Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മല്ലീശ്വരന്റെ ഒടിയാത്ത വില്ല്

goat

ഇക്കഴിഞ്ഞ ശിവരാത്രി അഗളിയിലെ പല ആദിവാസി കുടുംബങ്ങളും അടിച്ചുപൊളിച്ച് ആഘോഷിച്ചു. എങ്ങനെ ആഘോഷിക്കാതിരിക്കും? ആഗ്രഹിച്ചതിന്റെ ഇരട്ടി വരുമാനമല്ലേ ഇത്തവണ ആടുകൾ തന്നത്. മല്ലീശ്വരന്റെ അനുഗ്രഹവുമായി കുടുംബശ്രീ കടന്നുവന്നതോടെ ഊരുകളിൽ സന്തോഷത്തിന്റെയും സമൃദ്ധിയുടെയും വിശേഷങ്ങൾ കേട്ടുതുടങ്ങി. ആടുകളെ വിറ്റ് ശിവരാത്രി ഉത്സവത്തിനു വേണ്ട പണം കണ്ടെത്തിയിരുന്ന ആദിവാസിസ്ത്രീകൾക്കു വലിയ നേട്ടമാണ് കുടുംബശ്രീ രൂപം നൽകിയ മല്ലീശ്വര ബ്രാൻഡ് സമ്മാനിച്ചത്. വിപണനരംഗത്തെ ചൂഷണമൊഴിവാക്കാൻ ഈ ബ്രാൻഡിനു കീഴിൽ കുടുംബശ്രീ നടത്തിയ പ്രവര്‍ത്തനങ്ങൾ മാത്രമാണ് ഉണങ്ങിവരണ്ട അട്ടപ്പാടിയിലെ അൽപം പച്ചപ്പുള്ള വിശേഷം.

വായിക്കാം ഇ - കർഷകശ്രീ

ശിവരാത്രികാലത്ത് ഊരുകളിൽനിന്ന് ആടുകൾ കച്ചവടക്കാരുടെ വാഹനങ്ങളിൽ കുന്നിറങ്ങിത്തുടങ്ങിയിട്ടു വർഷങ്ങളായി. വളരെ കുറച്ചു മാത്രം അവശേഷിക്കുന്ന അട്ടപ്പാടി ആടുകളെ മാത്രമല്ല, മലബാറി ആടുകളെയും ഇവിടെ നിസ്സാരവിലയ്ക്കു കിട്ടുമെന്ന സാധ്യത കച്ചവടക്കാർ മുതലാക്കി വരികയായിരുന്നു. ആറായിരവും ഏഴായിരവും രൂപ വിലയുള്ള ആടുകളെയാണ് 2000–3000 രൂപ നിരക്കിൽ അവർ വാങ്ങിയിരുന്നത്. ആടുകളുടെ മുതുകിൽ പിടിച്ചുനോക്കിയശേഷം കച്ചവടക്കാർ നിശ്ചയിക്കുന്ന വില സ്വീകരിക്കുകയേ ആദിവാസികൾക്ക് നിവൃത്തിയുണ്ടായിരുന്നുള്ളൂ. മുൻകൂർ പണം നൽകി ആടുകൾ കൈവശമെത്തുമെന്ന് ഉറപ്പാക്കാനും കച്ചവടക്കാർക്ക് കഴിഞ്ഞു.

adivasi-mooppan-with-goat ആടുകളെ കൂട്ടിനുള്ളിലാക്കി ആദിവാസി മൂപ്പനായ പാലൻ പദ്ധതി ഉദ്‌ഘാടനം ചെയ്യുന്നു.

