Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കടലിൽ കൂടൊരുക്കി മീൻ കൃഷി

fish-farming-cage ഫിഷിങ് കേജ് മാതൃക

സ്വാഭാവിക കടൽ ജലത്തിൽ മീൻ വളർത്തിക്കൊണ്ടു പുതിയൊരു വ്യവസായ മേഖലയ്ക്കു തുടക്കമിടാൻ സംസ്ഥാന ജലകൃഷി വികസന ഏജൻസി (അഡാക്) രംഗത്ത്. തിരുവനന്തപുരം അടിമലത്തുറയിലും സമീപത്തുമായാണു പരീക്ഷണാടിസ്ഥാനത്തിൽ കൂടൊരുക്കി കൃഷിക്കൊരുങ്ങുന്നത്. സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിസ്റ്റ്യൂട്ടിന്റെ (സിഎംഎഫ്ആർഐ) സഹകരണത്തോടെയുള്ള പദ്ധതിയുടെ പ്രാരംഭ ചർച്ചകൾ പൂർത്തിയായി.

കേന്ദ്രത്തിന്റെ 13 കോടി രൂപയുടെ സഹായത്തോടെയുള്ള പദ്ധതിയുടെ ആദ്യഘട്ടം രണ്ടു മാസത്തിനകം ആരംഭിക്കാനുള്ള തരത്തിൽ ഒരുക്കങ്ങൾ പുരോഗമിക്കുന്നു.മോത, ആവോലി, കാളാഞ്ചി, ചെമ്പല്ലി തുടങ്ങിയ മീനുകളാണു കൂട്ടിൽ വളർത്തുന്നത്. ഭാവിയിൽ ചെമ്മീൻ, ചൂര, നെയ്മീൻ എന്നിവ വളർത്തും.

cage-fish-farming ഫിഷിങ് കേജ് മാതൃക

കൂടുകൾ നങ്കൂരം ഉപയോഗിച്ചു കടലിൽ സ്ഥാപിക്കും. മുകൾഭാഗം ജലനിരപ്പിൽ നിന്ന് ഒരു മീറ്ററോളം ഉയർന്നു നിൽക്കുന്ന തരത്തിലാണു ഡിസൈൻ. കൂട്ടിൽ വളർത്തുന്നതിനാൽ മൽസ്യങ്ങൾക്കു തീറ്റ നൽകാൻ സൗകര്യമുണ്ട്.

ഒപ്പം, കുഞ്ഞുങ്ങളെ ലഭിക്കാനും ഇതു സൗകര്യമാകും. ഒൻപതു മാസം കൊണ്ടു മീനുകൾ വളർച്ചയെത്തുമെന്ന് അഡാക് എക്സിക്യൂട്ടീവ് ഡയറക്ടർ ആർ.സന്ധ്യ പറഞ്ഞു.അഡാക്കിന്റെ പദ്ധതി രേഖ സിഎംഎഫ്ആർഐ അംഗീകരിച്ചു. ആദ്യഘട്ടത്തിൽ 16 കൂടുകളാണ് ഒരുക്കുന്നത്. അഡാകിന്റെ രൂപകൽപന അനുസരിച്ചു കൂടുകൾക്ക് ആറു ചതുരശ്ര മീറ്റർ വലുപ്പവും അഞ്ച് മീറ്റർ ഉയരവും ഉണ്ടാകും. കൂടുകൾ 10 ചതുരശ്രമീറ്റർ വലുപ്പത്തിൽ നിർമിക്കണമെന്നാണ് സിഎംഎഫ്ആർഐയുടെ ശുപാർശ.

ഇതനുസരിച്ചു ഡിസൈനിൽ മാറ്റം വരുത്തും. കടലിലെ കാലാവസ്ഥകൂടി നോക്കി മാത്രമേ കൂടുതൽ കൂടുകൾ നിർമിക്കുന്നതിനെക്കുറിച്ചും അതിന്റെ ഡിസൈനിൽ വരുത്തേണ്ട മാറ്റങ്ങളും തീരുമാനിക്കുകയുള്ളൂ. അതിനാൽ ഇപ്പോൾ തീരത്തോടു ചേർന്നു കൂടുകൾ സ്ഥാപിക്കും.മൽസ്യം വളർത്തൽ സംസ്ഥാനത്തു വ്യാപകമാണെങ്കിലും കടലിൽ കൂടൊരുക്കിയുള്ള സംരംഭം സംസ്ഥാന സർക്കാർ ആദ്യമായാണ് ആരംഭിക്കുന്നത്. ആദ്യഘട്ടത്തിൽ മുതൽമുടക്കു കൂടുതലാണെങ്കിലും ആവർത്തനെച്ചെലവ് ഇല്ലാത്തതു ഭാവിയിൽ വലിയ നേട്ടമാകും. പദ്ധതി വിജയിച്ചാൽ കൃഷി നടത്താൻ മൽസ്യത്തൊഴിലാളികൾക്കു സർക്കാർ സഹായം നൽകും. ഇതിലുടെ മൽസ്യ ലഭ്യത വർധിപ്പിക്കാനും കയറ്റുമതി വളർച്ച മെച്ചപ്പെടുത്താനും സാധിക്കും.