ഫാം വ്യവസായത്തിലെ കനത്ത വെല്ലുവിളികൾ

08
SHARE

കണ്ണും പൂട്ടി ഇറങ്ങരുത് ഈ രംഗത്തേക്ക്, കാത്തിരിക്കുന്നത് കനത്ത വെല്ലുവിളികൾ’– ഡെയറി ഫാം വ്യവസായത്തിലെ മുൻനിരക്കാരൻ ജോജോ ആന്റണി സംസാരിക്കുന്നു.

‘‘ഇരുപത്തിരണ്ടു വർഷമായി ഈ രംഗത്തെത്തിയിട്ട്. പശുക്കളുടെ എണ്ണം 240ൽ എത്തിയിരുന്നു. ഫാം നവീകരണത്തിന്റെ ഭാഗമായി തൽക്കാലം 180 ആയി കുറച്ചിരിക്കുകയാണ്. ഇക്കഴിഞ്ഞ കാലങ്ങളിലെല്ലാം ഇവിടെ പിറന്ന പശുക്കുട്ടികളെ വളർത്തി വലുതാക്കാൻ ശ്രമിക്കാതെ വിൽക്കുകയായിരുന്നു ഞങ്ങൾ. കാരണമുണ്ട്. പത്തു വർഷം മുമ്പുള്ള കണക്കെടുത്താൽ, ഉയർന്ന ഉൽപാദനമുള്ള പശുവിന് അന്നത്തെ ശരാശരി വില 25,000 രൂപ. ഫാമിൽ പിറന്ന പശുക്കുട്ടി വളർന്ന്, പ്രസവിച്ച് പാലുൽപാദനത്തിൽ എത്തുമ്പോഴേക്കും അന്ന് 40,000രൂപയോളം ചെലവു വരും. ഏതാണു ലാഭം എന്നു വ്യക്തമാണല്ലോ.’’ പറയുന്നതു ജോജോ ആന്റണി.ഫാമിലെ ഒാരോ കാര്യത്തിലുമുണ്ട് ജോജോയ്ക്ക്  ഇത്തരം കണക്കുകൂട്ടലുകൾ. അതുതന്നെയാണ് ഈ ഫാമിന്റെ ലാഭരഹസ്യവും.  

12

പശുവിനെ വാങ്ങുന്നതിനെക്കാൾ  അതിനെ വളർത്തിയെടുക്കുന്ന ചെലവു വളരെക്കൂടുതലായിരുന്നു ഈയിടെവരെ. എന്നാല്‍ ഇപ്പോൾ സ്ഥിതി മാറി, അപ്പോള്‍ ജോജോ നയവും മാറ്റി. മികച്ച എച്ച് എഫ് ഇനത്തിന് ഇന്ന് ശരാശരി 75,000–80,000 രൂപ വില വരും. അതേസമയം, ഒന്നിനെ വളർത്തിയെടുക്കാൻ വരുന്ന ചെലവ് ഏതാണ്ട് 55,000 രൂപ.‘‘നമ്മുടെ കാലാവസ്ഥയോട് ഇണങ്ങി വളർന്നു വരുന്ന, രോഗപ്രതിരോധശേഷി കൂടിയ ഒന്നാന്തരം ഉരുക്കളെ വളർത്തിയെടുക്കാൻ പറ്റിയ അവസരമാണിത്. അതുകൊണ്ടുതന്നെ ഫാമിൽ പിറക്കുന്ന മിടുക്കികളെ ഒന്നിനെയും ഇപ്പോള്‍ കൈവിടാറില്ല’’ ജോജോ പറയുന്നു.

