Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരളം കണികണ്ടുണരേണ്ട നന്മ

dairy-farm-by-brothers ഹംലാദും അഷറഫും ഹമ്മാദും ഫാമിനുള്ളിൽ

പരോൾ ലഭിക്കാത്ത തടവുജീവിതംപോലെയാണ് പശുവളർത്തൽ എന്നു പരിതപിക്കുന്ന ക്ഷീരകർഷകർ നമ്മുടെ നാട്ടിൽ കുറവല്ല. പാതിരാ പിന്നിടുമ്പോൾ തുടങ്ങി അന്തിമയങ്ങിയാലും അവസാനിക്കാത്ത ജോലികൾ. പശുക്കളുടെ അകിടുവീക്കവും കുളമ്പുരോഗവും നൽകുന്ന മനഃപ്രയാസങ്ങൾ. ബന്ധുവീടുകളിലെ വിശേഷങ്ങൾക്കു മുഖം കാണിക്കാത്തതിനാൽ നേരിടുന്ന മുറുമുറുപ്പുകൾ. എന്തിന്, സ്വന്തം വീട്ടിലെ വിശേഷങ്ങൾക്കിടയിൽപോലും മിണ്ടാപ്രാണികളുടെ കാര്യമോർത്ത് ഇരിക്കപ്പൊറുതിയില്ലായ്മ.

മുപ്പത്തിയഞ്ചോളം പശുക്കളുള്ള കൊല്ലം വർക്കല അയിരൂരിലെ അച്ചൂസ് ഫാമിന്റെ ഉടമകളായ മൂന്നു മുൻ പ്രവാസി സഹോദരങ്ങളോടും അവരുടെ സഹധർമിണിമാരോടും ചോദിക്കുക, ‘നിങ്ങളുടെ കാര്യവും ഇങ്ങനെയൊക്കെത്തന്നെയല്ലേ...?’

കൂട്ടത്തിൽ മൂത്തയാൾ ഹമ്മാദ് മറുപടി നൽകും, ‘‘ഹേയ്, ഇതിനകത്തു കിടന്ന് ജീവിതം തുലയ്ക്കാൻ ഞങ്ങളില്ല. ആസ്വദിച്ച്, അനായാസമായി, ആദായകരമായി പശുക്കളെ വളർത്തുന്നതാണ് ഞങ്ങളുടെ വഴി.’’

മറുപടി കേൾക്കുമ്പോൾ, ‘ഓ, യെവര് പണിക്കാരെ നിർത്തി ചെയ്യിക്കയാണ് കേട്ടോ. മുതലാളി ചമഞ്ഞിരുന്നാൽ മതിയല്ലോ’ എന്ന് കുശുകുശുക്കാൻ വരട്ടെ. ഇളയവനായ അഷറഫിനും ചിലതു പറയാനുണ്ട്, ‘‘ലാഭം മാത്രം ലക്ഷ്യംവച്ച് ഈയിടെ പലരും ഡയറി ഫാം തുടങ്ങിയിട്ടുണ്ട്. പലയിടത്തും ഫാമുടമ അലക്കിത്തേച്ച കുപ്പായമൊക്കെയിട്ട് കയ്യിൽ കാറിന്റെ കീയുമൊക്കെയായി ചാണകത്തിൽ ചവിട്ടാതെ സൂക്ഷിച്ചുനിന്നു പണിക്കാർക്കു നിർദേശം നൽകുന്നതു കാണാം. ഞങ്ങളാ ടൈപ്പല്ല. പത്തുമുപ്പത്തഞ്ചു പശുക്കളുണ്ട് ഈ ഫാമിൽ. ഞങ്ങളാറുപേരല്ലാതെ വേറെ പണിക്കാരാരുമില്ല. എന്നുവച്ച് ഞങ്ങളുടെ ആവശ്യങ്ങളൊന്നും മുടങ്ങാറുമില്ല.’’

വായിക്കാം ഇ - കർഷകശ്രീ

ഇത്ര അനായാസമായി, ആദായകരമായി അച്ചൂസ് ഡെയറി ഫാം മുന്നോട്ടു പോകുന്നതിനു പിന്നിൽ പ്രധാനമായും മൂന്നു കാര്യങ്ങളാണ്. ഒന്ന്, പശുക്കളെ കെട്ടിയിടാതെ സ്വതന്ത്രമായി വിടുന്ന ഫ്രീ സ്റ്റാൾ രീതി. രണ്ട്, പത്തു മിനിറ്റിൽ കുറഞ്ഞ സമയം കൊണ്ട് ആറു പശുക്കളുടെ കറവ കഴിയുന്ന മിൽക്കിങ് പാർലർ.

കേരളത്തിലിനിയും പ്രചാരം നേടിയിട്ടില്ലെങ്കിലും ഇവ രണ്ടും വിദേശ ഫാമുകൾക്കു സുപരിചിതം. മൂന്നാമത്തേതു പക്ഷേ, സ്വദേശത്തും വിദേശത്തും അപൂർവമാണ്. ഒരു വളപ്പിനുള്ളിൽ തികഞ്ഞ ആത്മബന്ധത്തോടെ മൂന്ന് വീടുവച്ച് പാർക്കുന്ന മൂന്ന് സഹോദരങ്ങൾ. മൂന്നു കുടുംബങ്ങൾക്കും ഉപജീവനമാർഗമായി ഒറ്റ സംരംഭം. ഷിഫ്റ്റും ശമ്പളവും ബോണസും അവധികളുമൊക്കെയായി സ്വന്തം ഫാമിൽ ജോലിക്കാരായി മാറുന്ന മാനേജ്മെന്റ് മികവ്. എല്ലാറ്റിനുമുപരി പശുക്കളോട് ഹൃദയം നിറയെ ഇഷ്ടം.

പത്തുപന്ത്രണ്ടു കൊല്ലം ഗള്‍ഫിൽ ജോലിനോക്കിയവരാണ് ഹമ്മാദും ഹംലാദും അഷറഫും. ഒരു രാജ്യത്ത്, ഒരു ഫ്ലാറ്റിൽ, ഒരു മുറിയിൽ പാർത്തവർ. ബാല്യത്തിൽ പരിചയിച്ച പശുവളർത്തൽ പക്ഷേ, സ്വപ്നമായി വിടാതെ പിന്തുടർന്നപ്പോൾ മൂത്തവനായ ഹമ്മാദ് ഫാം തുടങ്ങാൻ നാട്ടിലേക്കു മടങ്ങി. വിജയിച്ചാൽ മറ്റുള്ളവരും നാട്ടിലേക്കു മടങ്ങുക. പരാജയമെങ്കിൽ ഹമ്മാദ് തിരികെ ഗൾഫിലേക്ക്, അതായിരുന്നു തീരുമാനം. പന്ത്രണ്ടു പശുക്കളുമായി ഫാം പരീക്ഷണഘട്ടം പിന്നിട്ടപ്പോൾ ഇളയവർ രണ്ടും ഗൾ‌ഫ് വിട്ട് സംരംഭത്തിന്റെ ഭാഗമായി. കുടുംബാംഗങ്ങൾക്കെല്ലാം ജോലി ചെയ്യാനും അധ്വാനം ലഘൂകരിക്കാനുമുള്ള വഴികളായാണ് ഫ്രീ സ്റ്റാൾ, മിൽക്കിങ് പാർലർ‌ സംവിധാനങ്ങളിലെത്തുന്നത്.

ഫ്രീ സ്റ്റാൾ, മിൽക്ക് പാർലർ

പശുക്കളെ തൊഴുത്തിൽ ബന്ധിച്ച്, സഞ്ചാര സ്വാതന്ത്ര്യം വിലക്കി, തീറ്റയും കുടിയും ഓരോന്നിന്റെയും മുന്നിലെത്തിച്ച്, ലാഭത്തിനായി മാത്രം പരിപാലിക്കുന്ന ടൈസ്റ്റാൾ സമ്പ്രദായമാണ് നമുക്കു പരിചിതം. സ്ഥലപരിമിതിയുള്ളവർക്കു സാധിക്കുന്നതും ഇതുതന്നെ.

