Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അധിക വരുമാനമുണ്ടാക്കാൻ ടിഎംആർ സമ്പൂർണ കാലിത്തീറ്റ

cow-farm

(പാലു‍ൽപാദനശേഷിക്ക് ആനുപാതികമായി കാലിത്തീറ്റ, െവെക്കോല്‍,  പച്ചപ്പുല്ല് എന്നിവ കൃത്യമായ അളവിൽ കലർത്തി  നൽകുന്ന രീതിയാണ് ടിഎംആര്‍)

പശുവിനു നൽകുന്ന പരുഷാഹാരവും സാന്ദ്രിതതീറ്റയും ശരീരവളർച്ചയ്ക്കും പാലുൽപാദനത്തിനുമായി പരമാവധി ഉപയോഗിക്കപ്പെടുമ്പോഴാണ് പശുവളർത്തൽ ലാഭകരമാകുന്നത്. സാധാരണയായി കർഷകർ ദിവസവും കറവയ്ക്കു മുൻപ് കാലിത്തീറ്റയും കറവയ്ക്കുശേഷം പരുഷാഹാരവുമാണു നൽകുക. കറവയുടെ തുടക്കകാലത്ത് സാന്ദ്രിതാഹാരത്തിന്റെ അളവ് ദിനംപ്രതി വർധിപ്പിക്കേണ്ടതുണ്ട്. ഇതനുസരിച്ച് പാലിന്റെ അളവും ക്രമമായി വർധിക്കും. തീറ്റയുടെ അളവ് കൂട്ടി കൂടുതൽ പാലുൽപാദിപ്പിക്കാൻ പശുവിനെ പ്രേരിപ്പിക്കുന്ന രീതിയാണിത്. ഇതിനു ചാലഞ്ച് ഫീഡിങ് (Challenge Feeding) എന്നു പറയും.

പ്രസവാനന്തരം 40–45 ദിവസങ്ങൾക്കുള്ളിലാണ് ഏറ്റവും കൂടിയ പാലുൽപാദനം. പിന്നീട് കറവ കുറയുന്നതനുസരിച്ച് തീറ്റ  കുറയ്ക്കാം. അതിനാൽ  സാന്ദ്രിതാഹാര ത്തിന്റെ അളവ്  രണ്ടാഴ്ച കൂടുമ്പോൾ പുതുക്കണം. പാലുൽപാദനം ഉയർന്ന തോതിലെത്തുമ്പോൾ തീറ്റയുടെ അളവ് ഒറ്റയടിക്കു കൂട്ടുന്നത് ലാഭകരമല്ല. കർഷകർക്കാകട്ടെ കാലിത്തീറ്റ, െവെക്കോൽ, പച്ചപ്പുല്ല്, കാടിവെള്ളം, ഭക്ഷണാവശിഷ്ടങ്ങൾ എന്നിവയൊക്കെ കറവപ്പശുക്കൾക്കു സമയക്ലിപ്തതയില്ലാതെ നൽകുന്ന ശീലമാണുള്ളത്. ഈ അശാസ്ത്രീയ തീറ്റക്രമം വഴി പശുക്കളുടെ ദഹന അറയില്‍  മിത്ര സൂക്ഷ്മാണുക്കളുടെ എണ്ണം കുറയുകയും ദഹനം  ശരിയായി നടക്കാതിരിക്കുകയും ചെയ്യും. പോഷകങ്ങൾ ശരീരത്തിനു ലഭിക്കാതെ വരുന്നത്  പശുവിന്റെ പാലുൽപാദനശേഷിയെയും പാലിന്റെ ഗുണത്തെയും ബാധിക്കുന്നു.  പശുക്കളിൽ ദഹനക്കേടും പോഷകക്കുറവും  കാരണം വന്ധ്യതയ്ക്കു  സാധ്യത കൂടുകയും അടുത്ത ഗർഭധാരണം നീളുകയും ചെയ്യും. അശാസ്ത്രീയ തീറ്റക്രമത്തിൽ പശുക്കളുടെ ചാണകം അയഞ്ഞുപോകുകയും ദുർഗന്ധമുണ്ടാകുകയും ചെയ്യും. ഈ പ്രശ്നങ്ങള്‍ക്കെല്ലാമൊരു  പോംവഴിയാണ് ടിഎംആർ(േടാട്ടല്‍ മിക്സ്ഡ് റേഷന്‍) തീറ്റ. ഒരുപിടി തീറ്റയിൽനിന്നു സമ്പൂർണ പോഷകങ്ങൾ ലഭിക്കുന്നു എന്നതാണിതിന്റെ മെച്ചം. 

