Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇനി മൽസ്യവിപ്ലവം; കൂടുകൃഷി സിന്ദാബാദ്

cage-based-aquaculture കടമക്കുടി പഞ്ചായത്തിലെ പിഴല ദ്വീപിൽ നടത്തുന്ന കൂടുമൽസ്യക്കൃഷി ചിത്രം: മനോരമ

വമ്പൻ വിളവു തരുന്ന കൂടുകൃഷിയാണു പുതിയ തരംഗം. കടലിൽ നിന്നുള്ള മൽസ്യങ്ങളുടെ ലഭ്യത കുറഞ്ഞ പശ്ചാത്തലത്തിലാണു എറണാകുളം ജില്ലയിലെ കായലോരങ്ങളിലും ജലാശയങ്ങളിലും കൂടുകൃഷിക്കു പലരും തുടക്കം കുറിച്ചത്.സാമ്പത്തികനേട്ടവും കൂടിയായതോടെ പുതിയ മൽസ്യക്കൃഷി വിപ്ലവത്തിനാണു കായലോരങ്ങളിൽ അരങ്ങൊരുങ്ങിയത്. കൊച്ചിയിലെ കേന്ദ്ര സമുദ്രമൽസ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) വികസിപ്പിച്ച കൂടുമൽസ്യക്ക‍ൃഷിമാതൃക ഓരു ജലാശയങ്ങളിൽ കൂടുതൽ വിജയകരമാണെന്നു കണ്ടെത്തിയതോടെ കൃഷിയിലേക്ക് ഒട്ടേറെ പേരെത്തി. എറണാകുളത്തിനു പുറമേ കേരളത്തിന്റെ മറ്റു പല ഭാഗങ്ങളിലേക്കും കൂടുമൽസ്യക്കൃഷി വ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, തൃശൂർ, കൊല്ലം ജില്ലകളിലും സിഎംഎഫ്ആർഐ യുടെ നേതൃത്വത്തിൽ കൂടുമൽസ്യക്കൃഷി വൻ തോതിൽ നടക്കുന്നു. വയനാട്ടിൽ ശുദ്ധജലാശയത്തിലും കൂടുമൽസ്യക്കൃഷി നടക്കുന്നുണ്ട്.

കരിമീൻ മുതൽ ചെമ്പല്ലിവരെ

വാണിജ്യ പ്രധാന മൽസ്യങ്ങളായ കരിമീൻ, കാളാഞ്ചി, മോത, തിലാപ്പിയ, തിരുത, വറ്റ, ചെമ്പല്ലി എന്നിവയാണു പ്രധാനമായും കൂടുകളിൽ കൃഷി ചെയ്യുന്നത്. ജലാശയങ്ങൾ കൊണ്ടു സമൃദ്ധമായ നമ്മുടെ നാട് കൂടുമൽസ്യക്കൃഷിക്ക് അനുയോജ്യമായ പ്രദേശമാണെങ്കിലും കൂടുമൽസ്യക്കൃഷി വേണ്ട രീതിയിൽ പ്രയോജനപ്പെടുത്താൻ സാധിച്ചിരുന്നില്ല. പരിശീലന പരിപാടികളുമായി സിഎംഎഫ്ആർഐ, എംപിഇഡിഎ തുടങ്ങിയ സ്ഥാപനങ്ങൾ മുന്നോട്ടു വന്നതോടെ കർഷകർക്കിടയിൽ കൂടുമൽസ്യക്കൃഷി വ്യാപിച്ചു. മികച്ച ജീവനോപാധിയായി തെളിയിക്കപ്പെട്ട കൂടുമൽസ്യക്കൃഷിയിലൂടെ ദാരിദ്ര്യ നിർമാർജനം, സ്ത്രീശാക്തീകരണം, മൽസ്യത്തൊഴിലാളികൾക്ക് അധിക വരുമാനം എന്നിവയും സാധ്യമാകുമെന്നാണു പഠനങ്ങൾ വെളിപ്പെടുത്തുന്നത്.

