Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിപ്ലവം കോഴിയിറച്ചിയിലൂടെ...

poultry-hen-chicken

അഗ്രി ബിസിനസിൽ കോഴിക്കൃഷിയും വിൽപനയും കേരളത്തിൽ കണക്കുകളിൽ ഉൾപ്പെടാതെ വൻ തോതിൽ വളരുന്നു. ഫാമുകൾ ലക്ഷക്കണക്കിനായതോടെ ബ്രോയിലർ കോഴി ഇറച്ചിയിൽ കേരളം സ്വയം പര്യാപ്തമായിരിക്കുകയാണ്. ആഴ്ചയി‍ൽ 60 ലക്ഷം കിലോഗ്രാം ചിക്കൻ കേരളത്തിൽ വിൽക്കുന്നു. ഫാമുകളിൽ ശരാശരി കിലോഗ്രാമിന് 100 രൂപ കണക്കാക്കിയാൽ 60 കോടി രൂപയുടെ ഇറച്ചിയാണിത്. വർഷം 3120 കോടിയുടെ കോഴിയിറച്ചി...!

ആഴ്ചയിൽ 30 ലക്ഷം കോഴിക്കുഞ്ഞുങ്ങളെ ചെറുതും വലുതുമായ ഫാമുകൾക്കു വിതരണം ചെയ്യുന്നുണ്ട്. 40 ദിവസം കൊണ്ടു വളരുന്ന ഒരു കോഴിക്ക് ശരാശരി രണ്ടുകിലോഗ്രാം തൂക്കം കണക്കാക്കിയാൽ ആഴ്ചയിൽ 60 ലക്ഷം കിലോഗ്രാം കോഴിയിറച്ചിയുടെ ഉൽപാദനവും വിൽപനയും നടക്കുന്നുവെന്നാണിതു കാണിക്കുന്നത്. ഇതിനു പുറമേ തമിഴ്നാട്ടിൽ നിന്നു കോഴി വരുന്നുമുണ്ട്.

നിലവിൽ ബ്രോയിലർ കോഴിയിറച്ചിക്കു കോഴി കർഷകർക്ക് കിലോഗ്രാമിന് ശരാശരി 100 രൂപ വില ലഭിക്കുന്നുണ്ട്. അതിനർഥം ആഴ്ചയിൽ 60 കോടി രൂപ വരുമാനം. വർഷം 3120 കോടി. ഇതു ഫാമുകളുടെ കണക്കാണെങ്കിൽ റീട്ടെയിൽ രംഗത്ത് കിലോഗ്രാമിന്  28 രൂപയാണു മാർജിൻ.

നിലവിൽ കിലോഗ്രാമിന് ശരാശരി വില 125 രൂപ. അതിനർഥം ആഴ്ചയിൽ 60 ലക്ഷം കിലോയ്ക്ക് 75 കോടി രൂപ ഉപഭോക്താക്കൾ മുടക്കുന്നുവെന്നാണ്. വർഷം 3900 കോടി രൂപയിലേറെ. ഇവിടെ വളർത്താതെ തമിഴ്നാട്ടിൽ നിന്നു നേരിട്ടു വരുന്ന കോഴിയുടെ കണക്ക് ഇതിലുൾപ്പെടുന്നില്ല.

കുറഞ്ഞ മുതൽമുടക്കും കുറഞ്ഞ സ്ഥല ആവശ്യവുമാണ് കോഴിക്കൃഷിയെ ആകർഷകമാക്കുന്നത്. ഗൾഫിൽ നിന്നും മറ്റും തിരികെ പോന്ന ആയിരങ്ങൾ ഈ മേഖലയിലേക്കു തിരിഞ്ഞിരിക്കുന്നു. 1000 കോഴികളുള്ള ഫാം സ്ഥാപിക്കാൻ ഷെഡിനും മറ്റുമായി 1.5 ലക്ഷം മുതൽ 2 ലക്ഷം വരെ മാത്രമാണു ചെലവ്.

കടുത്ത നിബന്ധനകളിൽ നിന്നൊഴിവാകാൻ റജിസ്ട്രേഷനില്ലാതെ വീടിന്റെ പിറകിൽ 200 മുതൽ 2000 കോഴികളെ വളർത്തുന്ന ചെറുകിട രീതിയാണു വ്യാപകമായിട്ടുള്ളത്. അതാകുമ്പോൾ വാർഷിക വരുമാനം 10 ലക്ഷത്തിൽ താഴെ നിർത്തുകയും വാറ്റ് റജിസ്ട്രേഷനിൽ നിന്ന് ഒഴിവാകുകയും ചെയ്യാം. വ്യവസായശാല സ്ഥാപിക്കുന്നതിനു സമാനമായ അനുമതികൾക്കു വേണ്ടി അലയുകയും വേണ്ട.

ഇത്തരം ചെറുകിട ഫാമുകൾ ലക്ഷക്കണക്കിനാണ് എല്ലാ ജില്ലകളിലുമായിട്ടുള്ളത്. എറണാകുളം മലപ്പുറം ജില്ലകൾ മുന്നിൽ നിൽക്കുന്നു.  വിൽപനയ്ക്കു സീസൺ തന്നെ ഇല്ലാത്ത സ്ഥിതിയാണിപ്പോൾ. മുമ്പു ശനിയും ഞായറുമായിരുന്നു ചിക്കൻ വിൽപന കാര്യമായിട്ടുള്ളതെങ്കിൽ ഇന്ന് എല്ലാ ദിവസവും ഒരു പോലെ.

ശനി, ഞായർ ദിവസങ്ങളിൽ അധിക വിൽപന 5% മാത്രമാണ്. വിവാഹങ്ങളും വെക്കേഷനും ചേർന്നതിനാൽ വേനൽമാസങ്ങളിൽ കാര്യമായ വിൽപന നടക്കുന്നുവെന്ന് പൗൾട്രി ഫാമേഴ്സ് ആൻഡ് ട്രേഡേഴ്സ് അസോസിയേഷൻ ചൂണ്ടിക്കാട്ടി.

ഏതാനും മാസം മുമ്പു വരെ ആഴ്ചയിൽ 50 ലക്ഷം കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തിരുന്നു. അതിനർഥം ഒരു കോടി കിലോഗ്രാം കോഴിയിറച്ചി ഉത്പാദിപ്പിച്ചിരുന്നുവെന്നാണ്. അതിനാൽ വിലയിടിവും സംഭവിച്ചു.

കേരളത്തിൽ വൻതോതിൽ ഉൽപാദനം വർധിച്ചതോടെ തമിഴ്നാട്ടിൽ നിന്നുള്ള കോഴിയിറച്ചി വരവ്  കുറഞ്ഞിട്ടുണ്ട്. എന്നാൽ മുട്ട ഉൽപാദനത്തിൽ ഇപ്പോഴും കേരളം സ്വയം പര്യാപ്തമായിട്ടില്ല. തമിഴ്നാട്ടിൽ നിന്നു തന്നെയാണു മലയാളിക്കു കഴിക്കേണ്ട മുട്ടയുടെ വരവ്. മുട്ടക്കോഴി വിതരണ പദ്ധതികളും വിജയിച്ചിട്ടില്ല.  ഫാമുകളിൽ വളർത്താനുള്ള കോഴിക്കുഞ്ഞുങ്ങളും തമിഴ്നാട്ടിൽ നിന്നാണു വരുന്നത്.

