Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പന്തളത്തിന്റെ പാൽക്കാരൻ

dairy-farming-by-rakhul രാഖുൽ ഫാമിനുള്ളിൽ

‘എവിടെയാണ് താമസിക്കുന്നത്...?’
‘പന്തളം’
‘പട പേടിച്ചു പോയതാണോ...?’
‘അല്ല... പന്തം കൊളുത്താൻ’
(മോഹമഞ്ഞ – കെ.ആർ. മീര)

പടവെട്ടാനുള്ള വിരുതും വിദ്യയും പന്തളംകാർക്കു പണ്ടേയുണ്ട്. പടകൾ പലതു വെട്ടിയിട്ടുണ്ട് പന്തളത്തുകാരൻ രാഖുൽ കൃഷ്ണനും. മദ്രാസ് യൂണിവേഴ്സിറ്റിയിൽനിന്നു മാർക്കറ്റിങ്ങിൽ നേടിയ എംബിഎ ആയിരുന്നു പോരിനുള്ള ആയുധം.

പഠിച്ചിറങ്ങും മുമ്പേ തന്നെ നേടി എയർടെല്ലിൽ ജോലി. അവിടെനിന്നു കോക്കകോളയിലേക്ക്. ഉദ്യോഗം വിട്ട് പിന്നീടു ടൈൽ വ്യാപാരം, ഒപ്പം, കർണാടകയിലെ കാർവാറിൽ ഏക്കറുകണക്കിനു സ്ഥലം വാങ്ങി ആടു ഫാം. അടുത്ത പടിയായി ഗൾഫിൽ ടെലി കമ്യൂണിക്കേഷൻ റിക്രൂട്ട്മെന്റ് മേഖലയിൽ ജോലി. അതും വിട്ട് ഗൾഫിൽ ടൂറിസം ബിസിനസ്.

വായിക്കാം ഇ - കർഷകശ്രീ

ഒന്നിൽ പൊളിഞ്ഞ് മറ്റൊന്നിലേക്ക് ഓടിയതല്ല ആലപ്പുഴ ജില്ലയിലെ പന്തളം ഇടപ്പോൺ അശ്വതിയിലെ രാഖുൽ. ഒന്നിനേക്കാൾ മികച്ച വിജയം അടുത്തതിൽ ലക്ഷ്യം വച്ചുള്ള പടയൊരുക്കങ്ങൾ ഓരോന്നിനു പിന്നിലുമുണ്ടായിരുന്നു. ഗൾഫിൽ ടൂറിസം ബിസിനസ് തുടരുമ്പോൾതന്നെ മൂന്നു വർഷം മുമ്പാണ് രാഖുൽ പന്തളത്ത് ഡെയറി ഫാം തുടങ്ങുന്നത്. അതിപ്പോൾ പ്രൊഡ്യൂസർ കമ്പനിയായി വളർന്നിരിക്കുന്നു – അഗ്രി സോഫ്റ്റ് ഡെയറി ആൻഡ് അഗ്രോ പ്രൊഡ്യൂസർ കമ്പനി. തമിഴ്നാട്ടിലെ ശങ്കരൻകോവിലിലും ഇടപ്പോണിലുമായി എണ്ണൂറിനടുത്ത് പശുക്കൾ. നൂറേക്കറോളം പുൽക്കൃഷി. രണ്ടു ഫാമിൽനിന്നുമായി പ്രതിദിന ഉൽപാദനം ശരാശരി 17,000 ലീറ്റർ പാൽ. മിൽമ ഉൾപ്പെടെ ചെറുതും വലുതുമായ ബ്രാൻഡുകളോടു മൽസരിച്ച് ശബരി മിൽക് എന്ന ബ്രാൻഡ് നെയിമിൽ മുന്നേറുന്ന പാൽവിതരണം.

ഇടപ്പോണിലെ ഫാമിൽ എച്ച്എഫ്, ജഴ്സി, സ്വിസ് ബ്രൗൺ ഇനങ്ങളിലായി 140 പശുക്കളാണുള്ളത്. പതിമൂന്നു വർഷമായി മറ്റൊരാൾ നടത്തിയിരുന്ന ശങ്കരൻകോവിലിലെ ഫാം ഈയിടെ രാഖുൽ ഏറ്റെടുത്തതാണ്. ഫാമിലെ ഉൽപാദനത്തിനു പുറമേ 3000 ലീറ്റർ പാൽ ശങ്കരൻകോവിലിലുള്ള ചെറുകിട ക്ഷീരകർഷകരിൽനിന്നു സംഭരിക്കുന്നുമുണ്ട്. അതുവഴി അവിടത്തെ കർഷകർക്ക് ഇടനിലക്കാരിൽനിന്നു നേരിട്ടിരുന്ന ചൂഷണം ഒഴിവാക്കാനും കഴിഞ്ഞു. ശങ്കരൻകോവിലിൽനിന്നുള്ള പാലിന്റെ ഒരു ഭാഗം അവിടെത്തന്നെയുള്ള ചില സ്വകാര്യ പാൽവിതരണ ഏജൻസികൾ വാങ്ങും. ബാക്കി ശീതീകരിച്ചു സ്വന്തം ടാങ്കറിൽ ദിവസവും പന്തളത്തേക്ക്.

വേണ്ടതും വേണ്ടാത്തതും

കേരളത്തിലിന്ന് മികച്ച വളർച്ച കാണിക്കുന്ന കാർഷിക സംരംഭങ്ങളിലൊന്ന് ഡെയറി ഫാം തന്നെ. പക്ഷേ ഫാം നടത്തി പൊളിഞ്ഞവരുമുണ്ടല്ലോ എന്നു ചോദിച്ചാൽ ഇരുനൂറു പേജിന്റെ നോട്ടു ബുക്ക് തുറക്കും രാഖുൽ. എന്നിട്ടു പറയും ‘‘എല്ലാ രേഖകളും ഇതിലുണ്ട്. വേണ്ടതും വേണ്ടാത്തതും പറ്റിയതും പറ്റരുതാത്തതും എന്തൊക്കെയെന്ന് കുറിച്ചുവച്ച പാഠപുസ്തകം.’’

രാഖുലിന്റെ പാഠങ്ങളെ രണ്ടു ഭാഗങ്ങളായി തിരിക്കാം. ആദ്യത്തേതില്‍ അടിസ്ഥാനസൗകര്യങ്ങളായ പരിപാലനം, പാലുൽപാദനം. രണ്ടാമത്തേതിൽ വിപണനവും ബ്രാൻഡിങ്ങും.

ഫാം 2014ൽ തുടങ്ങുമ്പോൾ 24 പശുക്കൾക്കു ഷെഡ്ഡും അനുബന്ധ സൗകര്യങ്ങളുമെല്ലാം തീർത്തതിനു ചെലവ് 29 ലക്ഷം രൂപ. 2015ൽ 48 പശുക്കൾക്ക് പാർക്കാനുള്ള സൗകര്യങ്ങളൊരുക്കിയതിനു വന്ന ചെലവ് 19 ലക്ഷം രൂപ. ആ അനുഭവത്തെക്കുറിച്ചു രാഖുൽ പറയട്ടെ,

‘‘ആദ്യ തവണ കൈപൊള്ളിയതോടെ ഈ രംഗത്തെക്കുറിച്ച് ആഴത്തിൽ പഠിച്ചു. അതാണു രണ്ടാമതു വന്ന മാറ്റം. കേരളത്തിലിന്ന് ഫാം തുടങ്ങാനിറങ്ങുന്ന ഒട്ടേറെ പ്രവാസികളുണ്ട്. ഡെയറി ഫാം നിർമിക്കണം എന്ന ആവശ്യവുമായി എന്‍ജിനീയർമാരെ സമീപിച്ചാൽ അറിയില്ലെന്ന് ഒരാളും പറയില്ല. അറിയില്ലെങ്കിലും പണിയും. അഗ്രി കൺസൾട്ടന്റ് എന്ന പേരിൽ പ്രവർത്തിക്കുന്ന ചിലരുടെ രീതിയും ഇതു തന്നെ. അതുകൊണ്ട് ആരെങ്കിലും പറയുന്നത് അതേപടി വിഴുങ്ങാതെ സംരംഭകൻ മുന്നറിവുകൾ നേടണമെന്നത് ആദ്യപാഠം.

മറ്റൊരു ഉദാഹരണം കൂടി. ഫാം തുടങ്ങും മുമ്പ് 24 പശുക്കൾക്കു കണക്കുകൂട്ടി ചാണകക്കുഴി ഉണ്ടാക്കി. ഒരു വർഷത്തേക്കു നിറയില്ല എന്നായിരുന്നു എന്‍ജിനീയറുടെ ഉറപ്പ്. എന്നാല്‍ ഒരു മാസംകൊണ്ടു നിറഞ്ഞു. പശുക്കളുടെ എണ്ണം വർധിച്ചതോടെ കാര്യങ്ങൾ കൈവിട്ടു. പെല്ലറ്റ് കൂടുതൽ കൊടുക്കുന്ന പശുക്കളുടെ ചാണകത്തിന് അൽപം ദുർഗന്ധമുണ്ടാവും. ആയിടെയാണ് ചാണകപ്പത്തായത്തെക്കുറിച്ചു കേൾക്കുന്നത്. അതത് ദിവസത്തെ ചാണകം ചാക്കുകളിൽ കെട്ടി താഴെ അറകളോടുകൂടിയ മുറിയിലേക്കു മാറ്റുന്നു. 8–10 ദിവസത്തിനുള്ളിൽ ചാണകത്തിലെ ജലാംശം ഏതാണ്ടു മുഴുവനും അറയിലേക്കു വാർന്നുപോകും. ഉണങ്ങിയ ചാണകം ആവശ്യക്കാർക്ക് രണ്ടായിരം രൂപയ്ക്ക് 125 ചാക്ക് (ഒരു ചാക്ക് 15–16 കിലോ) എന്ന നിരക്കില്‍ കൃഷിയിടത്തിൽ എത്തിച്ചുകൊടുക്കും. ഫാമിലെ ദുർഗന്ധം നീങ്ങിയെന്നു മാത്രമല്ല, പരിമിതമായ സ്ഥലത്തു ഫാം നടത്തുമ്പോൾ പരിസരവാസികൾക്കു ബുദ്ധിമുട്ടുണ്ടാവാതിരിക്കാൻ ഈ രീതി പ്രയോജനപ്രദമെന്നും ബോധ്യപ്പെട്ടു.

രണ്ടാമത്തെ കാര്യം, ഏഴിൽ കൂടുതൽ പശുക്കളുള്ള ഫാമിന് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ അനുമതി നേടണം എന്നതാണ്. ഇതുണ്ടെങ്കില്‍ പരിസരവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ ശാസ്ത്രീയമായി ഫാം നടത്തുന്ന സംരംഭകനെ, ചോദ്യം ചെയ്യാനും വേട്ടയാടാനും ആരും തുനിയില്ല’’.

ഇതുമായി ബന്ധപ്പെട്ട് കാലിത്തീറ്റയിലും മാറ്റങ്ങൾ വരുത്തിയെന്ന് രാഖുൽ. പ്രധാന പോഷകമായി പെല്ലറ്റ് നൽകിയത് പശുക്കളുടെ പ്രത്യുൽപാദനക്ഷമതയെ ബാധിച്ചു. പലതും ചെന പിടിക്കാതെയായി. കാലിത്തീറ്റയിലെ യൂറിയയുടെ ആധിക്യം പശുക്കളുടെ ആരോഗ്യം തകർത്തു. ഒരുമിച്ച് 29 പശുക്കളെവരെ വിൽക്കേണ്ടിവന്നതോടെ സ്വന്തമായി തീറ്റ തയാറാക്കുന്ന രീതിയിലേക്കു മാറി. കമ്പച്ചോളം, മക്കച്ചോളം, ഗോതമ്പുതവിട്, അരിത്തവിട്, പരിപ്പുതൊലി എന്നിവ പൊടിപ്പിച്ചു യോജിപ്പിച്ച് കാലികളുടെ പോഷക ഭക്ഷണമാക്കി. നാമമാത്രമായി പെല്ലറ്റും നൽകി.

ഫാം തുടങ്ങും മുമ്പ് തീറ്റപ്പുല്ലുകൃഷി തുടങ്ങണമെന്നതാണ് മറക്കരുതാത്ത മറ്റൊരു കാര്യം. പുല്ല് എവിടെനിന്നെങ്കിലും ഒപ്പിക്കാമെന്നു കരുതരുത്. ഒരു പശുവിന് ദിവസം 20 കിലോ പച്ചപ്പുല്ലു വേണം. പശുക്കളുടെ എണ്ണം കൂടുമ്പോൾ 365 ദിവസവും പുല്ലു കിട്ടുകയെന്നത് ചെറിയ കാര്യമല്ല. ശങ്കരൻകോവിലിൽ നൂറേക്കറിൽ മക്കച്ചോളം കൃഷി ചെയ്ത് പച്ചയ്ക്ക് അരിഞ്ഞ് നൽകുകയാണ് രാഖുലിന്റെ ഫാമിൽ. തമിഴ്നാട്ടിൽനിന്നു വൈക്കോലും വാങ്ങുന്നു. ഈ മെനു പാലിക്കാൻ തുടങ്ങിയതോടെ പശുക്കളെല്ലാം ആരോഗ്യവതികളായെന്ന് രാഖുൽ.

യന്ത്രവൽക്കരണമാണ് മറ്റൊരു പ്രധാന ഘടകം. മിനിറ്റുകൾക്കുള്ളിൽ എട്ടു പശുക്കളെ ഒരുമിച്ചു കറക്കാവുന്ന മിൽക്ക് പാർലർ സംവിധാനം കറവ അനായാസമാക്കുന്നു. ഫാനും കുടിവെള്ള സംവിധാനവും മിക്ക ഫാമുകളിലുമുണ്ട്. എന്നാൽ പശുക്കളുടെ നഖം വെട്ടാനുള്ള സൗകര്യമോ..? ഇവിടെ അതുമുണ്ട്. പശുക്കളെ കുത്തിവയ്ക്കാൻ കയറ്റി നിർത്തുന്ന ട്രെവിസ് പോലുള്ള ഒന്നിൽ ബന്ധിച്ച ശേഷം നീണ്ടു വളരുന്ന കുളമ്പ് ഗ്രൈൻഡ് ചെയ്തു കളയുന്നു. ആറു മാസത്തിലൊരിക്കലുള്ള ഈ നഖം വെട്ടൽ സുപ്രധാനമെന്ന് രാഖുൽ.

ബ്രാൻഡഡ് മിൽക്

അടുത്ത ഘട്ടം വിപണനമാണ്. പശുക്കളുടെ എണ്ണം, പാലുൽപാദനം, തൊഴിലാളികളുടെ എണ്ണം എന്നിവ വർധിച്ചതോടെ പ്രാദേശിക പാൽ സൊസൈറ്റിയിൽ നൽകുന്നത് ലാഭകരമല്ലെന്നു ബോധ്യപ്പെട്ടു. പാലിനു കേരളത്തിൽ മികച്ച വിപണിയുണ്ട്, പിന്നെന്തിന് അർഹമായ ലാഭം വേണ്ടെന്നു വയ്ക്കണം. ഡിമാൻഡിന് അനുസൃതമായ ഉൽപാദനം ഇവിടെ ഇല്ലാത്തതിനാൽ മിൽമ ലക്ഷക്കണക്കിനു ലീറ്റർ പാൽ പുറത്തുനിന്ന് വാങ്ങുന്ന സാഹചര്യമാണുള്ളത്. ചെറുകിട ബ്രാൻഡുകൾ വേറെയുമുണ്ട് കേരളത്തിൽ. എങ്കിൽ പിന്നെ സ്വന്തം ബ്രാൻഡുമായി വിപണിയിൽ നേരിട്ടിറങ്ങാമെന്നു നിശ്ചയിച്ചു.

നബാർഡിന്റെ പിന്തുണയോടെ ഭരണസമിതിയിൽ പത്ത് അംഗങ്ങളും അഞ്ചു ഡയറക്ടർമാരുമുള്ള ഉൽപാദക കമ്പനിയായി സംരംഭം മാറി. പാസ്ചുറൈസേഷൻ, ഹോമോജനൈസേഷൻ, പായ്ക്കിങ്, ചില്ലിങ് യൂണിറ്റുകള്‍ സ്ഥാപിച്ചു. ഇന്നു പന്തളത്തും പരിസരപ്രദേശങ്ങളിലും ഏറെ പ്രചാരം നേടിയിരിക്കുന്നു ശബരി ബ്രാൻഡ് മിൽക്ക്.

sabari-milk-packing-unit ശബരിയുടെ പാൽ പായ്ക്കിങ് യൂണിറ്റ്

മറ്റു ബ്രാൻഡുകളിൽനിന്നു മൽസരം ഉറപ്പാണല്ലോ. അതിനനുസരിച്ചുള്ള തന്ത്രങ്ങളും മെനയണം. പാലിൽനിന്ന് നിശ്ചിത അളവു കൊഴുപ്പു നീക്കാമെങ്കിലും വിപണിയിലെ മൽസരം ലക്ഷ്യമിട്ട് അര ലീറ്ററിൽ ഒരു രൂപ 70 പൈസയുടെ നെയ്യ് പാലിന് രുചി കൂട്ടി ഉപഭോക്താവിനെ ആകർഷിക്കാനായി മാത്രം തങ്ങൾ വിട്ടുകൊടുക്കുകയാണെന്ന് രാഖുൽ. ഇതു മൽസരത്തിന്റെ കാലമാണ്. രാജ്യത്തെ പാൽ വിപണി ലക്ഷ്യമിട്ട് ഡെയറി രംഗത്തെ മുൻനിര വിദേശ കുത്തകകൾവരെ പ്രവർത്തനം തുടങ്ങിയിരിക്കുന്നു. അതിനാല്‍ നാളെ ക്ഷീരകർഷകരുടെ നിലനിൽപിന് സ്വന്തം കമ്പനിയും ബ്രാൻഡിങ്ങുമെല്ലാം അത്യാവശ്യമാകുമെന്ന് ഈ സംരംഭകൻ ഓർമിപ്പിക്കുന്നു.

ഉപഭോക്താക്കൾക്കിടയിൽ വിശ്വാസ്യത വർധിപ്പിക്കാൻ കമ്പനി രൂപീകരണവും ബ്രാൻഡിങ്ങും സഹായിച്ചു. എവിടെയും വിതരണക്കാരെ കിട്ടുമെന്ന സ്ഥിതി വന്നു. തൊഴിലാളികൾക്ക് തങ്ങളൊരു കമ്പനി ജീവനക്കാരൻ എന്ന അഭിമാനമുണ്ടായി. യന്ത്രവൽക്കരണമാകട്ടെ തൊഴിലിനെ കൂടുതൽ മഹത്വമുള്ളതാക്കി മാറ്റി. എല്ലാറ്റിനുമുപരി എല്ലാക്കാര്യത്തിലും ചിട്ടയും കണക്കും കൈവന്നുവെന്നും രാഖുൽ.

വ്യാവസായികാടിസ്ഥാനത്തിൽ ഡെയറി ഫാം നടത്തുമ്പോൾ കറവയുള്ള ഒരു പശുവിന് ദിവസം എത്ര രൂപ ചെലവുവരും. എത്ര കർഷകരുടെ പക്കൽ ഇത്തരം കണക്കുണ്ടെന്ന് രാഖുലിന്റെ ചോദ്യം. എന്നാൽ സ്വന്തം കണക്കുപുസ്തകം വിടർത്തി രാഖുൽ പറയുന്നു, ഈ ഫാമിലെ ചെലവ് 420 രൂപ.

തീറ്റ/പെല്ലറ്റ്: 10 കിലോ ഒരു പശുവിന്. കിലോയ്ക്ക് 20 രൂപ നിരക്കിൽ 200 രൂപ. തീറ്റപ്പുല്ല്: വണ്ടിച്ചെലവ് ഉൾപ്പെടെ കിലോയ്ക്കു നാലര രൂപ നിരക്കിൽ 20 കിലോയ്ക്ക് 90 രൂപ. പശു ഒന്നിന് തൊഴിലാളിയുടെ കൂലി 100 രൂപ. വെള്ളം, വൈദ്യുതി ചെലവ് 30 രൂപ. ആകെ 420 രൂപ. ഒന്നിന് ശരാശരി 15 ലീറ്റർ കറവയുണ്ടെന്നു വയ്ക്കുക. ലീറ്ററിനു 35 രൂപ വച്ചു കണക്കുകൂട്ടിയാൽ 525 രൂപ ദിവസ വരുമാനം. അതിൽനിന്ന് 420 രൂപ കിഴിച്ചാൽ ലാഭം 105 രൂപ. പന്തളത്തെ ഫാമിലുള്ള 140 പശുക്കളിൽ 95 എണ്ണം കറവയുള്ളത്. 95X105 =  9,975 രൂപ പ്രതിദിനം ലാഭം. മാസം ശരാശരി മൂന്നു ലക്ഷം രൂപ. എന്നാൽ വീട്ടിൽ മൂന്നോ നാലോ പശുക്കളെ വളർത്തുന്ന ക്ഷീരകർഷകന് ദിവസച്ചെലവ് 150 രൂപയിൽ ഒതുക്കാമെന്ന് രാഖുൽ. സ്വന്തം അധ്വാനമായതിനാൽ കൂലി ഒഴിവാകും. തീറ്റപ്പുല്ല് പരിസരങ്ങളിൽനിന്നു കണ്ടെത്താം.

ഇതുവരെ കൈവച്ച മേഖലകളിൽ എല്ലാ അർഥത്തിലും ഏറ്റവും മികച്ചത് ഏതെന്നു ചോദിച്ചാല്‍ രണ്ടാമതൊന്ന് ആലോചിക്കാതെ രാഖുൽ പറയും, ‘‘ഡെയറി ഫാം. ഉൽസാഹിച്ചാൽ നൂറു ശതമാനം വിജയം, നൂറ്റിയൊന്നു ശതമാനം സന്തോഷം....’’

ഫോൺ: 9495661796