karimeen-fish-green-chromide കരിമീൻ

വിജയഗാഥകൾ ഒട്ടേറെ

എറണാകുളം ജില്ലയിലെ ആദിവാസി ഗോത്രവിഭാഗങ്ങളുടെ ജീവിത നിലവാരം ഉയർത്തുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച കൂടുമൽസ്യക്കൃഷി സംരംഭം വൻവിജയമായിരുന്നു. മരട് നഗരസഭയിലെ തണ്ടാശേരി കോളനിയിലെ കൃഷി വൻവിജയമായിരുന്നു. ആദിവാസി കുടുംബങ്ങളെ പങ്കാളികളാക്കി സിഎംഎഫ്ആർഐയുടെ നേതൃത്വത്തിലാണു കൂടുമൽസ്യക്കൃഷി നടത്തിയത്. ട്രൈബൽ സബ് പ്ലാൻ ഉപയോഗിച്ചാണിവിടെ സിഎംഎഫ്ആർഐ കൃഷിക്കു മേൽനോട്ടം വഹിക്കുന്നത്. ഇതിനുപുറമേ കൂടുമൽസ്യക്കൃഷി സംരംഭങ്ങൾ സ്ത്രീ ശാക്തീകരണത്തിനു വഴിയൊരുക്കുന്നുമുണ്ട്. കടമക്കുടി പഞ്ചായത്തിലെ പിഴല ദ്വീപിൽ സ്ത്രീ സംഘങ്ങളെ കേന്ദ്രീകരിച്ചുള്ള കൂടുമൽസ്യക്കൃഷി ഉദാഹരണം. വീട്ടമ്മമാരുടെ സജീവ പങ്കാളിത്തത്തിൽ നടന്നുവരുന്ന പിഴലയിലെ കൂടുമൽസ്യക്കൃഷിയും വൻവിജയമായിരുന്നു. ക്രിസ്മസിനു മുന്നോടിയായി നടന്ന വിളവെടുപ്പിൽ വലിയമീനുകളെയാണു ലഭിച്ചത്. 60 കൂടുമൽസ്യക്കൃഷി സംരംഭങ്ങളാണ് ഇവിടെ നിലവിലുള്ളത്.

പരിസ്ഥിതി സൗഹൃദം

പരിസ്ഥിതിക്കു കോട്ടം തട്ടാത്ത രീതിയിൽ പ്രകൃതി സൗഹൃദ കൃഷിരീതിയാണു സിഎംഎഫ്ആർഐ വികസിപ്പിച്ചെടുത്തിരിക്കുന്നതെന്നു ഡയറക്ടർ ഡോ. എ. ഗോപാലകൃഷ്ണൻ പറഞ്ഞു. ഓരോ പ്രദേശത്തെയും ജലാശയത്തിന്റെ പ്രത്യേകതകൾ പഠിച്ച് ആവാസവ്യവസ്ഥയ്ക്ക് അനുയോജ്യമായ രീതിയിലാണു കൃഷി ആരംഭിക്കുന്നത്. പ്രകൃതിയുടെ സന്തുലനാവസ്ഥ സംരക്ഷിക്കുന്ന രീതിയിൽ സുസ്ഥിരമായ കൂടുമൽസ്യക്കൃഷി സമ്പ്രദായം വ്യാപകമാക്കുന്നതിനു ദേശീയ സമുദ്രനയ രൂപീകരണം നടത്തുന്നതിനു സിഎംഎഫ്ആർഐയുടെ നേതൃത്വത്തിൽ ശ്രമങ്ങൾ നടക്കുന്നുണ്ട്. കൂടുകൃഷിക്ക് അനുയോജ്യമായ സ്ഥലങ്ങളും കൃഷി ചെയ്യാവുന്ന പരിധിയും സാങ്കേതികവിദ്യ ഉപയോഗിച്ചു നിജപ്പെടുത്തുമെന്നും ഡോ. ഗോപാലകൃഷ്ണൻ വിശദീകരിച്ചു.

