Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡെയറി ഫാം; അലോഷിയുടെ ആദായ രഹസ്യം

new-trends-dairy-farm

പാൽ വരുമാനവും പശുക്കിടാങ്ങൾ സമ്പാദ്യവുമായി മാറിയ ഡെയറിഫാം. ഒരു പശുവിനെ വളർത്തിയായിരുന്നു തൊടുപുഴ കുടയത്തൂരിലെ പൊന്നാംമറ്റത്തിൽ അലോഷിയുെട തുടക്കം. പിന്നീട് രണ്ടു തവണയായി ആകെ 17 പശുക്കളെ  വാങ്ങി. എന്നാൽ ഇന്ന് 51 പശുക്കളും സംസ്ഥാനത്തെ മികച്ച ഡെയറി ഫാമിനുള്ള അവാർഡും ഈ തൊഴുത്തിലുണ്ട്. പതിനേഴ് പശുക്കളെ മാത്രം  വാങ്ങി മൂന്നിരട്ടി പശുക്കളെ സ്വന്തമാക്കിയ സാമർഥ്യമാണ്  കുടയത്തൂരിലെ ഈ തൊഴുത്തിനു സംസ്ഥാന അവാർഡിന്റെ തിളക്കം സമ്മാനിച്ചത്. ബാക്കി പശുക്കളെല്ലാം ഇവിടെ ജനിച്ചു വളർന്നവതന്നെ. അന്യതൊഴുത്തുകളിലേക്കു പറിച്ചുമാറ്റപ്പെടുന്നതിന്റെ വേദന അറിയാത്ത ഇവ തന്നെയാണ് ഈ ഫാമിന്റെ ഐശ്വര്യവും.

dairy-farm2

വാണിജ്യാടിസ്ഥാനത്തിലുള്ള പല ഡെയറിഫാമുകളും ലോഡ്ജുകൾപോലെയാണ്. സ്വദേശികളും പരദേശികളുമായ പല പശുക്കൾ അവിടെയെത്തും, കറവക്കാലം കഴിയുന്നതോെടഅവ അപ്രത്യക്ഷമാകും. എന്നാൽ അലോഷിയുെട തൊഴുത്താകട്ടെ ഒരു കൂട്ടുകുടുംബത്തിന്റെ തറവാട് പോലെ.  മുത്തശ്ശിയും അമ്മയും കൊച്ചുമകളുമൊക്കെയായി അ വിടെ അംഗങ്ങൾ വർധിച്ചുകൊണ്ടിരിക്കുകയാണ്. നൂറ് പശുക്കളുള്ള വലിയൊരു തറവാടാക്കി ഇതിനെ വളർത്തുകയെന്ന വലിയ സ്വപ്നവുമായാണ് ഈ ദമ്പതികൾ പ്രവർത്തിക്കുന്നത്.

എംഎ സോഷ്യോളജിക്കാരനായ അലോഷി എണ്ണക്കമ്പനിയിലെ ജോലിയും പിന്നീട്  ഡീലർഷിപ്പുമൊക്കെയായി സന്തോഷത്തോെട കഴിയുമ്പോഴാണ് സ്വന്തം വീട്ടിൽ നിന്നൊരു പശുവിനെ കൊണ്ടുവരുന്ന കാര്യം ഭാര്യ ആശ പറഞ്ഞത്. പശു വന്നു, ആവശ്യം കഴിഞ്ഞുള്ള പത്തു ലീറ്ററോളം പാൽ സംഘത്തിൽ അളന്നുതുടങ്ങിയപ്പോഴാണ് അലോഷിയുെട ബിസിനസ് കണ്ണുകൾ പാൽവിൽപനയുെട കണക്കിലുടക്കിയത്– ഒരു പശുവിൽനിന്ന് ഇത്രയും വരുമാനമോ. കൊള്ളാമല്ലോ?  ഏഴു പശുക്കളെ കൂടി വാങ്ങി വളർത്തിയാൽ കാര്യമായ അധികച്ചെലവില്ലാതെ ഏഴിരട്ടി സ്ഥിരവരുമാനം കിട്ടുമെന്ന ചിന്ത അലോഷിയെ ആവേശഭരിതനാക്കി.  ഇംഗ്ലിഷ് ബിരുദാനന്തരബിരുദധാരിയായ ആശ അധ്യാപികജോലിയുപേക്ഷിച്ച് തൊഴുത്തിൽ കയറി അലോഷിക്ക് കട്ട സപ്പോർട്ട് പ്രഖ്യാപിച്ചു.

