വൻകിട വ്യവസായമാക്കാം പശുപരിപാലനം

1cow-brush
SHARE

ചെറുകിട സംരംഭം എന്നതില്‍നിന്നു പാൽ ഉൽപാദക ഫാക്ടറികൾ എന്ന നിലയ്ക്കുള്ള വൻകിട വ്യവസായമായി പരിണമിക്കുകയാണ് കേരളത്തിലും പശുപരിപാലനം. കോടികൾ മുതൽ മുടക്കി, ഏറ്റവും ആധുനികമായ സാങ്കേതികവിദ്യകളും സൗകര്യങ്ങളും 

പ്രയോജനപ്പെടുത്തി പ്രവർത്തിക്കുന്ന ഡെയറി സംരംഭകർ ഇതാ നമ്മുടെ നാട്ടിലും.

പാലുൽപാദനത്തിൽ സ്വയംപര്യാപ്തതയ്ക്ക് തൊട്ടടുത്ത് എത്തിക്കഴിഞ്ഞു കേരളമെന്ന് സംസ്ഥാന ക്ഷീര വികസന വകുപ്പിന്റെ കണക്കുകൾ പറയുന്നു. നിലവിൽ സംസ്ഥാനത്ത് ദിവസേന ആവശ്യമുള്ളത് 87.46 ലക്ഷം ലീറ്റർ പാൽ. 78.42 ലക്ഷം ലീറ്ററാണ് പ്രതിദിന പാലുൽപാദനം. വയനാട്, ഇടുക്കി, പാലക്കാട് ജില്ലകളാകട്ടെ,  സ്വയംപര്യാപ്തതയും കടന്നു മുന്നേറിക്കൊണ്ടിരിക്കുന്നു. ക്ഷീരകർഷകരുടെ എണ്ണത്തിൽ ഇടിവുണ്ടെങ്കിലും പാലുൽപാദനം ഒാരോ വർഷവും വർധിക്കാൻ കാരണം പുതുസംരംഭകരുടെ കടന്നുവരവു തന്നെ. പരിമിത സാഹചര്യത്തിൽ രണ്ടോ മൂന്നോ പശുക്കളെ വളർത്തുന്നവരുടെ എണ്ണം സമീപകാലത്തു കുറഞ്ഞു. തൽസ്ഥാനത്ത് അത്യാവശ്യം യന്ത്രവൽകൃത സംവിധാനങ്ങളോടെ, ചുരുങ്ങിയത് 15–20 കറവപ്പശുക്കളെ പരിപാലിക്കുന്ന ചെറുകിട വ്യവസായമായി ഡെയറി സംരംഭങ്ങൾ ഉയർന്നുവന്നു. പ്രവാസജീവിതം ഉപേക്ഷിച്ചു വന്നവരും ഉന്നത ബിരുദങ്ങൾ നേടിയ ചെറുപ്പക്കാരും എന്തിന്, വിദ്യാർഥികൾപോലും ആവേശത്തോടെ ഡെയറി വ്യവസായത്തിലിറങ്ങുന്നു.

ഇത്ര മധുരിക്കുമോ

കൈപിടിച്ചവർക്കെല്ലാം കൈനിറയെ വാരിക്കോരി നൽകിയ കാമധേനുവാണ് ഡെയറി ഫാം എന്നല്ല ഇതിനർഥം. തെരുവു സർക്കസിനു മുന്നിലെ ആൾക്കൂട്ടം പോലെയെന്ന് പുതു സംരംഭകരെ വിശേഷിപ്പിച്ചാൽ തെറ്റില്ലതാനും. കുറേപ്പേർ വരുമ്പോൾ കുറേപ്പേർ പോകുന്നു. ഫലത്തിൽ ആൾക്കൂട്ടത്തിന്റെ എണ്ണം എപ്പോഴും സ്ഥിരമായിരിക്കുന്നു. സംരംഭം മതിയാക്കി പോകുന്നവരുടെ എണ്ണത്തിന് ആനുപാതികമായോ അതിൽകൂടുതലോ പേർ ഈ രംഗത്തേക്ക് ആകൃഷ്ടരാവുന്നത് എന്തുകൊണ്ട്? വിപണി ഉറപ്പുള്ള (ഒരുപക്ഷേ ഏക) കാർഷികോൽപന്നമാണ് പാൽ എന്നതുതന്നെ കാരണം. എങ്കിൽപിന്നെ ഏറെപ്പേർ മതിയാക്കി പോകുന്നതിനു കാരണം? കണക്കുകൂട്ടലുകളിൽ വന്ന പിഴവ്. പണം നിക്ഷേപിച്ചാൽ പാൽ പായ്ക്കറ്റ് ചാടി വരുന്ന വെന്‍ഡിങ് മെഷീനല്ല പശു.  ജീവനും ജീവിതവും വൈകാരിക ചോദനകളുമെല്ലാമുള്ള ഒരു ജന്മമാണത്. അതിനെ പരിപാലിക്കാനിറങ്ങുമ്പോൾ സാമാന്യമായ അറിവുകളും അതിശയോക്തി കലർന്ന ലാഭക്കണക്കുകളും ആവരുത് ആധാരം. ശാസ്ത്രീയ ജ്ഞാനം, അനുഭവപരിചയം, യാഥാർഥ്യബോധത്തോടെയുള്ള കണക്കുകൂട്ടല്‍; ഇവ മൂന്നുമാവണം മൂലധനം.

