Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വെറുതേ കളയരുത് ഈ സബ്സിഡി

cow-shed-cow-stable

സ്വയംപര്യാപ്തത എന്ന ലക്ഷ്യത്തിനായി മൃഗസംരക്ഷണ മേഖലയിൽ ഒട്ടേറെ പദ്ധതികൾ നടപ്പാക്കുന്നു. ഉൽപാദന വർധനയിലൂന്നിയ പദ്ധതികളാണു ലക്ഷ്യം.

ജനകീയാസൂത്രണം വഴി ഗ്രാമപഞ്ചായത്ത്, നഗരപാലിക സ്ഥാപനങ്ങൾ മുഖേനയാണു പദ്ധതി നടപ്പാക്കുന്നത്. അതുകൊണ്ടുതന്നെ ഗുണഭോക്താക്കളെ ഗ്രാമസഭകളാണു തിരഞ്ഞെടുക്കുന്നത്. വിവിധ പദ്ധതികളിലൂടെ...

കാലിവളർത്തൽ

പരമ്പരാഗതമായി കാലിവളർത്തുന്നവർക്കും 50,000 രൂപയിൽ താഴെ വാർഷിക വരുമാനമുള്ളവർക്കും മുൻഗണന നൽകി കറവപ്പശുവിനെ വാങ്ങാൻ പരമാവധി 25,000 രൂപ ധനസഹായം. പട്ടികജാതിക്കാർക്കു 30,000 രൂപയും പട്ടികവർഗ വിഭാഗത്തിനു 40,000 രൂപവരെ. കറവയുള്ള എരുമകളെ വാങ്ങുന്നതിനും ഇതേ തോതിൽ ധനസഹായം.

കറവയന്ത്രം

cow-milking-machine

കറവക്കാരുടെ ദൗർലഭ്യം പരിഹരിക്കുന്നതിനും ചെലവു കുറയ്ക്കുന്നതിനുമായി കറവയന്ത്രം നൽകുന്നു. കുറഞ്ഞത് അഞ്ചു പശുക്കളെങ്കിലുമുള്ള ക്ഷീരകർഷകർക്കാണ് ഇതിന്റെ പ്രയോജനം.  പൊതുവിഭാഗത്തിന് 25,000 രൂപയും പട്ടികജാതി – പട്ടികവർഗ വിഭാഗത്തിനു 30,000 രൂപവരെയും ലഭിക്കും.

ആടുവളർത്തൽ

രണ്ട് ആടുകളെയെങ്കിലും വാങ്ങണം. പട്ടികജാതി – പട്ടികവർഗ വിഭാഗത്തിലെ ഗുണഭോക്താക്കൾക്കു വിലയുടെ 75% എന്ന കണക്കിൽ 12,000 രൂപവരെ ലഭിക്കും. ഗർഭിണി കിടാരികളെ വാങ്ങാൻ പൊതുവിഭാഗത്തിനു വിലയുടെ 50 ശതമാനമായ 12,000 രൂപയും പട്ടികജാതി – പട്ടികവർഗ വിഭാഗത്തിനു പരമാവധി 15,000 രൂപയുംവരെ.

goat-farm

കാളക്കുട്ടി, പോത്തുകുട്ടി

ആറുമുതൽ എട്ടു മാസംവരെ പ്രായമായ കാളക്കുട്ടി, പോത്തുകുട്ടി, കിടാരി എന്നിവയ്ക്കു പരമാവധി 8000 രൂപവരെ പൊതുവിഭാഗത്തിനും 10,000 രൂപവരെ പട്ടികജാതി – പട്ടികവർഗ വിഭാഗത്തിനും നൽകാവുന്നതാണ്.

കന്നുകുട്ടി പരിപാലനം

ചെലവിന്റെ 75% സർക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനവും ചേർന്നു വഹിക്കുന്നു. ആറുമാസം പ്രായമായ കന്നുകുട്ടികളെ തിരഞ്ഞെടുക്കും. പ്രസവിച്ചു പശുവാകുന്നതുവരെ സബ്സിഡി നിരക്കിൽ തീറ്റ നൽകുന്നതാണു പദ്ധതി. ഇതിലേക്കായി മൃഗാശുപത്രിയിൽ കന്നുകുട്ടികളുടെ ജനനം റജിസ്റ്റർ ചെയ്യണം.

ക്ഷീരകർഷകർ അറിയാൻ

∙ ക്ഷീരസംഘങ്ങൾ മുഖേന നൽകുന്ന ഓരോ ലീറ്റർ പാലിനും നാലു രൂപ നിരക്കിൽ സബ്സിഡി നൽകും. ഒരു കർഷകന് ഒരു വർഷത്തിൽ പരമാവധി 30,000 രൂപയായി നിജപ്പെടുത്തിയിട്ടുണ്ട്.

∙ പാൽ ഉൽപാദനച്ചെലവു കൂടുന്നതിനു പരിഹാരമായി തീറ്റപ്പുൽക്കൃഷിക്ക് ഒരേക്കറിനു പരമാവധി 8000 രൂപയും കറവപ്പശുക്കൾക്കു 12,000 രൂപയും എന്നു നിശ്ചയിച്ചിരിക്കുന്നു.

ഇതോടൊപ്പം 25% പ്രീമിയം ഗുണഭോക്താവിൽനിന്നു വാങ്ങി എല്ലാ കന്നുകാലികളെയും ഇൻഷുർ ചെയ്യും. ചാണകം ഉണക്കിപ്പൊടിച്ചു ജൈവവളമാക്കാൻ തയാറുള്ള ക്ഷീരകർഷകർക്കു 10,000 രൂപയുടെ ധനസഹായം.

ഫാം നവീകരണം

∙ അഞ്ചോ അതിലധികമോ പശുക്കൾ ഉള്ള ഫാം ഉടമകൾക്ക് ആധുനികീകരണത്തിനായി പരമാവധി 25,000 രൂപ.

∙ ഇറച്ചിക്കോഴി വളർത്തലിന് 25,000 രൂപ ധനസഹായം. മട്ടുപ്പാവിലെ മുട്ടക്കോഴി വളർ‌ത്തലിനു 10,000 രൂപവരെ.

duck

∙ പന്നിവളർ‌ത്തൽ, മുയൽവളർത്തൽ എന്നിവയ്ക്കും കാര്യമായ പരിഗണന.

∙ സർക്കാർ അംഗീകൃത മാംസവിപണന കേന്ദ്രങ്ങളിൽ വിൽക്കുന്ന കാള, പോത്ത് എന്നിവയുടെ വിലയുടെ 10% അല്ലെങ്കിൽ 5000 രൂപ, ഏതാണോ കൂടുതൽ എന്ന അടിസ്ഥാനത്തിൽ കർഷകനു നേരിട്ടു ധനസഹായം.

ഡോ. എ. ഷാഹുൽ ഹമീദ്, (അസി. ഡയറക്ടർ), വെറ്ററിനറി ഹോസ്പിറ്റൽ, അഞ്ചൽ, കൊല്ലം. ഫോൺ: 94462 90897