തോന്നുമ്പോൾ ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും വിശാലമായ വളപ്പിനുള്ളിൽ കഴുത്തിൽ കയറില്ലാതെ ചുറ്റിയടിക്കാനുമെല്ലാം പശുക്കൾക്ക് സ്വാതന്ത്ര്യമുള്ള ഫ്രീ സ്റ്റാൾ സമ്പ്രദായത്തിനാണ് വിദേശ ഫാമുകളിൽ പ്രചാരം.

പശുക്കളുടെ മാനസിക സമ്മർദം കുറയും, കൂടുതൽ പാൽ‌ ചുരത്തും, രോഗങ്ങൾ ഒഴിവാകും, ആരോഗ്യം മെച്ചപ്പെടും എന്നിവ നേട്ടങ്ങൾ. പരിപാലനത്തിലെ അധ്വാനവും ഗണ്യമായി കുറയുന്നു.

അഷറഫ് വിശദമാക്കുന്നു, ‘‘കെട്ടിയിട്ടു വളർത്തുമ്പോൾ പശുക്കൾക്കു വേണ്ടതെല്ലാം നമ്മൾ തന്നെ ചെയ്തു കൊടുക്കണം. ഫ്രീ സ്റ്റാൾ രീതിയിൽ അവരുടെ കാര്യം അവരുതന്നെ നോക്കിക്കൊള്ളും. അവർക്കിഷ്ടമുള്ളപ്പോൾ ഭക്ഷണം കഴിക്കുന്നു. ഇഷ്ടമുള്ളിടത്തു കിടക്കുന്നു. മഴ നനയാൻ താല്‍പര്യമുള്ളവർക്ക് അതാവാം. ഇളവെയിലേൽക്കണമെങ്കിൽ അങ്ങനെ.

എല്ലാ ദിവസവും കുളിപ്പിക്കുന്ന പതിവില്ല. ഉരച്ചു തേച്ച് നിത്യവും കുളിപ്പിച്ചാൽ പശുവിന്റെ ദേഹത്ത് സ്വാഭാവികമായുള്ള എണ്ണമയം നഷ്ടപ്പെടും. ഈച്ചകൾ വന്നിരിക്കുന്നതും വ്രണങ്ങൾ രൂപപ്പെടുന്നതും അങ്ങനെയാണ്.

അഴിച്ചുവിട്ടു വളർത്തുമ്പോൾ തമ്മിൽ കുത്തുകൂടാനും ഗ്രൂപ്പുകളും ലീഡർമാരുമൊക്കെ രൂപപ്പെടാനും ഇടയുണ്ട്. ഡീഹോണർ ഉപയോഗിച്ച് കൊമ്പു കരിക്കുന്നതിനാൽ തമ്മിലുള്ള സംഘർഷം കുറയും.’’

എഴുപതു സെന്റാണ് അച്ചൂസിന്റെ ഫ്രീസ്റ്റാൾ വിസ്തൃതി. ജിഐ പൈപ്പിൽ തീർത്ത അതിർവേലി. ഫാമിന്റെ മധ്യത്തിലായി, നാലു വശവും തുറന്ന, നല്ല വായുസഞ്ചാരമുള്ള, മൂക്കു ചുളിക്കുന്ന ഗന്ധമില്ലാത്ത തൊഴുത്ത്. പശുക്കൾക്കു വിശ്രമിക്കാനായി ക്യുബിക്കിളുകൾ. മിൽക്ക് പാർലർ പ്രവർത്തിക്കുന്നതിന്റെ ശബ്ദം കേൾക്കുമ്പോൾ തന്നെ ആരും നിർബന്ധിക്കാതെ പാൽ ചുരത്താനെത്തുന്ന പശുക്കൾ.

