Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അലങ്കാരക്കോഴി ആദായക്കോഴി

liju-silver-polish-cap ലിജുവും സിൽവർ പോളിഷ് ക്യാപും

ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്മ്യൂണിക്കേഷനിൽ എൻജിനീയറിങ് ബിരുദം നേടിയ യുവാവിനു ജോലി കോഴിവളർത്തലും വിൽപനയുമാണെന്നറിയുമ്പോൾ അതുവരെ താൽപര്യത്തോടെ വിവരങ്ങൾ ആരാഞ്ഞിരുന്നവരുടെ പുരികം വളയും. ചോദ്യങ്ങൾ ഒരു വിവാഹാലോചനയുടെ ഭാഗമാണെങ്കിൽ, ‘അപ്പൊ ശരി, ഞങ്ങളൊന്നാലോചിക്കട്ടെ’ എന്നു പറഞ്ഞ് മറുതലയ്ക്കൽ ഫോൺ വയ്ക്കും.

അതുകൊണ്ട് അഭ്യസ്തവിദ്യരായ ചെറുപ്പക്കാർ കൃഷി, മൃഗസംരക്ഷണ സംരംഭങ്ങളിലേക്കൊക്കെ ഇറങ്ങും മുമ്പ് ലാഭത്തെക്കുറിച്ചല്ല ഈ ചോദ്യങ്ങൾ നേരിടുന്നതിനെക്കുറിച്ച്‌ രണ്ടുവട്ടം ചിന്തിക്കണമെന്നു ലിജു. വിവാഹം കഴിഞ്ഞശേഷം ഇത്തരം സംരംഭങ്ങൾ തുടങ്ങുന്നതായിരിക്കും നല്ലതെന്നും തെല്ലു തമാശയായും അതിലേറെ കാര്യമായും ലിജു ഓർമിപ്പിക്കുന്നു. അതല്ലെങ്കിൽ തന്നെപ്പോലെ, ‘സ്വന്തം സംരംഭത്തിൽ അഭിമാനവും അതു തുടരാനുള്ള ആത്മധൈര്യവും വേണം’, സംരംഭത്തെക്കുറിച്ചുള്ള വിശദവിവരങ്ങൾ പറയും മുമ്പ് ലിജുവിൻറെ മുന്നറിയിപ്പ്.

പത്തനംതിട്ട ജില്ലയിലെ റാന്നി കല്യാണിമുക്കിലുള്ള കൊച്ചുതുണ്ടിയിൽ ലിജു തോമസ് ജോർജിന് സ്കൂളിൽ പഠിക്കുമ്പോഴേ ചെറിയ വരുമാനമുണ്ട്. പെറ്റ്സ് ഷോപ്പിൽ നിന്ന് ലവ് ബേർഡ്സിനെയും മുയലുകളെയുമെല്ലാം വാങ്ങി ഓമനിച്ചു വളർത്തി അവയുടെ കുഞ്ഞുങ്ങളെ വിറ്റാണ് ഈ വരുമാനമുണ്ടാക്കിയത്. പ്ലസ്ടൂവിനു പഠിക്കുമ്പോൾ ഈ ആവശ്യത്തിലേക്കായി സ്വന്തം നിലയ്ക്കൊരു ഇൻക്യുബേറ്ററും ലിജു നിർമിച്ചു.

liju-silver-polish-caps ലിജുവും സിൽവർ പോളിഷ് ക്യാപും

കുട്ടിക്കാലത്തെ കൗതുകങ്ങളൊക്കെ വിട്ട് പിന്നീട് എൻജിനീയറിങ് പഠനം. നാലുവർഷം ഗൾഫിൽ ജോലി. 2007ൽ വീടുപണിക്കു നാട്ടിലെത്തിയപ്പോൾ അരുമകളോടുള്ള പഴയ സ്നേഹം വീണ്ടും മനസ്സിൽ മുളപൊട്ടി. വീടുപണിയുടെ സാമ്പത്തികബാധ്യത കൂടി ഉണ്ടായിരുന്നതിനാൽ അലങ്കാരപ്പക്ഷികൾക്കു പകരം കാടയിലാണ് കൈവച്ചത്.