അട്ടപ്പാടിയിലെ കറുത്ത ആടുകൾ കേരളത്തിന്റെ തനത് ഇനമായി അംഗീകരിക്കപ്പെട്ടവയാണ്. പ്രതികൂലസാഹചര്യങ്ങളെ അതിജീവിക്കാനുള്ള ശേഷിയും ഔഷധഗുണവുമൊക്കെ ഇവയെ ശ്രദ്ധേയമാക്കുന്നു. ആദിവാസി ഊരുകളിൽ മാത്രമായി ഒതുങ്ങിയിരുന്ന ഈയിനത്തെ വളർത്താൻ പലരും ഇപ്പോൾ താൽപര്യപ്പെടുന്നത് ഈ ഗുണങ്ങൾ കൂടി പരിഗണിച്ചാവണം. ഈയിനം ആടുകളെ വാങ്ങി ആവശ്യക്കാർക്ക് എത്തിച്ചുകൊടുക്കുന്നതിലെ ബിസിനസ് സാധ്യതയും അതനുസരിച്ച് വർധിച്ചു. ഈ കച്ചവടത്തിൽ ചൂഷണം ചെയ്യപ്പെടാനും നഷ്ടം സഹിക്കാനും വിധിക്കപ്പെട്ടവർ മാത്രമായിരുന്നു ആദിവാസികൾ. പുറംലോകവുമായുള്ള സമ്പർക്കംമൂലം നഷ്ടം മാത്രം സംഭവിച്ച ഈ സമൂഹത്തിൽ നാലു വർഷം മുമ്പ് ശിശുമരണനിരക്ക് കുത്തനെ കൂടിയതാണ് കുടുംബശ്രീയുടെ ഇടപെടലിനു വഴിയൊരുക്കിയത്. ദേശീയ ഗ്രാമീണ ഉപജീവനദൗത്യത്തിന്റെ ഭാഗമായുള്ള ‘മഹിളാ കിസാൻ സശാക്തീകരൺ പരിയോജന’ (എംകെഎസ്പി) എന്ന പദ്ധതി പ്രകാരം ആദിവാസി കുടുംബങ്ങളുടെ വരുമാനം വർധിപ്പിക്കാനാണ് കുടുംബശ്രീ ഇവിടെ ശ്രമിക്കുന്നത്. ഡോ. സീമാ ഭാസ്കരനാണ് ഈ ദൗത്യത്തിന്റെ കോർഡിനേറ്റർ.

അഗളി പഞ്ചായത്തിലാകെ 12,000 ആടുകളുണ്ടെന്ന് കുടുംബശ്രീ സർവേ പറയുന്നു. ഇരുപതും അതിലേറെയും ആടുകൾ സ്വന്തമായുള്ള ആദിവാസി കുടുംബങ്ങൾ ഇവിടെയുണ്ട്. ആടുകൾക്ക് മതിയായ തീറ്റ നൽകാനാവാതെ വരുമ്പോഴും മല്ലീശ്വരന്‍ കോവിലിൽ ഉത്സവം വരുമ്പോഴും ആടുകളെ വിൽക്കാൻ അവർ നിർബന്ധിതരാകുന്നു. ഈ ദുസ്ഥിതിക്കു പരിഹാരമായാണ് ഇവിടുത്തെ കുടുംബശ്രീ പ്രവർത്തകർ ആടുഗ്രാമം എന്ന വിപണനസംവിധാനത്തിനു രൂപം കൊടുത്തത്. വിൽപനയ്ക്കുള്ള ആടുകളെ വാങ്ങി ഒരുമിച്ചു പാർപ്പിച്ച ശേഷം ഇഷ്ടമുള്ളവയെ തിരഞ്ഞെടുക്കാൻ അവസരം നൽകുന്ന സംവിധാനമാണിത്. ആടുകളെ വിൽക്കാനാഗ്രഹിക്കുന്ന ആദിവാസി കുടുംബങ്ങൾ കുടുംബശ്രീ പ്രവർത്തകരെ വിവരമറിയിച്ചാൽ മതി. അവർ ഊരുകളിലെത്തി ആടുകളെ ഏറ്റുവാങ്ങും. ഉടമസ്ഥർക്കും ആടിനൊപ്പം കുടുംബശ്രീ ഓഫിസിലെത്തി തൂക്കം കണ്ടു ബോധ്യപ്പെടാം. വിവിധ ഊരുകളിൽനിന്നു കൊണ്ടുവരുന്ന ആടുകളെ ഒരിടത്തു പാർപ്പിച്ച് സംരക്ഷിക്കുന്നു. രാവിലെ പതിനൊന്നിനു മേയാൻ വിട്ടാൽ വൈകുന്നേരം ആറുവരെ ഇവ കൂടിനു പുറത്തായിരിക്കും. ആടുകളെ മേയ്ക്കാൻ രണ്ടുപേരെ കുടുംബശ്രീ നിയോഗിച്ചിട്ടുണ്ട്. വൈകുന്നേരം ആറിനു തിരികെയെത്തുന്ന ആടുകളെ കൂട്ടിലടച്ചു സംരക്ഷിക്കുന്നു. ഇവയിൽ ഇഷ്ടമുള്ളവയെ ആവശ്യക്കാർക്ക് തിരഞ്ഞെടുക്കാം. മലബാറിക്കും അട്ടപ്പാടിക്കും ഒരേ നിരക്കാണ് ഇപ്പോൾ ഈടാക്കുന്നത്. തൂക്കത്തിന്റെ അടിസ്ഥാനത്തിലുള്ള വില തൊട്ടടുത്ത ദിവസം തന്നെ ആദിവാസി സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടിലെത്തും. കിലോയ്ക്ക് 280 രൂപ നിരക്കിലാണ് ഇപ്പോൾ ഇവയെ വാങ്ങുന്നത്. വിൽക്കുന്നതും ഇതേ വിലയ്ക്കു തന്നെ. രണ്ടു മാസത്തെ പ്രവർത്തനത്തിനിടയിൽ എൺപതിലധികം ആടുകളെ ഈ സംവിധാനത്തിലൂടെ വിറ്റുകഴിഞ്ഞു.

മൂവായിരം രൂപ പ്രതീക്ഷിച്ച ആടിനു പുതിയ സംവിധാനത്തിൽ 6600 രൂപ കിട്ടിയതുപോലുള്ള അനുഭവങ്ങൾ പ്രവർത്തകർ ചൂണ്ടിക്കാട്ടി. വലിയ ആടുകൾക്ക് പതിനായിരം രൂപ വരെ വില നേടിയവരുണ്ടെന്ന് ആദിവാസികൾക്കിടയിലെ പൊതുപ്രവർത്തകയും തായ്കുലസംഘത്തിന്റെ അധ്യക്ഷയുമായ മരുതി പറഞ്ഞു. ആദിവാസി വീട്ടമ്മമാരുടെ പൊതുവേദിയാണ് തായ്കുലസംഘം. പുറമേനിന്നുള്ളവർക്ക് ആടുകളെ നേരിട്ടു വിൽക്കരുതെന്ന സന്ദേശം തായ്കുലസംഘം എല്ലാ ഊരുകളിലും എത്തിച്ചുകഴിഞ്ഞു. അട്ടപ്പാടിയിലെ കറുത്ത ആടുകളെ വംശനാശത്തിൽനിന്നും രക്ഷിക്കാനായി പ്രത്യേക ഫാം തുടങ്ങാനും തീരുമാനിച്ചിട്ടുണ്ട്.

ഉപഭോക്താക്കൾക്കും ആടുഗ്രാമം പദ്ധതിവഴി നേട്ടമുണ്ടാകുന്നുണ്ടെന്ന് എംകെഎസ്പി കൺസൾട്ടന്റ് കെ.പി. കരുണാകരൻ ചൂണ്ടിക്കാട്ടി. ഊരുകൾ കയറിയിറങ്ങാതെ താൽപര്യമനുസരിച്ചുള്ള ആടുകളെ കണ്ടെത്താൻ സാധിക്കുന്നു. ഇടനിലക്കാരുടെ കമ്മീഷന്‍ ഒഴിവാകുമെന്ന മെച്ചവുമുണ്ട്.

ഫോൺ – 9037846990 (കെ.പി. കരുണാകരൻ)