Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാൽ തരും യന്ത്രം കേരളത്തിലും

milk-vending-machine വെൻഡിങ് മെഷീനിൽനിന്നു പാൽ എടുക്കുന്നു

എടിഎം കാർഡ് ഉപയോഗിച്ചു പണമെടുക്കുന്നതു പോലെ മെഷീനിൽനിന്ന് ഇനി പശുവിൻപാലും!. കറവയന്ത്രങ്ങൾ ഉപയോഗിച്ചു കറന്നെടുത്ത പാൽ കൈ തൊടാതെ തന്നെ മിൽക് വെൻഡിങ് മെഷീനിലേക്കും തുടർന്ന് ഉപഭോക്താവിന്റെ കൈകളിലേക്കും എത്തുന്ന പുത്തൻ സാങ്കേതികവിദ്യ അവതരിപ്പിക്കുകയാണു ചെങ്ങന്നൂരിനടുത്തു തിരുവൻവണ്ടൂർ നന്നാട്ടെ അമ്പാടിയിൽ ഹൈടെക് ഡെയറി ഫാം. തീറ്റ കൊടുക്കുന്നതും കുളിപ്പിക്കുന്നതും മുതൽ വിപണനം വരെയുള്ള പ്രവർത്തനങ്ങൾക്ക് ഇവിടെ യന്ത്രസഹായമുണ്ട്.

ഫാമിലെ മിൽക്കിങ് പാർലറിൽ ജർമൻ നിർമിത കറവയന്ത്രങ്ങളുപയോഗിച്ച് 12 പശുക്കളെ ഒരേ സമയം കറക്കുന്നു. അഞ്ചു മിനിട്ടിനകം കറവ പൂർത്തിയായി പാൽ പാർലറിൽനിന്നു നേരേ പിക്കപ് വാനിൽ ഘടിപ്പിച്ച വെൻഡിങ് മെഷീനിന്റെ 300 ലീറ്റർ സംഭരണശേഷിയുള്ള ടാങ്കിലെത്തും. വീട്ടുമുറ്റത്തെത്തുന്ന വാനിന്റെ പിന്നിൽ മെഷീനിൽ കാർഡ് സ്വൈപ് ചെയ്ത് ഉപഭോക്ത‍ാക്കൾക്ക് ആവശ്യമുള്ള അളവിൽ പാലെടുക്കാം. കാർഡിൽ പണം നിറയ്ക്കാൻ ഫാമുമായി ബന്ധപ്പെടണം. എട്ടു ലക്ഷത്തോളം രൂപ ചെലവിലാണു മിൽക് വെൻഡിങ് മെഷീൻ സ്ഥാപിച്ചത്.

രണ്ടു ജഴ്സി പശുക്കളുമായി 2006ൽ തുടങ്ങിയ ഫാമിൽ ഇപ്പോൾ ഇരുനൂറോളം പശുക്കളുണ്ട്. എണ്ണം ഉടൻ തന്നെ അഞ്ഞൂറിലേക്ക് എത്തിക്കുമെന്ന് അനിൽ കുമാർ പറയുന്നു. ജഴ്സ‍ിയുടെയും എച്ച്എഫിന്റെയും സങ്കരയിനങ്ങൾ മുതൽ നാടൻപശുവായ വെച്ച‍ൂർവരെ ഇവിടെയുണ്ട്. എരുമകളെയും വളർത്തുന്നു. മേൽക്കൂരയ്ക്കു കീഴൽ പശുക്കളെ‌ അഴിച്ചുവിട്ടു വളർത്തുന്ന ഫ്രീ സ്റ്റാൾ സമ്പ്രദായമാണു ഫാമിൽ. ഇതുമൂലം പശുക്കൾക്കു വിശപ്പുളളപ്പോൾ തീറ്റയെടുക്കാനും ദാഹമുള്ളപ്പോൾ വെള്ളം കുടിക്കാനും കഴിയുന്നു. തൊഴുത്തിലെ ചൂടു നിയന്ത്രിക്കാൻ മേൽക്കൂരയ്ക്കു കീഴിലായി ഓലമെടഞ്ഞു മേഞ്ഞിട്ടുണ്ട്. ഇറക്കുമതി ചെയ്ത ഡെയറി ഫാനുകളും ഗോക്കളെ തണുപ്പിക്കുന്നു. സെൻസർ ഉപയോഗിച്ചു പ്രവർത്തിക്കുന്ന കൗബ്രഷിൽ പശുക്കളുടെ ദേഹം സ്പർശിക്കുമ്പോൾ ബ്രഷ് തനിയെ പ്രവർത്തിച്ച് അവയുടെ പുറം ചൊറിഞ്ഞുകൊടുക്കും.

പകുതി വിളവെത്തിയ ചോളവും (സൈലേജ്) ചോളപ്പൊടി, പിണ്ണാക്ക്, തവിട് എന്നിവയും ചേർത്തുണ്ടാക്കുന്ന കാലിത്തീറ്റയാണു പശുക്കൾക്കു നൽകുന്നത്. തമിഴ്നാട്ടിലെ തേനിയിൽ നിന്നാണു ചോളം എത്തിക്കുന്നത്. അരിഞ്ഞെടുക്കുന്ന ചോളച്ചെടിയും കതിരുമെല്ലാം 45 ദിവസത്തോളം വായു ക‌ടക്കാതെ ഫെർമന്റേഷൻ നടത്തി സൂക്ഷ‍ിച്ചാണു സൈലേജ് ഉണ്ടാക്കുന്നത്. തീറ്റ നൽകുന്ന രീതിക്കും പ്രത്യേകതയുണ്ട്. ടോട്ടൽ മിക്സ് റേഷൻ (ടിഎംആർ) മെഷീനിലേക്കു തീറ്റ ഇട്ടുകൊടുക്കും. ഒരോ വിഭാഗത്തിലുമുള്ള പശുക്കളെ പ്രത്യേകം പാർപ്പിച്ചിരിക്കുന്ന ഫാമിനുള്ളിലൂടെ ട്രാക്ടറിൽ ഘടിപ്പിച്ച മെഷീൻ ഓടിക്കുകയേ വേണ്ടൂ. അതാതു വിഭാഗത്തിന് ആവശ്യമായ അളവിൽ തീറ്റ കൃത്യമായി ഇരുവശത്തേക്കുമായി വീഴും.

കറവസമയത്ത പശുക്കളെ പ്രത്യേക ബാരിക്കേഡിനുള്ളിലൂടെ കടത്തിവിടും. നിശ്ചിതസ്ഥലത്തെത്തുമ്പോൾ പശു തനിയെ നിൽക്കും. അവിടെ ബാരിക്കേഡിലെ പൈപ്പുകളിൽ ഘടിപ്പിച്ചിട്ടുള്ള ഷവർ പോയിന്റുകളിൽനിന്നു വെള്ളം പശുക്കളുടെ ദേഹത്തേക്കു സമൃദ്ധമായി സ്പ്രേ ചെയ്യും. കുളിക്കു ശേഷമാണു മിൽക്കിങ് പാർലറിൽ കറവ നടക്കുക. കറവ പൂർത്തിയായി പാൽ പാർലറിൽനിന്നു ചില്ലിങ് പ്ലാന്റിലേക്കും പാസ്ചുറൈസേഷൻ നടത്തി പായ്ക്ക് ചെയ്തു വിപണിയിലേക്കും എത്തുന്നു. പ്രതിദിനം ആറായിരം ലീറ്ററാണ് നിലവിലെ ഉൽപാദനം. 500 പശുക്കളാകുന്നതോടെ പതിനായിരം ലീറ്ററായി ഉൽപാദനം ഉയരും. പശുക്കളുടെ ദേഹത്തു ഘടിപ്പിച്ചിട്ടുള്ള ചിപ്പ് വഴി ഓരോ പശുവിനെയും സംബന്ധിച്ച മുഴുവൻ വിവരങ്ങളും കംപ്യൂട്ടറിൽ ലഭ്യമാകുന്ന സംവിധാനവുമുണ്ട്. ഫാമിൽ 37 ജീവനക്കാരുണ്ട്.

ഫോൺ– 9847373135 

Your Rating: