Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൃഷിയുടെ പുതുവഴിയായി അക്വാപോണിക്സ്

aquaponics-farmer-priyadarsan പ്രിയദർശൻ തന്റെ കൃഷിയിടത്തിൽ

മണ്ണും രാസവളങ്ങളും കീടനാശിനികളും ഒഴിവാക്കി മത്സ്യങ്ങൾക്കൊപ്പം പച്ചക്കറികളും പഴവർഗങ്ങളും ജൈവരീതിയിൽ ഉൽപാദിപ്പിക്കുന്ന അക്വാപോണിക്സ് കൃഷിരീതിയുമായി അഭിഭാഷക കർഷകൻ. വയനാട് പനമരം ടൗണിനോട് ചേർന്നുള്ള വാഴക്കണ്ടി പ്രിയദർശനാണ് കോടതി മുറിയിലെ വാദപ്രതി വാദങ്ങൾക്ക് ഒപ്പം വീട്ടുവളപ്പിൽ അക്വാപോണിക്സ് രീതിയിലുള്ള കൃഷിയിലൂടെ വിജയം കൊയ്യുന്നത്.

മണ്ണും രാസവളങ്ങളും കീടനാശിനികളും പൂർണമായി ഒഴിവാക്കി മത്സ്യങ്ങളോടൊപ്പം പച്ചക്കറികളും പഴങ്ങളും ജൈവരീതിയിൽ ഉൽപാദിപ്പിക്കാൻ സഹായിക്കുന്ന കൃഷിസങ്കേതമാണ് അക്വാപോണിക്സ്. മത്സ്യക്കൃഷിയും മണ്ണില്ലാക്കൃഷിരീതിയായ ഹൈഡ്രോപോണിക്സും സംയോജിപ്പിച്ചാണ് അക്വാപോണിക്സ് ആവിഷ്കരിച്ചത്. അക്വാപോണിക്സ്‌ രീതിയിൽ വളരുന്ന ചെടികൾക്കു നനയോ വളപ്രയോഗമോ ആവശ്യമില്ലാത്തതുകൊണ്ട് ആയാസരഹിതമായ കൃഷിരീതിയെന്നാണ് അറിയപ്പെടുന്നത്.

മത്സ്യം വളർത്താനുള്ള ടാങ്കും മത്സ്യവും, ചെടികൾ വളർത്താനുള്ള ഗ്രോ ബെഡും ചെടികളും, വെള്ളം ഒഴുക്കി സംക്രമണം ചെയ്യിക്കുന്നതിനാവശ്യമായ പമ്പ്‌ എന്നിവയാണ് അക്വാപോണിക്സ്‌ കൃഷിരീതിയുടെ അടിസ്ഥാന ഘടകങ്ങൾ. മത്സ്യം വളർത്തുന്ന ടാങ്കിൽ അടിയുന്ന മത്സ്യ വിസർജ്യങ്ങൾ, തീറ്റ അവശിഷ്ടങ്ങൾ എന്നിവയിലുണ്ടാകുന്ന അമോണിയ മത്സ്യങ്ങൾക്കു ഹാനികരമാകാതെ അക്വാപോണിക്സ്‌ സിസ്റ്റത്തിലുണ്ടാകുന്ന നൈട്രിഫൈയിങ് ബാക്ടീരിയകൾ നൈട്രേറ്റാക്കി മാറ്റുന്നു. ഈ നൈട്രേറ്റ് ചെടികൾക്കു നല്ല വളമാണ്. മത്സ്യ ടാങ്കിലെ ജലം പമ്പ് ഉപയോഗിച്ചു ഗ്രോ ബെഡ്ഡിൽക്കൂടി ഒഴുക്കി തിരികെ ടാങ്കിലെത്തുമ്പോഴേക്കും മാലിന്യങ്ങൾ നീക്കം ചെയ്യപ്പെട്ടതും ഒക്സിജൻ സമ്പുഷ്ടവുമായിരിക്കും.  ഒരു സെന്റ് ഭൂമിയിലാണ് പ്രിയദർശൻ ഈ രീതിയിലുള്ള കൃഷി നടത്തിയിരിക്കുന്നത്. മണ്ണില്ലാത്തതു കൊണ്ട് സസ്യങ്ങൾ മറിഞ്ഞു വീഴാതിരിക്കാൻ ചെറിയ പാറ കഷ്ണങ്ങൾ നിറച്ച ഗ്രോബെഡിലാണ് പച്ചക്കറികൾ നട്ടിരിക്കുന്നത്.

ചീര, തക്കാളി, പയർ, വെണ്ട, വഴുതന, കാബേജ്, കോളിഫ്ലവർ, മുളക് എന്നിവയക്ക് ഒപ്പം പരീക്ഷണാടിസ്ഥാനത്തിൽ കുരുമുളക് വളളിയും കൃഷി ചെയ്തിട്ടുണ്ട്. വൻ ഡിമാൻഡ്  ഉള്ള ഗിഫ്റ്റ് തിലാപ്പിയ എന്ന മത്സ്യത്തെയാണ് വളർത്തുന്നത്‌. ഇദ്ദേഹത്തിന്റെ കൃഷിക്ക് പൂർണ പിന്തുണയുമായി ഭാര്യ അനിലയുമുണ്ട്. ഇവർ മാനന്തവാടി ജില്ലാ ആശുപത്രിയിലെ ഡോക്ടറാണ്.