Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കറിച്ചട്ടിയിലെ തറവാടികൾ

pig ഡിഎൽജി ബ്രീഡ് പന്നി

മുന്നിലെ തീന്മേശയിൽ പാകം ചെയ്തു വച്ചിരിക്കുന്ന ഇറച്ചിക്കറിയെക്കുറിച്ച് നമുക്കെന്തറിയാം. എവിടെ, ഏതു ഫാമിൽ വളർന്ന മൃഗത്തിന്റേതാണ് ഈ ഇറച്ചി? വൃത്തിയുള്ള ഫാം ആയിരുന്നോ അത്? എന്തു ഭക്ഷണമാണ് ഈ മൃഗം കഴിച്ചിരുന്നത്? ആ ഭക്ഷണം എത്രമാത്രം സുരക്ഷിതവും പോഷകഗുണമുള്ളതുമായിരുന്നു? വളർച്ചാഘട്ടങ്ങളിൽ ആവശ്യമായ പ്രതിരോധ വാക്സിനുകൾ നൽകിയിരുന്നോ? എത്ര പ്രായമുണ്ടായിരുന്നു ഈ മൃഗത്തിന്? ശാസ്ത്രീയമായ രീതിയിൽ കശാപ്പു നടത്തി, ശരിയായ ഫ്രീസിങ് സാഹചര്യത്തിൽ സൂക്ഷിക്കപ്പെട്ട ഇറച്ചിയാണോ ഇത്? .... ആർക്കറിയാം..... !

ഇന്ത്യയിലെ വൃത്തിഹീനമായ അറവുശാലകൾ എത്രയോ വട്ടം രാജ്യാന്തര മാധ്യമങ്ങളിലുൾപ്പെടെ വാർത്തയായിരിക്കുന്നു. നാം കഴിക്കുന്ന മൽസ്യമാംസാദികളിലെ മായത്തെയും മാലിന്യത്തെയും സംബന്ധിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ മലയാള മാധ്യമങ്ങളും നൽകാറുണ്ട്. പച്ചക്കറികളിലെ വിഷാംശത്തിനെതിരെയുണ്ടായ പ്രചരണവും പ്രതിരോധവും മൽസ്യമാംസാദികളുടെ കാര്യത്തിലുണ്ടായിട്ടില്ല എന്നതാണു വാസ്തവം.

വായിക്കാം ഇ - കർഷകശ്രീ

ഇതു തിരിച്ചറിഞ്ഞ് ഇന്ത്യയിൽ സമീപകാലത്ത് മാംസ സംസ്കരണമേഖലയിൽ ഒട്ടേറെ സ്റ്റാർട്ടപ്പുകൾ ഉയർന്നു വന്നിട്ടുണ്ട്. മൈസൂരു കേന്ദ്രമായുള്ള, മലയാളി ദമ്പതികളുടെ സംരംഭം ഡിഎൽജി ആണ് അവയിലൊന്ന്. റാഞ്ച് എന്ന ബ്രാൻഡിൽ വിപണിയിലെത്തുന്ന ട്രെയ്സബിൾ പന്നിയിറച്ചിയാണ് ഡിഎൽജിയുടെ മുഖ്യ ഉൽപന്നം.

ട്രെയ്സബിൾ മീറ്റ് (traceable meat) അഥവാ, ഈ ലേഖനത്തിന്റെ തുടക്കത്തിൽ ഉന്നയിച്ച ചോദ്യങ്ങൾക്കെല്ലാം ഉത്തരമുള്ള ഇറച്ചി എന്ന ആശയം വർഷങ്ങൾ മുമ്പേ യൂറോപ്പിലും അമേരിക്കയിലുമുള്ള മുൻനിര സംരംഭകർ പ്രായോഗികമാക്കിയതാണ്. പൊതുമേഖലാ സ്ഥാപനമായ മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യ ഈ വഴിക്കുള്ള ശ്രമം തുടങ്ങിവച്ചെങ്കിലും അതിനു വിപണിയിൽ ചലനമുണ്ടാക്കാനായില്ല.

ഭക്ഷ്യവിഷബാധ പോലുള്ള പ്രശ്നങ്ങളിൽ മിക്കവാറും പച്ചക്കറിയെക്കാള്‍ മാംസാഹാരമാണെന്ന് നമുക്കറിയാം. ഊരും പേരുമുള്ള ട്രെയ്സബിൾ മീറ്റ് ഉപഭോക്താക്കളെ ആകർഷിക്കുന്നതും ഇതുകൊണ്ടുതന്നെ.

കേരളത്തിൽ, കോഴി, മൽസ്യവിപണിയില്‍ ഈ വഴിക്കുള്ള മാറ്റം വന്നുകഴിഞ്ഞു. തങ്ങൾ വിപണിയിലെത്തിക്കുന്ന കോഴിയിറച്ചിയുടെയും മൽസ്യത്തിന്റെയും ജീവചരിത്രം വെളിപ്പെടുത്താൻ തയാറുള്ള ഏതാനും മുൻനിര സംരംഭകരെങ്കിലും ഇന്നു കേരളത്തിലുണ്ട്. മാംസത്തിന്റെ കാര്യത്തിൽ പക്ഷേ ഇത്തരം ബ്രാൻഡുകൾ ഒന്നോ രണ്ടോ മാത്രം. ചുരുക്കത്തിൽ, മലയാളിയുടെ ഭക്ഷ്യശീലങ്ങളെ ഗുണകരമായി സ്വാധീനിക്കാവുന്നതും മികച്ച വിപണന സാധ്യതയുള്ളതുമായ ട്രെയ്സബിൾ മീറ്റിന്റെ വിപണി കേരളത്തില്‍ സംരംഭകരെ കാത്തിരിക്കുകയാണ്.

വിപണിയെ റാഞ്ചാൻ റാഞ്ച്

twinkle-sanjith-dlj-pig-farm-owners ട്വിങ്കിൾ–സഞ്ജിത് ദമ്പതിമാർ

അമേരിക്കയിലെ സിലിക്കൺവാലിയിൽ ഐടി കമ്പനികൾ നടത്തിയിരുന്നവരാണ് കണ്ണൂർ സ്വദേശികളായ സഞ്ജിത്–ട്വിങ്കിൾ ദമ്പതിമാർ. ഇരുവരെയും പക്ഷേ അമേരിക്ക കാര്യമായി പ്രലോഭിപ്പിച്ചില്ല. ഐടി ജീവിതത്തിന്റെ വിരസത വിട്ട് മറ്റെന്തെങ്കിലും സംരംഭം തുടങ്ങാം എന്നു ചിന്തിച്ചപ്പോൾ മനസ്സിൽ തെളിഞ്ഞത് ഫാം ടൂറിസം. മൈസൂരുവിൽ നൂറേക്കർ സ്ഥലം വാങ്ങി ഫാം തുടങ്ങി. പശുവും ആടും പന്നിയും മുയലും നായ്ക്കളുമെല്ലാം ചേർന്ന മൃഗസമ്പത്ത്. പച്ചക്കറികളുടെയും പഴവർഗങ്ങളുടെയും തണൽമരങ്ങളുടെയും സമൃദ്ധി. ടൂറിസ്റ്റുകൾക്കു താമസിക്കാൻ കോട്ടേജുകൾ. രണ്ടാം ഘട്ടത്തിൽ, ഏതെല്ലാം ഫാം ഫ്രഷ് ഉൽപന്നങ്ങൾ വിപണിയിലെത്തിക്കാം എന്ന ആലോചനയായി. മാംസ സംസ്കരണരംഗത്തേക്കു കടക്കുന്നത് അങ്ങനെ.

അമേരിക്കൻ ജീവിതത്തിനിടയിൽ കാര്യമായി ശ്രദ്ധിച്ച ഒന്നായിരുന്നു അവിടത്തെ മാംസവിഭവങ്ങളുടെ വൈവിധ്യമെന്നു സഞ്ജിത്. വിശേഷിച്ചും പോർക്കു വിഭവങ്ങൾ. ഏറ്റവും വൃത്തിയായ സാഹചര്യങ്ങളിൽ ഗുണമേന്മയിൽ നെല്ലിട വിട്ടുവീഴ്ചയില്ലാതെയാണ് ഓരോ വിഭവവും വിപണിയിലെത്തിക്കുന്നത്. അതേസമയം ഇന്ത്യയിലാവട്ടെ, ജനസംഖ്യയിൽ നല്ലൊരു ശതമാനവും മാംസാഹാരികളാണെങ്കിലും മാംസ സംസ്കരണത്തില്‍ ആധുനികീകരണം ഉണ്ടായിട്ടില്ല.

എന്തുകൊണ്ട് ഈ മേഖലയിൽ കൈവച്ചുകൂടാ എന്ന് ആലോചിക്കുന്ന കാലത്താണ് മൃഗസംരക്ഷണ വിദഗ്ധനായ ഡോ.സി.പി. ഗോപകുമാറിനെ കണ്ടുമുട്ടുന്നത്. ഡിഎൽജിയുടെ മാനേജിങ് ഡയറക്ടറായി ഡോ. ഗോപകുമാറും സംരംഭത്തിന്റെ ഭാഗമായി. കേരള ലൈവ്സ്റ്റോക് ഡവലപ്മെന്റ് ബോർഡിന് പുത്തൂരിലെ പന്നിഫാം പൂട്ടേണ്ടി വന്നത് ഇക്കാലത്താണ്. യൂറോപ്പിൽനിന്ന് ഇറക്കുമതി ചെയ്ത യോർക്‌ഷെയർ, ലാൻഡ്റെയ്സ്, ഡ്യുറോക്ക് പന്നിയിനങ്ങളുടെ വംശഗുണമുള്ള ഒന്നാന്തരം പ്യുവർ ലൈൻ സ്റ്റോക്കായിരുന്നു പുത്തൂരിലേത്.

വിദേശത്തുനിന്നു ജീവനുള്ള മൃഗങ്ങളെ ഇറക്കുമതി ചെയ്യാൻ നിയന്ത്രണങ്ങളുള്ളതിനാൽ ഈ സ്റ്റോക് ഏതാണ്ടു മുഴുവനായും സഞ്ജിത് വാങ്ങി. ഇവയുടെയെല്ലാം ജീവചരിത്രവിവരങ്ങൾ പക്ഷേ അടുക്കും ചിട്ടയുമില്ലാതെ ചിതറിക്കിടക്കുന്ന സ്ഥിതിയിലായിരുന്നു. സിലിക്കൺ വാലിയിലെ ഐടി ബുദ്ധി വീണ്ടും ചടുലമായി. സ്റ്റോക്കിലെ ഓരോ പന്നിയുടെയും വംശാവലിയും ജീവചരിത്രവും അപ്പാടെ വിരൽത്തുമ്പിലെത്തുന്ന സോഫ്റ്റ്‌വെയർ പ്രോഗ്രാമുകൾ സൃഷ്ടിക്കപ്പെട്ടു.

ഇത്ര വിപുലവും വിശിഷ്ടവുമായ പന്നിശേഖരം കൈവന്നതോടെ കൂടുതൽ സാധ്യതകൾ തെളിഞ്ഞു. നല്ല വളര്‍ച്ചാശേഷിയുള്ളതും കർഷകർക്കു ലാഭകരമാകുന്നതുമായ ഒരു ഇനത്തെ വികസിപ്പിച്ചെടുക്കുകയായിരുന്നു അവയിലൊന്ന്. രാജ്യാന്തരതലത്തിൽ പരിശീലനം നേടിയ വെറ്ററിനറി വിദഗ്ധർ ഒപ്പം ചേർന്നതോടെ മുപ്പതു കോടി രൂപയോളം മുതൽമുടക്കുള്ള പിഗറി യൂണിറ്റായി മാറി ഡിഎൽജിയുടേത്. ഡിഎൽജി പിഗറി സംരംഭത്തിന് ഇന്നു രണ്ടു കൈവഴികള്‍– മൈസൂരുവിൽ ബ്രീഡിങ് ഫാം, ബെംഗളൂരുവിൽ മാംസ സംസ്കരണശാല.

piggery-pig-farm മൈസൂരുവിലെ ബ്രീഡിങ് യൂണിറ്റ്

നായ്ക്കളുടെ വിപണനമൂല്യ നിര്‍ണയത്തില്‍ പ്രധാനമാണ് വംശഗുണം അഥവാ പെഡിഗ്രി. വാങ്ങുന്ന നായയുടെ കുലമഹിമ വെളിപ്പെടുത്തുന്ന രേഖകൾ, അച്ഛൻ, മുത്തച്ഛൻ, മുതുമുത്തച്ഛൻ തുടങ്ങിയവരുടെ വീര സാഹസിക കഥകൾ തുടങ്ങിയവയാണല്ലോ സന്തതികളുടെ വിപണിവില നിശ്ചയിക്കുക.

പന്നിയുടെ കാര്യത്തിലും ഇതേ പെഡിഗ്രി തന്നെയാണ് തുറുപ്പുചീട്ടെന്ന് ഡോ. ഗോപകുമാർ. ഉപഭോക്താവിന് താന്‍ വാങ്ങുന്ന റാഞ്ച് പന്നിയിറച്ചിയുടെ ചരിത്രം അറിയണമെങ്കിൽ ഡിഎൽജി അതു നൽകും. നിലവിൽ പത്തു പന്നികൾ ഉൾപ്പെടുന്ന ഓരോ ബാച്ചായാണ് ഇറച്ചിയാവുന്നത്. ഉപഭോക്താവിന് തങ്ങൾ വാങ്ങിയത് ഏതു ബാച്ചിലെ പന്നികളുടെ ഇറച്ചിയാണ്, ബാച്ചിലെ ഓരോ പന്നിയുടെയും ഇനം, ജനനത്തീയതി, വളർച്ച, തൂക്കം, മെനു, നൽകിയ കുത്തിവയ്പുകൾ, കശാപ്പുചെയ്ത ദിവസം, എന്തിന്, ഓരോ പന്നിയുടെയും അച്ഛൻ, അമ്മ, അമ്മാവൻ, അമ്മായി എന്നിവരെക്കുറിച്ചുള്ള വിശദാംശങ്ങൾ വരെ ഡാറ്റാ ശേഖരത്തിലുണ്ടെന്ന് ഡോ. ഗോപകുമാർ.

നിലവിൽ ഒരു ബാച്ചിൽനിന്നുള്ളവയുടെ ഇറച്ചിയാണ് ഒരു പായ്ക്കറ്റിൽ ഉണ്ടാവുകയെങ്കിൽ, സമീപഭാവിയിൽ ഒരു പന്നിയുടെ ഇറച്ചി മാത്രം ഒരു പായ്ക്കറ്റിൽ ഉൾപ്പെടുന്ന കൃത്യതയിലേക്ക് തങ്ങൾ മാറുകയാണെന്ന് സഞ്ജിത്. ഒരുപക്ഷേ അതോടെ ലോകത്തിൽ തന്നെ ഇത്രമാത്രം സൂക്ഷ്മമായി ഉറവിട വിവരം ലഭ്യമാക്കുന്ന ഏക വാണിജ്യ ഇറച്ചി ഉൽപാദകരായി തങ്ങൾ മാറുമെന്നും സഞ്ജിത്. ചില്ലറ വിപണിയിൽ ഇറച്ചിയും സോസേജുംപോലുള്ള റാഞ്ച് ഉൽപന്നങ്ങൾ ലഭ്യമാണെങ്കിലും താജ് ഉൾപ്പെടെ ഇന്ത്യയിലെ വൻകിട ഹോട്ടലുകളാണ് ഇന്ന് ബ്രാൻഡിന്റെ മുഖ്യ ഉപഭോക്താക്കൾ.

ഇതേ കൃത്യത തന്നെയാണ് കർഷകർക്കു നൽകുന്ന ഡിഎൽജി ബ്രീഡ് പന്നിക്കുഞ്ഞുങ്ങളുടെ കാര്യത്തിലുമുള്ളത്. സോഫ്റ്റ്‌വെയർ പ്രോഗ്രാമുകളുടെ സഹായത്താൽ മാതൃശേഖരത്തിന്റെ വംശാവലി കൃത്യമായി സൂക്ഷിക്കുന്നത് അടുത്ത ബന്ധുക്കൾ തമ്മില്‍ ക്രോസിങ് സംഭവിക്കാതിരിക്കാനും ഓരോ തലമുറയിലെ കുഞ്ഞുങ്ങളുടെയും ഗുണമേന്മ നിലനിർത്താനും സഹായിക്കുന്നു. ത്രീ വേ ക്രോസിങ് രീതിയിലൂടെ ഉൽപാദിപ്പിക്കുന്ന ഡിഎൽജി ബ്രീഡ് പന്നിക്കുഞ്ഞുങ്ങൾ 5–6 മാസങ്ങൾകൊണ്ട് 120 കിലോ തൂക്കമെത്തുന്നു. ഇറച്ചിയും കൊഴുപ്പും തമ്മിലുള്ള അനുപാതം കൃത്യമാവുന്നത് ഈ ഘട്ടത്തിലാണ്. 120 കിലോ കടന്നാൽ ഇറച്ചിയുടെ ഗുണമേന്മ കുറഞ്ഞു വരും. കൊഴുപ്പു ചിലയിടങ്ങളിൽ അടിഞ്ഞുകൂടും. ഇറച്ചിയുടെ മൃദുത്വവും രുചിയും നഷ്ടപ്പെടും. വൻകിട ഹോട്ടലുകളിലെ ഷെഫുമാർ ഗുണമേന്മയുടെ കാര്യത്തിൽ അൽപവും വീട്ടുവീഴ്ച ഇഷ്ടപ്പെടുന്നവരല്ല.

കേരളം, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ കർഷകർക്ക് ഡിഎൽജി തങ്ങളുടെ പന്നിക്കുഞ്ഞുങ്ങളെ ബൈബാക്ക് (തിരിച്ചെടുക്കൽ) വ്യവസ്ഥയിൽ ഒന്നിന് 5250 രൂപയ്ക്കു നൽകുന്നു. പരിപാലനം, തീറ്റക്രമം എന്നിവയുടെ കാര്യത്തിൽ കർശനമായ നിബന്ധനകളോടെ 75 ദിവസം പ്രായമെത്തിയ, 20 കിലോ തൂക്കം വരുന്ന കുഞ്ഞുങ്ങളെയാണ് കൈമാറുന്നത്. തിരിച്ചെടുക്കൽ പ്രായോഗികമല്ലാത്ത സ്ഥലങ്ങളിൽ സംരംഭകർക്ക് തങ്ങളുടെ തന്നെ വെറ്ററിനറി വിദഗ്ധരുടെ മേൽനോട്ടത്തോടെ ബ്രീഡിങ് സ്റ്റോക് നൽകാനുള്ള പദ്ധതിയിലാണ് ഇപ്പോൾ ഡിഎൽജി. ട്രെയ്സബിൾ മീറ്റിനോട് കേരളത്തിലെ ഉപഭോക്തൃ സമൂഹം മികച്ച താൽപര്യം പ്രകടിപ്പിക്കുന്നതിനാൽ ഉൽപന്നങ്ങളുടെ കാര്യത്തിലും കുഞ്ഞുങ്ങളുടെ വിപണനത്തിലും കേരളം ഒരുക്കുന്ന സാധ്യതകളിൽ ഡിഎൽജിക്ക് ശുഭപ്രതീക്ഷയാണുള്ളത്.

വൻകിടക്കാർക്കു മാത്രമല്ല, ചെറുകിട സംരംഭകർക്കും കർഷകസംഘങ്ങൾക്കും പരീക്ഷിക്കാവുന്നതാണ് ട്രെയ്സബിൾ മീറ്റിന്റെ സംരംഭസാധ്യതകൾ. ഫാമുകൾ സുതാര്യമാകണം. ഇനിയുള്ള കാലം അതു കൂടിയേ തീരൂ, വിശേഷിച്ചും ഇറച്ചി, മീൻ എന്നിവയുടെ കാര്യത്തിൽ. വാങ്ങൽശേഷി കൂടിയ ഒരു ഉപഭോക്തൃ സമൂഹം, ഇന്ത്യയിൽ, വിശേഷിച്ചും കേരളത്തിൽ വളർന്നുവരുന്നു – ഭക്ഷണത്തിലും ആരോഗ്യകാര്യങ്ങളിലും അതീവ ശ്രദ്ധയും ഉൽക്കണ്ഠയും പുലർത്തുന്ന മധ്യവർഗ സമൂഹം. അവർ തേടുന്നത് ഉറവിടവും ഗുണമേന്മയും ഉറപ്പു നൽകുന്ന ഭക്ഷ്യോൽപന്നങ്ങളാണ്. നമ്മുടെ കർഷകർക്കും കർഷകസംഘങ്ങൾക്കും ഈ സാഹചര്യം മുതലാക്കാവുന്നതേയുള്ളൂ.

ഫോൺ: 9605098220