Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഞണ്ടുകളുടെ നാട്ടിൽ മുൻ പഞ്ചായത്തംഗം

ഞണ്ടുകൃഷിയിലൂടെ ലാഭമുണ്ടാക്കാനാവുമെന്നു തെളിയിച്ചു മുൻ പഞ്ചായത്തംഗം സലീം വാഹീദ്. കഠിനംകുളം കായൽത്തീരത്ത് വടക്കേവിളയിലെ കായൽവെട്ട് വാടകയ്ക്കെടുത്താണ് ഏതാണ്ട് ഒരേക്കറിൽ സലീം വാഹീദ് ഞണ്ടുകൃഷി നടത്തുന്നത്. ഇപ്പോൾ രണ്ടു കിലോ ഗ്രാം മുതൽ ഒരു കിലോ ഗ്രാം വരെ തൂക്കം വരുന്ന ഞണ്ടുകൾ സലീമിന്റെ കൃഷിസ്ഥലത്തുണ്ട്.

ഞണ്ടിന്റെ ഗുണനിലവാരമനുസരിച്ചു കിലോഗ്രാമിന് 1200 രൂപ മുതൽ 900 രൂപ വരെ ലഭിക്കുമെന്നു പറയുന്നു. പഞ്ചനക്ഷത്ര ഹോട്ടലുകൾ അടക്കമുള്ള വൻ ഹോട്ടലുകളിലേക്കും മദ്യശാലകളിലേക്കുമാണ് ‍ഞണ്ടുകളെ വിൽക്കുന്നത്. കൂടാതെ, വിദേശത്തേക്ക് കയറ്റി അയയ്ക്കാനും ഞണ്ട് വാങ്ങാനായി ആളെത്തുമെന്നാണു സലീം വാഹീദ് പറയുന്നത്.

കഠിനംകുളം കായലിൽ വളരുന്ന ഞണ്ടുകളുടെ കുഞ്ഞുങ്ങളെ ശേഖരിച്ച്, അവയിൽ നല്ലതു തിരഞ്ഞെടുത്തു വളർത്തുകയാണ് ചെയ്യുന്നത്. മത്സ്യാവശിഷ്ടങ്ങളും ഇറച്ചിയുടെ അവശിഷ്ടങ്ങളുമാണു ഞണ്ടുകൾക്കു ഭക്ഷണമായി നൽകുന്നത്. എട്ടുമാസം മുതൽ ഒരു വർഷം കൊണ്ടാണു ഞണ്ടുകൾ പൂർണവളർച്ചയെത്തുന്നതെന്നു സലീം പറയുന്നു. 

ഞണ്ടിനോടൊപ്പം കരിമീൻ, കണമ്പ്, കാരക്കൊഞ്ച് ഇനത്തിൽപെട്ട മത്സ്യങ്ങളെയും വളർത്തുന്നുണ്ട്. ഫിഷറീസ് വകുപ്പിന്റെ സഹായം ഉണ്ടായാൽ ‍ഞണ്ടുകൃഷി വിജകരമായി നടത്താമെന്നാണ് ഒറ്റപ്പന സ്വദേശിയും കഠിനംകുളം ഗ്രാമപ‍ഞ്ചായത്തിൽ പുതുക്കുറിച്ചിയുടെ മുൻ വാർഡ് അംഗവുമായിരുന്ന സലീം വാഹീദ് പറയുന്നത്.