പാലു‍ൽപാദനശേഷിക്ക് ആനുപാതികമായി കാലിത്തീറ്റ, െവെക്കോല്‍,  പച്ചപ്പുല്ല് എന്നിവ കൃത്യമായ അളവിൽ കലർത്തി  നൽകുന്ന രീതിയാണിത്. വളർത്തുമൃഗങ്ങളുടെ പോഷകപരിപാലനത്തെക്കുറിച്ച് ഗവേഷണം നടത്തുന്ന ബെംഗളൂരുവിലെ National Institute of Animal Nutrition and Physiologyയുടെ (ICAR-NIANP) സാങ്കേതികവിദ്യയനുസരിച്ചുള്ള ടിഎംആർ തീറ്റ സമ്പൂർണ കാലിത്തീറ്റയാണ്. ഇതു കേരളത്തിലെ ഡെയറിഫാമുകളിലും പ്രചാരം നേടിവരുന്നു. ‘വെർട്ടിക്കൽ ഓഗർ ഫീ‍ഡ് മിക്സ്ചർ’ (Vertical Augur Feed Mixture) എന്ന യന്ത്രം ഉപയോഗിച്ചു നിർമിക്കുന്ന ടിഎംആർ തീറ്റ  ഇന്നു നമ്മുടെ വിപണിയിലും സുലഭം. യന്ത്രത്തിന് ഉൽപാദനശേഷിയനുസരിച്ച് മൂന്നു ലക്ഷം മുതൽ പത്തു ലക്ഷം രൂപ വരെ വില വരും. മഞ്ഞച്ചോളം, പിണ്ണാക്ക്, ലവണങ്ങൾ, വിറ്റാമിനുകൾ തുടങ്ങിയ സാന്ദ്രിത തീറ്റകളും െവെക്കോൽ, പച്ചപ്പുല്ല് എന്നീ പരുഷാഹാരങ്ങളും കൃത്യമായി സമന്വയിപ്പിച്ച സമീകൃതാഹാരമാണ് ടിഎംആർ തീറ്റ. പശുവിന് ഈ തീറ്റ നൽകുമ്പോൾ ദഹനപ്രക്രിയ സുഗമമാകും. എല്ലാ പോഷകങ്ങളും ശാരീരികപ്രവർത്തനങ്ങൾക്ക് ആവശ്യമായ രീതിയിലും അളവിലും ലഭിക്കും. ഈ തീറ്റ തിന്നുന്ന പശുക്കളിൽ പാലുൽപാദനം കൂടുന്നതായും പാലിന്റെ ഗുണനിലവാരം മെച്ചപ്പെടുന്നതായും കൊഴുപ്പ് കൂടുന്നതായും ആലപ്പുഴ കൃഷിവിജ്ഞാനകേന്ദ്രം നടത്തിയ പഠനങ്ങളി‍ൽ കണ്ടു. ടിഎംആർ തീറ്റ കഴിക്കുന്ന കാലികൾ പൊതുവേ ആരോഗ്യമുള്ളവയായിരിക്കും. കൂടാതെ, ഇവയുടെ ചാണകം മറ്റു തീറ്റകൾ കഴിക്കുന്ന പശുക്കളുടേതിനെ അപേക്ഷിച്ച് ദുർഗന്ധവും  ജലാംശവും കുറഞ്ഞതുമായിരിക്കും.

യന്ത്രസഹായമില്ലാതെ എല്ലാ കർഷകർക്കും വീട്ടിൽതന്നെ ടിഎംആർ തീറ്റ ഉണ്ടാക്കാം. ഇതിനു വേണ്ട വസ്തുക്കള്‍: ഒരു ഇഞ്ച് നീളത്തിൽ അരിഞ്ഞ പച്ചപ്പുല്ല് (ചാഫ് കട്ടര്‍   അഥവാ പുല്ല് വെട്ടുന്ന യന്ത്രം കൊണ്ട് അരിയാം), ഒരു ഇഞ്ചിൽ താഴെ നീളത്തിൽ മുറിച്ച െവെക്കോല്‍, വിപണിയിൽ കിട്ടുന്ന കാലിത്തീറ്റ (ഗുണനിലവാരമുള്ളത്)തയാറാക്കുന്ന വിധം: പെല്ലറ്റ് രൂപത്തിലുള്ള കാലിത്തീറ്റ വെള്ളം ചേർത്ത് കുതിർത്ത് പൊടിരൂപത്തിലാക്കിയതിനൊപ്പം, മുറിച്ചുവച്ചിരിക്കുന്ന പച്ചപ്പുല്ലും  െവെക്കോലും പട്ടികയിൽ (പേജ് 89) കൊടുത്തിരിക്കുന്ന പ്രകാരം കൂട്ടിയോജിപ്പിച്ച് കറവയ്ക്ക് അനുസൃതമായി നൽകണം. ഈ പട്ടികയിൽ പാലുൽപാദനത്തിന്റെ തോതനുസരിച്ച് പച്ചപ്പുല്ല് സുലഭമായി ലഭിക്കുന്ന സമയത്തെ തീറ്റക്രമം, പച്ചപ്പുല്ല് മിതമായി ലഭിക്കുന്ന സമയത്തെ തീറ്റക്രമം, പച്ചപ്പുല്ല് വിരളമായി ലഭിക്കുന്ന സമയത്തെ തീറ്റക്രമം എന്നിങ്ങനെ തരംതിരിച്ചിരിക്കുന്നു. 

ഓരോ അവസരത്തിലും നൽകേണ്ട കാലിത്തീറ്റ, പച്ചപ്പുല്ല്, െവെക്കോൽ എന്നീ ക്രമത്തിൽ നൽകിയിട്ടുണ്ട്. കർഷകർ പ ട്ടിക സൂക്ഷ്മമായി പഠിച്ച് പച്ചപ്പുല്ലിന്റെ ലഭ്യതയനുസരിച്ച് തീറ്റക്രമം പാലിക്കണം. ഉദാഹരണമായി മേല്‍പട്ടികയനുസരിച്ച് പ്രതിദിനം 12 ലീറ്റർ കറവയുള്ള ഒരു പശുവിന് പച്ചപ്പുല്ല് സുലഭമായ സമയത്തെ തീറ്റക്രമത്തിൽ 3.4 കിലോ കാലിത്തീറ്റ, 35 കിലോ പച്ചപ്പുല്ല്, 3.5 കിലോ െവെക്കോൽ എന്ന തോതിലും പച്ചപ്പുല്ല് മിതമായി ലഭിക്കുന്ന സമയത്തെ തീറ്റക്രമത്തിൽ 5.2 കിലോ കാലിത്തീറ്റ, 20 കിലോ പച്ചപ്പുല്ല്, മൂന്നു കിലോ െവെക്കോൽ എന്ന തോതിലും  പച്ചപ്പുല്ല് വിരളമായി ലഭിക്കുന്ന സമയത്തെ തീറ്റക്രമത്തിൽ 8.6 കിലോ കാലിത്തീറ്റ, രണ്ട് കിലോ പച്ചപ്പുല്ല്, 4.5 കിലോ െവെക്കോൽ എന്നിങ്ങനെയും ഉൾപ്പെടുത്താം. ഒപ്പം വേണ്ടത്ര ശുദ്ധജലവും നൽകണം. കുതിർത്തു വയ്ക്കുന്ന കാലിത്തീറ്റയ്ക്ക് സൂക്ഷിപ്പുഗുണം കുറവായതിനാൽ അതതു ദിവസത്തേക്കുള്ളതുമാത്രം തയാറാക്കി 2–3 തവണയായി നൽകേണ്ടതാണ്. പെല്ലറ്റ് രൂപത്തിലുള്ള കാലിത്തീറ്റ കുതിർക്കുമ്പോൾ അധികം വെള്ളം ഉണ്ടാവാതിരിക്കാൻ ശ്രദ്ധിക്കണം.

കായംകുളത്തെ ആലപ്പുഴ ജില്ലാ കൃഷിവിജ്ഞാനകേന്ദ്രം ബുധനൂർ പഞ്ചായത്തിലെ 10 പശുക്കളിൽ കറവയുടെ ആദ്യഘട്ടത്തിൽ ടിഎംആർ തീറ്റ മൂന്നു മാസം വരെ നൽ‍കി  പഠനം നടത്തുകയുണ്ടായി. ഇതിൽ ടിഎംആർ തീറ്റ നൽകിയ പശുക്കളുടെ പാലിന് 4.6% കൊഴുപ്പ് രേഖപ്പെടുത്തുകയും ഒരു ലീറ്റർ പാലിന് മൂന്നു രൂപ വരെ അധികം വില ലഭിക്കുകയും ചെയ്തു. 12 ലീറ്റർ കറവയുള്ള ഒരു പശുവിൽനിന്ന് കർഷകനു ദിവസം 36 രൂപവരെ അധിക വരുമാനമുണ്ടായതായി കണ്ടു.  സ്ഥിരം നൽകുന്ന പച്ചപ്പുല്ല്, െവെക്കോൽ, കാലിത്തീറ്റ എന്നിവ മാത്രം ഉപയോഗിക്കുന്നതിനാൽ തീറ്റച്ചെലവില്‍വലിയ വര്‍ധനയുണ്ടായില്ല. 

ഡോ. എസ്. രവി, ഡോ. പി. മുരളീധരൻ

വിലാസം: സബ്ജക്റ്റ് മാറ്റർ 

സ്പെഷലിസ്റ്റ്, കെവികെ, കായംകുളം. ഫോൺ: 0479 2449268, 94470 21205