Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ധോണി നൽകിയ വിജയം

cincy-binu-with-ducks താറാവുകുഞ്ഞുങ്ങളുമായി സിൻസിയും ബിനുവും

ദുബായിൽ സർക്കാർ മേഖലയിൽ നഴ്സായ സിൻസി നല്ല ശമ്പളമുള്ള ജോലി രാജിവയ്ക്കാൻ പോകുന്നു എന്ന് വെളിപ്പെടുത്തിയപ്പോൾ കൂടെ ജോലിചെയ്തിരുന്ന നഴ്സുമാർ ഞെട്ടി. ജോലി നേടി ഇക്കരയ്ക്കു പറക്കാൻ നേരിട്ട പങ്കപ്പാടു ചില്ലറയല്ല. ‘‘നാട്ടിൽ വല്ല പിഎസ്സിയും കിട്ടിയോ...’’ കൂട്ടുകാർ ആരാഞ്ഞു.

‘‘ഇല്ല, നാട്ടിൽ കൃഷി ചെയ്യാൻ പോകുന്നു’’, സിൻസിയുടെ മറുപടി. ആ മറുപടിയിൽ ചെറിയൊരു ധൈര്യക്കുറവു മണത്ത കൂട്ടുകാരികൾ പറഞ്ഞു, ‘‘എന്റെ സിന്‍സീ, മണ്ടത്തരം കാട്ടല്ലേ, നഴ്സിങ് പഠിച്ച നീ എന്തോ കൃഷി ചെയ്യാനാ.’’ എന്നിട്ടും സിൻസി തീരുമാനം മാറ്റുന്നില്ലെന്ന് കണ്ടപ്പോൾ ഇത്രകൂടി പറഞ്ഞു, ‘‘നോക്കിക്കോ, പോയാലും നീ തിരിച്ചു വരും. കൃഷി ചെയ്തൊന്നും നാട്ടിൽ ജീവിക്കാനൊക്കത്തില്ല’’.

ജോലി വിടുമ്പോൾ ബിനുവിനു പക്ഷേ സ്വന്തം തീരുമാനത്തിൽ തെല്ലും സംശയമുണ്ടായിരുന്നില്ല. ഭർത്താവിന്റെ ധൈര്യമായിരുന്നു സിൻസിയുടെ ബലം. കൃഷി, രണ്ടുപേർക്കും അറിയാവുന്ന പണിയായിരുന്നില്ല എന്നതു മറ്റൊരു സത്യം.

വായിക്കാം ഇ - കർഷകശ്രീ

അങ്ങനെയാണ് എട്ടു വർഷം മുമ്പ് പാലക്കാട് ധോണി സ്വദേശികളായ അർപ്പത്താനത്ത് ബിനു എന്ന കമ്പനി ജീവനക്കാരനും ഭാര്യ സിൻസിയും നാട്ടിൽ വിമാനമിറങ്ങിയത്. അന്നു കയ്യിലുണ്ടായിരുന്നത് എഴുപതിനായിരം രൂപ. എന്നാൽ അതിനൊപ്പം മറ്റൊന്നു കൂടി ഗൾഫിലായിരുന്നപ്പോൾ ഇരുവരും സമ്പാദിച്ചിരുന്നു; നാട്ടിൽ പത്തേക്കർ കൃഷിയിടം. ഓഹരിയായി ലഭിച്ച രണ്ടരയേക്കറിനൊപ്പം സഹോദരങ്ങളുടെ ഓഹരി കൂടി വാങ്ങിയപ്പോൾ ഒറ്റ പ്ലോട്ടായി പത്തേക്കർ. അതിൽ ആയിരത്തോളം റബർ, മുന്നൂറോളം തെങ്ങും.

നാട്ടിലെത്തി, കൃഷി തുടങ്ങി. വെട്ടുകാരൻ വെട്ടി ഷീറ്റടിച്ചിടും. ഉണക്കി വിൽക്കുന്നതിലൊതുങ്ങും ഇരുവരുടെയും ‘കൃഷിപ്പണി’. റിയൽ എസ്റ്റേറ്റ് ബിസിനസിൽ കൈവച്ചതോടെ ആ വഴിക്കും വന്നു ചില ലാഭങ്ങൾ. ആനന്ദലബ്ധിക്കിനിയെന്തു വേണം. എന്നാൽ ആകാശം മുട്ടെ നിന്നിരുന്ന വിലയിൽനിന്നു കൂപ്പുകുത്തിയപ്പോൾ ഇരുവരും റബർകൃഷിയുടെ കഠിന യാഥാർഥ്യങ്ങളും കണ്ടുതുടങ്ങി. വേറെയൊരു കൃഷിയുമറിയില്ല. റബർ വിലത്തകർച്ച റിയൽ എസ്റ്റേറ്റു മേഖലയിലും പ്രതിസന്ധിയുണ്ടാക്കി. കയ്യിലിരുന്ന സമ്പാദ്യം കുറഞ്ഞുവന്നതോടെ തിരിച്ചുപോക്കിനെക്കുറിച്ച് സിൻസി ബിനുവിനോട് അഭിപ്രായമാരാഞ്ഞു.

