Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അറിഞ്ഞില്ലേ, കൂൺ കൃഷി അടിപൊളിയാ...

jithu-mushroom-farmer ജിത്ത‌ു ക‌ൂൺ വിളവെട‌ുപ്പിനിടെ.

പരമ്പരാഗത കാർഷിക ഉൽപന്നങ്ങളുടെ വിലയിടിവു മൂലമുള്ള പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കർഷകനാണോ നിങ്ങൾ?

കൂൺ കൃഷിയുടെ വെൺമ നിറഞ്ഞ ലോകം പ്രതീക്ഷയുടെ പുതിയ ആകാശമാണു കർഷകർക്കായി തുറക്കുന്നത്. ജോലിക്കാരെ ആശ്രയിക്കാതെ വീട്ടുവളപ്പിലും ടെറസിലുമെല്ലാം സ്വയം കൃഷി ചെയ്യാമെന്നതു മൂലം വീട്ടമ്മമാരുൾപ്പെടെയുള്ളവർ ഇപ്പോൾ കൂൺ കൃഷിയിലേക്കു തിരിയുകയാണ്.

കീടനാശിനിയും വളവും ഉപയോഗിക്കാതെ വിളവെടുക്കുന്നതിനാൽ ജൈവ ഉൽപന്നമെന്ന നിലയിലും കൂണിന് ആവശ്യക്കാർ ഏറെ. ആവശ്യത്തിനനുസരിച്ച് കൂൺ നാട്ടിൽ ലഭ്യമല്ലാതായതോടെ മറ്റു പച്ചക്കറികൾ പോലെ തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്കു കൂൺ എത്തുന്നു. നിലവിൽ കിലോഗ്രാമിന് 350 രൂപ വരെ വിലയുണ്ട്.

ആയിരം ചതുരശ്ര അടി സ്ഥലത്തു നല്ല രീതിയിൽ ചെയ്യുന്ന കൃഷിയിൽ നിന്നു ദിവസം 10 കിലോഗ്രാം കൂൺ ലഭിക്കും. 3500 രൂപ ദിവസവും മാസം ഒരു ലക്ഷത്തിലേറെ രൂപയും വരുമാനമുണ്ടാക്കാം. ഉൽപന്നത്തിനു നാട്ടിൽ തന്നെ ആവശ്യക്കാരുണ്ടാകുമെന്നതിനാൽ വിപണനം ഏറെ എളുപ്പം. സമീപ പട്ടണങ്ങളിലേക്കോ കൊച്ചി നഗരത്തിലേക്കോ എത്തിക്കാനായാൽ കൂടുതൽ വിൽപന സാധ്യതയും.

കൃഷി ആരംഭം

വീട്ടുവളപ്പിലും ടെറസിലുമെല്ലാം നേരിട്ടു സൂര്യപ്രകാശം ഏൽക്കാത്ത ഷെഡുകളിൽ കൂൺ കൃഷി ചെയ്യാനാവും. കൃത്യമായ പരിചരണം നൽകിയാൽ വിത്തിട്ടു രണ്ടു മാസത്തിനുള്ളിൽ വിളവെടുപ്പ് ആരംഭിക്കാം. വൈക്കോലോ അറക്കപ്പൊടിയോ  ഉപയോഗിച്ചു നിർമിക്കുന്ന ബെഡിലാണ് കൂൺ വിത്തുകൾ പാകേണ്ടത്. അറക്കപ്പൊടിയാണ് ഉപയോഗിക്കുന്നതെങ്കിൽ റബർതടി അറുത്ത പൊടിയാണു യോജ്യം.

വൈക്കോൽ ബെഡ് ആണ് ഉപയോഗിക്കുന്നതെങ്കിൽ ആവിയിൽ പുഴുങ്ങിയെടുത്ത് ഉണങ്ങുകയാണ് ആദ്യ പടി. കീടാണുക്കൾ നശിക്കുന്നതിനായാണിത്. ഇൗ വൈക്കോൽ പിന്നീട് അൻപത് സെന്റീമീറ്റർ ഉയരവും പതിനഞ്ച് സെന്റീമീറ്റർ വരെ വ്യാസവുള്ള പ്ലാസ്റ്റിക് ബാഗിനുള്ളിൽ നിറയ്ക്കണം.

മൂന്നിഞ്ച് കനത്തിൽ വൈക്കോലോ അറക്കപ്പൊടിയോ നിറച്ചതിനു ശേഷം കൂൺ വിത്ത് വിതറാം.

വീണ്ടും വൈക്കോൽ നിറച്ചു കൂൺ വിത്ത് ഇടകലർത്തിയാണു പാകേണ്ടത്. ഇങ്ങനെ നിറയ്ക്കുന്ന ബാഗുകൾ മുകൾ ഭാഗം നൈലോൺ ചരട് ഉപയോഗിച്ചു കെട്ടിയതിനു ശേഷം ഉറികളാക്കി ഷെഡിൽ തൂക്കിയിടണം.

ഈർപ്പമുള്ള അന്തരീക്ഷത്തിലാണു കൂൺ മുളയ്ക്കുക. ഇതിനായി ബെഡിൽ ഇടവിട്ടു സുഷിരങ്ങളുണ്ടാക്കി നനയ്ക്കണം. കണികാ ജലപ്രയോഗമാണു സുരക്ഷിതം. നല്ല ചൂടുള്ള സമയങ്ങളിൽ ദിവസം മൂന്നു പ്രാവശ്യം വരെ നനയ്ക്കണം.

വിളവെടുപ്പ്

വിത്ത് ഇട്ട് എഴുപതു ദിവസത്തിനു ശേഷം വിളവെടുപ്പ് ആരംഭിക്കാം. ഒരു ബെഡിൽ നിന്ന് ഒന്നര മാസം വരെ കൂൺ ലഭിക്കും. എല്ലാ ദിവസവും വിളവെടുക്കാം. കാലാവസ്ഥയും കൂൺ വിത്തും മികച്ചതാണെങ്കിൽ വിളവെടുപ്പും മേന്മയും വർധിക്കുമെന്നാണ് ആറു വർഷത്തോളമായി ഈ രംഗത്തുള്ള എറണാകുളം പിറവം മാമലകവല പുളിക്കായത്ത് ജിത്തു പറയുന്നത്.

പിറവത്തെ കടകളിലൂടെ മാത്രം ജിത്തു ഉൽപാദിപ്പിക്കുന്ന കൂൺ വിറ്റുപോകുന്നതായി അദ്ദേഹം പറഞ്ഞു. ബിഎസ്‌സി, എംഎസ്ഡബ്ല്യു ബിരുദധാരിയായ ജിത്തു ആറു വർഷമായി കാർഷികരംഗത്തുണ്ട്.

ചുരുങ്ങിയ സ്ഥലത്തു വലിയ വിജയം നേടാനാവുന്നുവെന്നതിനാൽ കൂൺ കൃഷിക്ക് ആവശ്യകത വർധിച്ചതായി വിഎഫ്പിസികെ അധികൃതരും പറഞ്ഞു.‌