ഇതേ ഹോമിയോ മരുന്ന് ഉള്ളിൽ കൊടുക്കുകയും ചെയ്യുന്നതു ഫലം ചെയ്യാറുണ്ട്. കറവക്കാരന്റെ കൈകളിലൂടെ വരുന്നതാകയാൽ കറവയ്ക്കു മുമ്പ് കൈ അണുവിമുക്തമാക്കേണ്ടതുണ്ട്.

ഉത്തരങ്ങൾ തയാറാക്കിയത്: ഡോ.സി.കെ. ഷാജു, പെരുവ സീനിയർ വെറ്ററിനറി സർജൻ, ഗവ. വെറ്ററിനറി ക്ലിനിക്, മുളന്തുരുത്തി. ഫോൺ: 9447399303