അധികവരുമാനം രുചിച്ചതോെട വർഷം മുഴുവൻ പാൽവിൽക്കാനുള്ള ആവേശത്തിൽ അടുത്ത വർഷം പത്തു പശുക്കളെ കൂടി വാങ്ങി. തൊഴുത്തിലെ ആദ്യജാതർ അമ്മമാരായി തുടങ്ങിയതോടെ പശുവിനെ വാങ്ങുന്ന പരിപാടി അവസാനിപ്പിച്ചു. സാഹചര്യങ്ങളോടും ഭക്ഷണക്രമത്തോടും കാലാവ സ്ഥയോടുമൊക്കെ പൂർണമായി ഇണങ്ങി യ കിടാരികളുള്ളപ്പോൾ പരദേശിപശുക്കളെ പരിഗണിക്കുകയേ വേണ്ടെന്നായി തീരുമാനം. പലതായിരുന്നു ഈ തീരുമാനത്തിന്റെ മെച്ചം. പശുക്കിടാവിനെ വളർത്തി ഉൽപാദനത്തിലെത്തിക്കുന്നതിനു വിപണിവിലയേക്കാൾ തുക ചെലവാക്കേണ്ടിവരാറുണ്ട്. എന്നാൽ ഇത്രയും തുക ഒരുമിച്ചു കണ്ടെത്തേണ്ടതില്ലെന്നാണ് ഈ രീതിയുടെ മെച്ചം. മാത്രമല്ല രോഗമകന്നു, ഉരുക്കളുെട ആരോഗ്യവും അതുവഴി ഉൽപാദനക്ഷമതയും വർധിച്ചു.

ഈ തൊഴുത്തിലുണ്ടാകുന്ന കിടാങ്ങളിൽ ഭൂരിപക്ഷവും പശുക്കിടാങ്ങളാണെന്ന് അലോഷി പറയുന്നു– നാലു കിടാങ്ങളുണ്ടായാൽ മൂന്നും പശുക്കിടാങ്ങളായിരിക്കും. ഈ നേട്ടത്തിന്റെ കരുത്തിലാണ് 33 പശുക്കളെ അഞ്ചുവർഷത്തിനുള്ളിൽ വളർത്തിയെടുക്കാൻ സാധിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

dairy-farm1

പ്രാർഥനയെന്നോ ദൈവാനുഗ്രഹമെന്നോ വിളിക്കുന്നതിനപ്പുറം ഇതിനു പിന്നിൽ പ്രത്യേക രഹസ്യമൊന്നുമില്ലെന്ന് അലോഷി പറഞ്ഞു. പശുക്കിടാവിനെ ഉറപ്പാക്കുന്ന ബീജം കേരളത്തിലുമെത്തിയിട്ടുണ്ടെങ്കിലും അലോഷി ഇതുവരെ പരീക്ഷിച്ചിട്ടില്ല. അല്ലാതെ തന്നെ വേണ്ടത്ര പശുക്കിടാങ്ങൾ ഇവിെട ഉണ്ടാകുന്ന സാഹചര്യത്തിൽ എന്തിനു പണം പാഴാക്കണം– അലോഷി ചോദിക്കുന്നു. അതേസമയം കെഎൽഡി ബോർഡിന്റെ ഉൽപാദനക്ഷമത കൂടിയ ഇനം ബീജം കുത്തിവയ്പിനായി തെരഞ്ഞെടുക്കാൻ ഇദ്ദേഹം പ്രത്യേകം ശ്രദ്ധിക്കുന്നു.അലോഷിയും ആശയും കൂടിയാണ് തൊഴുത്തിലെ ജോലികളിൽ ഏറിയ പങ്കും പൂർത്തിയാക്കുന്നത്. സഹായത്തിനു രണ്ടുപേർ മാത്രം. യന്ത്രക്കറവയും കൈക്കറവയുമുണ്ട്. അലോഷിയുെട പിതാവ് ജോസഫ് ഉൾപ്പെടെ കുടുംബാംഗങ്ങൾ എല്ലാവരും തൊഴുത്തിലെ ജോലികൾ ഏറ്റെടുക്കുന്നതിനാൽ വേതന ഇനത്തിൽ ചെലവ് കുറവാണ്.

