ശാസ്ത്രീയ പന്നിവളർത്തൽ

DSC_8640
SHARE

പന്നിയെ വളർത്തുന്ന എനിക്ക് ഇതിന്റെ ശാസ്ത്രീയ പരിപാലനരീതികൾ അറിയാനാഗ്രഹമുണ്ട്.  പരിശീലനം എവിടെ ലഭിക്കും.

സി.രവീന്ദ്രൻ, പാല.പന്നിക്കൂട് വൃത്തിയായി സൂക്ഷിക്കണം. അണുനാശക മരുന്നുകൾ ഉപയോഗിച്ച് കൂടു നിത്യവും കഴുകുന്നതു നന്ന്. പ്രസവത്തിന് ഒരാഴ്ച മുൻപു പന്നിയെ കുളിപ്പിച്ച് വൃത്തിയാക്കി ശുചിയായ കൂട്ടിൽ ഇടണം. ബാഹ്യപരാദങ്ങളെ അകറ്റുന്നതിലേക്ക് ഈച്ചയെ അകറ്റുന്ന മരുന്ന് ദേഹത്തു തളിക്കണം. ഇതോടൊപ്പം വിരയ്ക്കെതിരെ മരുന്നും നൽകണം. കൂട്ടിനുള്ളിൽ വായുവും വെളിച്ചവും നന്നായി കടക്കത്തക്കവിധം (Cross Ventilation) ശ്രദ്ധിക്കണം. കൂട് ഉണങ്ങി കിടക്കണം. ഇത്രയും കാര്യങ്ങൾ ശ്രദ്ധിച്ചാൽ പന്നികളിലേക്കുള്ള അണുബാധ തടയാനാകും. 

പന്നിയുടെ പ്രസവക്കൂട്ടിൽ 3–4 ഇഞ്ച് കനത്തിൽ തറയിൽ വൈക്കോൽതുണ്ട് ഇട്ടു കൊടുക്കണം. 2 മുതൽ 6 മണിക്കൂറിനുള്ളിൽ പന്നി പ്രസവിക്കും. പ്രസവിക്കുന്ന പന്നിക്കുഞ്ഞുങ്ങൾക്ക് ശ്വാസതടസ്സം ഇല്ലെന്ന് ഉറപ്പാക്കണം. കുഞ്ഞുങ്ങളുടെ ശരീരഭാരം എടുത്ത് രേഖപ്പെടുത്തണം. പൊക്കിൾക്കൊടി ഭാഗത്ത് നൂലിട്ട് കെട്ടി ബാക്കി ഭാഗം മുറിച്ചു കളയണം. അണുക്കൾ കയറാതെ ആ ഭാഗം ടിംചർ അയോഡിൻ പുരട്ടണം. പ്രസവാനന്തരം തള്ളപ്പന്നിക്ക് ചൂടുവെള്ളം കുടിക്കാൻ കൊടുക്കാം.

പ്രസവിച്ച് 12 മണിക്കൂറിനുശേഷം എളുപ്പം ദഹിക്കുന്ന ആഹാരം കൊടുക്കുക. തവിട് ചൂടുവെള്ളത്തിൽ കുഴച്ചു കൊടുക്കുക. ഇതോടൊപ്പം കാൽസ്യം സിറപ്പ് നൽകുന്നതു നന്ന്. പന്നിക്കുഞ്ഞുങ്ങൾക്കു ജനിച്ചയുടനെ ഒരു മില്ലി ഇരുമ്പുസത്തയുടെ കുത്തിവയ്പ് നിർബന്ധമായും നൽകണം. ഇത് വിളർച്ച അകറ്റാൻ അത്യാവശ്യമാണ്. പന്നിക്കുഞ്ഞുങ്ങളെ എട്ടാഴ്ച പ്രായമാകുമ്പോൾ തള്ളയിൽനിന്നു വേർപിരിക്കണം. ആ സമയത്ത് ശരീരതൂക്കം രേഖപ്പെടുത്തണം. പന്നിക്കുഞ്ഞുങ്ങൾക്ക് വിരമരുന്ന് നിശ്ചിത ഇടവേളകളിൽ നൽകണം. കുളമ്പുരോഗത്തിനെതിരെ പ്രതിരോധ കുത്തിവയ്പ് നടത്തി മൂന്നാഴ്ച കഴിയുമ്പോൾ പന്നിപ്പനിക്കുള്ള (Swine fever) പ്രതിരോധ കുത്തിവയ്പു  നൽകണം.

ആൺപന്നികളെ ഒരു വയസ്സിനു ശേഷം ഇണചേർക്കാം. അതുപോലെ 100 കിലോ ശരീരതൂക്കം ആയ പെൺപന്നികളെ മദിലക്ഷണം കണ്ട് 24 മണിക്കൂർ കഴിഞ്ഞ് ആൺപന്നിയെ ഉപയോഗിച്ച് ഇണചേർക്കണം. ഹോട്ടൽ വേസ്റ്റ് മാത്രം  നൽകുന്ന പന്നികളിൽ പോഷകകമ്മി ഉണ്ടാകാതിരിക്കാൻ അമിനോ അമ്ലങ്ങളായ ലൈസിൻ, മെത്തിയോണിൽ, ജീവകം–എ എന്നിവ അടങ്ങിയ ധാതുലവണ മിശ്രിതം കൂടി നൽകണം.

മൃഗസംരക്ഷണ വകുപ്പിന്റെ  മൃഗസംരക്ഷണ പരിശീലനകേന്ദ്രങ്ങളിൽ സൗജന്യ പരിശീലനം ലഭിക്കും. മണ്ണുത്തി പന്നി വളർത്തൽകേന്ദ്രത്തിൽ  അഞ്ചു ദിവസത്തെ പരിശീലന പരിപാടിയിൽ പങ്കെടുക്കുമ്പോൾ 2000 രൂപ കർഷകർ അടയ്ക്കണം. ഇവിടെ ബുക്ക് ചെയ്യുന്നവർക്ക് പന്നിക്കുഞ്ഞുങ്ങളെയും  നൽകും.  വിവരങ്ങൾക്ക് തൃശൂർ, മണ്ണുത്തിയിലെ പന്നി വളർത്തൽകേന്ദ്രവുമായി ബന്ധപ്പെടുക. ഫോൺ: 0487–2374535, 9447735281

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AGRI NEWS
SHOW MORE
FROM ONMANORAMA