Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാലാമതും ഒന്നാമൻ

wilson-poultry-farm വിൽസൻ കൈതക്കുളം ഫാമിൽ

സംസ്ഥാനത്തെ മികച്ച പൗൾട്രി കർഷകനുള്ള സംസ്ഥാന അവാർഡ് വിൽസൻ കൈതക്കുളത്തിന് ലഭിക്കുന്നത് ഇത് നാലാം തവണയാണ്. 2008ൽ മൃഗസംരക്ഷണവകുപ്പിന്റെ മികച്ച പൗൾട്രി കർഷകനുള്ള സംസ്ഥാന അവാർഡും ആത്മയുടെ മികച്ച പൗൾട്രി കർഷകനുള്ള അവാർഡും 2011ൽ കൃഷിവകുപ്പിന്റെ മികച്ച പൗൾട്രി കർഷകനുള്ള അവാർ‍ഡും കരസ്ഥമാക്കിയ വിൽസന്റെ വിജയഗാഥയിലെ മറ്റൊരു പൊൻതൂവൽ ആകുകയാണ് ഈ വർഷത്തെ സംസ്ഥാന അവാർഡ്. മുഖ്യമന്ത്രി പിണറായി വജയൻ തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽവച്ച് 50,000 രൂപയുടെ അവാർഡും പ്രശസ്തിപത്രവും സമ്മാനിച്ചു.

ദൃഢനിശ്ചയത്തോടെ ഏത് പ്രതിസന്ധിയെയും നേരിടാനുള്ള മനോഭാവമാണ് ഈ കർഷകനെ തേടി തുടർച്ചയായി അവാർഡുകൾ വരാനുള്ള കാരണം. ജില്ലയിൽ ഏറ്റവുമധികം കോഴിക്കുഞ്ഞുങ്ങളെ വളർത്തുന്ന എഗ്ഗർ നഴ്സറിയുള്ള വിൽസന്റെ വിജയഗാഥയുടെ അടിസ്ഥാനം ചെറിയ സംരഭത്തെ കൃത്യമായ ആസൂത്രണത്തിലൂടെ വളർത്തിയെടുത്തു എന്നതാണ്.

പതിമൂന്ന് വർഷം മുൻപ് ഒരു ലക്ഷം രൂപ വായ്പയെടുത്ത് 500 ഇറച്ചിക്കോഴിക്കുഞ്ഞുങ്ങളെ വളർത്തുന്നതിന് തുടക്കമിട്ട പ്രസ്ഥാനം ഇന്ന് വൈവിധ്യമാർന്ന കോഴിവളർത്തൽ കേന്ദ്രമായിരിക്കുന്നു. 2002ൽ കാർഷികമേഖലയുടെ പ്രതിസന്ധിയിൽനിന്ന് രക്ഷപ്പെടാൻ ഇൻഫാമിന്റെ നേതൃത്വത്തിൽ ജില്ലയിൽ ആരംഭിച്ച മുട്ടക്കോഴി വളർത്തൽ സംരംഭത്തിന്റെ ചുമതല വിൽസനായിരുന്നു. ഈ അനുഭവജ്ഞാനം മുന്നോട്ടുള്ള വളർച്ചക്ക് കാരണമായി. കണ്ണൂരുള്ള സർക്കാർ പരിശീലനകേന്ദ്രത്തിൽ നിന്ന് കോഴിവളർത്തലിൽ പരിശീലനം നേടിയ ശേഷമാണ് സ്വന്തമായി ഫാം തുടങ്ങിയത്.  മണ്ണുത്തി കാർഷിക കോളജിൽനിന്ന് ഒരു ദിവസം പ്രായമായ ഗ്രാമശ്രീ, ഗ്രാമലക്ഷ്മി, ഗ്രാമപ്രിയ എന്നീ ഇനം മുട്ടക്കോഴിക്കുഞ്ഞുങ്ങളെ കൊണ്ടുവന്ന് രണ്ട് മാസം വളർത്തി എല്ലാവിധ പ്രതിരോധ കുത്തിവയ്പുകളും നൽകി കോഴിക്കോട് മലപ്പുറം, വയനാട് ജില്ലകളിൽ വിതരണം ചെയ്തു. 2004 മുതൽ ചാത്തമംഗലം പ്രാദേശിക കോഴിവളർത്തൽ കേന്ദ്രത്തിൽ നിന്ന് കലിംഗ ബ്രൗൺ, ഗ്രാമശ്രീ കോഴിക്കുഞ്ഞുങ്ങളെ കൊണ്ടുവന്ന് മൃഗാശുപത്രികൾ വഴിയും പഞ്ചായത്തുകളുടെ പദ്ധതിയിലൂടെയും സ്കൂൾ പൗൾട്രി ക്ലബുകൾവഴിയും വിറ്റുവരുന്നു.

poultry-farmer-wilson-receive-award മികച്ച പൗൾട്രി കർഷകനുള്ള അവാർഡ് മുഖ്യമന്തി പിണറായി വിജയൻ വിൽസൻ കൈതക്കുളത്തിന് നൽകി ഷാളണിയിക്കുന്നു.

കോഴിക്കുഞ്ഞുങ്ങളുടെ പരിപാലത്തിന് ഭാര്യ സെലിനും ഒരു ജോലിക്കാരനുമുണ്ട്. കോഴിവിതരണത്തിന്റെ മേൽനോട്ടം ചാത്തമംഗലം ഫാമിലെ അസി. ഡയറക്ടറാണ്. നഴ്സറിക്ക് വേണ്ട നിർദേശങ്ങൾ പഞ്ചായത്തിലെ വെറ്ററിനറി സർജൻ നൽകുന്നു. രണ്ടു മാസം പ്രായമായ കുഞ്ഞുങ്ങളെ 100 രൂപ നിരക്കിൽ സർക്കാരിന്റെ വിവിധ പദ്ധതികളിലൂടെ ഇപ്പോൾ വിപണനം നടത്തുകയാണ് ചെയ്യുന്നത്. ക‍‍‍ൃത്യമായ ആസൂത്രണത്തിലൂടെ മികച്ച നേട്ടം കൊയ്യാം എന്നതിന്റെ വിജയ മാതൃകയാണ് വിൽസൻ കൈതക്കുളം. ഫോൺ: 8943049161