ആശയുടെ സവിശേഷപരിചരണം മൂലമാവണം ഈ തൊഴുത്തിൽ രോഗങ്ങൾ തീരെ കുറവാണെന്ന് അലോഷി അവകാശപ്പെട്ടു. സദാ തൊട്ടും തലോടിയും പരിചരിക്കുന്ന പശുക്കളുെട ചെറിയ മാറ്റങ്ങൾപോലും തിരിച്ചറിയുന്ന ഭാര്യയുെട മികവിനെ അംഗീകരിക്കാൻ അലോഷിക്ക് അശേഷമില്ല മടി. അഥവാ രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടാൽ യോജ്യമായ മരുന്ന് നൽകാനും ഇവർ പഠിച്ചുകഴിഞ്ഞു. തന്മൂലം അപൂർവമായി മാത്രമേ വെറ്ററിനറി ഡോക്ടർമാരുെട സേവനം വേണ്ടിവരാറുള്ളൂ‌. മരുന്നു കുറിക്കാൻ മാത്രമല്ല കുത്തിവയ്ക്കാനും ഇവർക്കു കഴിയും. എന്നാൽ കൃത്രിമബീജസങ്കലനത്തിനു പരിശീലനം ലഭിച്ചവരുെട സേവനം പ്രയോജനപ്പെടുത്തുകയാണ് പതിവ്.

വീടിനു ചുറ്റുമായി മൂന്ന് തൊഴുത്തുകളിലാണ് ഇവർ ഉരുക്കളെ പാർപ്പിച്ചിരിക്കുന്നത്. പിൻഭാഗത്തെ പ്രധാന തൊഴുത്തിൽ കറവയുള്ളവയും ചെനയുള്ളവയും മാത്രം. കിടാരികൾ റബർതോട്ടത്തിലെ തൊഴുത്തിൽ. നിലവിലുള്ള തൊഴുത്തിന്റെശേഷി പൂർണമായി വിനിയോഗിക്കപ്പെട്ട സാഹചര്യത്തിൽ ചാണകമുണക്കാനായി ഉപയോഗിച്ചിരുന്ന ഷെഡ് കൂടി തൊഴുത്താക്കാനുള്ള തീരുമാനത്തിലാണിവർ.

കുറഞ്ഞ ഉൽപാദനച്ചെലവാണ് അ ലോഷിയുെട മറ്റൊരു വിജയരഹസ്യം. സ്വന്തമായി തീറ്റപ്പുൽ കൃഷി ചെയ്യുന്നതുകൊണ്ടും കന്നാര സൗജന്യമായി കിട്ടാൻ സാഹചര്യമുള്ളതുകൊണ്ടും  ക്ഷീരോൽപാദനത്തിലെ തീറ്റച്ചെലവ് ഗണ്യമായി കുറയുന്നു. ആരോഗ്യപരിപാലനത്തിലെ മികവ് ചികത്സാച്ചെലവ് കുറയ്ക്കാനും സഹായിക്കുന്നുണ്ട്.  ഒരു ലീറ്റർ പാൽ വിൽക്കുമ്പോൾ 20 രൂപയോളം ലാഭം കിട്ടുന്നുണ്ടെന്നാണ് അലോഷി പറയുന്നത്. എന്നാൽ എല്ലാ ക്ഷീരകർഷകർക്കും ഇതു സാധ്യമാവില്ലെന്ന് അലോഷി ചൂണ്ടിക്കാട്ടി. പലർക്കും ഇതിന്റെ പകുതിപോലും ലാഭമുണ്ടാവാറില്ല.

വരും വർഷങ്ങളിൽ ചാണകത്തിന്റെ മൂല്യവർധനയും വിപണനവും കൂടി ആരംഭിച്ച് വരുമാനം വർധിപ്പിക്കാനും ഇവർക്ക് പദ്ധതിയുണ്ട്. ഒപ്പംതന്നെ സ്വന്തം ബ്രാൻഡിലുള്ള പാൽവിൽപനയും.

ഫോൺ: 9447718385