Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുഞ്ചയിൽ മേയും ‘അരുമകൾ’

damodaran-with-kuttanadan-she-buffalo ദാമോദൻ എരുമയുമായി വരുന്നു. ചിത്രം: മനോരമ

വരമ്പത്തു നിൽക്കുന്ന ഷുക്കൂറിനെ കണ്ടപ്പോൾ ചെളി നിറഞ്ഞ തേവേരി പുഞ്ചയിൽ കഴുത്തോളം മുങ്ങിക്കിടന്ന എരുമക്കൂട്ടം എഴുന്നേറ്റു. മിണ്ടാപ്രാണിയെങ്കിലും യജമാനനെ അകലെ നിന്നു തിരിച്ചറിഞ്ഞുവെന്നു സാരം. പുഞ്ചയിലാണ് എരുമക്കൂട്ടം താമസം. കഴുത്തോളം വെള്ളവും ചെളിയും നിറഞ്ഞ പുഞ്ചയിൽ കിടക്കുന്ന ഉരുക്കളെ കാണാൻ എല്ലാ ദിവസവും വീയപുരം പടിഞ്ഞാറെ കരയിൽ നിന്നു ഷുക്കൂർ വരും. മുട്ടോളവും ചിലപ്പോൾ കഴുത്തോളവും മുങ്ങിയ പുഞ്ച നീന്തി ഉരുക്കളുടെ അടുത്തെത്തും. തീറ്റ കിട്ടുന്നതനുസരിച്ചു മാറ്റി മാറ്റി കെട്ടും. നെടുനീളത്തിൽ കെട്ടിയ കയറിൽ അത്യാവശ്യം ദൂരത്തിൽ എരുമകൾക്കു മേയാം. ആറേഴു മാസം നീളും എരുമക്കൂട്ടത്തിന്റെ പുഞ്ചയിലെ ജീവിതമെന്നു താന്നി ചിറയിൽ ദാമോദരൻ പറഞ്ഞു.

ഗർഭത്തിന്റെ ലക്ഷണങ്ങൾ കണ്ടാൽ ആട്ടിത്തെളിച്ചു എരുമകളെ ഷുക്കൂർ വീടിനോടു ചേർന്നുള്ള ചാപ്രയിലേക്കു കൊണ്ടു പോകും. പിന്നെ വിഐപി പരിചരണമാണ്. കറവ തീർന്നാൽ അമ്മയും കുഞ്ഞും വീണ്ടും ഏതെങ്കിലും പുഞ്ചയിലേക്കു പോകണം. ഈ ഉരുക്കളെ ഷുക്കൂർ എരുമ എന്നല്ല വിളിക്കുന്നത്. ഷുക്കൂറിന് ഇവർ അരുമകളാണ്. അതിനു കാരണമുണ്ട്. ‘‘ഇതെന്റെ കുലത്തൊഴിലാണ്’’, ഷുക്കൂർ പറയുന്നു. ഷുക്കൂറിനു മാത്രമല്ല വീയപുരത്തെ ഒട്ടേറെ കുടുംബങ്ങൾ പരമ്പരാഗതമായി എരുമ വളർത്തലിൽ ഉപജീവനം നടത്തുന്നു.

എരുമയും താറാവും

കുട്ടനാടൻ താറാവും വെച്ചൂർ പശുവും പോലെ ഏറെ സവിശേഷകൾ ഉള്ളതാണു കുട്ടനാടൻ എരുമ. വെച്ചൂർ പശു തൊഴുത്തിലും താറാവ് തീൻമേശയിലും വിഐപികളായെങ്കിലും പാവം എരുമകൾ ഇപ്പോഴും മഴയും വെയിലും കൊണ്ടു പുഞ്ചയിൽ തന്നെ നിൽക്കുന്നു. കുട്ടനാടൻ കാർഷിക പൈതൃകത്തിന്റെ ചേരുവകളിൽ പ്രധാനിയാണ് എരുമകളും പോത്തുകളും. മൺ കലപ്പ കൊണ്ടു നിലമുഴാൻ നല്ലത് എരുമകളും പോത്തുകളുമായിരുന്നു. അപ്പർ കുട്ടനാട്ടിലെ വീയപുരം മേഖലയിലാണു പരമ്പരാഗതമായി എരുമ വളർത്തൽ പച്ച പിടിച്ചത്. അതിനു കാരണമുണ്ട്. ലോവർ കുട്ടനാട് മിക്കവാറും വെള്ളത്തിനടിയിലാണ്. പുല്ലും വെള്ളവും ചെളിയും നിറഞ്ഞ അപ്പർ കുട്ടനാടാണു കാലി വളർത്തലിന് അനുയോജ്യം. ഒരുപ്പൂ കൃഷിയായതിനാൽ എട്ടു മാസത്തോളം പുഞ്ചയിൽ മേയാം.

വിറയ്ക്കില്ല ഈ ചുരുളി

എത്ര തണുപ്പും അതിജീവിക്കാൻ കഴിയുന്നതാണു കുട്ടനാടൻ എരുമയുടെ പ്രത്യേകത. മഴയിലും വെയിലിലും ചെളിയിലാണു വാസം. കൊമ്പുകൾ ചുരുണ്ടിരിക്കുന്നതിനാൽ ചുരുളിയെന്നും പേരുണ്ട്. നല്ല കൊഴുപ്പുള്ള പാലും തൈരും കിട്ടും. കാലിത്തീറ്റയ്ക്കു പകരം പുല്ലു തിന്നു വളരുന്നതാണ് ഉരുക്കളിൽ കൂടുതലും. പുഞ്ചയിൽ മേയാൻ വിട്ടാൽ പ്രകൃതി ദത്തമായി ഇണ ചേർന്നു ഗർഭിണിയായാണു തിരികെ വരുന്നത്.

അടുത്ത കാലം വരെ നിരനിരയായ ചാപ്രകൾ വീയപുരത്തുണ്ടായിരുന്നു. ചാപ്ര നിറയെ എരുമകളും. ടില്ലറുകളുടെയും ട്രാക്ടറുകളുടെയും വരവും പുതിയ തലമുറ മറ്റു തൊഴിലുകൾ തേടുകയും ചെയ്തതോടെ ചാപ്രകൾ കാലിയായി.

എങ്കിലും വീയപുരം മേഖലയിൽ ക്ഷീരകർഷകർ ഏറെയുണ്ട്. പാൽ സൊസൈറ്റിയിൽ കൊടുക്കുന്നതിനു പുറമെ കടകളിലും എരുമപ്പാലും ഉൽപന്നങ്ങളും വിൽക്കുന്നുണ്ട്. ആവശ്യക്കാരുമുണ്ട്.