കോഴിയുടെ റീട്ടെയിൽ വിൽപനയ്ക്കും പതിനായിരക്കണക്കിന് ആളുകളുണ്ട്. ഫാമുകളിലും റീട്ടെയിൽ വിൽപനയിലും തീറ്റ വിൽപനയിലും മറ്റുമായി എട്ടു ലക്ഷം പേർ ജോലി ചെയ്യുന്നുണ്ടെന്ന് ഫാമേഴ്സ് ആൻഡ് ട്രേഡേഴ്സ് സമിതി ചൂണ്ടിക്കാട്ടി. കേരളത്തിൽ 14.5% വാറ്റ് നികുതിയാണ് കോഴിയുടെ മേലുള്ളത്. ചരക്ക് സേവന നികുതി  വരുന്നതോടെ ആ നികുതി ഒഴിവായി കോഴിക്കൃഷി കൂടുതൽ വളരുമെന്ന പ്രതീക്ഷയിലാണ് കർഷകർ.

പ്രതിദിന ചിക്കൻ ഉപഭോഗം കൂടുന്നു

ഇറച്ചി തീറ്റയിൽ മലയാളി ഏറെ മുന്നിലാണ്. നാഷനൽ സാംപിൾ സർവേ കണക്കനുസരിച്ച് ദിവസം 11 ഗ്രാമാണ് മലയാളികളുടെ ആളോഹരി ചിക്കൻ ഉപഭോഗം. ആളോഹരി വാർഷിക ഉപഭോഗം നാലു കിലോഗ്രാം.

എന്നാൽ ഇവിടെ വിൽക്കുന്ന കോഴിയിറച്ചി കണക്കനുസരിച്ച് മലയാളിയുടെ പ്രതിദിന ചിക്കൻ ഉപഭോഗം 30 ഗ്രാം വരുമെന്ന് വെറ്ററിനറി സർവകലാശാല സംരംഭക വിഭാഗം ഡയറക്ടർ ഡോ.ടി.പി. സേതുമാധവൻ ചൂണ്ടിക്കാട്ടി. വർഷം 11 കിലോഗ്രാം. കോഴിക്കൃഷിയുടെ വൻ വളർച്ച കണ്ട് വെറ്ററിനറി സർവകലാശാല പൗൾട്രി സംരംഭക കോഴ്സും ആരംഭിച്ചു.

കോഴിയിറച്ചിയും മുട്ടയും: ഇന്ത്യ മുന്നിൽ

ഇന്ത്യ ലോകത്തെ തന്നെ മൂന്നാമത്തെ കോഴിമുട്ട ഉത്പാദക രാജ്യമാണ്. ചൈനയും അമേരിക്കയുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ. കോഴിയിറച്ചി ഉൽപാദനത്തിൽ നാലാം സ്ഥാനവുമുണ്ട്. ചൈനയും ബ്രസീലും അമേരിക്കയും ഇന്ത്യയ്ക്കു മുന്നിൽ. വർഷം 8% വളർച്ചാ ബിസിനസുള്ള അഗ്രിബിസിനസാണ് ഇന്ത്യയിൽ ബ്രോയിലർ കോഴി വളർത്തൽ.

ഇന്ത്യയിലെ മറ്റു ചില കോഴിക്കണക്കുകൾ:

∙ കോഴിമുട്ട വാർഷിക ഉൽപാദനം 8100 കോടി. ദിവസം 2.6 കോടി മുട്ട

∙ തമിഴ്നാടും ആന്ധ്രയും ചേർന്ന് ഉൽപാദനം–ദിവസം 78 ലക്ഷം മുട്ട

∙ ഇറച്ചി, മുട്ട വ്യവസായത്തിൽ ഏർപ്പെട്ടിരിക്കുന്നവർ 60 ലക്ഷം

∙ ആകെ ബ്രോയിലർ ഇറച്ചി ഉൽപാദനം–38 ലക്ഷം ടൺ

∙ വർഷം ആളോഹരി മുട്ട ഉപഭോഗം–68 മുട്ട

∙ ആളോഹരി ഇറച്ചി ഉപഭോഗം–മൂന്നു കിലോഗ്രാം

∙ വികസിത രാജ്യങ്ങളിൽ ആളോഹരി മുട്ട ഉപഭോഗം–240

∙ വികസിത രാജ്യങ്ങളിൽ ആളോഹരി ഇറച്ചി ഉപഭോഗം–20 കിലോഗ്രാം