Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആടുകൾക്ക് ക്ഷീണം

goat

ചോദ്യം ഉത്തരംമൃഗസംരക്ഷണം

Q. ഞാൻ കുറെ ആടുകളെ വളർത്തുന്നു. ഇവയെ മേയാൻ വിടുന്നുണ്ട്. പക്ഷേ, നാലു മാസം പ്രായമായ ചില ആടുകൾ ഏറെ ക്ഷീണിച്ചാണിരിക്കുന്നത്. പ്രായമെത്തിയ ആടുകൾ മദിലക്ഷണം കാണിക്കുന്നില്ല. എന്താണു പ്രതിവിധി.

പി.കെ. ജോർജ്, കാഞ്ഞിരമറ്റം

ആടുകൾ ക്ഷീണിക്കാൻ കാരണം രക്തക്കുറവാണ്. ബാഹ്യപരാദങ്ങളായ ഈച്ച, വട്ടൻ എന്നിവ രക്തം വലിച്ചെടുക്കുന്നതും ആന്തരിക പരാദങ്ങളായ വിരകൾ ആന്തരികാവയവങ്ങളിൽ തങ്ങി ശരീരത്തിലെ പോഷകങ്ങളും രക്തവും വലിച്ചെടുക്കുന്നതുമാണ് ക്ഷ‍ീണത്തിനു പ്രധാന കാരണം. ബാഹ്യ പരാദബാധ തടയുന്നതിനു വിപണിയിൽ ലഭിക്കുന്ന Lystick, Butox, Clinar, Flykill എന്ന‍ീ മരുന്നുകൾ നിശ്ചിത ശതമാനം ഗാഢതയിൽ ദേഹത്തു പുരട്ടുക. ഇത് കീടശല്യമുള്ളപ്പോൾ ആവർത്തിക്കണം. മേയാൻ വിടുന്ന ആടുകളിൽ ചില ആന്തരിക വിരബാധയ്ക്കു സാധ്യതയേറും. രാവിലെ 10 മണിക്കുശേഷം മാത്രം മേയാൻ വിടുക. വെയിലുള്ളപ്പോൾ ഇലകളിൽ കയറിപ്പറ്റുന്ന വിരയുടെ വിവിധ ദശകൾ ഒഴിഞ്ഞുപോകാൻ ഇതു സഹായിക്കും. വിരയുടെ സംക്രമണത്തിൽ പങ്കുവഹിക്കുന്ന ഒച്ചുകളുടെ ആക്രമണം തടയാൻ താറാവുകളെ വളർത്തുന്നതും നന്ന്. വിരമരുന്നുകൾ വെറ്ററിനറി ഡോക്ടറുടെ നിർദേശാനുസരണം യഥാസമയം നൽകുക.

വിരകളെ തുരത്തുന്നതിനു ലളിതമായ മരുന്നാണ് തുരിശ്. ഒരു ഗ്രാം തുരിശ് 100 മില്ലി വെള്ളത്തിൽ ലയിപ്പിച്ചാൽ ഒരു ശതമാനം വീര്യമുള്ള തുരിശുലായനി ലഭിക്കും. ഒരു കിലോ ശരീരതൂക്കത്തിന് ഒരു മില്ലി എന്ന തോതിൽ തുരിശുലായനി വിരകൾക്ക് എതിരെ ആടിനു നൽകാം. തുരിശുലായനി വിരയ്ക്കെതിരെ ഒരു പ്രാവശ്യം നൽകിയാൽ മതി. ക്ഷ‍ീണം അകറ്റാൻ കാൽസ്യം, അയൺ (ഇരുമ്പ്) അടങ്ങിയ സിറപ്പുകൾ ഒരു ടീസ്പൂൺ എന്ന തോതിൽ ദിവസവും നൽകുക. മദിലക്ഷണം കാണിക്കാത്തതിനു കാരണം പോഷകാഹാരങ്ങളുടെ അളവിലോ ഗുണത്തിലോ ഉള്ള പോരായ്മയാണ്. ധാതുലവണമിശ്രിതം തീറ്റയിലൂടെ പതിവായി നൽകുക. ഒരു ശതമാനം വീര്യമുള്ള തുരിശുലായനി 15 മില്ലി എന്ന തോതിൽ 5–7 ദിവസത്തേക്കു നൽകിയാൽ മദിലക്ഷണം കാണിക്കും.

കിടാങ്ങൾക്കു പാലിനു ബദൽ

Q. കിടാങ്ങൾക്കു പാലിനു പകരം നൽകാവുന്ന ഭക്ഷണ പദാർഥം വിപണിയിൽ ലഭ്യമാണോ.

സി.കെ. ഗോപകുമാർ, മണിമല

കാഫ് മിൽക്ക് റീപ്ലെയ്സർ (Calf Milk Replacer) എന്ന പേരിൽ പാലിനു ബദൽ ഭക്ഷണവസ്തു ഇപ്പോൾ ഇന്ത്യൻ വിപണിയിലും ലഭ്യമാണ്. ജീവൻ എന്ന വ്യാപാര നാമത്തിൽ അമൂൽ, കിടാങ്ങൾക്ക് പാലിന് ബദലായുള്ള തീറ്റവസ്തു വിപണിയിലിറക്കുന്നുണ്ട്. 100 ഗ്രാം പൊടി തിളപ്പിച്ചാറിയ ഒരു ലീറ്റർ വെ‍ള്ളത്തിൽ ചേർത്താൽ ഒരു ലീറ്റർ പാലിനു തുല്യമാകും. 20 ശതമാനത്തിൽ കൂടിയ തോതിൽ പ്രോട്ടീനും 18 ശതമാനം കൊഴുപ്പും ഒരു ശതമാനം ധാതുക്കളും അത്രയും തന്നെ നാരംശവുമുള്ള ഈ പുത്തൻ തീറ്റ കിടാങ്ങളുടെ വളർച്ചനിരക്ക് കൂട്ടുകയും ആമാശയത്തിന്റെ പ്രവർത്തനം നേരത്തെയാക്കി പാലുകുടിയുടെ പ്രായപരിധി കുറയ്ക്കാനാകും എന്ന് അവകാശപ്പെടുന്നു. വില കൂടിയ പാലിനു പകരം വില കുറഞ്ഞ ഇത്തരം തീ‍റ്റവസ്തുക്കൾ ഉപയോഗിക്കുന്നത് കാലിവളർത്തൽ ലാഭകരമാക്കാൻ സഹായിച്ചേക്കും.

ഉത്തരങ്ങൾ തയാറാക്കിയത്: ഡോ.സി.കെ. ഷാജു, പെരുവ
സീനിയർ വെറ്ററിനറി സർജൻ, ഗവ. വെറ്ററിനറി ക്ലിനിക്, മുളന്തുരുത്തി. ഫോൺ
: 9447399303

Your Rating: