Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുടുംബശ്രീയുടെ പശുസഖി

cow-cattle Representative image

ക്ഷീരകർഷകർക്കു തുണ നിൽക്കാൻ കുടുംബശ്രീയുടെ പുതിയ പദ്ധതിയാണ് പശുസഖി. സംസ്ഥാനതലത്തിൽ 600 വനിതകളെ തിരഞ്ഞെടുത്തു പരിശീലനം നൽകി മൃഗസംരക്ഷണ സംരംഭകരായ കുടുംബശ്രീ അംഗങ്ങൾക്കു പ്രോജക്ട് തയാറാക്കൽ മുതൽ പക്ഷി-മൃഗ പരിപാലനവും പാൽ, മാംസം, മുട്ട വിപണനവും വരെയുള്ള കാര്യങ്ങളിൽ പിന്തുണ നൽകാനായി നിയോഗിക്കുന്നതാണു പദ്ധതി. 1.56 കോടി രൂപ കേന്ദ്രസർക്കാർ ഈ പദ്ധതിക്കായി അനുവദിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ വിഹിതവും ലഭിക്കും. മലപ്പുറം, വയനാട് ജില്ലകളിലും അട്ടപ്പാടിയിലുമാണ് പദ്ധതി ആദ്യം നടപ്പാക്കുക. പദ്ധതിക്കു സംസ്ഥാന സർക്കാരിന്റെ അനുമതി ലഭിച്ചിട്ടുണ്ട്.

പരിശീലനം: അയൽക്കൂട്ടങ്ങളിൽ നിന്നാണ് പരിശീലനാർഥികളെ തിരഞ്ഞെടുക്കുക. ഇവർക്കു വയനാട്ടിലെ പൂക്കോട് വെറ്ററിനറി ആൻഡ് അനിമൽ സയൻസസിൽ പല ബാച്ചുകളായി പരിശീലനം നൽകും. പത്തു ദിവസത്തെ പരിപാടിയിൽ വിദഗ്ധരുടെ ക്ലാസുകൾക്കൊപ്പം വിജയിച്ച കർഷകർ അനുഭവങ്ങൾ പങ്കുവയ്ക്കും. കൃഷിയിടങ്ങളും ഡെ‌യറി ഫാമുകളും സന്ദർശിക്കാനുള്ള അവസരവുമുണ്ട്. പരിശീലനം ലഭിച്ച ഈ വനിതകൾ പിന്നീടു മറ്റുള്ളവർക്കു പരിശീലനവും ഉപദേശവും നൽകും.

സംരംഭകർക്ക് പിന്തുണ: സംയോജിത കൃഷിരീതികൾ നടപ്പാക്കാൻ സംരംഭകർക്കു സാങ്കേതിക സഹായം നൽകുകയാണ് ഇവരുടെ പ്രധാന ചുമതല. കുടുംബശ്രീയുടെ സംഘക്കൃഷി മാസ്റ്റർ ഫാർമർമാരുടെ സമാന ചുമതലകളാണ് മൃഗസംരക്ഷണ മേഖലയിൽ ഇവർക്കുള്ളത്. മൃഗഡോക്ടർമാരു‌ടെയും കാർഷിക വിദഗ്ധരുടെയും സേവനങ്ങൾ അവശ്യസമയത്തു ലഭ്യമാക്കുക, സംരംഭകർ, കർഷകർ, ഓരോ പ്രദേശത്തെയും മൃഗാശുപത്രികൾ, ഡോക്ടർമാർ എന്നിവ സംബന്ധിച്ച വിവരങ്ങൾ സൂക്ഷിക്കുക, കന്നുകാലികൾക്കുള്ള മികച്ച ഇൻഷുറൻസ് പദ്ധതികൾ തിരഞ്ഞെടുക്കുന്നതിനും അതു പുതുക്കുന്നതിനും കർഷകരെ സഹായിക്കുക, സംരംഭകർക്ക് ആനുകൂല്യങ്ങൾ ലഭ്യമാക്കുക എന്നിവയും ഇവരുടെ ചുമതലകൾ.

വിപണനത്തിനും ഊന്നൽ: പാൽ, മാംസം, മുട്ട എന്നിവയുടെ ഉൽപാദനം വർധിപ്പിക്കുന്നതോടൊപ്പം വിപണന സൗകര്യമൊരുക്കലും ലക്ഷ്യമിടുന്നുണ്ട്.

ഫോൺ: 0471 2554714 

Your Rating: