Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മത്സ്യസമൃദ്ധി

jaisons-family-fish-farm ഫിഷറീസ് വകുപ്പിന്റെ മത്സ്യകൃഷി പ്രദർശനതോട്ടം പദ്ധതിയിൽ കുളം നവീകരിച്ച് ഗിഫ്റ്റ് തിലാപ്പിയ മത്സ്യക്കൃഷി നടത്തുന്ന ജെയ്സൻ പ്ലാത്തോട്ടിൽ, ഭാര്യ ഷൈനി മകൻ റോഷൻ എന്നിവർ.

കിണറിലെ വെള്ളം കുറഞ്ഞപ്പോഴാണ് അഞ്ചു വർഷം മുൻപ് കോഴിക്കോട് തിരുവമ്പാടി പ്ലാത്തോട്ടത്തിൽ ജെയ്സൺ വീടിന്റെ മുൻപിലുണ്ടായിരുന്ന ചതുപ്പിൽ കുളം നിർമിച്ചത്. 40 അടി നീളവും 30 അടി വീതിയുമുള്ള കുളം. ഇതോടെ കിണറിലും ജലസമൃദ്ധിയായി. കരിങ്കല്ല് കെട്ടി സുരക്ഷിതമാക്കിയ കുളത്തിൽ നീന്തി കുളിക്കാനുള്ള സൗകര്യവുമുണ്ടായിരുന്നു. കുളത്തിൽ ചെറിയ തോതിൽ മത്സ്യകൃഷി ആരംഭിക്കുകയും ചെയ്തു. വേനൽ കടുത്തതോ‍ടെ ഈ പ്രദേശത്തുള്ള മറ്റ് കിണറുകളിലും വെള്ളം കുറഞ്ഞു . ഇതോടെയാണ് നിലവിലുള്ള കുളത്തിന്റെ ചുറ്റുമുള്ള പ്രദേശം കുളമായി രൂപപ്പെടുത്തി വിപുലമായ മത്സ്യക്കൃഷി ആരംഭിച്ചാലോ എന്ന ചിന്തയുണ്ടായത്. ഭാര്യ ഷൈനിയും മറ്റ് കുടുംബാംഗങ്ങളും ഇതിന് പിന്തുണ നൽകിയതോടെ വിശാലമായ കുളം നിർമാണം ആരംഭിച്ചു.

ആദ്യം ബണ്ട് കെട്ടി കുറച്ച് മണ്ണ് മാറ്റി കുളമാക്കിയപ്പോൾതന്നെ സമീപത്തെ കിണറുകളിൽ ജലവിതാനം ഉയർന്നു. എന്നാൽ, മണ്ണിന്റെ ബണ്ട് തുളച്ച് ഞണ്ടുകൾ എത്തുകയും അങ്ങനെ വെള്ളം ചോർന്ന് പോകുകയും ചെയ്തതോടെ കോൺക്രീറ്റ് ചെയ്ത് കുളം സംരക്ഷിക്കാൻ തീരുമാനിച്ചു. ഇവിടെ ഉണ്ടായിരുന്ന കമുകും തെങ്ങുമെല്ലാം മുറിച്ച് മാറ്റി. ഒന്നര അടി കനത്തിൽ കുളത്തിന്റെ അരിക് കോൺക്രീറ്റ് ചെയ്ത് സുരക്ഷിതമാക്കി. കുളത്തിന്റെ നടുക്ക് ഇരുമ്പ് ഗേഡറുകളിൽ ഒരു ഷെഡ് നിർമിച്ച് വീടിന്റെ മുറ്റത്തുനിന്ന് ഇതിലേക്ക് ഇരുമ്പിന്റെ കോണി ഉണ്ടാക്കുകയും ചെയ്തു. ആദ്യം നിർമിച്ച കുളത്തിന്റെ ചുറ്റുമായാണ് ഒരേക്കറോളും സ്ഥലത്ത് കുളം നിർമിച്ചത്. ഇതിന്റെ അരികിലായി മത്സ്യക്കുഞ്ഞുങ്ങളെ സംരക്ഷിക്കാനും മത്സ്യങ്ങളെ വേർതിരിച്ച് ഇടുവാനുമായി ഏഴോളം ടാങ്കുകളും വേറിട്ട് മറ്റൊരു കുളവും നിർമിച്ചിട്ടുണ്ട്. വല ഉപയോഗിച്ച് കുളം മുഴുവൻ മൂടി സുരക്ഷിതമാക്കിയിട്ടുണ്ട്.

വീടിന്റെ മുകളിൽ വിഴുന്നതും പരിസരത്തുള്ളതുമായ മഴവെള്ളം ഫിൽറ്റർ ചെയ്ത് കുളത്തിലെത്തിക്കുവാനുള്ള സംവിധാനവും ഒരുക്കി . ഇതിനാൽ കടുത്ത വേനലിലും എട്ട് അടിയോളം വെള്ളം കുളത്തിൽ ഉണ്ട്. ആദ്യം നിർമിച്ച നടുവിലെ കുളത്തിലെ ശുദ്ധജലം കുടിക്കാനും പറ്റും.

മത്സ്യക്കൃഷി

ഫിഷറീസ് വകുപ്പ് പഞ്ചായത്തുമായി ചേർന്ന് നടത്തുന്ന മത്സ്യസമൃദ്ധി പദ്ധതിയിൽ ലഭ്യമായ കുഞ്ഞുങ്ങളെയാണ് കുളത്തിൽ ആദ്യം വളർത്തിയത്. കട്‌ല , രോഹു, ഗ്രാസ്കാർ, ജെയ്ൻഗൗരാമി, നട്ടർ, എന്നിവയാണ് ഈ പദ്ധതിയൽ കൃഷി ചെയ്തത്. ആന്ധ്രയിലെ സർക്കാർ ഫാമിൽനിന്ന് വരുത്തിയ 3000 കുഞ്ഞുങ്ങളെയാണ് ആദ്യം കൃഷിക്ക് ഉപയോഗിച്ചത്. കുഞ്ഞുങ്ങളെ ആദ്യം ചെറിയ ടാങ്കുകളിൽ നിക്ഷേപിച്ച് പ്രത്യേക പരിചരണം നൽകി ഒരു മാസം വളർത്തും. സമീകൃതാഹാരമായ പ്രത്യേക മീൻതീറ്റയാണ് ഈ സമയം നൽകുന്നത്. മീനിന്റെ വലിപ്പം അനുസരിച്ച് കിലോയ്ക്ക് 100 –70–40 ഇങ്ങനെയാണ് തീറ്റയുടെ വില. ഒരു വർഷത്തെ വളർച്ചകൊണ്ട് നാല് കിലോവരെ തൂക്കമുള്ള മീനുകളെ കുളത്തിൽനിന്ന് ജെയ്സന് ലഭിച്ചു.

jaisons-fish-pond പ്ലാത്തോട്ടത്തിൽ ജെയ്സന്റെ നേതൃത്വത്തിൽ ഫിഷറീസ് വകുപ്പിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന നൂതനമത്സ്യക്കൃഷി പ്രദർശന കുളം.

പ്രദർശനത്തോട്ടം

ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ ജെയ്സന്റെ കുളം സന്ദർശിച്ച് വകുപ്പിന്റെ പ്രദർശന കൃഷിക്ക് വേണ്ടി ഇതിനെ തിരഞ്ഞെടുത്തു. ജില്ലയിൽ രണ്ട് കർഷകരുടെ കുളങ്ങളാണ് ഈ പദ്ധതിൽ ഉൾപ്പെടുത്തിയത്. നൂതന മത്സ്യക്കൃഷി പ്രദർശനത്തോട്ടം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഗിഫ്റ്റ് തിലാപ്പിയ കൃഷി ആരംഭിച്ചത്. ഏറെ രുചിയും ഗുണമേന്മയുമുള്ള ഗിഫ്റ്റ് തിലാപ്പിയ കരിമീന്റെ ഒരു വകഭേദമാണ്. ആറു മാസം കൊണ്ട് വിളവെടുക്കാം അപ്പോൾ അര കിലോ തൂക്കം വരും . ഒരു വർഷം ആകുമ്പോൾ ഒരു കിലോയോളം തൂക്കം ഉണ്ടാകും.

വലിപ്പം അനുസരിച്ച് 250–300 രൂപവരെ ഇതിന് വില ലഭിക്കും. ഫിഷറീസ് വകുപ്പ് വിജയവാഡയിൽനിന്ന് 6,000 മത്സ്യക്കുഞ്ഞുങ്ങളെ വരുത്തി മത്സ്യസമൃദ്ധി പദ്ധതിയിൽ ഉൾപ്പെടുത്തി ജെയ്സന് നൽകി. കുളം നവീകരിക്കുന്നതിനും, തീറ്റ വാങ്ങുന്നതിനും വല വാങ്ങുന്നതിനും സബ്സിഡിയും നൽകുമെന്ന് ഫിഷറീസ് വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ മറിയം ഹസീന, നോഡൽ ഓഫിസർ വിജുല എന്നിവർ അറിയിച്ചു. മത്സ്യക്കൃഷി പ്രോത്സാഹിപ്പിച്ച് വിഷരഹിതവും ഗുണമേന്മയുള്ളതുമായ മത്സ്യങ്ങളെ ഉൽപാദിപ്പിക്കുകയാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിന്റെ ലാഭം കർഷകർക്ക് എടുക്കാം.

വിപണനം

jaisons-with-fish പ്ലാത്തോട്ടത്തിൽ ജെയ്സൻ കുളത്തിൽനിന്ന് പിടിച്ച മീനുകളുമായി.

വർഷത്തിൽ രണ്ടു തവണ വലിയ വല ഉപയോഗിച്ച് മത്സ്യക്കൊയ്ത്ത് നടത്താം. ഇങ്ങനെ പിടിക്കുന്ന മത്സ്യങ്ങൾ ആ ദിവസം തന്നെ ലേലം ചെയ്തും തൂക്കിയും നൽകും. ഒരു മാസം മുൻപ് ഒയ്സ്ക ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ നടത്തിയ മത്സ്യക്കൊയ്ത്തിൽ രണ്ട് ക്വിന്റലോളും മീനുകളെയാണ് ലഭിച്ചത്. ആഴ്ചയിൽ നിശ്ചിത ദിവസം ഫാമിൽനിന്ന് തന്നെ മീനുകളെ പിടിച്ച് നൽകുന്ന സമ്പ്രദായവും ജെയ്സൻ നടപ്പാക്കാൻ ഉദ്ദേശിക്കുന്നുണ്ട്.

കുടുംബസമേതം എത്തുന്നവർക്ക് മീൻ പിടിക്കാനുള്ള സൗകര്യവും ഇവിടെ ഒരുക്കുന്നുണ്ട്. വലയിട്ടും ചൂണ്ടയിട്ടും മീൻ പിടിച്ച് ഇതിന്റെ വില നൽകി കൊണ്ടുപോകാം. മത്സ്യക്കുഞ്ഞുങ്ങളെയും ആവശ്യക്കാർക്ക് നൽകുവാനുള്ള പദ്ധതിയും ഇവിടെയുണ്ട്. ജെയ്സന്റെ ഭാര്യ ഷൈനിയും മകൻ റോഷനും മറ്റ് കുടുംബാംഗങ്ങളും മത്സ്യക്കൃഷിക്ക് പ്രോത്സാഹനവുമായി ഒപ്പമുണ്ട്. ജലസമൃദ്ധിക്ക് കുളം കുഴിച്ച് മത്സ്യസമൃദ്ധിയിലൂടെ നേട്ടം കൊയ്യുന്ന ജെയ്സന്റെ വിജയഗാഥ യുവതലമുറയ്ക്ക് മാതൃകയാണ്.

വിവരങ്ങൾക്ക് ഫോൺ: 9846323145