പരിശീലനം നേടാം

കൂടുമൽസ്യക്കൃഷിയിലൂടെ സ്വയം സംരംഭകരാകാൻ സ്ത്രീകളടക്കമുള്ളവർക്കു സിഎംഎഫ്ആർഐ പരിശീലനവും ബോധവൽക്കരണവും നൽകുന്നു. സ്വയംതൊഴിൽ എന്ന നിലയിൽ മികച്ചവരുമാനം നേടാൻ കൂടുമൽസ്യക്കൃഷി സഹായിക്കുമെന്നു സിഎംഎഫ്ആർഐ മാരികൾച്ചർ വിഭാഗം മേധാവി ഡോ. ഇമൽഡ ജോസഫ്, പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. ബോബി ഇഗ്നേഷ്യസ് എന്നിവർ പറഞ്ഞു. ചെറുപ്പക്കാർക്കും വീട്ടമ്മമാർക്കും ഈ മേഖലയിൽ തൊഴിൽ വൈദഗ്ധ്യം നേടാൻ സിഎംഎഫ്ആർഐ പരിശീലന പരിപാടികൾ നടത്തുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക് : 0484 2390225. കൂടുകൃഷിയിലും പച്ചക്കറിയും മൽസ്യവും ഒരുമിച്ചു കൃഷി ചെയ്യാവുന്ന അക്വാപോണിക്സ് കൃഷിരീതിയിലും എംപിഇഡിഎ പരിശീലനം നൽകുന്നുണ്ട്. ഫോൺ: 94476 84872.പൊതുജലാശയങ്ങളിൽ കൂടു മൽസ്യക്കൃഷി നടത്തുന്നതിനു ബന്ധപ്പെട്ട തദ്ദേശസ്ഥാപനത്തിൽ നിന്ന് അനുമതി വാങ്ങേണ്ടതാണ്.

കൂടുകൾ തയാറാക്കുന്ന വിധം പിവിസി പൈപ്പ്, എച്ച്ഡിപിഇ വല എന്നിവ ഉപയോഗിച്ചാണു കൂടുകൾ ഉണ്ടാക്കുന്നത്. കുളങ്ങളിലും പാറമടകളിലും ഇത്തരം ചെറിയ കൂടുകൾ മതിയാകും. കായലുകൾ പുഴകൾ തുടങ്ങി ഒഴുകുന്ന ജലാശയങ്ങളിലേക്ക് ജി ഐ പൈപ്പുകൾ, പ്ലാസ്റ്റിക് ബാരലുകൾ, നെറ്റുകൾ എന്നിവ ഉപയോഗിച്ചു നിർമിക്കുന്ന കൂടുകളാണു ഫലപ്രദം. സമുദ്രത്തിൽ ഉപയോഗിക്കാവുന്ന വലിയ കൂടുകളും പ്രചാരത്തിലുണ്ട്. നാലു മീറ്റർ വീതം നീളവും വീതിയുമുള്ള കൂടുകളാണു പൊതുവെ ഇതിന് ഉപയോഗിക്കുന്നത്. സിഎംഎഫ്ആർഐയുടെ മാരികൾച്ചർ വിഭാഗം കൂടുമൽസ്യക്കൃഷി സംരംഭങ്ങൾക്ക് ആവശ്യമായ സാങ്കേതിക സഹായങ്ങളും പരിശീലനങ്ങളും നൽകുന്നുണ്ട്. എംപിഇഡിഎയും പരിശീലനവും സാങ്കേതികസഹായവും നൽകുന്നു. മറ്റു തീരദേശ സംസ്ഥാനങ്ങളിൽ സിഎംഎഫ് ആർഐയുടെ നേതൃത്വത്തിൽ കടൽ കൂടുമൽസ്യക്കൃഷി വ്യാപകമായി നടത്തുന്നുണ്ട്. മറ്റു കൃഷി രീതികളെ അപേക്ഷിച്ചു കൂടുകൃഷി കുറഞ്ഞ ചെലവിൽ കൂടുതൽ ലാഭം തരും. ഒരു കിലോഗ്രാം കരിമീൻ ഉൽപാദിപ്പിക്കുന്നതിനു 100-120 രൂപ മാത്രമാണു ചെലവ്. കൂടുകളിൽ കൃഷി ചെയ്ത കരിമീനിന് 500 മുതൽ 600 വരെ വില കിട്ടും. കരിമീൻ, കാളാഞ്ചി, തിരുത, ഗിഫ്റ്റ് തിലാപ്പിയ, ചെമ്പല്ലി എന്നിവയുടെ കൂടുകൃഷിയാണു കേരളത്തിൽ അനുയോജ്യം. മീനുകൾക്കുള്ള പോഷക സന്തുലിതമായ തീറ്റയായ പേൾ പ്ലസും സിഎംഎഫ്ആർഐ വികസിപ്പിച്ചിട്ടുണ്ട്.കുളങ്ങളിൽ നിക്ഷേപിക്കാവുന്ന ആറു ചതുരശ്ര മീറ്റർ വ്യാപ്തിയുള്ള ചെറിയ കൂടിന് 7,000 രൂപയും ഒഴുകുന്ന ജലാശയങ്ങളിൽ ഉപയോഗിക്കുന്ന 30 ചതുരശ്രമീറ്റർ വ്യാപ്തിയുള്ള വലിയ കൂടിനു 35,000 രൂപയും ചെലവു വരും.

