Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എരുമ വളർത്തൽ ഇങ്ങനെ

buffalo

മുറ, സുർത്തി എന്നീ മറുനാടൻ ജനുസുകളാണ് കേരളത്തിൽ വളർത്തുന്ന എരുമകളിൽ നല്ല പങ്കും. മുറയാണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ പാലുൽപാദകർ. ഒരു കറവക്കാലത്ത് ഏകദേശം 2500 ലീറ്റര്‍ പാലുൽപാദിപ്പിക്കാൻ മുറയ്ക്കു കഴിയും. എരുമപ്പാലിൽ കൊഴുപ്പും ഖരപദാർഥങ്ങളും പശുവിൻപാലിനേക്കാൾ കൂടുതലടങ്ങിയിട്ടുളളതിനാൽ ഇതു പാലുൽപ്പന്നങ്ങളുണ്ടാക്കാനാണ് കൂടുതലായി ഉപയോഗിക്കുന്നത്. പ്രായമായവർ എരുമപ്പാലും നെയ്യും സേവിക്കുന്നത് എല്ലുകളെയും പേശികളെയും ബലപ്പെടുത്തുമെന്ന് പഴമക്കാർ പറയാറുണ്ട്. എരുമവളർത്തലിന്റെ മറ്റൊരു പ്രധാന ആകർഷണം ഇവയുടെ ഉയർന്ന രോഗപ്രതിരോധശേഷിയാണ്. അകിടുവീക്കം എരുമകളിൽ വളരെ വിരളമായേ കാണാറുളളൂ.

പാർപ്പിടം

കിഴക്കു പടിഞ്ഞാറ് ദിശയിലാവണം എരുമകൾക്കു ഷെഡ് പണിയേണ്ടത്. ഒന്നോ രണ്ടോ എരുമകൾ മാത്രമേയുളളൂവെങ്കിൽ വീടിന്റെ പുറം ഭിത്തിയിൽ നിന്ന് പുറത്തേക്ക് നീട്ടി തൊഴുത്താക്കാം. അധികം ഈർപ്പം തങ്ങിനിൽക്കാത്ത പ്രദേശമായിരിക്കണം. അസ്തിവാരം തറയില്‍നിന്ന് ഒരടിയെങ്കിലും ഉയർന്നിരിക്കണം. മേൽക്കൂര ഓല, ഓട് ആസ്ബസ്റ്റോസ്, ഗാൽവനിക് അയൺ, ടൈൽസ് എന്നിവയിലേതെങ്കിലും കൊണ്ടുളളതാകാം. തറ കോൺക്രീറ്റ് ചെയ്യുന്നതാണ് നല്ലത്. തറയിൽ 40 സെന്റിമീറ്ററിന് ഒരു സെന്റിമീറ്റർ എന്ന അനുപാതത്തിൽ പുറത്തേക്ക് ചരിവിടണം. 30 സെ.മീ വീതിയിൽ അഴുക്കുചാൽ നിർമ്മിക്കണം. പ്രായപൂർത്തിയായ ഒരു എരുമയ്ക്ക് നിൽക്കാൻ ഏകദേശം 4 – 4.5 ചതുരശ്രമീറ്റർ സ്ഥലം ആവശ്യമാണ്. മുൻപിൽ 90 സെന്റിമീറ്റർ വീതിയിൽ പുൽത്തൊട്ടിയുണ്ടായിരിക്കണം. കിടാരികളെയും കുട്ടികളെയും ഷെഡിനുളളിൽ കെട്ടിയിടാതെ സ്വൈരമായി വിഹരിക്കാൻ അനുവദിക്കുകയാണു നല്ലത്. എണ്ണം കൂടുതലുണ്ടെങ്കിൽ ഇവയ്ക്ക് പ്രത്യേകം ഷെഡ് കെട്ടണം. കിടാരിക്ക് നിൽക്കാനായി 3 – 3.5 ചതുരശ്രമീറ്റർ സ്ഥലവുമാണു വേണ്ടത്. കുറെ എരുമകളുണ്ടെങ്കിൽ അവയ്ക്ക് നീന്താനായി ഷെഡ്ഡിൽ നിന്ന് അധികം ദൂരെയല്ലാതെ വെള്ളം നിറച്ച ടാങ്കുകൾ നിർമ്മിക്കാം. തൊഴുത്തും പരിസരങ്ങളും എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. ആഴ്ചയിലൊരിക്കലെങ്കിലും ബ്ലീച്ചിങ് പൗഡർ പോലുളള അണുനാശിനികളുപയോഗിച്ച് ഷെഡ് വൃത്തിയാക്കണം.

ആഹാരക്രമം

പശുക്കളെക്കാളും എരുമകൾക്ക് നന്നായി പരുഷാഹാരം ദഹിപ്പിക്കാനുളള കഴിവുണ്ട്. അതിനാൽ ഗുണമേന്മ കുറഞ്ഞ പുല്ലും കാർഷിക ഉപോൽപന്നങ്ങളായ വാഴയില, കപ്പയില എന്നിവയും നൽകി തീറ്റച്ചെലവു കുറയ്ക്കാം. പ്രായപൂർത്തിയായ എരുമയ്ക്കു ദിവസം ഒരു കിലോ കാലിത്തീറ്റയും 40 – 45 കിലോ പച്ചപ്പുല്ലും കൊടുക്കണം. പുല്ലു കുറവാണെങ്കിൽ 25 കിലോ പുല്ലും അഞ്ചു കിലോ വൈക്കോലും കൊടുക്കാം. കറവയുളളവയ്ക്ക് ഇതിനു പുറമേ ഓരോ രണ്ടു കിലോ പാലിന് ഒരു കിലോ തീറ്റ എന്ന തോതിൽ നൽകണം. ഗർഭിണികൾക്ക് ആറു മാസം മുതൽ 1 – 1.5 കിലോ തീറ്റ കൊടുക്കണം. കിടാരികൾക്ക് അര കിലോ കാലിത്തീറ്റയും 10 കിലോ പച്ചപ്പുല്ലും ഇഷ്ടംപോലെ വൈക്കോലും കൊടുക്കണം. വളരുന്ന പ്രായമായതിനാൽ ഒരു കിലോ കാലിത്തീറ്റകൂടി വേണമെങ്കിൽ നല്‍കാം. എപ്പോഴും ശുദ്ധമായ കുടിവെളളം ലഭ്യമായിരിക്കണം.

പ്രത്യുൽപാദനം

പശുക്കളെക്കാളും വളരെ വൈകി ഏകദേശം രണ്ടര വയസ്സു കഴിയുമ്പോഴാണ് എരുമകൾ പ്രായപൂർത്തിയെത്തുന്നത്. അതുകഴിഞ്ഞ് ക്രമമായ ഇടവേളകളിൽ അവ മദിലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നു. 18 മുതൽ 24 ദിവസംവരെയാണ് എരുമകളിലെ മദിചക്രം. 24 മണിക്കൂർ വരെ മദികാലം നീണ്ടുനിൽക്കുന്നു. എന്നാൽ മിക്കവാറും മദികാലം സന്ധ്യയ്ക്ക് തുടങ്ങി രാത്രി ഉച്ചസ്ഥായിയിലെത്തി രാവിലെ അവസാനിക്കുന്നതായാണ് കണ്ടുവരുന്നത്. ഇതുകാരണം എരുമകളിലെ മദിനിർണയം കുറച്ചു വിഷമകരമാണ്. എന്നാലും ഈറ്റത്തിലെ തടിപ്പ്, ഈറ്റത്തിൽനിന്നുമൊലിക്കുന്ന കൊഴുത്ത സുതാര്യമായ മാച്ച്, പ്രത്യേക തരത്തിലുളള കരച്ചിൽ, ഇടവിട്ടുളള മൂത്രമൊഴിക്കൽ, പാലുൽപാദനത്തിൽ കുറവ്, അസ്വസ്ഥത, മറ്റുളളവയുടെ പുറത്തു ചാടിക്കയറാൻ ശ്രമിക്കൽ എന്നിവ മദിയുടെ ലക്ഷണങ്ങളാണ്. രാവിലെ മദി കാണിക്കുന്ന എരുമകളെ ഉച്ചയ്ക്കുശേഷവും വൈകുന്നേരം കാണിക്കുന്നവയെ പിറ്റേന്നു രാവിലെയുമാണ് കുത്തിവയ്ക്കേണ്ടത്. ബീജാധാനം നടത്തി മൂന്നു മാസമാവുമ്പോൾ ചെന പരിശോധിക്കാം.

എരുമകളിലെ ഗർഭകാലം 310 ദിവസമാണ്. ഗർഭത്തിന്റെ അവസാന രണ്ടുമാസം സമ്പൂർണ വറ്റുകാലം നൽകണം. പ്രസവത്തിന് ഒരു മാസം മുൻപ് വിരമരുന്ന് നൽകുന്നത് നല്ലതാണ്. അതല്ലെങ്കില്‍ പ്രസവം കഴിഞ്ഞ് ആദ്യത്തെ ആഴ്ചയിൽത്തന്നെ കൊടുക്കുക. പ്രസവത്തിന് രണ്ടാഴ്ച മുൻപുതന്നെ എരുമയുടെ അകിട് പാൽനീരു വന്ന് വീർക്കുകയും ഈറ്റം തടിക്കുകയും ചെയ്യും. പ്രസവമടുക്കുമ്പോൾ അവ കൂട്ടത്തിലെ മറ്റുളളവയിൽനിന്നൊഴിഞ്ഞു മാറി നിൽക്കും. ഈറ്റത്തിൽ നിന്നു കൊഴുത്ത മച്ചൊഴുകാനും സാധ്യതയുണ്ട്. പ്രസവത്തിന് 12 – 24 മണിക്കൂർ മുന്‍പ് എരുമകൾ വല്ലാത്ത അസ്വസ്ഥത പ്രകടിപ്പിക്കും.

പ്രസവം കഴിഞ്ഞ് നാലഞ്ച് മണിക്കൂറിനുളളിൽ മറുപിളള വീഴും. എരുമകളില്‍ മിക്കവാറും പ്രസവത്തിന് ബുദ്ധിമുട്ടുണ്ടാകുകയില്ല. എന്നാൽ പ്രസവശേഷം മറുപിളള വീഴാതിരിക്കുന്നതും ഗർഭപാത്രം പുറത്തേക്ക് തളളിവരുന്നതും സാധാരണമാണ്. ഗർഭപാത്രം തളളിവന്നാല്‍ എത്രയും പെട്ടെന്ന് വെറ്ററിനറി ഡോക്ടറുടെ സേവനം ലഭ്യമാക്കേണ്ടതുണ്ട്. വൈകിയാൽ നിർജലീകരണമുണ്ടായി മരണം വരെ സംഭവിക്കാം.

പ്രത്യുൽപാദനക്ഷമത പശുക്കളേക്കാളും വളരെക്കുറവാണ് എരുമകളിൽ സാധാരണ പശുക്കള്‍ വർഷത്തിലൊരിക്കൽ പ്രസവിക്കുമ്പോൾ എരുമകളിൽ രണ്ടു പ്രസവങ്ങൾക്കിടയിലുളള ദൈർഘ്യം രണ്ടോ മൂന്നോ വർഷമാണ്. പ്രസവാനന്തര വന്ധ്യതയാണ് ഇതിനു കാരണം. പ്രസവാനന്തര വന്ധ്യതയ്ക്കു പ്രധാന കാരണം നിശബ്ദമദിയാണ്. മദികാലത്ത് ലക്ഷണങ്ങൾ പുറത്തുകാണിക്കാതിരിക്കുന്നതിനാണ് നിശബ്ദ മദിയെന്നു പറയുന്നത്. പ്രസവശേഷം മൂന്നുമാസത്തിനുളളിൽ മദി കാണിക്കാത്ത എരുമകളെ ഡോക്ടറെക്കൊണ്ടു പരിശോധിപ്പിച്ചു ചികിത്സ നൽകണം. ഗർഭാശയ അണുബാധയും വന്ധ്യതയ്ക്കൊരു കാരണമാണ്. മൂന്നു പ്രാവശ്യം കുത്തിവച്ചിട്ടും ചെന പിടിക്കാത്ത എരുമകളെ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കി ചികിത്സിക്കണം.

കുട്ടികളുടെ പരിപാലനം

കുട്ടികളെ വിട്ടു കുടിപ്പിച്ച് പാലു കറക്കുന്ന രീതിയാണ് നമ്മുടെ നാട്ടിൽ സാധാരണയായി ഉളളത്. യന്ത്രക്കറവ രീതിയോട് എരുമകൾ ഇണങ്ങാത്തതാണ് ഇതിനൊരു കാരണം. കറവയ്ക്കായി എട്ടൊൻപതു മാസം വരെ കുട്ടികൾ തളളയോടൊപ്പം വേണമെന്നതിനാൽ കുട്ടികളുടെ മരണനിരക്ക് കുറയ്ക്കേണ്ടതുണ്ട്. സന്ധിവീക്കം, പൊക്കിൾ വീക്കം, വയറിളക്കം തുടങ്ങിയവ എരുമക്കുട്ടികളെ പെട്ടെന്നു ബാധിക്കുന്നതും മരണത്തിനു കാരണമായേക്കാവുന്നതുമായ രോഗങ്ങളാണ്. ഇവ പിടിപെട്ടാൽ എത്രയും വേഗം ചികിത്സിക്കണം. എരുമക്കുട്ടികളെ വലയ്ക്കുന്ന മറ്റൊരു പ്രശ്നം വിരബാധയാണ്. അവയ്ക്ക് പത്തു ദിവസം മുതൽ രണ്ടാഴ്ച വരെ പ്രായത്തിൽ വിരമരുന്ന് നൽകണം. അതിനുശേഷം മൂന്നുമാസത്തിലൊരിക്കൽ ചാണകം പരിശോധിച്ച് ആവശ്യമെന്നു കണ്ടാൽ മാത്രം വിരയിളക്കിയാൽ മതി.

വിലാസം: വെറ്റിനറി സർജൻ, കോട്ടോപ്പാടം, പാലക്കാട്.
ഫോൺ: 9388251426