Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭൂതത്താൻ കാവലുള്ള നഴ്സറിക്കുളങ്ങൾ

periyar-fish-farm കുളക്കരയിലെ വാഴക്കൃഷി

സ്വന്തം സ്ഥലം 10 ഏക്കർ, സ്വന്തം കൃഷിയിടം 14 ഏക്കർ

ഭൂതത്താൻകെട്ട് ഡാമിന്റെ പ്രധാന കനാലിനോട് ചേർന്ന് ചെങ്കരയിലാണ് ലൂയിസിന്റെയും ശ്രീകാന്തിന്റെയും പെരിയാർ ഫിഷ് ഫാം. മത്സ്യവും പച്ചക്കറിയും താറാവും ഒന്നിച്ചുവളരുന്ന ഈ ഫാമിൽ വളർച്ചയെത്തുന്നത് പച്ചക്കറിയും താറാവും മാത്രം. മത്സ്യങ്ങൾ പാതി വളർച്ചയാകുമ്പോൾതന്നെ വണ്ടി കയറുന്നു. മത്സ്യവിത്ത് സംഭരിച്ച് ഏതാനും മാസം വളർത്തിയ ശേഷം വളർത്തുകാർക്ക് വിൽക്കുകയാണ് ഇവർ ചെയ്യുന്നത്. എട്ടു വർഷമായി മത്സ്യക്കുഞ്ഞുങ്ങളുടെ നഴ്സറി ബിസിനസ് നടത്തുന്ന ലൂയിസ് ജി. കാപ്പൻ‌ സുഹൃത്ത് ശ്രീകാന്തിനൊപ്പം ഫാം വിപുലീകരിക്കുന്ന തിരക്കിലാണിപ്പോൾ.

periyar-fish-farm-pond പെരിയാർ ഫിഷ് ഫാം

അണക്കെട്ടിൽനിന്നുള്ള ശുദ്ധജലലഭ്യതയാണ് ഈ സ്ഥലത്തിന്റെ സവിശേഷത. മത്സ്യനഴ്സറിയുടെ നിലനിൽപിന് അനിവാര്യമായ ശുദ്ധജലം ഉറപ്പാക്കാനായാണ് സ്വന്തമായി കുടുംബസ്വത്തുള്ള ഇവർ ചെങ്കരയിൽ സ്ഥലം വാടകയ്ക്കെടുത്തത്. ഏക്കറിനു പതിനയ്യായിരം രൂപയാണ് വാടക. പാടത്ത് കുളം നിർമിച്ച് വലയിട്ടു കഴിയുമ്പോൾ ഏക്കറിനു നാലു ലക്ഷം രൂപയോളം മുതൽ മുടക്കേണ്ടിവരും. ഇതിനു പുറമേ മൂന്ന് പാറക്കുളങ്ങളിൽ വിപണി ലക്ഷ്യമാക്കി വിവിധ മത്സ്യങ്ങളെ നിക്ഷേപിച്ചിട്ടുണ്ട്. ഒന്നോ രണ്ടോ വർഷം കഴിയുമ്പോൾ വലിയ വരുമാനം നൽകുന്ന ദീർഘകാല നിക്ഷേപമായി വളരുമെന്ന പ്രതീക്ഷയിലാണിത്. ഫാമിൽനിന്നുള്ള വരുമാനം ഇവിടേക്കുതന്നെയാണ് ഇവർ നിക്ഷേപിക്കുന്നത്.

വായിക്കാം ഇ - കർഷകശ്രീ

ആകെ 15 ലക്ഷം രൂപ മുതൽമുടക്കിയതിൽ പകുതിയോളം ഇപ്രകാരം ഫാമിൽനിന്നു തന്നെ നേടിയതാണെന്ന് ലൂയിസ് ചൂണ്ടിക്കാട്ടി. ഇതുവരെ സർക്കാരിന്റെ ഒരു സബ്സിഡിയും വാങ്ങിയിട്ടില്ല. ഹെക്ടറിന് 25000 രൂപ മാത്രമാണ് സബ്സിഡി. അതിനായി ഓഫിസുകൾ കയറി നടക്കുമ്പോൾ അതിലേറെ നഷ്ടമുണ്ടാകും – ലൂയിസ് പറഞ്ഞു.

louis-sreekanth-with-persian-cat-fancy-fish ലൂയിസും ശ്രീകാന്തും

കനാലിന്റെ ഇരുവശങ്ങളിലുമുള്ള പാടത്ത് കുളങ്ങളും ചാലുകളുമുണ്ടാക്കിയാണ് മീൻ വളർത്തുന്നത്. കുളമുണ്ടാക്കാനായി കോരിയെടുത്ത മണ്ണുകൊണ്ട് വീതിയേറിയ ബണ്ടുകളുണ്ടാക്കി പച്ചക്കറി കൃഷിയും തുടങ്ങി. കഴിഞ്ഞ വർഷം എട്ടുലക്ഷത്തോളം മീൻകുഞ്ഞുങ്ങളും അമ്പതിനായിരം രൂപയുടെ പച്ചക്കറിയും വിറ്റ ഇവർ ഈ വർഷം വിറ്റുവരവ് ഇരട്ടിയാക്കാനുള്ള പുറപ്പാടിലാണ്. ഉൾപ്രദേശമായ ചെങ്കരയിൽ വിൽപനയ്ക്കു പരിമിതിയുള്ളതിനാല്‍ എംസി റോഡിൽ പ്രത്യേക വിൽപനകേന്ദ്രം തയാറാക്കുന്നുണ്ട്. വിൽപനയ്ക്കുള്ള മത്സ്യക്കുഞ്ഞുങ്ങളെ പിടിച്ചെടുത്ത ശേഷം ചാലുകളിലെ വലക്കൂടുകളിൽ സൂക്ഷിക്കുന്നു. തൃപ്തികരമായ വില നേടുന്നതിന് ഈ സംവിധാനം ആവശ്യമാണെന്ന് ശ്രീകാന്ത് ചൂണ്ടിക്കാട്ടി. എറണാകുളം കെവികെയുടെ സാങ്കേതിക പിന്തുണയാണ് ഇങ്ങനൊരു സംരംഭം തുടങ്ങാൻ ധൈര്യം നൽകിയതെന്ന് അവർ പറഞ്ഞു.

persian-cat പേർഷ്യൻ പൂച്ച

തീൻമേശയിലേക്കുള്ള മത്സ്യമെന്നോ അലങ്കാരമത്സ്യമെന്നോ പെരിയാർ ഫാമിൽ ഭേദമില്ല. കാർപ് മത്സ്യങ്ങൾ, നട്ടർ, ഗിഫ്റ്റ് തിലാപ്പിയ, ആസാം വാള, കരിമീൻ, ജയന്റ് ഗൗരാമി എന്നിവയ്ക്കൊപ്പം അലങ്കാരമത്സ്യങ്ങളായ ഗോൾഡ് ഫിഷ്, ഏഞ്ചൽ, കോയി കാർപ് തുടങ്ങിയവയുടെ കുഞ്ഞുങ്ങളും ഇവിടെ വളരുന്നു. കൂടുതൽ ഇനങ്ങളെയും ഫാമിൽ തന്നെ പ്രജനനം നടത്തുകയാണ് പതിവ്. എന്നാൽ ഗിഫ്റ്റ് തിലാപ്പിയ, അനാബസ്, നട്ടർ തുടങ്ങിയവയുടെ കുഞ്ഞുങ്ങളെ കൊൽക്കത്തയിൽനിന്നു വാങ്ങും. അനാബസിന്റെ പ്രജനനം നടത്താൻ ഇവർ തയാറെടുത്തുകഴിഞ്ഞു. വിമാനമിറങ്ങി വരുന്ന മീനായാലും വീട്ടിൽ വിരിഞ്ഞ മീനായാലും വളർത്തി ബാലാരിഷ്ടത മാറ്റിയ ശേഷം നൽകിയാൽ വാങ്ങാൻ ആളേറെയുണ്ടെന്ന് ഇരുവരും പറഞ്ഞു. ഹൈറേഞ്ചിലെ പടുതക്കുളങ്ങളിലും മറ്റും വളർത്താനായാണ് കൃഷിക്കാർ കൂടുതലായി മീൻകുഞ്ഞുങ്ങളെ വാങ്ങുന്നത്. കൂടാതെ ചില്ലറ വിൽപനക്കാരും ഇടനിലക്കാരുമൊക്കെ ഇവിടെ വന്നു കച്ചവടം ഉറപ്പിക്കും. ഇറക്കുമതി ചെയ്തുവരുന്ന മത്സ്യവിത്ത് വാങ്ങാൻ വിമാനത്താവളം മുതൽ ആവശ്യക്കാരുണ്ടാവും. വിൽപന കഴിഞ്ഞു ബാക്കി വരുന്നതു മാത്രമേ ഫാമിലെ കുളത്തിൽ നിക്ഷേപിക്കേണ്ടി വരാറുള്ളൂ. തീൻമത്സ്യത്തിന് ആവശ്യക്കാരേറെയുണ്ടെങ്കിലും ആദായം കൂടുതൽ അലങ്കാരമത്സ്യങ്ങളിൽനിന്നാണെന്ന് ലൂയിസ് പറഞ്ഞു. എന്നാൽ അവയ്ക്ക് വിപണി കണ്ടെത്തുന്നതിനു പ്രത്യേക സാമർഥ്യംതന്നെ വേണം. വിപണനത്തിലാണ് പല അലങ്കാരമത്സ്യക്കർഷകരും പരാജയപ്പെടുന്നത്.

തരിശായി കിടന്ന പാടത്ത് മത്സ്യക്കൃഷിക്കൊപ്പം പച്ചക്കറിയും ഉൽപാദിപ്പിക്കുന്ന ഈ സംരംഭകർ ഭക്ഷ്യസുരക്ഷയ്ക്ക് മുതൽക്കൂട്ടാണ്. പാവലും പീച്ചിലും തക്കാളിയുമൊക്കെ കുളക്കരയിൽ സമൃദ്ധമായി വളരുന്നു. കൂടാതെ 500 നേന്ത്രൻ വാഴയുമുണ്ട്. പച്ചക്കറികൾ വിപണിയിലെത്തിക്കുന്നതിനു മുമ്പുതന്നെ വിറ്റുതീരുന്ന അനുഭവമാണ് ഇവർക്കുള്ളത്. മത്സ്യക്കുളത്തിനോടു ചേർന്നുള്ള പച്ചക്കറിയിൽ വിഷപ്രയോഗം ഉണ്ടാവില്ലെന്ന ഉറപ്പാണ് നാട്ടുകാരെ ഇവിടേക്ക് ആകർഷിക്കുന്നത്. പച്ചക്കറികള്‍ക്കു വളം ഉറപ്പാക്കാൻ നാടൻ പശുക്കളെയും ഇവർ വളർത്തിത്തുടങ്ങിയിട്ടുണ്ട്. നൂറ് നാടൻ താറാവുകളാണ് പെരിയാർ ഫാമിന്റെ മറ്റൊരു ആകർഷണം. നഴ്സറിക്കുളങ്ങൾക്കു ചുറ്റും വലയിട്ടിരിക്കുന്നതിനാൽ താറാവുകൾ നഴ്സറിക്കുളങ്ങളിൽ ആക്രമണം നടത്താറില്ല. എന്നാൽ ഫാമിലെ ചാലുകളിൽതന്നെ അവർക്കുവേണ്ട ആഹാരം സമൃദ്ധമായുണ്ട്. അടുത്ത കാലത്ത് ശ്രീകാന്ത് ഫാമിലെത്തിച്ച മൂന്ന് പേർഷ്യൻ പൂച്ചകളും പെരിയാർ ഫാമിന്റെ പ്രതീക്ഷയാണ്. വരും മാസങ്ങളിൽ ഇവയുടെ പ്രജനനത്തിലൂടെയും വരുമാനം കണ്ടെത്താമെന്ന ആത്മവിശ്വാസം ലൂയിസിനും ശ്രീകാന്തിനുമുണ്ട്. കഴിഞ്ഞ പ്രസവത്തിലുണ്ടായ നാല് പൂച്ചക്കുഞ്ഞുങ്ങളെ ഓരോന്നിനെയും പതിനായിരം രൂപയ്ക്കാണു വിറ്റത്.

ഫോൺ‌: 9846659398

Your Rating: