Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കീശ നിറയ്ക്കും ആശയങ്ങളുമായി സഞ്ജയും പ്രദീപും

1Karshakasree-Aravind-Venugopal-(4) ഗ്രോബാഗുകൾ ക്രമീകരിച്ചിരിക്കുന്ന ഇൻറലിജൻറ് കിച്ചൺ ഗാർഡന് അരികിൽ സഞ്ജയും പ്രദീപ് കുമാറും. ചിത്രങ്ങൾ: അരവിന്ദ് വേണുഗോപാൽ

സഞ്ജയും പ്രദീപും അടുത്ത കാലംവരെ സുഹൃത്തുക്കളോ എന്തിന്, പരിചിതരോ പോലുമായിരുന്നില്ല. ആകസ്മികമെന്നു പറയാം, ഇരുവരും സഞ്ചരിച്ചിരുന്നതു പക്ഷേ സമാന്തര പാതകളിൽ. ആലോചിച്ചിരുന്നത് ഒരേ ആശയങ്ങൾ. വാഹന വ്യവസായരംഗത്തെ മികച്ച ഉദ്യോഗം ഉപേക്ഷിച്ച് ഒരാൾ ഇരവിപേരൂരിലും ഇൻഷുറൻസ് മേഖലയിലെ ഉദ്യോഗം വിട്ട് മറ്റേയാൾ കോന്നിയിലും ഡെയറി ഫാം തുടങ്ങുന്നത് ഒരേ സമയത്ത്. ബയോഗ്യാസ് പ്ലാന്റിൽനിന്നുള്ള ചാണകസ്ലറി പാഴായിപ്പോകുന്നതു കണ്ട് അതെങ്ങനെ പ്രയോജനപ്പെടുത്താം എന്നു സഞ്ജയ് ചിന്തിക്കുന്ന നാളുകളിൽ തന്നെയാണ് ചാണകവും ഗോമൂത്രവും ലാഭകരമായി വിറ്റഴിക്കുന്നതിനെക്കുറിച്ച് പ്രദീപും തലപുകയ്ക്കുന്നത്. ഇരുവരും ഒടുവിൽ ഒരു വഴിയിൽ സന്ധിച്ചു. തുടർന്നുള്ള ആശയങ്ങളും സംരംഭങ്ങളും ഒരുമിച്ച്. എന്നാൽ സിനിമയിലെ ഇരട്ട സംവിധായകരെപ്പോലെ കൃഷിയിലെ ഇരട്ട സംരംഭകരല്ല ഇവർ. ഒരേ ഉൽപന്നവുമായി ഒരേ വിപണിയിൽ പരസ്പരം മൽസരിക്കുന്ന അപൂർവ സുഹൃത്തുക്കളാണ് തങ്ങളെന്ന് സഞ്ജയും പ്രദീപും പറയുന്നു.  

3Karshakasree-Aravind-Venugopal-(6) സ്പൗട്ട് ആൻഡ് സീൽ പായ്ക്കറ്റിൽ വിപണിയിലെത്തുന്ന ചാണകസ്ലറിയും ഗോമൂത്രവും

പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂർ പുത്തൻപുരയിൽ സന്തോഷ് ഭവനിൽ സഞ്ജയും കോന്നി കുളത്തുമൺ തിരുനീലമണ്ണിൽ പ്രദീപും മികച്ച ശമ്പളമുള്ള ജോലിയുപേക്ഷിച്ച് പശുവളർത്തലിനിറങ്ങുന്നത് കൃഷിയോടുള്ള ഇഷ്ടംകൊണ്ടു മാത്രമല്ല, ഈ മേഖലയിൽ ഉയർന്നുവരുന്ന സംരംഭസാധ്യതകൾ തിരിച്ചറിഞ്ഞിട്ടു കൂടിയാണ്. അതുകൊണ്ടുതന്നെ പാരമ്പര്യരീതിയിൽ ഒതുങ്ങരുതെന്ന് നിർബന്ധമുണ്ടായിരുന്നു രണ്ടുപേർക്കും. ആധുനികവും ആകർഷകവുമായ പായ്ക്കിങ്ങിൽ ചാണകസ്ലറിയും ഗോമൂത്രവും വിപണിയിലെത്തിക്കുന്നത് അങ്ങനെ മേൽപ്പറഞ്ഞ രണ്ട് ഉൽപന്നങ്ങളുമായി കാർഷിക പ്രദർശനങ്ങളിൽ പങ്കെടുത്ത അനുഭവത്തിൽനിന്ന് മൂന്നാമത്തെ ഉൽപന്നം പിറന്നു;  കുറഞ്ഞ സ്ഥലത്ത് കൂടുതൽ കൃഷി സാധ്യമാക്കുന്ന ഇന്റലിജന്റ് കിച്ചൺ ഗാർഡൻ. നഗരങ്ങളിലും ഫ്ലാറ്റുകളിലുമെല്ലാം പരിമിതമായ സ്ഥലവും സമയവും ഉപയോഗിച്ച് അടുക്കളത്തോട്ടം ഒരുക്കുന്നവർക്ക് കൃഷി അനായാസമാക്കാനുള്ള  ഉൽപാദനോപാധികളാണ് മൂന്നും.‘ഗ്രീൻ കൈരളി’  ബ്രാൻഡിൽ സഞ്ജയും ‘നമസ്തേ കേരള’  ബ്രാൻഡിൽ പ്രദീപും വിപണിയിലെത്തിക്കുന്ന ഉൽപന്നങ്ങൾ മറ്റു കർഷകർക്കു പകർന്നു നൽകുന്നത് രണ്ടു സന്ദേശങ്ങളാണ്; കാലത്തിനനുസരിച്ച് കാർഷിക സംരംഭങ്ങൾ മാറേണ്ടതുണ്ടെന്നും  സ്വന്തം അനുഭവ പരിസരങ്ങളിൽനിന്ന് കർഷകൻ നേടുന്ന ഉൾക്കാഴ്ചകൾക്ക് മികച്ച വിപണനമൂല്യമുണ്ടെന്നും.

വരുമാനത്തിന്റെ പുതുവഴികൾ‘‘പശുവളർത്തലുകാർ പാലുൽപാദനത്തിലും അതിൽനിന്നുള്ള ലാഭത്തിലുമാണ് എപ്പോഴും ശ്രദ്ധവയ്ക്കുക. വർഷത്തിൽ ഒന്നോ രണ്ടോ തവണ ലഭിക്കുന്ന ചെറിയൊരു ‘ബോണസ്’ മാത്രമായാണ് ചാണകവിൽപനയെ ചെറുകിട ക്ഷീരകർഷകരെല്ലാം കാണുന്നത്. എന്നാൽ അഞ്ചോ പത്തോ പശുക്കളുള്ള ഫാമിൽനിന്നുപോലും ചാണകവും മൂത്രവും വർഷം മുഴുവൻ വിപണിയിലെത്തിച്ച് പാലിനൊപ്പമോ അതിലേറെയോ വരുമാനം സ്്ഥിരമായി നേടാൻ കഴിയും. അതിനു പക്ഷേ പുതിയൊരു വിപണിയും വിപണനശൈലിയും സൃഷ്ടിക്കണം. പാഴായി പ്പോകുകയും പരിസരം മലിനപ്പെടുത്തുകയും ചെയ്തിരുന്ന ചാണകസ്ലറിയും ഗോമൂത്രവും സ്പൗട്ട് ആൻഡ് സീൽ പായ്ക്കിങ്ങിൽ വിപണിയിലെത്തിച്ചതിലൂടെ ലക്ഷ്യമിട്ടത് ഈ വഴിക്കുള്ള മാറ്റമാണ്’’, സഞ്ജയ് പറയുന്നു. 

കൈകാര്യം ചെയ്യാൻ എളുപ്പമാണെന്നുള്ളതാണല്ലോ പ്ലാസ്റ്റിക് പായ്ക്കിങ്ങുകളുടെ സവിശേഷത. എന്നാൽ ഒരിക്കൽ പൊട്ടിച്ചാൽ പിന്നെ സീലിങ് മെഷീനില്ലെങ്കിൽ സീൽ ചെയ്തു വയ്ക്കുക എളുപ്പമല്ല. അതല്ലെങ്കിൽ തീയിൽ ഉരുക്കി സീൽ ചെയ്യണം. ആവശ്യാനുസരണം അടയ്ക്കുകയും തുറക്കുകയും ചെയ്യാവുന്ന അടപ്പോടു കൂടിയ സ്പൗട്ട് ആൻഡ് സിൽ പായ്ക്കിങ്  സൗകര്യപ്രദമാകുന്നത് ഈ സാഹചര്യത്തിലാണ്. എന്നാൽ ഇതിനു ചെലവഴിച്ച സമയവും പണവും ചില്ലറയല്ലെന്നു പ്രദീപ്. വലിയ പ്ലാസ്റ്റിക് കൂടുകൾ ഈ രീതിയിൽ സീൽ ചെയ്തു നല്‍കുന്ന ഫാക്ടറികൾ തേടി നടന്നെങ്കിലും എവിടെയും കണ്ടെത്തിയില്ല.  ഒടുവിൽ തങ്ങളുടെ ആശയത്തിനു ചേർന്ന യന്ത്രം സാങ്കേതിക വിദഗ്ധന്റെ സഹായത്തോടെ രൂപപ്പെടുത്തി. 

2Karshakasree-Aravind-Venugopal-(10) ചുരുക്കി വച്ചിരിക്കുന്ന ഇൻറലിജൻറ് കിച്ചൺ ഗാർഡൻ.

രണ്ടര ലീറ്റർ പായ്ക്കറ്റുകളിൽ, ഒാരോന്നിനും നൂറു രൂപ വിലയിട്ട് സ്ലറിയും ഗോമൂത്രവും വിപണിയിലെത്തിയപ്പോൾ ആളുകളതു വാങ്ങി, പൊതിയാതെ തന്നെ കയ്യിലെടുത്തു പോകാൻ  കാരണം പായ്ക്കിങ് മികവാണെന്ന് സഞ്ജയ്. ‘‘ പായ്ക്കിങ്ങാണ് ണ് ആദ്യത്തെ വിജയഘടകം. വിപണിയില്‍ നമ്മുടെ പല കാർഷികോൽപന്നങ്ങളുടെയും  പരിമിതി അവ  ഉപഭോക്താവിനു സ്വീകാര്യമായ രീതിയിൽ അവതരിപ്പിക്കപ്പെടാത്തതാണ്.’’ സഞ്ജയിന്റെ വാക്കുകൾ. 

  

ഗോമൂത്രവും സ്ലറിയുമായി കാർഷിക പ്രദർശനങ്ങൾക്കെത്തിയപ്പോഴാണ് ഇന്റലിജന്റ് കിച്ചൺ ഗാർഡൻ എന്ന ആശയം ലഭിക്കുന്നത്. കൃഷി ചെയ്യാൻ ഇഷ്ടമാണ് പക്ഷേ സമയമില്ല എന്ന് പരിതപിക്കുന്നവർക്ക് മറുപടിയാണ് അടുക്കളയിലേക്ക് ആവശ്യമുള്ള പച്ചക്കറികൾ അഞ്ചടി വിസ്തൃതിക്കുള്ളിൽ അനായാസം കൃഷി ചെയ്യാവുന്ന ഇന്റലിജന്റ് കിച്ചൺ ഗാർഡൻ.

മൂന്നു തട്ടുകളിലായി പതിന്നാലു വലിയ ഗ്രോബാഗുകൾ തുള്ളിനനസൗകര്യത്തോടെ ക്രമീകരിക്കാവുന്ന ഈ റെഡിമെയ്ഡ് കൃഷിയിടം കുട്ടികൾക്കുപോലും അനായാസം എടുത്തുപൊക്കുകയും അഴിച്ചു ഘടകങ്ങളാക്കി എവിടെ വേണമെങ്കിലും മാറ്റി സ്ഥാപിക്കുകയും ചെയ്യാം. ഇതില്‍ വിത്തു മുളപ്പിക്കാനുള്ള ട്രേ, ചെറിയ പണിയായുധങ്ങൾ, വളം എന്നിവയെല്ലാം സൂക്ഷിക്കാനുള്ള സൗകര്യവുമുണ്ട്. വില 5950 രൂപ. ഇന്റലിജന്റ് കിച്ചൺ ഗാർഡന് പേറ്റന്റും േനടി  ഈ യുവകര്‍ഷകര്‍.ഗോമൂത്രവും ചാണകസ്ലറിയും പതിവു കൃഷിക്കാർക്കുള്ളതാണെങ്കിൽ പുതിയ കൃഷിക്കാരെ സൃഷ്ടിക്കാനുള്ളതാണ് തങ്ങളുെട ഇന്റലിജന്റ് കിച്ചൺ ഗാർഡനെന്ന്  ഇരുവരും പറയുന്നു. കൃഷി ചെയ്യാൻ സമയമില്ലാതെ മടിച്ചു നിൽക്കുന്നവരെ ഇന്റലിജന്റ് കിച്ചൺ ഗാർഡനിലൂടെ കൃഷിക്കാരാക്കി മാറ്റുക, അവർക്ക് കൃഷി കൂടുതൽ അനായാസമാകാൻ സൗകര്യപ്രദമായ പായ്ക്കിങ്ങിൽ  ഗോമൂത്രവും സ്ലറിയും ലഭ്യമാക്കുക; ന്യൂജെൻ കൃഷിയുടെയും വിപണിയുടെയും വഴികൾ ഇങ്ങനെയാണെന്നും ഇങ്ങനെ ആയാലേ കൃഷി നിലനിൽക്കൂവെന്നും ഈ യുവാക്കള്‍ ഉറപ്പിച്ചു പറയുന്നു.

ഫോൺ: 9061228130 (സഞ്ജയ്), 

9745285616 (പ്രദീപ്)