ADVERTISEMENT

ബ്രോയിലർ വളർത്തുന്നതുപോലെതന്നെ കേരളത്തിൽ വ്യാപകമായ കോഴികളാണ് സ്പ്രിംഗ് കോഴികൾ. മുട്ടക്കോഴികളുടെ പൂവൻ കോഴികളെ മുട്ടക്കോഴി ഫാമുകളിൽ ഉപയോഗിക്കുന്നില്ല. അത്തരം കോഴിക്കുഞ്ഞുങ്ങളെ ഹാച്ചറികളിൽനിന്നു തന്നെ  ഒഴിവാക്കുകയായിരുന്നു പതിവ്. എന്നാൽ കഴിഞ്ഞ 5 വർഷത്തോളമായി ഇത്തരം കോഴിക്കുഞ്ഞുങ്ങളെ സ്പ്രിംഗ് കോഴികൾ എന്ന രീതിയിൽ കേരളത്തിലും തമിഴ്‌നാട്ടിലും വളർത്തുന്നുണ്ട്.

ഒരു കോഴിക്കുഞ്ഞിന് 2 രൂപയാണ് ഇപ്പോഴത്തെ വിപണിവില. ഒരു രൂപയ്ക്കു ലഭിക്കുന്ന സ്പ്രിംഗ് കോഴിക്കുഞ്ഞുങ്ങളുമുണ്ട്. ആദ്യകാലങ്ങളിൽ ഫ്രീയായി ലഭിച്ചിരുന്ന സ്പ്രിംഗ്  കോഴിക്കുഞ്ഞുങ്ങൾ ഇപ്പോൾ 2 രൂപയിൽ എത്തിനിൽക്കുന്നു. വിപണിയിലെ ആവശ്യകത തന്നെ ഇതിനു കാരണം.

കല്യാണങ്ങൾക്കും മറ്റു പാർട്ടികൾക്കും മുഴുവൻ കോഴി ഉപയോഗിച്ചുള്ള വിഭവങ്ങൾക്കാണ് ഇവ പൊതുവെ ഉപയോഗിക്കുന്നത്. ചിക്കൻ കടകളിൽ ഒരു കോഴിയിൽനിന്ന് 4 കഷണങ്ങൾ എന്ന നിലയിൽ വിൽപന നടത്തുന്നു. 550 ഗ്രാമാണ് സ്പ്രിംഗ് കോഴികളുടെ വിൽപന ഭാരം.

കൂടുതൽ ദിവസം വളർത്തുന്നതിനാൽ സ്വാഭാവിക വളർച്ച കാരണം ഇവയുടെ മാംസത്തിൽ നാരിന്റെ (ഫൈബർ) അളവ് കൂടുതലാണ്.  അതിനാൽ കൂടുതൽ ആവശ്യക്കാരുമുണ്ട്. ഒരു കിലോ സ്പ്രിംഗ് കോഴിക്ക് 90-110 രൂപ വിപണിവില ലഭിക്കും.

ഉൽപാദനച്ചെലവ് കിലോഗ്രാമിന് 40-50 രൂപ വരെ. എങ്കിലും കൂടിയ മരണനിരക്കും, മരുന്നുകളോടുള്ള കുറഞ്ഞ പ്രതികരണ ശേഷിയും പ്രയോഗിക ബുദ്ധിമുട്ടുകളാണ്. 50 ദിവസത്തിനു ശേഷം തീറ്റപരിവർത്തന ശേഷി ഗണ്യമായി കുറയുന്നു. എങ്കിലും സ്ഥിരമായ ഉയർന്ന വിപണിവില ആകർഷകം തന്നെ.

വിപണിയിലെ സ്ഥിരമായ ഉയർന്ന വിലയാണ് സ്പ്രിംഗ് കോഴികളുടെ ആകർഷണത്തിന് മുഖ്യകാരണം. കൂടാതെ കോഴിക്കുഞ്ഞുങ്ങളുടെ വിലയും കുറവാണല്ലോ. ബ്രോയിലറിനേക്കാൾ പകുതി സ്ഥലം മതി വളർത്താൻ. ആയിരം ചതുരശ്ര അടിയുള്ള ഒരു ഫാമിൽ 2000 സ്പ്രിംഗ് കോഴികളെ വളർത്താം.

ഇതിൽ 20 വെള്ളപ്പാത്രവും തീറ്റപാത്രവും സജ്ജീകരിക്കണം. അറുപതു ദിവസം കൊണ്ട് 550-650 ഗ്രാം  വരെ തൂക്കം ലഭിക്കും. ഇതിനു വേണ്ടി 1200- 1400 ഗ്രാം വരെ തീറ്റ നൽകേണ്ടതുണ്ട്. FCR-2 മുകളിൽ വരെ എത്തും.

ആദ്യത്തെ മുപ്പതു ദിവസം സ്റ്റാർട്ടർ തീറ്റയും പിന്നീടുള്ള മുപ്പതു ദിവസം ഫിനിഷേർ തീറ്റയും ആണ് ആദ്യ കാലങ്ങളിൽ നൽകിപ്പൊന്നിരുന്നത്. എന്നാൽ ഇപ്പോൾ മുഴുവനായും സ്റ്റാർട്ടർ തീറ്റ തന്നെ നൽകി പെട്ടെന്ന് വിപണിയിലെത്തിക്കുന്ന രീതിയാണ് കണ്ടു വരുന്നത്.

വാക്‌സിനുകളും മറ്റു ടോണിക്കുകളും ബ്രോയിറിൽ ചെയ്യുന്നതുപോലെത്തന്നെ.

  • ഏഴാം ദിവസം F1/B1/Lasota വാക്‌സിൻ.
  • 14–ാം ദിവസം IBD വാക്‌സിനേഷൻ.
  • 21–ാം ദിവസം Lasota 
  • 28–ാം ദിവസം IBD പ്ലസ്.

ബയോസെക്യൂരിറ്റി

  • 14 ദിവസത്തിലൊരിക്കൽ അണുനാശിനി സ്പ്രേ ചെയ്യുക.
  • കയ്യും കാലുകളും അണുനാശിനി ഉപയോഗിച്ചു കഴുകിയ ശേഷം ഫാമിൽ പ്രവേശിക്കുക.
  • ഫാമുകളിൽ പ്രത്യേക വസ്ത്രവും പാദരക്ഷകളും  ഉപയോഗിക്കുക.
  • ആദ്യത്തെ 5 ദിവസം പ്രോബയോട്ടിക്കുകൾ ഉപയോഗിക്കുന്നത് രോഗപ്രതിരോധ ശേഷി വർധിപ്പിക്കും.
  • കുറഞ്ഞ മുതൽമുടക്കിൽ കോഴിവളർത്താൻ ആഗ്രഹിക്കുന്നവർക്ക് സ്പ്രിംഗ് കോഴികൾ എപ്പോഴും ഒരു ആകർഷണമാണ്.

English summary: Spring chicken farming

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com