Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘കാലി’യാവില്ല ഹരിഹരന്റെ തൊഴുത്ത്

cow-farmer രക്ഷിതാവിന് മക്കളുടെ വക ഒരു മുത്തം

നാടൻ പശുക്കളെ മക്കളെ പോലെ നോക്കി വളർത്തിയ ദമ്പതികൾക്ക് സംസ്ഥാന സർക്കാരിന്റെ അംഗീകാരം. ജൈവൈവിധ്യ ബോർഡിന്റെ 2016ലെ നാടൻ കന്നുകാലിയിനങ്ങളുടെ സംരക്ഷകൻ എന്ന അവാർഡാണ് തൃശൂർ തലോർ പാലിയേക്കര മഠത്തിൽ ഹരിഹരന് (54) ലഭിച്ചിരിക്കുന്നത്. അമ്പതിനായിരം രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് അവാർഡ്. കഴിഞ്ഞ 16 വർഷമായി നാടൻ ഇനത്തിൽപ്പെട്ട വെച്ചൂർ പശുക്കളെ വാണിജ്യാടിസ്ഥാനത്തിലല്ലാതെ മക്കളെ പോലെ നോക്കി വളർത്തിയതിനാണ് അവാർഡ്.

ഇപ്പോൾ ഇവരുടെ പുരയിടത്തിൽ പത്ത് വെച്ചൂർ പശുക്കളാണ് ഉള്ളത്. കൂടാതെ ഇവയുടെ കിടാങ്ങളുമുണ്ട്. വാണിജ്യ സ്ഥാപനങ്ങളുടെ കണക്കുകൾ കൈകാര്യം ചെയ്തിരുന്ന സ്വകാര്യ കമ്പനി നടത്തി വരികയായിരുന്നു ഹരിഹരൻ. ഭാര്യ ശർമിള സരസ്വതി നന്തിക്കര ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സകൂൾ അധ്യാപികയുമാണ്.  അച്ഛന്റെ അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് സ്വന്തം സ്ഥാപനം അടച്ചുപൂട്ടി വീട്ടിൽ നിൽക്കേണ്ട അവസ്ഥയിലായിരുന്നു ഹരിഹരൻ. വെറ്ററിനറി ഡോക്ടറായ സുഹൃത്തിന്റെ നിർദേശ പ്രകാരമാണ് പശുവിനെ വാങ്ങാൻ തീരുമാനിച്ചത്. അങ്ങനെ മക്കളില്ലാത്ത അവരുടെ വീട്ടിലേക്ക് മക്കളായി മണ്ണുത്തി കാർഷിക സർവകലാശാലയിൽ നിന്നും വെച്ചൂർ പശുവെത്തി.

കിങ്ങിണിയെന്ന പേരിട്ടാണ് കുടുംബം പശുവിനെ സ്വീകരിച്ചത്. മക്കളില്ലാത്ത ദമ്പതികൾക്ക് കിങ്ങിണി 19 കുഞ്ഞുങ്ങളെ നൽകി. എല്ലാ മക്കളെയും ദമ്പതികൾ പേര് ചൊല്ലി മക്കളായി തന്നെ വളർത്തി. വളർത്തി വലുതാക്കിയ മൂരിക്കുട്ടികളെ സർക്കാർ എജൻസികൾക്ക് സൗജന്യമായി നൽകി. ഇവയെ വിട്ടുപിരിയുന്ന ദിവസങ്ങളിൽ ഉറങ്ങില്ലെന്ന് ദമ്പതികൾ പറയുന്നു. 19 പ്രസവങ്ങൾക്ക് ശേഷം വാർധക്യത്തിൽ എത്തിയ കിങ്ങിണി മൂന്ന് മാസം കിടപ്പിലായശേഷമാണ് ചത്തത്. പിന്നീട് മാസങ്ങളോളം ഈ വീട് നിശ്ശബ്ദമായിരുന്നു.

sharmila-hariharan-with-cow ശർമിളയും ഹരിഹരനും വെച്ചൂർ പശുക്കളോടൊപ്പം.

മൂക്ക് കയറില്ലാതെ വളർത്തുന്ന പശുക്കൾക്ക് സർവ സ്വാതന്ത്ര്യമാണ് ദമ്പതികൾ നൽകിയിരിക്കുന്നത്. കാണേണ്ട സമയത്ത് രക്ഷിതാക്കളെ കാണാതായാൽ വീടിനുള്ളിലേക്ക് മക്കൾ അന്വേഷിച്ചെത്തും. അടുത്തെത്തി ഒന്ന് തൊട്ടുരുമ്മി മടങ്ങുകയും ചെയ്യും. എളുപ്പത്തിൽ ദഹിക്കുന്ന പാലാണ് വെച്ചൂർ പശുക്കളുടെ പ്രത്യേകത. കട്ടി കൂടുതലുള്ള പാൽ മൂന്ന് ലീറ്റർ വരെ ഒരു പശുവിൽ നിന്നും ലഭിക്കും. മറ്റ് പശുക്കളുടെ ചാണകത്തിൽ നിന്നും വ്യത്യസ്തമായി വെച്ചൂർ പശുവിന്റെ ചാണകത്തിന് ചീത്ത ഗന്ധം വളരെ കുറവാണെന്ന് ഹരിഹരൻ പറയുന്നു.

ഈ ചാണകത്തിൽ നിന്നും ഉണ്ടാക്കുന്ന ഭസ്മം അയൽവാസികൾക്കും ബന്ധുക്കൾക്കും നൽകി വരുന്നു. പശുക്കളുടെ ചാണകം ഉപയോഗിച്ച് പത്ത് ഏക്കറിൽ ജൈവകൃഷി നടത്തി വരികയാണ് ഹരിഹരനിപ്പോൾ. ഒരാഴ്ച മുമ്പ് പ്രസവിച്ച തങ്കം എന്ന പശുക്കുട്ടിയാണ് ഇപ്പോൾ ഈ കുടുംബത്തിലെ താരം. അവളുടെ നടത്തവും വീഴ്ചകളും ഓട്ടവുമെല്ലാം ദർശിച്ച് സായൂജ്യമടയുകയാണ് സ്നേഹത്തിന്റെ പര്യായങ്ങളായ ഈ ദമ്പതികളും.