കാട കൈനിറയെ കാശു നൽകിയതോടെ ഈ രംഗത്ത് പുതിയ സാധ്യതകൾ തേടി. അങ്ങനെയാണ് മണ്ണുത്തിയിൽ കാർഷിക സർവകലാശാലയുടെ ഹാച്ചറി ആൻഡ് ബ്രീഡർ സ്റ്റോക്ക് മാനേജ്മെൻറ് എന്ന ഹ്രസ്വകാല പരിശീലന പരിപാടിയിൽ ചേരുന്നത്.

താമസിയാതെ കാടയെ വിട്ട് അലങ്കാരക്കോഴികളിലേക്കു സംരംഭം വളർന്നു. ചെങ്ങന്നൂർ ഹാച്ചറിയിൽനിന്നു വാങ്ങിയ സിൽക്കി പോലുള്ള സാധാരണ ഇനങ്ങളിലായിരുന്നു തുടക്കം. വളർത്തി മുട്ടയിടാറായ പരുവത്തിൽ വിറ്റപ്പോൾ സംഗതി ലാഭമെന്നു കണ്ടു. അതോടെ അലങ്കാരക്കോഴികളുടെ ലോകത്തെ പുതുമുഖങ്ങളെ അന്വേഷിച്ചു. ഇന്ന് ആയിരം മുതൽ പതിനായിരം രൂപ വരെ വിലവരുന്ന അലങ്കാരക്കോഴികളുടെ മികച്ച ശേഖരത്തിനുടമയാണ് ലിജു. ഒപ്പം മുട്ടക്കോഴികൾക്കും അലങ്കാരക്കോഴികൾക്കുമുള്ള ഹൈടെക് കൂടുകൾ, ഇൻക്യുബേറ്റർ എന്നിവ ലിജുവിൻറെ ലീസ് ഫാം നിർമിച്ചു വിൽക്കുന്നുമുണ്ട്. ഗൾഫിൽ ലഭിച്ചിരുന്നതിൻറെ പലമടങ്ങു വരുമാനം, ഒപ്പം സ്വന്തം നാട്ടിൽ ജീവിക്കുന്നതിൻറെ സ്വാതന്ത്യ്രം, സ്വന്തം സംരംഭം എന്ന ആഹ്ലാദം.

വിപണി കുളമാക്കരുത്

കേരളത്തിൽ ഇടക്കാലത്ത് അലങ്കാരക്കോഴി വിപണി തളർന്നതിൽ ഇവയെ വാങ്ങി വളർത്തിയവർക്കു വലിയ പങ്കുണ്ടെന്ന് ലിജു. അലങ്കാരക്കോഴികളുടെ മൂല്യം, ശാസ്ത്രീയ പരിപാലനം, ലക്ഷണമൊത്തവയെ വിപണിയിലെത്തിക്കൽ എന്നിവയിലുണ്ടായ പോരായ്മയാണ് വിപണിയെ പ്രതിസന്ധിയിലെത്തിച്ചത്.

ഈ രംഗത്ത് പ്രാഥമിക ജ്ഞാനം പോലുമില്ലാത്തവർ, മുട്ടക്കോഴി വളർത്തിയിരുന്ന വീട്ടമ്മമാരുൾപ്പെടെ, സർക്കാർ ഹാച്ചറികളിൽനിന്നും പെറ്റ്സ് ഷോപ്പുകളിൽനിന്നും വാങ്ങിയ അലങ്കാരക്കോഴികളെ വളർത്താൻ തുടങ്ങി. മുട്ടക്കോഴികൾക്കൊപ്പമിട്ടു വരെ വളർത്തിയവരുമുണ്ട്. ഫലമോ, ചില ഇനങ്ങൾ അനിയന്ത്രിതമായി പെരുകി. കോഴികൾക്കൊപ്പമിട്ടു വളർത്തിയവയിൽ വർഗസങ്കരണം നടന്ന് അടുത്ത തലമുറ ലക്ഷണമൊത്തവ അല്ലാതായി. അതോടെ പലർക്കും താൽപര്യം നഷ്ടപ്പെട്ടു. പലരും കിട്ടിയ വിലയ്ക്കു വിറ്റൊഴിവാക്കി. ഏതായാലും ലാഭം മാത്രം പ്രതീക്ഷിച്ച്‌ പെട്ടെന്നൊരു ദിനം ചാടിയിറങ്ങിയവർ പിൻവാങ്ങിയതോടെ ഇപ്പോൾ വിപണി വീണ്ടും സജീവമായെന്നു ലിജു.

അരുമപ്പക്ഷികളെയും മൃഗങ്ങളെയും വളർത്താനിറങ്ങുന്നവർക്ക് ആദ്യം വേണ്ടത് അവയോടു ഹൃദയം നിറഞ്ഞ സ്നേഹമാണ്. ഈ സ്നേഹത്തിൻറെ തുടർച്ചയാവണം സംരംഭം.’

പുന്നാര അരുമകൾ


മുട്ടയിടാറായ ജോടിക്ക് 8000 രൂപ വിലയുള്ള സിൽവർ പോളിഷ് ക്യാപ്പ് അലങ്കാരക്കോഴിയാണ് ലിജുവിൻറെ ശേഖരത്തിലെ ഏറ്റവും താരമൂല്യമുള്ള ഇനം.

കറുപ്പും വെളുപ്പും രേഖാചിത്രങ്ങൾ നിറഞ്ഞ തൂവലും ഏതോ ഗോത്രവർഗ സമൂഹത്തിൻറെ തലപ്പാവുപോലുള്ള തൂവൽ തൊപ്പിയുമണിഞ്ഞ സുന്ദരിയാണ് പിട. പെണ്ണഴകിനു മുന്നിൽ ആണഴക് തെല്ലു മങ്ങും.

liju-chicken-cage ആധുനിക സജ്ജീകരണങ്ങളുള്ള കോഴിക്കൂടുകൾ

വിലയുടെയും അഴകിൻറെയും കാര്യത്തിൽ ഒപ്പത്തിനൊപ്പം നിൽക്കും ഗോൾഡൻ പോളിഷ് ക്യാപ്. വൈറ്റ്, ബ്ലാക്ക് പോളിഷ് ക്യാപ് ഇനങ്ങൾക്കു പക്ഷേ ഇത്ര ചന്തമില്ലാത്തതിനാൽ വില അൽപം കുറയും; മുതിർന്നവ ജോടിക്കു 2500 രൂപ.

താരമൂല്യമുള്ള മറ്റൊരിനമാണ് അമേരിക്കൻ ബാൻറം വൈറ്റ്. രോമാവൃതമായ (ബൂട്ട്) ചെറുകാലുകളും പഞ്ഞിക്കെട്ടുപോലെ തൂവലുകളും. അമേരിക്കൻ സിൽക്കിക്കും കാപ്പിരിച്ചേലുള്ള അമേരിക്കൻ ഫ്രിസിലിനും മികച്ച വിപണിമൂല്യമുണ്ട്.

ജപ്പാനിൽനിന്നുള്ള കുള്ളൻകോഴി സിൽവർ ലെയ്സിനും ചന്തമേറെ. ഈ കുഞ്ഞൻകോഴി കൂവുമ്പോൾ അതിമനോഹരമായ അങ്കവാലും തലയും വളഞ്ഞുയർന്നു കൂട്ടിമുട്ടുന്ന കാഴ്ച രസകരം. ബ്രിട്ടനിൽനിന്നുള്ള ഓൾഡ് ഇംഗ്ലീഷ് ഗെയിം എന്ന കുള്ളൻ ഇനവും വിലയിൽ മുന്നിൽ നിൽക്കും.

ജപ്പാനിൽനിന്നുള്ള ഫീനിക്സിൻറെ വില നിശ്ചയിക്കുന്നത് ഏഴഴകുള്ള അങ്കവാലിൻറെ നീളമാണ്. നീളം ഒന്നരമീറ്റർ എത്തിയാൽ വില പന്ത്രണ്ടായിരമെത്തും. കൊഷ്യൻ ബാൻറം, ഇന്ത്യൻ സിൽക്കി, മില്ലി ഫ്ളവർ, ബഫ് കൊച്ചിൽ അങ്ങനെ മുപ്പത്തഞ്ചോളം വരും ലിജുവിൻറെ പക്കലുള്ള ഇനങ്ങൾ. ഒപ്പം വിവിധ വർണങ്ങളിലുള്ള ഓസ്ട്രേലിയൻ കോക്ക്ടെയിൽ തത്തകളും.

പക്ഷികളെ വാങ്ങാനെത്തുന്നവർക്കു ഹൈടെക് കൂടുകളും സംരംഭം തുടങ്ങാനാഗ്രഹിക്കുന്നവർക്ക് ഇൻക്യുബേറ്ററുകളും നിർമിച്ചു നൽകുന്നതിലും കൈവച്ചതോടെ ബിസിനസ് വളർന്നു. കഴിഞ്ഞ ഒന്നര വർഷത്തിനിടയിൽ നഗരങ്ങളിൽ മുട്ടക്കോഴി വളർത്തൽ സജീവമായതാണ് കൂടുനിർമാണത്തിനു പ്രേരണയായത്.

കൂടും മുട്ടക്കോഴികളും മട്ടുപ്പാവിലെത്തിക്കുന്ന പദ്ധതിയാണ് ലിജുവിൻറേത്. 7 മുതൽ 60 വരെ കോഴികളെ ഇടാവുന്ന ഒന്നു മുതൽ 12 വരെ അറകളുള്ള കൂടുകൾ. സാധാരണ കമ്പിവലകൾക്കു പകരം പൗൾട്രി ഗ്രേഡ് മെഷ് കൊണ്ടു നിർമാണം. 2200 രൂപമുതൽ 16,500 രൂപവരെ വരും വില.

നിപ്പിൾ ഡ്രിങ്കർ, ഫീഡർ സംവിധാനങ്ങളെല്ലാമൊരുക്കിയ കൂടുകൾ. മുട്ടക്കോഴിക്കുള്ള കൂടുകളിൽ കോഴി നിൽക്കുന്ന പ്രതലം മുട്ട ഉരുണ്ട് കൂടിനരികിലെ പാത്രത്തിൽ വീഴുന്ന രീതിയിൽ ചെരിവോടെയാണ് നിർമിക്കുക. മുട്ട എടുക്കാനെളുപ്പത്തിനു മാത്രമല്ല കോഴി കൊത്തിപ്പൊട്ടിക്കാതിരിക്കാനുള്ള മുൻകരുതൽ കൂടിയാണിത്. അലങ്കാരക്കോഴികളുടെ കൂടിൻറേത് ലെവൽ ആയിത്തന്നെ നിർമിക്കുന്നു. ബ്രീഡിങ് നടക്കണമെങ്കിൽ തറ, നിരപ്പായിരിക്കണമെന്നതാണ് പ്രധാന കാരണം. അലങ്കാരക്കോഴി മുട്ടയോട് കാര്യമായ ശല്യം കാണിക്കാറുമില്ല.

നാട്ടുകാരെന്തു പറഞ്ഞാലും ഗൾഫിലെ മികച്ച ജോലി വിട്ട് കോഴി വളർത്തലിനിറങ്ങിയതിൽ ഇന്നു തെല്ലും നിരാശയില്ലെന്നു ലിജു കൂട്ടിച്ചേർക്കുന്നു.

ഫോൺ: 9745722764

Your Rating: