Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫാമിൽനിന്നു പശുക്കളെ വളർത്താനെടുക്കാം

cow-farm ഡ്വാർഫ് കൺസർവേറ്റീവ് സൊസൈറ്റിയുടെ അമ്പലത്തറയിലുള്ള ഫാം.

ജൈവക്കൃഷിയിൽ താൽപ്പര്യമുള്ള, നാടൻ പശുക്കളെ വളർത്തി പരിപാലിക്കാൻ ആഗ്രഹിക്കുന്ന കർഷകനാണോ നിങ്ങൾ ? എങ്കിൽ നിങ്ങൾക്കു കാസർകോട് ഡ്വാർഫ് കൺസർവേറ്റീവ് സൊസൈറ്റിയുടെ കീഴിലുള്ള ഫാമിൽ നിന്നു പശുക്കളെ വളർത്താനായി ഏറ്റെടുക്കാം. അമ്പലത്തറയിൽ സൊസൈറ്റിയുടെ കീഴിലുള്ള ഫാമിൽ നിന്നാണ് പശുക്കളെ വളർത്താനായി കർഷകർക്കു നൽകുന്നത്. നാടൻ ജനുസ്സിൽ പെട്ട പത്തു പശുക്കളെ ഇതിനോടകം തന്നെ സൊസൈറ്റി കർഷകർക്ക് നൽകിയിട്ടുണ്ട്.

ഇനി പതിനഞ്ചു പശുക്കളെ കൂടി കർഷകർക്കു വളർത്താൻ നൽകാനുള്ള ഒരുക്കത്തിലാണ് സൊസൈറ്റി. കാസർകോടൻ കുള്ളൻ, ചെറുവള്ളി, കുട്ടമ്പുഴ എന്നീ ഇനത്തിൽ പെട്ട പശുക്കളെയാണ് നൽകുന്നത്. പശുക്കളെ വൻവില കൊടുത്തു വാങ്ങാൻ കഴിയാത്ത കർഷകർക്ക് ഇതു വളരെ ഉപകാരപ്രദമായിരിക്കുമെന്ന തിരിച്ചറിവാണ് ഇത്തരത്തിലൊരാശയത്തിനു പിന്നിലെന്നു ഫാം നടത്തുന്ന ഡ്വാർഫ് കൺസർവേറ്റീവ് സൊസൈറ്റിയുടെ ഡയറക്ടർ കൂടിയായ പി.കെ.ലാൽ പറയുന്നു. കർഷകർക്കു പശുക്കളെ നൽകുമ്പോൾ ചില നിബന്ധനകളും സൊസൈറ്റി മുന്നോട്ടു വയ്ക്കുന്നുണ്ട്.

പശുക്കളെ ക്രോസ് ബ്രീഡിങ് നടത്തരുത്, വിൽക്കാനോ കൈമാറ്റം ചെയ്യാനോ പാടില്ല, വളർത്താൻ നൽകിയ കാലാവധി കഴിഞ്ഞാൽ പശുക്കളെ ഫാമിലേക്കു തന്നെ തിരിച്ചേൽപ്പിക്കുക എന്നിവയാണ് അതിൽ പ്രധാനം. നാട്ടിൽ അന്യം നിന്നു പോകുന്ന നാടൻ ജനുസ്സുകളിൽ പെട്ട പശുക്കളെ സംരക്ഷിക്കുകയെന്നതാണ് ഡ്വാർഫ് കൺസർവേറ്റീവ് സൊസൈറ്റിയുടെ ലക്ഷ്യം. ഇതു കൊണ്ടാണ് ക്രോസ് ബ്രീഡിങ് അടക്കം പാടില്ലെന്നു പറയുന്നത്. നിലവിൽ ഒൻപതിനം പശുക്കൾ ഈ ഫാമിലുണ്ട്. ഗീർ, സഹിവാൾ, ഓങ്കോൾ, കപില, കാസർകോട് കുള്ളൻ, വെച്ചൂർ, കുട്ടമ്പുഴ, ചെറുവള്ളി എന്നീ ഇനങ്ങളാണ് ഇവിടെയുള്ളത്. അമ്പലത്തറ– മീങ്ങോത്ത് റോഡിൽ പാട്ടത്തിനെടുത്ത അഞ്ചേക്കർ സ്ഥലത്താണ് ഫാം പ്രവർത്തിക്കുന്നത്.

ഫോൺ: 94476 52564.