ബിനുവിന്റെ വിശാലമായ റബർത്തോട്ടത്തിൽ പന്നിഫാം തുടങ്ങുന്നതിന് ഒരാൾ സമീപിക്കുന്നതോടെയാണ് പുതിയ വഴി തുറക്കുന്നത്. ബിനുവും അയാളും ചേർന്നു സംരംഭം തുടങ്ങി. വളർത്തലും വിൽപനയുമെല്ലാം അയാളുടെ ചുമതല. തന്റെ ഭാഗത്തുനിന്ന് ഒരു പണിക്കാരനെ നൽകും, അതായിരുന്നു കരാർ. തീറ്റയ്ക്കായി പാലക്കാട്ടെ ഹോട്ടലുകളിൽനിന്ന് ഭക്ഷ്യാവശിഷ്ടങ്ങൾ എത്തിക്കാനും ഏർപ്പാടായി.

പത്തുമാസം വളർത്തി ഇറച്ചിവിലയ്ക്കു വിൽക്കുന്ന സംരംഭം രണ്ടു വർഷം പിന്നിട്ട 2013ൽ ഓര്‍ക്കാപ്പുറത്തു പങ്കുകാരൻ സ്ഥലം വിട്ടു. പല പ്രായത്തിലുള്ള ഇരുനൂറോളം പന്നികളുള്ള ഫാമിന്റെ ചുമതല മുഴുവൻ ബിനുവിന്റെ ചുമലിലായി. തുനി‍ഞ്ഞിറങ്ങി, ഇതുതന്നെ തുടരാമെന്ന ധൈര്യം സിൻസിയുടേതായിരുന്നു.

ഫാം ഏറ്റെടുത്തതോടെ ഈ മേഖലയെക്കുറിച്ച് രണ്ടുപേരും നന്നായി പഠിച്ചു. പാലക്കാട്ടെ ചില ഫാമുകൾ സന്ദർശിച്ചു. ബിനു വിപണിയെക്കുറിച്ചു പഠിച്ചപ്പോൾ പാലക്കാടും പരിസരങ്ങളിലും നടക്കുന്ന കൃഷി, മൃഗസംരക്ഷണ പരിശീലന ക്ലാസുകളില്‍ സിൻസി പതിവുകാരിയായി.

തമിഴ്നാട്, കർണാടക, ആന്ധ്ര എന്നിവിടങ്ങളിൽനിന്നു ചെക്പോസ്റ്റ് കടത്തുന്ന പന്നികളെ കശാപ്പുചെയ്ത് കിലോയ്ക്ക് 60–70 രൂപയ്ക്ക് ഇറച്ചിക്കടകളിൽ എത്തിക്കുന്ന ലോബി നാട്ടിൽ സജീവമെന്നു മനസ്സിലായതോടെ ഇറച്ചിക്കായുള്ള വളർത്തൽ മതിയാക്കി. പകരം കുഞ്ഞുങ്ങളെ വളർത്തി രണ്ടു മാസമെത്തുമ്പോൾ വിൽക്കുന്ന രീതി സ്വീകരിച്ചു. പരിപാലനച്ചെലവും അധ്വാനവും ഗണ്യമായിക്കുറച്ച പുതിയ രീതി മികച്ച ലാഭം കൊണ്ടുവന്നു.

അറുപതോളം തള്ളപ്പന്നികളാണ് ഇന്നു ബിനുവിന്റെ ഫാമിലുള്ളത്. ലാർജ് വൈറ്റ് യോർക്ഷെയർ, ഡ്യുറോക്ക് ഇനങ്ങൾ. വർഷം മൂന്നു പ്രസവം. ഒറ്റ പ്രസവത്തിൽ ആരോഗ്യത്തോടെ കിട്ടുന്നത് 5–6 കുഞ്ഞുങ്ങൾ. ജനിച്ച് മൂന്നു ദിവസമെത്തിയ കുഞ്ഞുങ്ങൾക്ക് അയൺ കുത്തിവയ്പ് എടുക്കുന്നതും വിൽപനയ്ക്കു മുമ്പായി വിരമരുന്ന് നൽകുന്നതും സിൻസി നഴ്സിന്റെ ഡ്യൂട്ടിയാണ്. രണ്ടുമാസത്തേക്ക് തള്ളയുടെ പാലു മാത്രമാണ് കുഞ്ഞുങ്ങളുടെ ആഹാരം. അതുകൊണ്ട് തീറ്റച്ചെലവ് പൂജ്യം. രണ്ടുമാസം പ്രായമെത്തിയവയെ വലുപ്പമനുസരിച്ച് ഒന്നിന് 3500–4000 രൂപ നിരക്കിൽ മറ്റു ഫാമുകാർ വാങ്ങിക്കൊള്ളും.