ഒന്നിലേറെ പശുക്കളെ പൂർണമായും യന്ത്രസഹായത്തോടെ, വൃത്തിയുള്ള സാഹചര്യത്തിൽ, ചവിട്ടും തൊഴിയുമില്ലാതെ സുരക്ഷിതമായി കറക്കാം. പശുക്കൾ പാർലറിലെ റാമ്പിൽ കയറി നിൽക്കുമ്പോൾ അകിട് വൃത്തിയാക്കുന്നതും മിൽക്കിങ് മെഷീൻ ഘടിപ്പിക്കുന്നതുമാണ് ആകെയുള്ള അധ്വാനം. ഒരേ സമയം ആറു പശുക്കളെ പത്തു മിനിറ്റിൽ താഴെ സമയം കൊണ്ട് കറന്നെടുക്കാവുന്ന സംവിധാനത്തിനു കെട്ടിടമുൾപ്പെടെ ചെലവ് ഒമ്പതു ലക്ഷം രൂപ. ‘കാശു ചെലവായെങ്കിലും കറവയെളുപ്പ’മെന്ന് സഹോദര ഭാര്യമാരായ നസീമയും ഷംലയും ഷൗബിയും.

dairy-farm-by-brothers-wifes ആറു പശുക്കളെ പത്തു മിനിറ്റിനുള്ളിൽ കറക്കാവുന്ന മിൽക്ക് പാർലർ

ഫാമിൽത്തന്നെയുള്ള കൗണ്ടറിലാണ് പാൽ വിൽപന. നല്ല പങ്കും ചില്ലറയായി വിറ്റുതീരുന്നു. ബാക്കിവരുന്നത് സമീപത്തെ സൊസൈറ്റികളിൽ കൊടുക്കും. രണ്ടര ഏക്കറിൽ തീറ്റപ്പുല്ലു കൃഷി, പച്ചപ്പുല്ല് സംസ്കരിച്ചു സൈലേജ് നിർമാണവും വിൽപനയും, ഡിമാൻഡ് അനുസരിച്ച് പനീർ നിർമാണം എന്നിവയെല്ലാം ഫാമിന്റെ ഭാഗം.

ശമ്പളവും ഷിഫ്റ്റും

ഉച്ചവരെയും ഉച്ചയ്ക്കു ശേഷവുമായി മൂന്നു പേർ വീതം രണ്ട് ഷിഫ്റ്റായാണ് ജോലിക്രമം. ഒരാൾക്കു ദിവസം മുഴുവൻ പശുവിനായി ചെലവിടേണ്ടതില്ലെന്നതു ചെറിയ കാര്യമല്ല. മൂന്നു കുടുംബങ്ങൾക്കും സൗകര്യപ്രദമായ രീതിയിൽ ഷിഫ്റ്റ് ക്രമീകരിക്കുന്നതിലൂടെ വിശേഷങ്ങളിൽ പങ്കുചേരാനും ആവശ്യങ്ങൾ നടത്താനും എല്ലാവർക്കും കഴിയുന്നു. വായ്പയെടുത്ത 36 ലക്ഷം രൂപയ്ക്കു പ്രതിമാസം അടയ്ക്കേണ്ടി വരുന്ന 47,000 രൂപയാണ് ഇപ്പോഴത്തെ പ്രധാന ബാധ്യത. എങ്കിലും എല്ലാ ചെലവും കഴിഞ്ഞ് മോശമല്ലാത്ത തുക ശമ്പളമായി ഓരോ കുടുംബത്തിനും ലഭിക്കുന്നു. അധികച്ചെലവു നേരിടാൻ അടിയന്തര നിധിയുമുണ്ട്.

പച്ചച്ചോളത്തണ്ടും ഇലയുമെല്ലാം അരിഞ്ഞ് ശർക്കര ചേർത്തു സൈലേജാക്കി വിൽപനയ്ക്കെത്തിക്കുന്നത് അധിക വരുമാന മാർഗമാണ്. 40 ടൺവരെ സൈലേജ് തയാറാക്കുന്ന മാസങ്ങളുണ്ട്. 10 ടൺ തയാറാക്കാൻ മൂന്നു ദിവസം വേണ്ടിവരും. രണ്ട് കുടുംബങ്ങൾ ഇതിനായി മുഴുവൻ സമയം ചെലവിടും. ഈ ദിവസങ്ങളിൽ ഫാമിന്റെ ചുമതല പൂർണമായും ഒരു കുടുംബത്തിനാവും. ഈ ഓവർടൈം ജോലികൾക്ക് ഓരോ കുടുംബത്തിനും ദിവസം 2000 രൂപ അധികവേതനം. പനീർ നിർമാണം കുടുംബിനികളുടെ മാത്രം സ്വകാര്യ ബിസിനസാണ്. മിക്കവാറും ദിവസങ്ങളിൽ ഒന്ന്– രണ്ട് കിലോ പനീറിന് ഓർഡറുണ്ടാവും. കിലോ 400 രൂപയ്ക്കാണ് വിൽപന.

കുടുംബ സംരംഭത്തിന്റെ നേട്ടത്തിന് ഒരു ഉദാഹരണം കൂടി ഹമ്മാദ് പറയും.

‘‘കഴിഞ്ഞ വർഷം ഒരു സമയത്ത് പാലുൽപാദനം ദിവസം 270 ലീറ്ററിൽ നിന്ന് 60 ലീറ്ററിലേക്ക് ഇടിഞ്ഞു. പശുക്കൾക്ക് കുത്തിവയ്പ് എടുത്തപ്പോൾ പലതിനും ആദ്യ തവണ ചെനയായില്ല. വീണ്ടും വീണ്ടും ആവർത്തിച്ചപ്പോൾ ഒട്ടേറെ പശുക്കൾ ഒരുമിച്ച് ചെനയിലായി. കറവ നിർത്തേണ്ടിവന്നതും ഒരുമിച്ച്. ഇത്രയും തുക വായ്പ അടയ്ക്കാനുള്ളതിനാൽ ആരും പതറിപ്പോകുന്ന സാഹചര്യം. കുടുംബം ഒരുമിച്ചു നിന്നതുകൊണ്ടു മാത്രമാണ് ആ കഠിനകാലം അതിജീവിച്ചത്. ചാണകം ഉണക്കി പായ്ക്കറ്റിലാക്കി കിലോ അഞ്ചു രൂപയ്ക്കു വിൽക്കാൻ തുടങ്ങുന്നതങ്ങനെ.’’

'അന്നൊക്കെ പശു ചാണകമിടുന്നതു നോക്കിയിരിക്കും, എടുത്ത് ഉണക്കി പായ്ക്കറ്റിലാക്കാനെ'ന്ന് അഷറഫിന്റെ കമന്റ്. ഏതായാലും പച്ചയ്ക്കു വിറ്റാൽ 10,000 രൂപ കിട്ടുന്ന ചാണകം പായ്ക്കറ്റിലാക്കിയപ്പോൾ കയ്യിൽ വരുന്നത് ഒന്നരലക്ഷം രൂപയാണ്.

‘‘മക്കളും ഈ സംരംഭത്തിലേക്കു വരണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. നല്ല സ്കൂളുകളിൽ നന്നായി പഠിക്കുന്ന അവർ നല്ല വിദ്യാഭ്യാസം നേടി പുത്തൻ ആശയങ്ങളുമായി വരട്ടെ. അപ്പോഴേ കൃഷിയും മൃഗസംരക്ഷണവുമൊക്കെ അന്തസുള്ള തൊഴിലാണെന്ന് നമ്മുടെ നാട് തിരിച്ചറിയുകയുള്ളൂ.’’ ഹമ്മാദ് കൂട്ടിച്ചേർക്കുന്നു.

ഫോൺ: 9745119450, 9745007053