Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നെല്ലു പോയപ്പോൾ തീറ്റപ്പുല്ല്

jayachandran-nair-grass-farmer ജയചന്ദ്രൻ നായർ പുൽകൃഷിത്തോട്ടത്തിൽ

പണിക്ക് ആളിനെ കിട്ടാതായപ്പോൾ നെൽകൃഷിയിൽനിന്നു പുൽകൃഷിയിലേക്ക് ചുവടുമാറിയ സംരംഭകൻ വിജയം കൊയ്യുന്നു. തിരുവനന്തപുരം മംഗലപുരത്ത് എട്ടേക്കർ സ്ഥലത്താണ് ചെമ്പകമംഗലം ക്ഷീരോൽപാദക സംഘം സെക്രട്ടറികൂടിയായ മോഹനവിലാസത്തിൽ ബി. ജയചന്ദ്രൻ നായരുടെ പുൽകൃഷി.

നല്ല വിളവു നൽകുന്ന സി.ഒ–3, സി.ഒ–4 എന്നീ തീറ്റപ്പുല്‍ ഇനങ്ങളാണ് കൃഷി ചെയ്യാനായി തിരഞ്ഞെടുത്തത്. ഇപ്പോള്‍ ദിവസം ഒരു ടൺ പുല്ല് വിളവെടുക്കുന്നു. കിലോയ്ക്ക് നാലു രൂപ നിരക്കിലാണു വിൽപന.

വായിക്കാം ഇ - കർഷകശ്രീ

നിലമൊരുക്കി രണ്ടടി അകലത്തിൽ രണ്ടു മുട്ട് വീതമുള്ള തീറ്റപ്പുൽക്കട നടുന്നു. ചാണകമാണു മുഖ്യവളം. ഓരോ തട്ടുകളിലും ചാലു കീറിയാണു വെള്ളമെത്തിക്കുന്നത്. തൊണ്ണൂറു ദിവസംകൊണ്ട് ആദ്യവിളവെടുക്കാം. പിന്നീട് 45 ദിവസങ്ങളുടെ ഇടവേളകളിൽ വിളവെടുപ്പ്. ആദ്യതവണ വിളവെടുത്തശേഷം വീണ്ടും നിലമൊരുക്കുന്നു. കള പറിച്ചുനീക്കി തീറ്റപ്പുല്ലിന്റെ വളർച്ച ത്വരിതപ്പെടുത്തുകയും ചെയ്യുന്നു. വിളവെടുപ്പിന്റെ മൂന്നാം തവണയാകുമ്പോഴേക്കും ഒരു മൂട്ടിൽനിന്ന് 10 കിലോ തീറ്റപ്പുല്ല് ലഭിക്കും. നനയുടെ തോതനുസരിച്ച് ഇത് 12 കിലോ വരെ പോകുമെന്ന് ജയചന്ദ്രൻ പറയുന്നു. മൂന്നു വർഷം എത്തുമ്പോൾ 12 അടി ഉയരത്തിൽ വരെ പുല്ല് വളരുന്നപക്ഷം കൃഷിയിൽനിന്നു നല്ല ലാഭം ഉറപ്പ്.

പശുക്കൾ‌ക്ക് രോഗപ്രതിരോധശേഷി വർധിപ്പിക്കാനും ദഹനപ്രക്രിയ എളുപ്പമാക്കാനും സഹായകമാണ് പുല്ല്. കാലിത്തീറ്റയുടെ ചെലവിൽ 50 ശതമാനം വരെ ലാഭിക്കാനുമാകുമെന്നു കർഷകർ സാക്ഷ്യപ്പെടുത്തുന്നു.

ചെമ്പകമംഗലം ക്ഷീരോൽപാദക സഹകരണ സംഘത്തിലെ അംഗങ്ങളെ കൂടാതെ ജില്ലയിലെ മറ്റു കർഷക സംഘങ്ങളും ഇവിടെനിന്നു തീറ്റപ്പുല്ല് വാങ്ങുന്നുണ്ട്. ക്ഷീരവികസന വകുപ്പിന്റെ തിരുവനന്തപുരം ജില്ലയിലെ മാതൃകാ ഫോഡർ നഴ്സറി കൂടിയാണ് ജയചന്ദ്രന്റെ കൃഷിയിടം. തിരുവനന്തപുരം ജില്ലാ ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഐസക് കെ. തയ്യിൽ, പോത്തൻകോട് ക്ഷീരവികസന ഓഫിസർ നിഷ എ. സലിം, രാജേഷ്, ശ്രിത എന്നിവരുടെ പിന്തുണ ഈ സംരംഭത്തിനുണ്ടെന്ന് ജയചന്ദ്രൻ പറയുന്നു.

ഏറ്റവും നല്ല ക്ഷീരസംഘത്തിനുള്ള മിൽമയുടെ കോയിവിള വിജയൻ സ്മാരക അവാർഡ് ചെമ്പകമംഗലം ക്ഷീരോൽപാദക സഹകരണ സംഘത്തിനും മികച്ച സെക്രട്ടറിക്കുള്ള അവാർഡ് ജയചന്ദ്രനും ലഭിച്ചിട്ടുണ്ട്.

തിരുവനന്തപുരം ജില്ലയിലെ ഏറ്റവും നല്ല തീറ്റപ്പുൽ കർഷകനുള്ള പുരസ്കാരവും ജയചന്ദ്രനു ലഭിച്ചു.

ഫോൺ: 96056 12129