binu-with-pig പന്നിഫാം ആദായകരം

ഹോട്ടലുകളിൽനിന്ന് ഫാമിലെത്തിക്കുന്ന ചോറും മറ്റ് ഭക്ഷ്യാവശിഷ്ടങ്ങളും ബാക്കിവരുന്നുവെന്നു കണ്ടതോടെ കോഴിവളർത്തലും തുടങ്ങി. മലമ്പുഴയിലെ സർക്കാർ പൗൾട്രി ഫാമിൽനിന്ന് സങ്കരയിനമായ ഗ്രാമപ്രിയ, ഗ്രാമശ്രീ പൂവൻകുഞ്ഞുങ്ങളെ വാങ്ങി. ലിംഗനിർണയം കഴിഞ്ഞവയാണെങ്കിലും ഏതാനും പിടകളുമുണ്ടായിരുന്നു. റബർത്തോട്ടത്തിൽ അഴിച്ചുവിട്ട് തനി നാടൻ രീതിയിൽ പരിപാലിച്ചു. എട്ടു മാസംകൊണ്ട് രണ്ടര കിലോ വളർച്ചയെത്തുന്ന പൂവൻകോഴികളെ 500 രൂപയ്ക്കു വിറ്റുതുടങ്ങി. വിപുലമായ സുഹൃദ് വലയമുള്ളതിനാൽ നാടൻ ഇറച്ചിക്കും മുട്ടയ്ക്കുമെല്ലാം ആവശ്യക്കാർ കൂടിവന്നു. എങ്കിൽപിന്നെ വിപണിയിൽ ഡിമാന്റുള്ള കരിങ്കോഴിയും വളർത്താമെന്നായി. റബർത്തോട്ടത്തിൽ അഴിച്ചുവിട്ടുതന്നെ കരിങ്കോഴികളെയും വളർത്തി. അതും കൊണ്ടുവന്നു മികച്ച വരുമാനം. പിന്നാലെ പച്ചക്കറികളും വാഴയുമെല്ലാം ചെറിയ തോതിൽ കൃഷി ചെയ്തു.

തേങ്ങാവില കിലോയ്ക്കു 10 രൂപയെത്തിയപ്പോൾ കൊപ്രയാക്കി വെളിച്ചെണ്ണയുണ്ടാക്കാമെന്ന് പറഞ്ഞതു സിന്‍സിയാണ്. അതു വിജയിച്ചു. തുടർന്ന് ഡെയറിഫാമിലും കൈവച്ചു. ‘‘മിൽമാസംഘത്തിൽ പാലളന്നപ്പോൾ നമ്മൾ കൊടുക്കുന്ന പാലിന് ലീറ്ററിന് 30 രൂപ വില തരും. അതേ പാൽ നമ്മുടെ കൺമുന്നില്‍ വച്ച്, വാങ്ങുന്നവരുടെ പാത്രത്തിലേക്ക് ഒഴിക്കുന്നത് 36 രൂപയ്ക്ക്. ഇനി ഇതിനില്ല. കിടാരികളെ വാങ്ങി പ്രസവിപ്പിച്ച് വിൽക്കാനാണ് പുതിയ പദ്ധതി’’, ബിനു പറയുന്നു.

ഫാമിൽനിന്നു വന്ന ലാഭം റബറിനോടു നീരസം കൂട്ടി. 300 മരങ്ങൾ മുറിച്ച് അവിടെ ഇളനീരിനായുള്ള കുള്ളൻ തെങ്ങുകൾ നടുകയാണ്. ഫാമിലെ കഴിഞ്ഞ മൂന്നു വർഷത്തെ ലാഭംകൊണ്ട് വീടുപണി പുരോഗമിക്കുന്നു. ഇനി വിദേശത്തേക്കു പോയാൽ അത് വിനോദയാത്ര ആയിരിക്കുമെന്ന് ഇരുവരും ഒരേ സ്വരത്തിൽ പറയുന്നു.

ഫോൺ: 9605055415