Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പശു ഉണ്ടോ? ദാ പിടിച്ചോ രൂപ 10000!

Cow

സ്വന്തമായി പശു ഉള്ളവർക്കെല്ലാം 10,000 രൂപ കാലിത്തീറ്റ സബ്സിഡി നേരിട്ടു നൽകാൻ സർക്കാർ തീരുമാനം. മിൽമയുടെ ക്ഷീരസംഘങ്ങളിൽ പാൽ നൽകുന്ന ക്ഷീരകർഷകർക്കു മാത്രം സബ്സിഡി നൽകുന്ന പതിവുമാറ്റിയാണ് പശു ഉള്ളവർക്കെല്ലാം സബ്സിഡി അനുവദിക്കാൻ തദ്ദേശവകുപ്പ് കോ–ഓർഡിനേഷൻ കമ്മിറ്റി തീരുമാനിച്ചത്.

സബ്സിഡി ലഭിക്കാൻ ക്ഷീരസംഘങ്ങളിൽ പാലളക്കേണ്ട എന്ന സ്ഥിതി വരുന്നതോടെ മിൽമ പാൽസൊസൈറ്റികളുടെ അടിത്തറയിളകിയേക്കുമെന്നാണ് ആശങ്ക. മിൽമയുടെ ക്ഷീരസംഘങ്ങളിൽ പാൽ നൽകുന്ന കർഷകർക്ക് അളവിന് ആനുപാതികമായി 10,000 രൂപ വരെ സബ്സിഡി അനുവദിക്കുന്നതായിരുന്നു കീഴ്‌വഴക്കം.

ഈ തുക 20,000 രൂപയായി ഉയർത്താൻ തീരുമാനിച്ചതിനു പിന്നാലെയാണ് സ്വകാര്യ വിപണിയിൽ പാൽ വിൽക്കുന്നവർക്കും സബ്സിഡി നൽകാൻ തീരുമാനമായത്. ഇൻഷൂർ ചെയ്ത പശുക്കളുള്ള, ക്ഷീരസംഘാംഗങ്ങളല്ലാത്ത എല്ലാ കർഷകർക്കും മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥൻ നൽകുന്ന സർട്ടിഫിക്കറ്റിന്റെ മാത്രം അടിസ്ഥാനത്തിൽ ഇനി സബ്സിഡി ലഭിക്കും.

ക്ഷീരസംഘങ്ങളിൽ ലീറ്ററിനു 30–32 രൂപ മാത്രമേ ലഭിക്കൂ എന്നിരിക്കെ നഷ്ടം സഹിച്ചും സംഘങ്ങളിൽ പാലളക്കുന്ന കർഷകർക്കു തിരിച്ചടിയാണ് പുതിയ തീരുമാനം. പുറംവിപണിയിൽ ലീറ്ററിനു 40 മുതൽ 60 രൂപ വരെ ഈടാക്കിയാണ് ക്ഷീരസംഘാംഗങ്ങളല്ലാത്തവർ പാൽ വിൽക്കുന്നത്. അതായത്, ഓരോ ലീറ്ററിനും 20 മുതൽ 30 രൂപ വരെ ഇവർ കൂടുതൽ വില നേടുന്നു.

ഇതിനു പുറമെയാണ് 10,000 രൂപ കാലിത്തീറ്റ സബ്സിഡിയും നൽകാനൊരുങ്ങുന്നത്. ക്ഷീരസംഘങ്ങളിൽ പാൽ നൽകാൻ കർഷകർ വിമുഖത കാട്ടാൻ ഇതുവഴിയൊരുക്കും. മൃഗസംരക്ഷണ വകുപ്പിലെ ഏത് ഉദ്യോഗസ്ഥനാണ് സർട്ടിഫിക്കറ്റ് അനുവദിക്കാനുള്ള ചുമതലയെന്നോ എന്തൊക്കെ രേഖകളുടെ അടിസ്ഥാനത്തിലാണ് സബ്ഡിസി അനുവദിക്കേണ്ടതെന്നോ ഉത്തരവിൽ വ്യക്തമല്ല.

സ്വകാര്യ പാൽസംഭരണ യൂണിറ്റുകൾക്കു പാൽ വിൽക്കുന്ന കർഷകർക്കാണ് ഈ തീരുമാനം ഗുണകരമാകുന്നത്. ക്ഷീരസംഘത്തിൽ അളക്കുന്ന പാലിന്റെ അളവിന്റെ അടിസ്ഥാനത്തിലാണ് സൊസൈറ്റി ജീവനക്കാരുടെ ആനുകൂല്യങ്ങൾ നിശ്ചയിക്കപ്പെടുന്നത്. ഇവർക്കും തീരുമാനം തിരിച്ചടിയാകും.

സബ്സിഡിയിൽ തട്ടിവീഴാൻ പോകുന്നത് മിൽമ

ക്ഷീരസംഘങ്ങൾക്കു പുറത്തുള്ള കർഷകർക്കു 10,000 രൂപ സബ്സിഡി നൽകാനുള്ള തീരുമാനം തിരിച്ചടിയാകുന്നത് മിൽമയെന്ന ബൃഹദ് ക്ഷീരസഹകരണ ശൃംഖലയ്ക്കാണ്. ഡ്യുവൽ ആക്സസ് പ്രൈസിങ് പോളിസിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ കർഷകർക്കു ക്ഷീരസംഘങ്ങൾ പാൽവില നിശ്ചയിച്ചു നൽകുന്നത്.

പാലിലെ കൊഴുപ്പും കൊഴുപ്പിതര ഖരപദാർഥങ്ങളും പരിശോധിച്ചാണ് 30 മുതൽ 32 രൂപ വരെ ലീറ്ററിനു കർഷകർക്കു നൽകുന്നത്. ക്ഷീരസംഘങ്ങളിലൂടെയല്ലാതെ പുറത്തു പാൽ വിറ്റാൽ 40 മുതൽ 60 രൂപ വരെ ലഭിക്കും. ഇതിനു പുറമെ സബ്സിഡി കൂടി ലഭിക്കുമ്പോൾ കർഷകർ ക്ഷീരസംഘത്തോട് അകലുമെന്നുറപ്പ്. മിൽമയുടെ തകർച്ചയ്ക്ക് ഇതിടയാക്കിയേക്കും.

Your Rating: