Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാലിനു നേടാം നല്ല വില

milk-dairy Representative image

നമ്മുടെ നാട്ടിൽ ഓരോ തവണ പാൽവില വർധിപ്പിക്കുമ്പോഴും ഏറ്റവും കൂടുതൽ നേട്ടം കിട്ടുന്നത് ഗുണനിലവാര പരിശോധനയില്ലാതെ പ്രാദേശികമായി പാൽ വിറ്റഴിക്കുന്നവർക്കാണ്. അവർ വില മിൽമയുടെ വിലയ്ക്ക് ഒപ്പമോ അതിൽ കൂടുതലോ ഈടാക്കുമ്പോൾ ക്ഷീരസഹകരണസംഘത്തിൽ പാലളക്കുന്ന മിക്കവർക്കും താരതമ്യേന കുറഞ്ഞ വിലയാണു കിട്ടുന്നത്.

വെള്ളം, കൊഴുപ്പ് (നെയ്യ്), മാംസ്യം (പ്രോട്ടീൻ), ലാക്ടോസ് (പാൽ പഞ്ചസാര), ധാതുലവണങ്ങൾ, വിറ്റമിനുകൾ എന്നിവയാണ് പാലിന്റെ മുഖ്യഘടകങ്ങൾ. ശരാശരി 84—88% വെള്ളം കാണും. വെള്ളം കഴിഞ്ഞ് ബാക്കിയുള്ള ഖരപദാർഥങ്ങളുടെ അടിസ്ഥാനത്തിലാണ് പാലിനു ഗുണനിലവാരവും വിലയും നിശ്ചയിക്കുന്നത്. ഈ ഖരപദാർഥങ്ങളെ കൊഴുപ്പ് (ഫാറ്റ്) എന്നും കൊഴുപ്പേതര ഖരപദാർഥങ്ങൾ (എസ്എൻഎഫ് അഥവാ solids no fat) എന്നും തിരിച്ചിട്ടുണ്ട്. കൊഴുപ്പിന്റെയും എസ്എൻഎഫിന്റെയും അടിസ്ഥാനത്തിൽ മിൽമ നിശ്ചയിച്ചിരിക്കുന്ന വില അനുസരിച്ചാണ് ക്ഷീരസഹകരണസംഘങ്ങൾ ഉൽപാദകർക്കു വില നൽകുന്നത്. ഓരോ ഉൽപാദകനും കൊടുക്കുന്ന പാലിന്റെ കൊഴുപ്പും ലാക്ടോമീറ്റർ റീഡിങ്ങും (LR) രേഖപ്പെടുത്തിയശേഷം മിൽമയുടെ വിലപ്പട്ടികപ്രകാരമാണ് പാൽവില നൽകുന്നത്. അതുപോലെ ഓരോ സംഘവും മിൽമയ്ക്കു നൽകുന്ന പാലിന് മറ്റൊരു വിലപ്പട്ടികപ്രകാരം വില ലഭിക്കുന്നു. ഈ സാഹചര്യത്തിൽ ക്ഷീരസംഘത്തിൽ പാലളക്കുന്നവർ തങ്ങൾക്കു പരമാവധി വില ലഭിക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

പശു, എരുമ, ആട് ഇവയുടെ പാലിലുള്ള ഘടകങ്ങൾ ഒന്നുതന്നെ ആണെങ്കിലും ഓരോന്നിന്റെയും അളവിൽ വ്യത്യാസമുണ്ട്. ഒരു പശുവിന്റെ പാൽ മറ്റൊരു പശുവിന്റെ പാലുമായി തട്ടിച്ചുനോക്കിയാൽപ്പോലും ഘടകങ്ങളുടെ അളവ് വ്യത്യസ്തമായിരിക്കും. ഒരു പശുവിന്റെതന്നെ രാവിലത്തെയും വൈകുന്നേരത്തെയും പാലിലും ഘടകങ്ങളുടെ ശതമാനത്തിൽ വ്യത്യാസം കാണും. പശുവിന്റെ വർഗം, പാരമ്പര്യം, തീറ്റ, കറവരീതി, കറവക്കാലം, പാൽ കൈകാര്യം ചെയ്യുന്ന രീതി, കറവകൾ തമ്മിലുള്ള ഇടവേള, മദി തുടങ്ങിയവയൊക്കെ പാലിലെ ഘടകങ്ങളുടെ അളവിനെ ബാധിക്കുന്നു.

പശു പ്രസവിച്ച് ഏകദേശം ഒരുമാസം വരെ ഇളംപാൽ ആയിരിക്കും. ഇളംപാലിൽ കൊഴുപ്പു കുറവും റീഡിങ് കൂടുതലുമായിരിക്കും. ഇളംപാൽ അവസ്ഥ മാറിക്കഴിഞ്ഞാൽ കൊഴുപ്പ് വളരെ കുറവും റീഡിങ് കൂടുതലും ആണെങ്കിൽ മൊത്തം പാലും ലഭിച്ചിട്ടില്ല എന്നു മനസ്സിലാക്കാം. എന്നാൽ കൊഴുപ്പും റീഡിങ്ങും കുറവാണെങ്കിൽ പാലിൽ വെള്ളം കലർന്നിട്ടുണ്ട് എന്ന് അനുമാനിക്കാം. ക്ഷീരകർഷകർ അറിയാതെയും പാലിൽ വെള്ളം കലർന്ന് എസ്എൻഎഫും കൊഴുപ്പും കുറയാറുണ്ട്.

ശരിയായ കറവ

മിക്ക ക്ഷീരകർഷകരും കിടാവിനെ കുടിപ്പിക്കാതെയാണ് കറക്കാറ്. അകിട് കഴുകിക്കഴിയുമ്പോൾ അകിട്ടിൽ പാൽ നിറയും. ഈ സമയം കുഞ്ഞിനു പാൽ കൊടുക്കുന്നു എന്ന തോന്നലാണ് തള്ളപ്പശുവിനുണ്ടാകുന്നത്. ഈ സമയം ഓക്സിടോസിൻ എന്ന ഹോർമോൺ തള്ളപ്പശുവിന്റെ ശരീരത്തിൽ പ്രവർത്തിക്കുന്നു. ഇതിന്റെ പ്രവർത്തനം 7— 8 മിനിറ്റ് മാത്രമേ നിലനിൽക്കുകയുള്ളൂ. ഈ സമയത്ത്, അതായത് 7—8 മിനിറ്റിനുള്ളിൽ മുഴുവൻ പാലും കറന്നെടുക്കണം. ഈ ഹോർമോണിന്റെ പ്രവർത്തനം നിലച്ചുകഴിഞ്ഞാൽ അകിട്ടിൽ പാലുണ്ടെങ്കിലും കറന്നാൽ കിട്ടുകയില്ല. പശു ചുരത്തുന്നില്ല എന്നാണ് ഈ അവസ്ഥയ്ക്കു പൊതുവേ പറയുന്നത്. പശുവിന്റെ അകിട്ടിൽനിന്ന് ആദ്യമാദ്യം വരുന്ന പാലിൽ കൊഴുപ്പിന്റെ അളവ് കുറവായിരിക്കും. മധ്യത്തോട് അടുക്കുംതോറും കൊഴുപ്പിന്റെ അളവ് കൂടിവരും. ഏറ്റവും അവസാനത്തെ പാലിൽ കൊഴുപ്പിന്റെ അളവ് വളരെ കൂടുതൽ ആയിരിക്കും. അതുകൊണ്ട് ഒരു തുള്ളി പാലുപോലും അകിട്ടിൽ നിർത്താതെ മുഴുവൻ പാലും കറന്നെടുത്താൽ മാത്രമേ മൊത്തം പാലിൽ കൊഴുപ്പിന്റെ അളവ് വേണ്ടവിധം കാണുകയുള്ളൂ.

മിക്കവരും കിടാവിനു കുടിക്കാൻവേണ്ടി കുറച്ചു പാൽ അകിട്ടിൽ നിർത്താറുണ്ട്. ഏറ്റവും കൊഴുപ്പ് കൂടിയ അവസാനത്തെ പാൽ ഇങ്ങനെ അകിട്ടിൽ നിർത്തുന്നതിനാൽ കറന്ന മൊത്തം പാലിൽ കൊഴുപ്പിന്റെ ശതമാനം കുറവായിരിക്കും. അതിനാൽ അകിട്ടിൽ ഒട്ടും ശേഷിക്കാതെ പൂർണമായും കറന്നെടുത്താൽ മാത്രമേ പാലിൽ യഥാർഥത്തിലുള്ള കൊഴുപ്പിന്റെ അളവ് അറിയാൻ സാധിക്കുകയുള്ളൂ. കിടാവിനെ, വിശേഷിച്ച് പശുക്കുട്ടിയാണെങ്കിൽ മൂന്നുമാസം നന്നായി പാൽ കുടിപ്പിക്കണം. ഇതിനായി കറവയ്ക്കുശേഷം കിടാവിനെ ഒന്നു രണ്ട് മണിക്കൂർ പശുവിന്റെ കൂടെ വിട്ടാൽ അതിനാവശ്യമായ പാൽ ലഭിക്കും.

കറവസമയത്ത് പശു പേടിക്കുകയോ മറ്റോ ചെയ്യുകയാണെങ്കിൽ കുട്ടിക്ക് പാല് കൊടുക്കുക എന്ന തോന്നലിൽനിന്നു പശുവിന്റെ ശ്രദ്ധ മാറും. തൻമൂലം പാൽ ചുരത്താൻ കാരണമായ ഹോർമോണിന്റെ പ്രവർത്തനം ശരിക്കു നടക്കാത്തതുകൊണ്ട് കറന്നാൽ പാൽ കിട്ടുകയില്ല. ഈ സമയത്തും അവസാനത്തെ ഏറ്റവും കൊഴുപ്പുകൂടിയ പാൽ ലഭിക്കാത്തതുകൊണ്ട് മൊത്തം പാലിൽ കൊഴുപ്പിന്റെ ശതമാനം കുറവായിരിക്കും. അതുകൊണ്ട് കറവസമയം പശുവിനെ അടിക്കുകയോ ഭയപ്പെടുത്തുകയോ ചെയ്താൽ മുഴുവൻ പാലും ലഭിക്കാത്തതുകൊണ്ട് പാലിൽ കൊഴുപ്പിന്റെ അളവ് കുറവായിരിക്കും.

പാൽ നന്നായി ഇളക്കാതിരിക്കുക

പാലിലുള്ള ഘടകങ്ങളിൽ ഏറ്റവും സാന്ദ്രത കുറഞ്ഞ ഘടകം കൊഴുപ്പാണ്. ഈ കൊഴുപ്പ് പാലിന്റെ ഉപരിതലത്തിൽ വളരെ ചെറിയ കണികകളായി പൊങ്ങിക്കിടക്കും. കറന്നെടുത്ത പാലിൽനിന്നു നന്നായി ഇളക്കാതെ പ്രാദേശിക വിൽപനയ്ക്കോ വീട്ടിലെ ആവശ്യത്തിനോ പാൽ എടുക്കുകയാണെങ്കിൽ ആദ്യമാദ്യം എടുക്കുന്ന പാലിൽ കൊഴുപ്പു കൂടുതൽ ആയിപ്പോകും. ബാക്കിവരുന്ന പാൽ സംഘത്തിൽ അളന്നാൽ പാലിൽ കൊഴുപ്പിന്റെ അളവ് തീരെ കുറവായിരിക്കും. അതുകൊണ്ട് ഓരോ തവണ പാൽ എടുക്കുമ്പോഴും പാൽ നന്നായി ഇളകിമറിഞ്ഞു എന്ന് ഉറപ്പാക്കണം.

കറവ സമയം

ക്ഷീരസഹകരണസംഘത്തിൽ പാൽ അളക്കുന്ന സൗകര്യത്തിനായി സാധാരണയായി ഉൽപാദകർ വെളുപ്പിനും ഉച്ചകഴിഞ്ഞും ആണ് കറക്കാറ്. കറവകൾ തമ്മിലുള്ള സമയം കൂടുതൽ ആയതുകൊണ്ട് രാവിലെ പാലിന്റെ അളവ് കൂടുതലും കൊഴുപ്പിന്റെ ശതമാനം കുറവും ആയിരിക്കും. ഉച്ചകഴിഞ്ഞു കറവകൾ തമ്മിലുള്ള സമയം കുറവായതുകൊണ്ട് പാലിന്റെ അളവ് കുറവും കൊഴുപ്പിന്റെ ശതമാനം കൂടുതലും ആയിരിക്കും. കറവകൾ തമ്മിലുള്ള ഇടവേള ഏറക്കുറെ തുല്യമായാൽ ഈ വ്യത്യാസം അനുഭവപ്പെടുകയില്ല.

താപനില

കറന്നയുടനെയുള്ള പാലിന് ചെറിയ ചൂടു കാണും. പാലിന്റെ താപം 29 ഡിഗ്രി സെൽഷ്യസ് ഉള്ളപ്പോൾ ശരിയായ റീഡിങ് കിട്ടത്തക്കവിധമാണ് ലാക്ടോമീറ്റർ സംവിധാനം ചെയ്തിരിക്കുന്നത്. സാധാരണ കറന്ന ഉടനെയുള്ള പാലിന് 31—33 ഡിഗ്രി സെൽഷ്യസ് താപം കാണും. ചൂട് 29 ഡിഗ്രിയിൽ കൂടുതലാണെങ്കിൽ ലാക്ടോമീറ്റർ റീഡിങ് കുറച്ചു കാണിക്കും. ഇതുവരാതെ പല ക്ഷീരസഹകരണസംഘത്തിലും താപനില കറക്ഷനും കൂടി നോക്കിയാണ് പാൽ എടുക്കുന്നത്. അല്ലാത്തപക്ഷം കർഷകർ കറന്ന ഉടനെ ഉള്ള പാൽ ഒരു പത്തു മിനിറ്റ് കഴിഞ്ഞ് ചൂടു മാറിയശേഷം സംഘത്തിൽ അളന്നാൽ ഇതിനു പരിഹാരമാകും.

വെള്ളം കലരാതെ

കറക്കാനുപയോഗിക്കുന്ന പാത്രത്തിലാണ് സാധാരണയായി അകിട് കഴുകുവാനുള്ള വെള്ളവും കൊണ്ടുപോകാറ്. അകിട് കഴുകിക്കഴിഞ്ഞ് മിച്ചംവരുന്ന വെള്ളം കമഴ്ത്തിക്കളഞ്ഞ് ആ പാത്രത്തിൽത്തന്നെ കറക്കുകയാണു മിക്കവരും ചെയ്യുന്നത്. നന്നായി കമഴ്ത്തിക്കളയാത്തതുകൊണ്ടു വലിയ പാത്രത്തിൽ തങ്ങിനിൽക്കുന്ന വെള്ളം കുറെ കാണും. നാലു മുലക്കാമ്പിൽനിന്നും ഇറ്റുവീഴുന്ന വെള്ളവും കുറെ കാണും. ഇതു രണ്ടും ക്ഷീരകർഷകർ അറിയാതെ പാലിൽ വെള്ളം കലരുന്ന അവസ്ഥയാണ്. ക്ഷീരസഹകരണസംഘത്തിലെ പാൽ പരിശോധനയിൽ ഈ വെള്ളം മൂലം പാലിന് കൊഴുപ്പും റീഡിങ്ങും കുറയുക വഴി വില കുറയാൻ കാരണമാകും. വെള്ളമയമില്ലാത്ത പാത്രത്തിൽ കറക്കുന്നതുകൊണ്ടും കറവയ്ക്കു മുൻപ് അകിട് കഴുകിത്തുടച്ചും ഇതിനു പരിഹാരം കാണാം.

ക്ഷീരകർഷകർ മനഃപൂർവമല്ലാതെ പാലിൽ വെള്ളം കലർത്തുന്ന അവസ്ഥയുമുണ്ട്. കറന്നെടുത്ത പാൽ ഒരു അരിപ്പ ഉപയോഗിച്ച് മറ്റൊരു പാത്രത്തിലേക്ക് അരിച്ചെടുക്കുകയാണ് ചെയ്യാറ്. ഈ സമയം അരിപ്പയിൽ തങ്ങിനിൽക്കുന്ന പതയടിയാൻ അൽപം വെള്ളം ഒഴിക്കാറുണ്ട്. മാത്രമല്ല, കറന്ന പാത്രത്തിന്റെ വശങ്ങളിൽ പിടിച്ചിരിക്കുന്ന പാലും പതയും കളയേണ്ടല്ലോ എന്നു കരുതി അൽപം വെള്ളം ഒഴിച്ച് കഴുകി എടുക്കാറുണ്ട്. ഇതു രണ്ടും ക്ഷീര കർഷകർ മനഃപൂർവമല്ലാതെ പാലിൽ വെള്ളം കലർത്തുന്ന അവസ്ഥയാണ്. ഈ വെള്ളം മൂലം പാലിന് കൊഴുപ്പും റീഡിങ്ങും കുറയുക വഴി വില കുറയാനിടയാകും. അരിപ്പയിൽ തങ്ങിനിൽക്കുന്ന പത അടിയാൻ വെള്ളം ഒഴിക്കുന്നതിനു പകരം അരിപ്പയുടെ തണ്ടിൽ തട്ടിക്കൊടുക്കുകയും പാത്രത്തിൽ പിടിച്ചിരിക്കുന്ന പാൽ വെള്ളം ഒഴിച്ച് കഴുകി പാലിലേക്കൊഴിക്കാതിരിക്കുകയും ചെയ്താൽ ഈ പ്രശ്നത്തിനു പരിഹാരമാകും.

ഉൽപാദകർ അറിയാതെ പാലിൽ വെള്ളം കലർന്ന് കൊഴുപ്പും റീഡിങ്ങും കുറയുന്നതിന് ഉദാഹരണം കണക്കുകളിലൂടെ:-

കൊഴുപ്പ് നാലു ശതമാനവും ലാക്ടോമീറ്റർ റീഡിങ് 29 ഉം (മാതൃക 1) കൊഴുപ്പ് അഞ്ച് ശതമാനവും ലാക്ടോമീറ്റർ റീഡിങ് 28 ഉം (മാതൃക 2) ഉള്ള ഓരോ ലീറ്റർ പാലിൽ യഥാക്രമം 50 മി.ലീ., 100 മി.ലീ. വീതം വെള്ളം കലർന്നാലുള്ള വിലവ്യത്യാസം താഴെ പട്ടികയിൽ.

milk-price-model-chart

ഈ രണ്ട് ഉദാഹരണങ്ങളിൽനിന്ന് പാലിൽ നേരിയ അളവിൽ വെള്ളം കലർന്നാൽപോലും വിലയിൽ വലിയ വ്യത്യാസം വരുമെന്നു മനസ്സിലാക്കാം.

വിലാസം: ഡെപ്യൂട്ടി ഡയറക്ടർ (റിട്ട.), ക്ഷീരവികസനവകുപ്പ്. ഫോൺ: 9400375979 

Your Rating: