Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൗൾട്രി ഫാമിന് ലൈസൻസ്

hen-poultry-farm Representative image

ചോദ്യം ഉത്തരംമൃഗസംരക്ഷണം

Q. അഞ്ഞൂറു മുട്ടക്കോഴികളെ വളർത്താൻ ആഗ്രഹിക്കുന്നു. ഇതിനു ലൈസൻസ് ആവശ്യമുണ്ടോ. നിയമപരമായ മറ്റു വ്യവസ്ഥകളും അറിയിക്കണം.

സി. വിനോദ് കുമാർ, കോട്ടയം

ലൈവ് സ്റ്റോക്ക് ഫാമുകൾക്ക് ലൈസൻസ് നൽകൽ ചട്ടങ്ങൾ– 2012ലെ കേരള പഞ്ചായത്ത് രാജ് ചട്ടങ്ങൾപ്രകാരം 100 കോഴികളിൽ കൂടുതൽ വളർത്തുന്നതിന് പഞ്ചായത്ത് ലൈസൻസ് ആവശ്യമാണ്. ഗ്രാമപഞ്ചായത്ത് സെക്രട്ടറിയാണ് ലൈസൻസ് നൽകുന്നത്. ചട്ടങ്ങളിലെ നിബന്ധനകൾ പാലിച്ച് ലൈസൻസ് എടുത്തുവേണം 100 കോഴികളിൽ കൂടുതലുള്ള കോഴിഫാം പ്രവർത്തിക്കേണ്ടത്. സർക്കാർ ഫാമുകൾക്കും സർക്കാർ സംരംഭങ്ങൾക്കും അവയുടെ കീഴിലുള്ള ഫാമുകൾക്കും പഞ്ചായത്ത് ലൈസൻസ് ആവശ്യമില്ല. കോഴിഫാമിന് 15 കോഴികൾക്ക് ഒരു സെന്റ് എന്ന തോതിൽ സ്ഥലം ഉണ്ടായിരിക്കണം. 500 മുട്ടക്കോഴികളുള്ള പൗൾട്രി ഫാം, ക്ലാസ് –2 വിഭാഗത്തിലാണ് പെടുന്നത്. ഇതിനു മാലിന്യങ്ങൾ ശേഖരിക്കുന്നതിനായി വളക്കുഴി വേണം. ഇതിലെ അവശിഷ്ടം ഇടയ്ക്കിടെ നീക്കം ചെയ്യേണ്ടതുണ്ട്. മാലിന്യനിർമാർജന ക്രമീകരണം കുടിവെള്ളസ്രോതസ്സിന് അടുത്താകരുത്. പരിസ്ഥിതി പ്രശ്നങ്ങൾ ഉണ്ടാകാതെ, ഫാം വൃത്തിയായി സൂക്ഷിക്കണം.

ഫാം തുടങ്ങുന്നതിനുള്ള അപേക്ഷ, ഫോം 1ൽ പഞ്ചായത്ത് സെക്രട്ടറിക്കു നൽകണം. അപേക്ഷയിൽ ആവശ്യമായ വിവരങ്ങൾ നൽകണം. ഗ്രാമപഞ്ചായത്തിന്റെ അനുമതി ലഭിച്ചാൽ ലൈസൻസിനായി ഫോം 2ൽ സെക്രട്ടറിക്ക് അപേക്ഷ നൽകണം. നിബന്ധനകൾ പാലിച്ചിട്ടുള്ള ഫാമിന് ഫോം 3ൽ ലൈസൻസ് നൽകും. 500 കോഴികളുള്ള ഫാമിന് 150 രൂപയാണ് ലൈസൻസ് ഫീസ്. അതത് സാമ്പത്തികവർഷം അവസാനിക്കുന്നതിന് 30 ദിവസങ്ങൾക്കു മുൻപായി ലൈസൻസ് പുതുക്കാന്‍ അപേക്ഷ നൽകണം. സെക്രട്ടറിക്കു ബോധ്യപ്പെടുന്നപക്ഷം ലൈസൻസ് പുതുക്കി നൽകും. മൃഗസംരക്ഷണവകുപ്പിലെ വെറ്ററിനറി സർജന്റെ ഉപദേശപ്രകാരം പക്ഷികൾക്ക് ഉണ്ടാകുന്ന രോഗങ്ങൾക്കെതിരെ ഔഷധപ്രയോഗം, അണുനാശിനിപ്രയോഗം, പ്രതിരോധകുത്തിവയ്പ് എന്നീ മുൻകരുതലുകളെടുക്കണം.

ലൈസൻസ് നൽകുന്ന ഫാമുകളിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി, വെറ്ററിനറി സർജൻ, പബ്ലിക് ഹെൽത്ത് ഓഫിസർ എന്നിവർക്ക് പകൽസമയത്ത് പരിശോധന നടത്താൻ അധികാരമുണ്ട്. നിബന്ധനകൾ പാലിക്കാത്ത ഫാമുകളുടെ ലൈസൻസ് റദ്ദാക്കാനും, പിഴ ഈടാക്കാനും ഈ ഉദ്യോഗസ്ഥർക്ക് അധികാരമുണ്ട്.

അകിടുവീക്കം തടയാൻ കിറ്റ്

Q. മഴക്കാലത്ത് പശുക്കളിലും ആടുകളിലും അകിടുവീക്കം പതിവായി കാണുന്നു. എന്താണു പ്രതിവിധി.

വി.കെ. പ്രസാദ്, ചെറുകോല്‍

വൃത്തിയുള്ള തൊഴുത്തിലും കൂട്ടിലും അകിടുവീക്കത്തിനു സാ​ധ്യത കുറവാണ്. അതുകൊണ്ട് മൃഗങ്ങളുടെ വാസസ്ഥലം ശുചിയായി സൂക്ഷിക്കുക. അകിടിൽ ഉണ്ടാകാനിടയുള്ള ചെറിയ പരുക്കൾപോലും നിസ്സാരമായി കാണരുത്. അകിട് പതിവായി പൊട്ടാസ്യം പെർമാംഗനേറ്റ് ലായനി ഉപയോഗിച്ചു കഴുകണം. കറവയ്ക്കുശേഷം പോവിഡോൺ അയോഡിൻ ലായനിയിൽ മുക്കുന്നത് അകിടിലേക്കുള്ള അണുക്കളുടെ പ്രവേശനം തടയും. അകിടിലെ പാലിലെ അണുക്കളുടെ എണ്ണം പരോക്ഷമായി മനസ്സിലാക്കി അകിടുവീക്കത്തിന്റെ ആരംഭം കണ്ടെത്തുന്നതിന് പരിശോധന ലായനി ഉപയോഗപ്പെടുത്താം. ബ്ലീച്ചിങ് പൗഡർ വെള്ളത്തിൽ കലക്കി തൊഴുത്തിൽ തളിച്ചാൽ തൊഴുത്തിലെ അണുക്കളുടെ എണ്ണം കുറയ്ക്കാം. അകിടുവീക്കം നിയന്ത്രിക്കാനുള്ള കിറ്റ് മൃഗാശുപത്രികളിൽ പരിമിതമായ അളവിൽ 40 രൂപയ്ക്കു ലഭ്യമാണ്. ഉപയോഗക്രമം കിറ്റിനുള്ളിൽ കൊടുത്തിട്ടുള്ള ലഘുലേഖയിൽനിന്നു വായിച്ചു മനസ്സിലാക്കാം.

ഉത്തരങ്ങൾ തയാറാക്കിയത്: ഡോ.സി.കെ. ഷാജു, പെരുവ, സീനിയർ വെറ്ററിനറി സർജൻ, ഗവ. വെറ്ററിനറി ക്ലിനിക്, കോഴ. ഫോൺ: 9447399303