കൂടുമൽസ്യക്കൃഷി ഇങ്ങനെ

കുറഞ്ഞ സ്ഥലത്തു നിന്നു കൂടുതൽ വിളവെടുപ്പാണു കൂടുമൽസ്യക്കൃഷിയിലൂടെ ലക്ഷ്യമിടുന്നത്. തുറസായ ജലാശയങ്ങളിൽ നിയന്ത്രിത ചുറ്റുപാടിൽ മൽസ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു പ്രത്യേകം തീറ്റ നൽകി വളർത്തും. വലുതാവുന്നതനുസരിച്ചു മൽസ്യങ്ങളെ തരംതിരിച്ചു വളർത്താമെന്നതും പിടിച്ചെടുക്കാൻ എളുപ്പമാണെന്നുള്ളതും കൂടുകൃഷിയുടെ പ്രത്യേകതയാണ്. തുറസായ ജലാശയങ്ങൾ, കായലുകൾ, പുഴകൾ, വലിയ പൊക്കാളി പാടങ്ങൾ, ചെമ്മീൻ കെട്ടുകൾ, ആഴം കൂടിയ കുളങ്ങൾ, പാറമടകൾ എന്നിവയിലും കൂടു മൽസ്യക്കൃഷി നടത്താം. ആറു മുതൽ ഒൻപതു മാസം വരെയാണു കൂടുമൽസ്യക്കൃഷിയുടെ കാലയളവ്. ആറു മാസം കൊണ്ടു കരിമീനിന് 250 ഗ്രാം വരെ തൂക്കം ലഭിക്കും. കാളാഞ്ചിയാണെങ്കിൽ മൂന്നര കിലോഗ്രാം തൂക്കം വരെ വളരും. ഒരു ചതുരശ്ര മീറ്ററിൽ 20 മുതൽ 25 കുഞ്ഞുങ്ങളെ വരെ നിക്ഷേപിക്കാം. ആയിരം കരിമീൻ കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന ഒരു കൂടിൽ നിന്ന് 80 ശതമാനം അതിജീവന നിരക്കിൽ 200 കിലോഗ്രാം കരിമീൻ ഉൽപാദിപ്പിക്കാനാകും. കിലോഗ്രാമിന് 500 രൂപ വെച്ചു നോക്കിയാൽ ഒരു കൂടിൽ നിന്ന് ഒരു ലക്ഷം രൂപ വരുമാനം നേടാം. 750 കാളാഞ്ചി കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന കൂടിൽ നിന്നു ശരാശരി 1200 കിലോഗ്രാം കാളാഞ്ചി ഉൽപാദിപ്പിക്കാം. 3000 കാളാഞ്ചി കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന നാലു കൂടുകളിൽ നിന്ന് ഏകദേശം 4800 കിലോഗ്രാം വരെ ഉൽപാദനം ലഭിക്കും.