Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൂട്, മീൻ കൂടാൻ

cage-fish-farm3 ആലുവ പെരിയാർ നദിയിൽ തുടങ്ങിയ കൂടുമത്സ്യകൃഷി യൂണിറ്റുകൾ

കുറഞ്ഞ ചെലവിൽ കൂടുതൽ ലാഭം നേടാവുന്ന കൂടുമത്സ്യകൃഷിക്കു കേരളത്തിൽ വേഗത്തിൽ വളർച്ച. കൊച്ചി ആസ്ഥാനമായ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിനു  (സിഎംഎഫ്ആർഐ) കീഴിലാണു സംസ്ഥാനത്തു കൂടു മൽസ്യ കൃഷി ജനകീയമാകുന്നത്. സിഎംഎഫ്ആർഐയുടെ നേതൃത്വത്തിൽ മറ്റു സംസ്ഥാനങ്ങളിൽ കടൽ കൂടു മൽസ്യകൃഷി നേരത്തെ തന്നെ വ്യാപകമാണ്. കേരളത്തിൽ സമുദ്ര കൂടുകൃഷി തുടങ്ങാനിരിക്കുന്നതേയുള്ളൂ, എന്നാൽ സംസ്ഥാനത്തെ കായലുകളും മറ്റു ജലാശയങ്ങളും കൂടുമൽസ്യ കൃഷിക്ക് ഏറെ അനുയോജ്യമാണ്.

സിഎംഎഫ്ആർഐയിൽ നിന്നു പരിശീലനം ലഭിച്ചവർ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ കായലുകളിലും നദികളിലും കുളങ്ങളിലും മൽസ്യക്കൂടുകളിൽ കൃഷി ആരംഭിച്ചു. വാണിജ്യ പ്രാധാന്യമുള്ള ഇനങ്ങളായ കാളാഞ്ചി, കരിമീൻ, തിലാപ്പിയ, ചെമ്പല്ലി, വറ്റ എന്നിവയാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. 

എറണാകുളം ജില്ലയിലെ പിഴലയിലെ കൂടുമൽസ്യ കൃഷി വിജയഗാഥയ്ക്കു ശേഷമാണു കർഷകരല്ലാതിരുന്നവർ പോലും കൂടുകൃഷി സംരംഭത്തിന്റെ ഭാഗമാകാൻ എത്തിയത്. കോട്ടയം, കണ്ണൂർ, മലപ്പുറം, ആലപ്പുഴ, തൃശൂർ, കൊല്ലം തുടങ്ങിയ ജില്ലകളിൽ നിന്ന് കൂടു കൃഷിയിൽ താൽപര്യമുള്ളവരാണ് സിഎംഎഫ്ആർഐയുടെ സാങ്കേതിക സഹായം തേടിയത്.

എറണാകുളം ജില്ലയിലാണ് കൂടുമൽസ്യകൃഷി കൂടുതലും നടക്കുന്നത്. ആലുവയിൽ പെരിയാർ നദി, കോട്ടപ്പുറം കായൽ, തൃപ്പൂണിത്തുറ, മൂത്തകുന്നം, ഞാറയ്ക്കൽ, വൈപ്പിൻ, എടവനക്കാട്, ആലപ്പുഴ ജില്ലയിൽ ചേർത്തലയിലെ ചിറക്കൽ, വയലാർ, ചെങ്ങന്നൂർ എന്നിവിടങ്ങളിലും കോട്ടയത്തു പെരുവ, പൂത്തോട്ട എന്നിവിടങ്ങളിലെ കായലുകളിലും തൃശൂരിൽ ചേറ്റുവ, എങ്ങണ്ടിയൂർ, കൈപ്പമംഗലം, പെരിഞ്ഞനം എന്നിവിടങ്ങളിലുമാണു  കൃഷി തുടങ്ങിയത്. മലപ്പുറം ജില്ലയിൽ ശുദ്ധജല തടാകങ്ങളിലും കുളങ്ങളിലുമാണു കൃഷി. കൊല്ലത്തും കണ്ണൂരും ഓരുജലാശയങ്ങളിലും കൃഷി ആരംഭിച്ചിട്ടുണ്ട്. സിഎംഎഫ്ആർഐയുടെ സാങ്കേതിക സഹായത്തോടെ കർഷകർ സംഘം ചേർന്നാണു കൃഷി ചെയ്യുന്നത്.

സിഎംഎഫ്ആർഐയിലെ മാരിക്കൾച്ചർ വിഭാഗമാണു കൂടുകൃഷി ചെയ്യുന്നതിന് പരിശീലനം നൽകുന്നത്. കൂടുകൃഷി സംരംഭങ്ങൾ തുടങ്ങുന്നതിനു നിക്ഷേപം ഇറക്കാൻ ആദ്യമെല്ലാം ആളുകൾക്കു മടിയായിരുന്നുവെന്നും എന്നാൽ സിഎംഎഫ്ആർഐയുടെ നേതൃത്വത്തിൽ നടന്നുവരുന്ന പിഴലയിലെ കൂടുകൃഷി യൂണിറ്റുകൾ  വൻവിജയമായതോടെ കൃഷി തുടങ്ങുന്നതിനു കൂടുതൽ പേർ താൽപര്യം പ്രകടിപ്പിച്ചുവെന്നും മാരികൾച്ചർ വിഭാഗം മേധാവി ഡോ. ഇമൽഡ ജോസഫ് പറഞ്ഞു. ഫിഷറീസ് വകുപ്പിനു കീഴിലുള്ള മൽസ്യ കർഷക വികസന ഏജൻസി (എഫ്എഫ്ഡിഎ) കർഷക സംഘങ്ങൾക്കു സാമ്പത്തിക സഹായം നൽകാൻ തുടങ്ങിയതും കൂടുകൃഷി വ്യാപകമാകുന്നതിൽ പ്രധാന പങ്കു വഹിച്ചിട്ടുണ്ട്.

കൂടു നിർമാണം, മൽസ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കൽ, തീറ്റ നൽകൽ, കൃഷിക്കു വേണ്ട ചെലവ്, കൃഷിചെയ്യുന്നതിനുള്ള ഉചിതമായ സ്ഥലങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട നിർദേശങ്ങളും കൃഷി ചെയ്യേണ്ട ശാസ്ത്രീയ വിവരങ്ങളും  സിഎംഎഫ്ആർഐ കർഷകർക്കു കൈമാറി.

കുറഞ്ഞ ചെലവ്, കൂടുതൽ ലാഭം

കുറഞ്ഞ ചെലവിൽ കൂടുതൽ ലാഭമുണ്ടാക്കാമെന്നതാണു കൂടുമൽസ്യ കൃഷിയുടെ പ്രത്യേകത. കേരളത്തിൽ വിശാലമായി കിടക്കുന്ന ഓരുജലാശയങ്ങളും ശുദ്ധജല സ്രോതസ്സുകളും ഇതിന് അനുയോജ്യമാണ്. നാലു മീറ്റർ വീതം വീതിയും നീളവും ആഴവുമുള്ള കൂടുകളാണു കേരളത്തിലെ സാഹചര്യങ്ങളിൽ കൃഷി ചെയ്യാൻ ഉപയോഗിക്കുന്നത്. 48 ക്യുബിക് മീറ്ററാണ് ഇതിന്റെ വ്യാസം. ജലാശയത്തിന്റെ ആഴമനുസരിച്ചു കൂടിന്റെ ആഴത്തിലും മാറ്റം വരാം.

വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന രീതിയിലാണു  കൂടുകൾ സ്ഥാപിക്കുന്നത്. വല, ഡ്രം അടക്കം ഈ വലിപ്പത്തിലുള്ള കൂടു സ്ഥാപിക്കുന്നതിന് ഏകദേശം 45,000 മുതൽ 50,000 രൂപ വരെയാണ് ചെലവ് വരിക. ഒരു കൂടിൽ തന്നെ കാളാഞ്ചിയും കരിമീനും ഒരേസമയം വളർത്താം.

stoking-fish-to-cages3 കൂടുകളിൽ മീൻകുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നു.

ഒരു കൂടിൽ ആയിരം വീതം കരിമീൻ, കാളാഞ്ചി കുഞ്ഞുങ്ങളെ നിക്ഷേപിക്കാം. ആറു മുതൽ എട്ടു മാസം വരെയാണു കൃഷിയുടെ കാലാവധി. കൃഷി ആരംഭിക്കുന്നതിനു പരമാവധി ഒരു ലക്ഷം രൂപയും തീറ്റയ്ക്കു പരമാവധി 50,000 രൂപയും ചെലവു വരും. കായലുകളിൽ പ്രകൃതിദത്തമായ തീറ്റയും മത്സ്യങ്ങൾക്കു ലഭിക്കുമെന്നതിനാൽ തീറ്റയുടെ ചെലവു ചുരുങ്ങും. ആറു മാസമാകുമ്പോഴേക്കും കാളാഞ്ചി 800 ഗ്രാം മുതൽ ഒന്നേകാൽ കിലോ വരെ വളർച്ച നേടും. 90 ശതമാനം അതിജീവന നിരക്കിൽ ഒരു കൂടിൽ നിന്ന് ഏറ്റവും ചുരുങ്ങിയത് 600 കിലോഗ്രാം കാളാഞ്ചിയും 250 കിലോഗ്രാം കരിമീനും ലഭിക്കും. പൂർണമായും ജൈവകൃഷിയായതിനാൽ കാളാഞ്ചി കിലോഗ്രാമിനു 650 രൂപയും കരിമീനിനു സാധാരണയിൽ 550 രൂപയും വിപണിയിൽ ലഭിക്കും.

കായലുകളിലും പൊതുജലാശയങ്ങളിലും കൃഷി ചെയ്യുന്നതിന് അതത് സ്ഥലങ്ങളിലെ നഗരസഭ അല്ലെങ്കിൽ പഞ്ചായത്ത് അധികൃതരിൽ നിന്ന് എൻഒസി വാങ്ങേണ്ടതുണ്ട്. എഫ്എഫ്ഡിഎയ്ക്കു പുറമെ, സംഘം ചേർന്നു കൂടുകൃഷി ചെയ്യുന്നതിനു നാഷനൽ ഫിഷറീസ് ഡവലപ്‌മെന്റ് ബോർഡ്, സംസ്ഥാന സർക്കാരിനു കീഴിലുള്ള അഡാക്ക് എന്നിവയും സാമ്പത്തിക സഹായം നൽകുന്നുണ്ട്. ചില തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഇതിനായി തുക മാറ്റിവയ്ക്കുന്നു.

കൂടു മത്സ്യകൃഷി ചെയ്യാൻ താൽപര്യമുള്ളവർക്കു പരിശീലനത്തിനായി സിഎംഎഫ്ആർഐയിലെ മാരികൾച്ചർ വിഭാഗത്തിൽ പേരു റജിസ്റ്റർ ചെയ്യാവുന്നതാണ്.