2DairyFarming_Cable-

ചുരുങ്ങിയത് 10–15 ലക്ഷം രൂപ മുടക്കിയാണ് പുതുസംരംഭകരെല്ലാം ഡെയറി ഫാമിലേക്കു വരുന്നത്. കയ്യും നെഞ്ചും പൊള്ളി കരയ്ക്കു കയറുന്നവരിൽ അപൂർവം പേർ മാത്രം പരാജയങ്ങളുടെ പൊരുൾ തേടിപ്പോകും. ഒരുവേള വിജയത്തിലേക്കു മടങ്ങി വരികയും ചെയ്യും. അതെന്തായാലും കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിൽ കേരളത്തിൽ പശുവളർത്തൽ, ഒരു ഗാർഹിക തൊഴിൽ എന്ന മേൽവിലാസം കടന്ന് ചെറുകിട വ്യവസായം എന്ന പദവിയിലേക്കു വളർന്നു എന്നതു ശ്രദ്ധേയമാണ്. പാലുൽപന്ന നിർമാതാക്കൾ ഗുണമേന്മയുള്ള പാൽ ലഭിക്കുന്നതിനായി ബായ്ക്ക് എൻഡ് ഇന്റഗ്രേഷൻ (back-end integration – പിൻസംയോജനം) എന്ന രീതിയിൽ ഡെയറി ഫാം തുടങ്ങുന്നതും കേരളത്തിലിന്ന് അപൂർവമല്ല.

സ്മാർട് ലോകം

ഒാട്ടോമാറ്റിക് ഡ്രിങ്കറും ഫാനും സംഗീതവും റബർമാറ്റും കറവയന്ത്രവും ചാഫ്കട്ടറും ഫാമിന്റെ ഭാഗമാക്കി പശുക്കളുടെയും പണിക്കാരുടെയും ജീവിതം സുഖകരമാക്കാൻ ശ്രദ്ധവയ്ക്കുന്നുണ്ട് പുതുസംരംഭകർ എന്നതു ശരിതന്നെ. എന്നാൽ വ്യവസായ സംരംഭം എന്ന നിലയിൽ സുസ്ഥിര  ലാഭം നേടാനും വൻകിട വ്യവസായമായി വളരാനും അതു പോരാ. കോടികൾ മുതൽമുടക്കുള്ള വ്യവസായമായി പശുപരിപാലനത്തെ സ്വീകരിച്ച സംരംഭകർ വിദേശങ്ങളിലേറെയുണ്ട്. അ കിടിൽ മിൽക്കിങ് ക്ലസ്റ്റർ ഘടിപ്പിക്കാൻപോലും റോബോട്ടിക് യന്ത്രക്കൈകൾ ഉൾ പ്പെടെ, സമ്പൂർണ ഒാട്ടമേഷൻ സാധ്യമായ ഹൈടെക്ഫാമുകൾ. പശുക്കളുടെ ദൈനം ദിന ജീവിതം മുതൽ ജനിതക രഹസ്യങ്ങൾ വരെ ഒറ്റ ക്ലിക്കിൽ ഉള്ളംകയ്യിൽ വച്ചു നൽ കുന്ന സോഫ്റ്റ്്െവയറുകൾ. പിറന്നുവീഴുന്ന പശുക്കുട്ടി രണ്ടു വർഷത്തിനും ശേഷ മുള്ള കടിഞ്ഞൂൽ പ്രസവത്തിൽ എത്ര ലീറ്റർ പാൽ തരുമെന്നു പ്രവചിക്കുന്ന ജിനോം ലാബുകൾ. പാലുൽപാദനവും ആരോഗ്യവുമായി ബന്ധിപ്പിച്ച് ഒാരോ പ്രായത്തിലുമുള്ള പശുവിന്റെയും ഒാരോ നേരത്തയും ഭക്ഷണക്രമത്തെ കടുകിട തെറ്റാതെ കണക്കുകൂട്ടുന്ന ടോട്ടൽ മിക്സഡ് റേഷൻ, ഒാരോ പശുവിന്റെയും മദിചക്രത്തെ സൂക്ഷ്മമായി നിരീക്ഷിച്ചും നിയന്ത്രിച്ചും കൃത്യതയോടെയുള്ള ബീജാധാനം. അകിടുവീക്കംഫാമിനെ തൊടാതിരിക്കാനുള്ള പ്രതിരോധങ്ങൾ, പ്രതിദിന പാലുൽപാദന ശരാശരി സുസ്ഥിരമായി നിലനിർത്താനുള്ള ക ണക്കുകൂട്ടലുകൾ.

5Hawaii-Parlor

ഇതെല്ലാം യൂറോപ്യൻ ചിത്രങ്ങൾ മാ ത്രമാണെന്നു കരുതാൻ വരട്ടെ, ഒാട്ടമേഷൻ അത്ര വരില്ലെങ്കിലും ഇതിനു തൊട്ടടുത്തുവരെ എത്തിയിരിക്കുന്ന ‘പാൽ ഉൽപാദക ഫാക്ടറികൾ’ വിരലിലെണ്ണാനെങ്കിലും നമ്മുടെ നാട്ടിലുമുണ്ട്.  തൊഴിൽ, ചെറുകിട സംരംഭം എന്നീ   ഘട്ടങ്ങള്‍ കടന്ന് വൻകിട വ്യവസായസംരംഭം എന്ന തലത്തിലേക്ക് സംസ്ഥാനത്തെ ഡെയറി മേഖല നീങ്ങുന്നു എന്നതിന്റെ തെളിവാണിത്. അതേസമയം ഡെയറി രംഗം മറ്റേതു വ്യവസായ സംരംഭത്തെക്കാളും സങ്കീർണവും വെല്ലുവിളികൾ നിറഞ്ഞതുമാണ്. അതുകൊണ്ടുതന്നെ മൂലധന നിക്ഷേപം കരുതലോടെയാവണമെന്ന് മേഖലയിലെ വൻകിടക്കാർ ഒാർമിപ്പിക്കുന്നു. 

ഇന്ത്യയിൽ കണ്ണുവച്ച് വിദേശികള്‍

ആഗോള പാലുൽപാദനത്തിന്റെ പതിനേഴു ശതമാനം കയ്യടക്കി ഉൽപാദകരാജ്യങ്ങളിൽ മുൻനിരയിൽ നിൽക്കുന്നു ഇന്ത്യ. പാൽ ഉൽപാദനം വർഷം 3.5 ശതമാനം കണ്ടു വർധിക്കുമ്പോൾ ആവശ്യകത വർഷം അഞ്ചു ശതമാനം വീതം വർധിക്കുന്നു എന്നതും ശ്രദ്ധേയം. പാൽ ഉൽപാദനത്തിൽ കാണിക്കുന്ന ഉൽസാഹം പാലും പാലുൽപന്നങ്ങളും കഴിക്കുന്നതിൽ കാണിച്ചിരുന്നില്ല നമ്മൾ. വർഷം 97 ലീറ്ററാണ് ഇന്ത്യാക്കാരന്റെ ശരാശരിയെങ്കിൽ അമേരിക്കയിലിത് 285 ലീറ്ററും യൂറോപ്പിൽ 281 ലീറ്ററുമാണ്.

സമീപകാലത്തു പക്ഷേ സ്ഥിതി മാറിയിരിക്കുന്നു. ആളോഹരി പാൽ ഉപഭോഗം ഇന്ന് ഇന്ത്യയിൽ 4.5 ശതമാനം എന്ന ശക്തമായ വളർച്ചനിരക്ക് കാണിക്കുന്നു. ഉപഭോഗം പരമാവധിയോട് അടുത്ത മറ്റിട ങ്ങളിൽ ഇത് 1.5 ശതമാനം മാത്രം. ഇന്ത്യയിലെ നാഗരിക സമൂഹം പാൽ ഉൽപന്നങ്ങളോടു കാണിക്കുന്ന വർധിച്ച താൽപര്യം തന്നെ കാരണം. അമുൽ പോലെ അതിശക്തരായ ക്ഷീര സഹകരണ പ്രസ്ഥാനങ്ങളുള്ള ഇന്ത്യയിലേക്ക് ചീസും യോഗർട്ടും ഐസ്ക്രീമും പാനീയങ്ങളും ഉൾപ്പെടെ ഒട്ടേറെ ഉൽപന്നങ്ങളുമായി കടന്നുവരാൻ വിദേശ ഡെയറി വ്യവസായികളെ പ്രേരിപ്പിക്കുന്ന ഘടകങ്ങൾ പലതാണ്.

ഇന്ത്യൻ വിപണിയുടെ വ്യാപ്തി തന്നെ മുഖ്യം. ഒപ്പം  പാൽ സുലഭമായതിനാൽഇന്ത്യയെ  മിൽക് ഹബ് ആക്കി നിലനിർത്തിക്കൊണ്ട് ആഗോളവിപണി  ലക്ഷ്യമിടാമെന്നും ഇവർ കണക്കു കൂട്ടുന്നു. ഇതിന്റെ  ഗുണദോഷങ്ങൾ കാത്തിരുന്നു കാണേണ്ടി വരും. അതെന്തായാലും ഡെയറിയെ വൻകിട വ്യവസായസംരംഭമായി കാണുന്നവർ കേരളത്തിലും ഉയർന്നു വരുന്നത് ഈ മേഖലയിൽ പുതിയ ദിശാബോധം സൃഷ്ടിക്കുമെന്നു തീർച്ച. ഒരുപക്ഷേ അവരുടെ അനുഭവങ്ങളും നിർദേശങ്ങളും ഈ രംഗത്തേക്ക് കണ്ണുമടച്ചു കടന്നുവരുന്നവരുടെ മിഥ്യാധാരണകള്‍ നീക്കാനെങ്കിലും ഉപകരിക്കും.

4DairyFarming

വൻകിട വ്യവസായസംരംഭകർ വൻമൂലധന ബലത്തോടെ ഡി ലാവലും ജിഇഎയും പോലുള്ള ലോകോത്തര കമ്പനികളുടെ സന്നാഹങ്ങൾ ഒരുക്കി നടത്തുന്ന ഡെയറി ഫാം വ്യവസായം തീർച്ചയായും നമുക്കു മാതൃക തന്നെ. എന്നാൽ അതു പോരല്ലോ. സംസ്ഥാനത്തെ കന്നുകാലി സമ്പത്തിന്റെ പാൽ ഉൽപാദനക്ഷമത വർധിപ്പിക്കേണ്ടത് എല്ലാ ക്ഷീരകർഷകരുടെയും ആവശ്യമാണ്. പശുക്കളുടെ ജനിതകമേന്മ വർധിപ്പിക്കാനായി കെഎൽഡി ബോർഡ് കുടപ്പനക്കുന്നിൽ സ്ഥാപിച്ചിരിക്കുന്ന ജിനോമിക് ലാബിന്റെയും സമീകൃത കാലിത്തീറ്റ തയാറാക്കാനായി വെറ്ററിനറി സർവകലാശാല രൂപപ്പെടുത്തിയ ക്ഷീരപ്രഭ മലയാളം സോഫ്റ്റ്്െവയറിന്റെയുമെല്ലാം പ്രയോജനം എന്ന് സാധാരണ കർഷകന്റെ തൊഴുത്തിലെത്തും എന്ന ചോദ്യം പ്രസക്തമാവുന്നത്  ഈ സാഹചര്യത്തിലാണ്. ●

സഹായം, സാങ്കേതികജ്ഞാനം

ഡോ. ദീപക് ചന്ദ്രൻ

ഡെയറി ഫാമുകളിൽ ആധുനികവത്കരണം വൻതോതിൽ നടപ്പാക്കിവരുന്ന കാലമാണിത്. പൂർണമായും കംപ്യൂട്ടർവൽക്കരിച്ച വൻകിട ഹൈടെക് ഡെയറി ഫാമുകള്‍  രാജ്യത്തുണ്ട്. മഹാരാഷ്ട്രയിൽ പുണെയ്ക്കടുത്ത് സാഗ്ലി ജില്ലയിലെ ഡാപോസിലുള്ള ചിറ്റിലെ ഡെയറി ഫാം ഉദാഹരണം. 

അയ്യായിരത്തോളം കറവമാടുകളുള്ള ഈ ഫാമിന്റെ പ്രവർത്തനം പൂർണമായും കംപ്യൂട്ടർ നിയന്ത്രിതം.   കറവമാടുകളുടെ കഴുത്തിൽ പിടിപ്പിച്ചിരിക്കുന്ന ട്രാൻസ്പോണ്ടറിലൂടെ പശുവിന്റെ പ്രായം, ശരീരഭാരം, പാലുൽപാദനം, ആവശ്യമായ തീറ്റയുടെ അളവ് തുടങ്ങിയ വിവരങ്ങൾ കംപ്യൂട്ടറിലെത്തും. തീറ്റപ്പാത്രത്തിനടുത്തേക്കുള്ള പശുക്കളുടെ വരവ് ട്രാൻസ്പോണ്ടറിലൂടെ കംപ്യൂട്ടറിൽ രേഖപ്പെടുത്തും. അവയുടെ ശരീരതൂക്കം, ഉൽപാദനക്ഷമത എന്നിവയ്ക്കനുസരിച്ചുള്ള തീറ്റ (ടോട്ടൽ മിക്സഡ് റേഷൻ സിസ്റ്റം) പശുവിനു ലഭിക്കും. കുടിവെള്ളത്തിനായി ഓട്ടമാറ്റിക് വാട്ടറിങ് സിസ്റ്റം, ചാണകം നീക്കാൻ ഓട്ടമാറ്റിക് ഡങ് സ്ക്രാപ്പിങ് സിസ്റ്റം, കറവയ്ക്കായി മിൽക്കിങ് പാർലർ, മുലക്കാമ്പുകളെ അണുനാശിനി ലായനിയിൽ മുക്കി അകിടുവീക്കം നിയന്ത്രിക്കാനുള്ള ടീറ്റ് ഡിപ്പിങ് എന്നിവയെല്ലാം ഫാമിലുണ്ട്.

വന്‍ മുതൽമുടക്കുള്ള ഇത്തരം ഫാമുകൾ തുടങ്ങാൻ ചെറുകിട സംരംഭകർക്കു കഴിഞ്ഞെന്നു വരില്ല. എന്നാല്‍ ഈ വഴിക്കുള്ള ആദ്യ ചുവടുവയ്പായി അവർക്കു മിനി ഡെയറി ഫാമുകൾ തുടങ്ങാം. മിനി ഡെയറി ഫാമുകളെ പ്രോത്സാഹിപ്പിക്കാൻ ദേശീയ കാർഷിക വികസന ബാങ്ക് വെഞ്ച്വർ കാപ്പിറ്റൽ ഫണ്ടിൽ ഉൾപ്പെടുത്തി  വായ്പ നൽകുന്നുണ്ട്.

പത്തു പശുക്കളെ വളർത്താവുന്ന യൂണിറ്റിന് മൂന്നു ലക്ഷം രൂപയുടെ പദ്ധതിയാണ് വിഭാവനം ചെയ്തിട്ടുള്ളത്. ഇതിൽ പത്തു ശതമാനം ഗുണഭോക്താവിന്റെ വിഹിതമാണ്.  50% പലിശരഹിത വായ്പയും. ജില്ലാതലങ്ങളിലുള്ള സാങ്കേതികസഹായം മൃഗസംരക്ഷണ വകുപ്പ് നൽകി വരുന്നു. പാലുൽപന്ന നിർമാണ യൂണിറ്റ്, ശീതീകരണികൾ, ശീതീകരണി  ഘടിപ്പിച്ച വാഹനങ്ങൾ എന്നിവയ്ക്കായി 15–20 ലക്ഷം വരെ വായ്പ നൽകുന്ന പദ്ധതിയും വെഞ്ച്വർ കാപ്പിറ്റൽ ഫണ്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വായ്പ ലഭിക്കാൻ ഗുണഭോക്താവിനു വരുമാനപരിധി നിശ്ചയിച്ചിട്ടില്ല. വായ്പത്തുക തവണകളായി 6–9 വർഷത്തിനുള്ളിൽ തിരിച്ചടയ്ക്കാൻ അവസരവുമുണ്ട്.

വിലാസം: എം.വി.എസ്.സി. സ്കോളർ, കോളജ് ഓഫ് വെറ്ററിനറി ആൻഡ് അനിമൽ സയൻസസ്, മണ്ണുത്തി

ഫോണ്‍: 9400723398

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AGRI NEWS
SHOW MORE
FROM ONMANORAMA