Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരു വടക്കൻ ക്ഷീരഗാഥ

abubacker-siddique-dairy-farm അബൂബക്കർ സിദ്ധിഖ്

പഞ്ചായത്തംഗത്തിനു മലബാർ മേഖലയിലെ ഏറ്റവും മികച്ച ക്ഷീരോൽപാദകനുള്ള മിൽമ പുരസ്കാരം. കാസർകോട് എൻമകജെ പഞ്ചായത്തംഗവും പെർല ക്ഷീരസംഘം ഭരണസമിതി അംഗവുമായ കണ്ടിഗെ അബൂബക്കർ സിദ്ധിഖിനാണ് ഈ സവിശേഷ നേട്ടം. അബൂബക്കറിന്റെ തൊഴുത്തിൽ 125 പശുക്കളാണുള്ളത്. 15 പശുക്കുട്ടികളും 110 കറവപ്പശുക്കളും. പ്രതിദിനം കറവ 1250 ലീറ്റര്‍ പാൽ.

എട്ടുവർഷം മുൻപ് അഞ്ചു പശുക്കളുമായാണ് ആരംഭം. അന്ന് ഉല്‍പാദനം പ്രതിദിനം 50 ലീറ്റർ പാൽ. കർണാടകയില്‍നിന്ന് ഉൽപാദനശേഷിയേറിയ എച്ച്എഫ്, ജഴ്സി പശുക്കളെ കൊണ്ടുവന്നതോടെ സംരംഭത്തിനു മുന്നേറ്റമായി. പടിപടിയായി പശുക്കളുടെ എണ്ണം കൂടി. തൊഴുത്തു പരിഷ്കരിച്ചു. ഇന്നു പ്രതിദിന അറ്റാദായം പതിനായിരം രൂപ. ഫാം ഇനിയും വിപുലീകരിച്ച് പശുക്കളുടെ എണ്ണം ഇരുനൂറിലേക്കും ഉൽപാദനം 3000 ലീറ്ററിലേക്കും ഉയർത്താനുള്ള ഒരുക്കത്തിലാണ് അബൂബക്കർ.

വായിക്കാം ഇ - കർഷകശ്രീ

പശുക്കളുടെ സുഖസൗകര്യത്തിനും പണികൾ എളുപ്പമാക്കുന്നതിനും ഫാൻ, റബർമാറ്റ്, പ്രഷർ വാഷർ, കറവയന്ത്രം, ഓട്ടോവാട്ടർ, തീറ്റപ്പുല്ല് ചെറുതായി മുറിക്കുന്നതിനു ചാഫ്കട്ടര്‍ തുടങ്ങിയ സംവിധാനങ്ങളുമുണ്ട് തൊഴുത്തിൽ. ചാണകത്തിൽനിന്നു പാചകവാതകമുണ്ടാക്കാൻ ബയോഗ്യാസ് പ്ലാന്റുമുണ്ട്.

കർണാടകയിലെ വീരാജ്പേട്ടിലുള്ള മിൽമയുടെ പുൽകൃഷിപദ്ധതിയിൽനിന്നു പച്ചപ്പുല്ല് ഈ ഫാമിലേക്ക് ഇറക്കിക്കൊടുക്കുന്നു. പാള, തവിട്, കൊക്കോത്തൊണ്ട് തുടങ്ങിയവയും തീറ്റയായി പശുക്കൾക്കു കൊടുക്കുന്നുണ്ട്. പാൽ മാത്രമല്ല, ചാണകവും ഇവിടെ നല്ല വരുമാനമാർഗമാണ്. ഒരു ഘനയടി ചാണകം 80 രൂപ നിരക്കിൽ കർഷകർക്കും കാസർകോട് കേന്ദ്ര തോട്ടവിള ഗവേഷണസ്ഥാപനത്തിനും നൽകുന്നു. പ്രതിദിനം രണ്ടു ടൺ ചാണകമാണ് ഉൽപാദനം.

abubacker-siddique-grass-farm തീറ്റപ്പുല്ലുതോട്ടം

ഡെയറി ഫാം കൂടാതെ, വിപുലമായ തോതിൽ കൃഷിയുമുണ്ട്. സ്വന്തമായുള്ള 15 ഏക്കറിൽ കമുക്, തെങ്ങ്, റബർ, കൊക്കോ, കുരുമുളക് എന്നിവയാണ് പ്രധാന വിളകൾ. പാട്ടത്തിനെടുത്ത 12 ഏക്കറിൽ പുൽകൃഷിയുമുണ്ട്. ബയോഗ്യാസ് പ്ലാന്റിൽനിന്നുള്ള സ്ലറി കൃഷിക്കു വളമായി ഉപയോഗിക്കുന്നു.

അതിവേനലിലും വറ്റാത്ത ഉറവ. കൃഷിയിലും കാലിവളർത്തലിലും അബൂബക്കറിന്റെ പ്രധാന വിജയരഹസ്യം പറമ്പിലെ, വേനലിലും വറ്റാത്ത ജലാശയങ്ങളാണ്. തുരങ്കത്തിൽനിന്നു വരുന്ന വെള്ളം. വിശാലമായ മൂന്നു കുളങ്ങളിൽ സംഭരിക്കുന്നു.

പശുവളർത്തലിൽ ഭാര്യ മിശ്രിയയാണ് അബൂബക്കറിന്റെ വലംകൈ. പശുക്കളുടെ ചികിൽസയ്ക്കും പരിപാലനത്തിനും പെർല മൃഗാശുപത്രിയിലെ ഡോ. ചന്ദ്രബാബുവിന്റെ പിന്തുണയാണ് തന്റെ കരുത്തെന്ന് അബൂബക്കർ. മൃഗസംരക്ഷണ വകുപ്പിന്റേതുൾപ്പെടെ പഞ്ചായത്ത്, ജില്ലാതലങ്ങളിൽ മികച്ച ക്ഷീരകർഷകനുള്ള പല പുരസ്കാരങ്ങളും ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.

ഫോൺ: 9447025034