എറണാകുളം ജില്ലയിൽ പെരുമ്പാവൂരിനടുത്ത് കൂവപ്പടി കൂടാലപ്പാട് കൊടുവേലിപ്പടിയിലുള്ള ഗ്രീൻലാൻഡ് ഫാം ഉടമ പറപ്പിള്ളിൽ ജോജോ ആൻറണി, മനേജ്മെന്റ് രംഗത്തെ ഉദ്യോഗം ഉപേക്ഷിച്ച് ഡെയറി രംഗത്തേക്കു വന്നപ്പോഴും മുഖ്യ മൂലധനം മാനേജ്മെന്റ് തന്ത്രങ്ങൾ. ഗ്രീൻലാൻഡ് ഫാമിലിപ്പോൾ കറവയിലുള്ളത് എണ്‍പതിലേറെ പശുക്കൾ. പ്രതിദിന പാലുൽപാദനം. 1200 ലീറ്റർ. 12 പശുക്കളെ ഒരുമിച്ചു കറക്കാവുന്ന ജിഇഎ മിൽക്കിങ് പാർലറുൾപ്പെടെ ഹൈടെക് സംവിധാനങ്ങളുമായി പ്രവർത്തിക്കുന്ന ഈ സ്മാർട് ഫാം നിയന്ത്രിക്കുന്നത് ലക്ഷങ്ങൾ ചെലവിട്ടു വാങ്ങിയ ഡെയറി സോഫ്റ്റ്െവയറുകൾ. 

പശുക്കുട്ടികളെ ഉറപ്പാക്കുന്ന സെക്സ്ഡ് സെമൻ (ലിംഗനിർണയം നടത്തിയ ബീജം) ഉൾപ്പെടെ ഗുണമേന്മയുള്ള ബീജ ശേഖരം (സെമൻ ഫ്ലാസ്ക്), പശുക്കളുടെ മദിചക്രം നിരീക്ഷിച്ച് ഹോർമോൺ പ്രയോഗത്തിലൂടെ എട്ടോ പത്തോ എണ്ണത്തിന്റെ മദി ഏകീകരിച്ച് ഒരുമിച്ചുള്ള ബീജാധാനം, അതുവഴി പശുക്കളുടെ പ്രസവവും പാലുൽപാദനകാലവും കൃത്യമായി നിർണയിച്ച് ഉൽപാദന ശരാശരി സുസ്ഥിരമായി നിലനിർത്തുന്ന രീതി, പിറക്കുന്ന പശുക്കുട്ടികളിൽ 30 കിലോ തൂക്കമുള്ളതിനെ മാത്രം നിലനിർത്തൽ ഇങ്ങനെ പലതുണ്ട് ജോജോയുടെ മാനേജ്മെന്റ് ബുദ്ധിയിൽ.

02

‘‘ഫാം ചെറുതോ വലുതോ, ഹൈടെക്കോ അല്ലാത്തതോ ആവട്ടെ, വളർച്ചയുടെവഴിയിലെ സ്വാഭാവിക നേട്ടങ്ങളായി മാത്രം ഈ സ്മാർട് സംവിധാനങ്ങളെ കണ്ടാൽ മതി, അതൊന്നും ഇല്ലാത്തതുകൊണ്ടല്ല സംരംഭകർ പരാജയപ്പെടുന്നത്. കണക്കുകൂട്ടലുകളിലെ കൃത്യതയിലാണ് കാര്യം.’’ജോജോ തുടരുന്നു, ‘‘നമ്മുടെ നാട്ടിലെശരാശരി ഡെയറി സംരംഭകന്റെ സ്ഥിതി നോക്കാം. പത്തു പശു, ഒന്നിന് ദിവസം 20 ലീറ്റർ പാൽ, രണ്ടുനേരം കൂടി 200 ലീറ്റർ ഉൽപാദനം. ലീറ്ററിന് 35 രൂപ വച്ചു കൂട്ടിയാൽപോലും ദിവസം 7,000 രൂപ വരുമാനം. തീറ്റച്ചെലവ്, പണിക്കൂലി എന്നിവ എല്ലാം  നീക്കിയാലും പകുതി ലാഭം. മോഹിപ്പിക്കുന്ന ഈ കണക്കു കേട്ടാണ് പലരും രംഗത്തെത്തുന്നത്. ഫാം തുടങ്ങുമ്പോൾ ചിത്രം മാറും. പശുക്കൾക്കു പലവിധ ആരോഗ്യപ്രശ്നങ്ങൾ, ഒാർക്കാപ്പുറത്ത് കുെറയെണ്ണം ഒരുമിച്ചു ചെനയായി ഒറ്റയടിക്കു കറവ അവസാനിപ്പിക്കേണ്ടി വരുന്ന സ്ഥിതി, എത്ര കുത്തിവച്ചാലും ചെന പിടിക്കാത്ത സാഹചര്യം, കാലിത്തീറ്റയുടെ വില വർധന... അങ്ങനെ പ്രതിസന്ധികൾ ഒന്നിനു പുറകെ ഒന്നായി എത്തും. പശുക്കളെ വിറ്റും വാങ്ങിയും പിടിച്ചുനിൽക്കാനുള്ള ശ്രമങ്ങളായിരിക്കും പിന്നീടങ്ങോട്ട്.

ഇനി, ഒരു വർഷം ഈ ഫാമിൽ ആറു പശുക്കുട്ടികൾ പിറന്നുവെന്നു കരുതുക. കാണാനഴകുള്ള കിടാവുകളെ വിൽക്കാൻ മനസ്സു വരാതെ, ഗുണമേന്മ നോക്കാതെ ആറിനെയും വളർത്തും. അതു ദിവസം എത്ര ലീറ്റർ പാൽ കുടിക്കുന്നുണ്ടെന്നും അതുവഴി എത്ര നഷ്ടം വരുന്നുണ്ടെന്നും നിശ്ചയമില്ല. ചില ദിവസം കയറഴിഞ്ഞു ചെന്ന് ചുരത്തിയ പാൽ മുഴുവൻ കുടിച്ചെന്നു വരാം. ദഹനക്കേടു വന്ന് ചത്തു പോകാനും സാധ്യതയുണ്ട്. അന്നത്തെ ദിവസത്തെ പാലു പോയി, കിടാവും നഷ്ടം. ഇങ്ങനെ ഒാരോ കാര്യത്തിലുമുണ്ടാവും നോട്ടക്കുറവും പിഴവുകളും. നഷ്ടത്തിലേക്കുള്ള വഴികൾ ഇങ്ങനെ പലതുണ്ട്.   

കണക്കിലെ കണിശത 

‘പശുക്കളെയും ഫാമിന്റെ ദൈനംദിന പ്രവർത്തനങ്ങളെയും സംബന്ധിച്ച കണക്കുകൾ സൂക്ഷിക്കുന്നില്ല എന്നതാണ് ക്ഷീരകർഷകരുടെ മുഖ്യ പോരായ്മ. ചെലവു കുറഞ്ഞതും പോഷകഗുണം കൂടിയതുമായ തീറ്റ കണ്ടെത്തുക, ഒാരോ പശുവിനും ഒാരോ ഉൽപാദനഘട്ടത്തിനും ആനുപാതികമായി എത്ര വീതം നൽകണമെന്നു നിശ്ചയിക്കുക. അതിന്റെ അടിസ്ഥാനത്തിൽ ഒരു ലീറ്റർ പാൽ ഉൽപാദിപ്പിക്കാൻ വരുന്ന ചെലവു കണക്കുകൂട്ടുക. തുടർന്ന്, പാലുൽപാദന ശരാശരി നിശ്ചിത നിലവാരത്തിൽ നിലനിർത്തിക്കൊണ്ടുതന്നെ തീറ്റച്ചെലവ് ഘട്ടംഘട്ടമായി താഴ്ത്തുക. ഫലത്തിൽ, തീറ്റച്ചെലവിലുള്ള നിയന്ത്രണമാണ് ലാഭത്തിലേക്കുള്ള വഴി.’

ഇവിടെയാണ് ഡെയറി സംരംഭത്തിന് അനുബന്ധമായി ജോജോ വളർത്തിയെടുത്ത കാലിത്തീറ്റ ഘടകങ്ങളുടെ (feed  comp–onents) വ്യവസായം കടന്നു വരുന്നത്. ‘‘ഫാം തുടങ്ങിയ കാലം മുതൽ എന്റെ പശുക്കളുടെ ആഹാരം പോഷകസമൃദ്ധമായ വെയ്സ്റ്റ് ആണ്. അയൽ സംസ്ഥാനങ്ങളിലെ വ്യവസായശാലകളിൽനിന്നു വാങ്ങുന്ന ബിയർ വെയ്സ്റ്റ്, സ്റ്റാർച്ച് നീക്കിയ കപ്പ വെയ്സ്റ്റ്, ചോളത്തിന്റെ വെയ്സ്റ്റ് എന്നിവ  മുഖ്യം. ഒപ്പം തേങ്ങാപ്പിണ്ണാക്കുപോലുള്ള അനുബന്ധഘടകങ്ങൾ. ഇവയെല്ലാം കണക്കില്ലാതെ കൊടുക്കുകയല്ല,  ഒാരോന്നിന്റെയും പോഷകഗുണങ്ങൾ കണക്കുകൂട്ടിയുള്ള ടിഎംആർ റേഷൻ സംവിധാനം.’

dairy-farm

വാസ്തവത്തിൽ ടിഎംആർ റേഷനെ ഫാം വ്യവസായത്തിന്റെ നട്ടെല്ല് എന്നു വിശേഷിപ്പിക്കാം’’, ജോജോ പറയുന്നു. വർഷങ്ങൾക്കു മുമ്പ് സ്വന്തം ഫാമിേലക്കാണ് ഇതു വാങ്ങിത്തുടങ്ങിയതെങ്കിൽ ഇന്ന് ഈ മേഖലയിലെ അതികായനായ വ്യവസായി എന്നു ജോജോയെ വിശേഷിപ്പിക്കാം. കേരളത്തിലെ ഒട്ടേറെ ഫാമുകൾ മേൽപ്പറഞ്ഞ കാലിത്തീറ്റ ഘടകങ്ങൾക്കായി ആശ്രയിക്കുന്നത് ജോജോയെ. ഒാരോ ഫാമിലെയും ഉൽപാദനത്തിന് അനുസൃതമായി ടിഎംആർ അനുപാതം നിശ്ചയിക്കുകയും  തയാറാക്കി നൽകുകയും ചെയ്യുന്നു ഈ സംരംഭകൻ.

മലേഷ്യയിൽനിന്നുള്ള ഒരു കത്ത് കയ്യിലെടുത്ത് ജോജോ തുടരുന്നു, ‘‘പാം ഒായിൽ നീക്കിയ ശേഷമുള്ള പിണ്ണാക്ക് പശുവിനു നല്‍കുന്നതിനെക്കുറിച്ചുള്ള പഠനത്തിന്റെ വിവരങ്ങളാണ് ഇതിൽ. ഇതു പശുവിനും കോഴിക്കും തീറ്റയായി പ്രയോജനപ്പെടുത്താം. 15 ശതമാനം പ്രോട്ടീനുണ്ട് അതിൽ. തേങ്ങാപ്പിണ്ണാക്കിൽ ഇതിനെക്കാൾ അൽപം കൂടുതലേയുള്ളൂ.  ഇന്ത്യയിലേക്കിത് ഇറക്കുമതി ചെയ്താൽപോലും തേങ്ങാപ്പിണ്ണാക്കിന്റെ ഇപ്പോഴത്തെ വിലയുെട മൂന്നിലൊന്നേ വരൂ. തീറ്റച്ചെലവ് എത്ര കുറയുമെന്ന് ചിന്തിച്ചു നോക്കൂ...’’ 

അതെ, നിരന്തരമായ ഈ അന്വേഷണബുദ്ധിയും കണിശതയാർന്ന കണക്കുകളുമാണ് ഈ സംരംഭകന്റെ പോക്കറ്റിൽ മാസം ലക്ഷങ്ങൾ നിറയ്ക്കുന്നത്.

ഫോൺ: 9447777174, 0484 2649254

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AGRI NEWS
SHOW MORE
FROM ONMANORAMA