Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നവജാത കിടാക്കളുടെ സംരക്ഷണം

cow-cattle

ചോദ്യം ഉത്തരംമൃഗസംരക്ഷണം

Q. എന്റെ ഫാമിലെ ചില കിടാക്കളുടെ കൈകാൽമുട്ടുകളിൽ നീരുവന്നു വീർത്തുപൊട്ടി പഴുപ്പു കാണുന്നു. തുടർന്നു വയറിളക്കവും. എന്താണ് കാരണം. പ്രതിവിധി നിർദേശിക്കാമോ.

സി. വേലായുധൻ, കണ്ണൂർ

നവജാത കിടാക്കളുടെ സംരക്ഷണം വിശേഷിച്ച് ആദ്യത്തെ 24 മണിക്കൂർ നേരത്തെ പരിപാലനം ഏറെ പ്രധാനമാണ്. ശ്വസനം സുഗമമാക്കണം. മൂക്കിലും വായിലും പറ്റിപ്പിടിച്ചിരിക്കുന്ന ശ്ലേഷ്മം തുടച്ചുമാറ്റണം. പിൻകാലിൽ പിടിച്ച് ഉയർത്തിക്കുടഞ്ഞ്, ശ്വാസകോശത്തിൽ കയറാനിടയുള്ള ദ്രാവകം വാർന്നുപോകാൻ അനുവദിക്കണം. കന്നുകുട്ടികളിൽ കാണുന്ന സന്ധിവീക്കത്തിനു കാരണം പൊക്കിൾക്കൊടിയിലൂടെ കടക്കുന്ന അണുക്കളാണ്. ഇതു തടയാൻ പൊക്കിൾക്കൊടി രണ്ടിഞ്ച് അകലത്തിൽ ചരടുകൊണ്ട് കെട്ടി ആ ഭാഗം വീര്യം കൂടിയ ടിങ്ചർ അയോഡിൻ ലായനിയിൽ അൽപസമയം മുക്കിവയ്ക്കണം. ഇതു ദിവസം രണ്ടു പ്രാവശ്യം വീതം രണ്ടു ദിവസത്തേക്ക് തുടരുന്നതു നന്ന്. കിടാക്കൾക്കു രോഗപ്രതിരോധശക്തി കിട്ടുന്നത് കന്നിപ്പാലിലെ ഇമ്യൂണോ ഗ്ലോബുലിനിൽ നിന്നാണ്. പ്രസവിച്ച് രണ്ടു മണിക്കൂറിനുള്ളിൽ കിടാവിനു ചുരുങ്ങിയത് രണ്ടു ലീറ്റർ കന്നിപ്പാൽ ലഭിക്കണം. 24 മണിക്കൂറിനുശേഷം ലഭിക്കുന്ന കന്നിപ്പാൽ രോഗപ്രതിരോധശേഷിയെ ഏറെ സഹായിക്കുമെന്നതിനാൽ പ്രത്യേക ബോട്ടിൽ ഉപയോഗിച്ച് കൃത്യമായ അളവിൽത്തന്നെ ഇതു നൽകണം. ജനിച്ച് 10–14 ദിവസത്തിനുള്ളിൽ ആദ്യഡോസ് വിരമരുന്നും തുടർന്ന് ആറു മാസംവരെ മാസത്തിൽ ഒരിക്കൽ എന്ന ക്രമത്തിൽ വിരമരുന്നും നൽകണം. തൊഴുത്ത് വൃത്തിയായി സൂക്ഷിച്ചാൽ അണുബാധ ഒഴിവാക്കി വയറിളക്കം തടയാം. വയറിളക്കം വന്നാൽ ആൻറിബയോട്ടിക്ക് മരുന്നും വയറിളക്കം വഴിയുള്ള ജലനഷ്ടം ഒഴിവാക്കാൻ ശുദ്ധജലവും നൽകണം. ശരീരത്തിൽനിന്നു വെള്ളത്തിലൂടെ നഷ്ടപ്പെടുന്ന ധാതുക്കൾ തിരികെ നൽകുന്നതിന് ഒആർഎസ് ലായനി വായിലൂടെ നൽകണം. വീട്ടിൽ ഇത് തയാറാക്കാൻ ഒരു ലീറ്റർ തിളപ്പിച്ചാറിയ വെള്ളത്തിൽ ഒരു ടീസ്പൂൺ ഗ്ലൂക്കോസ്, ഒരു ടീസ്പൂൺ ഉപ്പ്, ഒരു ടീസ്പൂൺ അപ്പക്കാരം എന്നിവ ലയിപ്പിച്ചാൽ മതി. വയറിളക്കം നിയന്ത്രിക്കാൻ പറ്റാതെ കന്നുകുട്ടി അവശനിലയിലായാൽ വെറ്ററിനറി സർജന്റെ സേവനം തേടണം. എട്ടു ശതമാനത്തിലധികം ജലനഷ്ടം ശരീരത്തിൽ ഉണ്ടായാൽ കിടാവിനു തളർച്ച അനുഭവപ്പെടും. അപ്പോൾ സിരകളിലൂടെ ഇലക്ട്രോലൈറ്റ് അടങ്ങിയ ഗ്ലൂക്കോസ് ലായനി കുത്തിവയ്ക്കേണ്ടിവരും.

വയറിളക്കം തടയുന്നതിന്: നവജാത കിടാക്കൾക്ക് കന്നിപ്പാൽ വേണ്ടത്ര നൽകണം. തൊഴുത്തിൽ ശുചിത്വം ഉറപ്പാക്കണം. നനവുള്ള അന്തരീക്ഷം ഒഴിവാക്കണം. അകിടിന്റെ ശുചിത്വം പാലിക്കണം. കുടിക്കുന്ന പാൽ വൃത്തിയുള്ളതും അഴുക്കു പറ്റാത്ത അകിടിൽനിന്നുള്ളതുമായിരിക്കണം.

പന്നിപ്പനി പ്രതിരോധം

pig

Q. പന്നിപ്പനിയുടെ ലക്ഷണങ്ങൾ എന്തൊക്കെ, എങ്ങനെ തടയാം.

ഔസേഫ് ചാക്കോ, കൂത്താട്ടുകുളം

പന്നിപ്പനി ഏതു പ്രായത്തിലുള്ള പന്നികളെയും ബാധിക്കുന്ന മാരക വൈറസ് രോഗമാണ്. പനി, തളർച്ച, നടക്കാൻ ബുദ്ധിമുട്ട്, നടക്കുമ്പോൾ വേച്ചുപോകുക, തൊലിപ്പുറത്ത് ചുവന്ന തടിച്ച പാടുകൾ എന്നിവയാണ് ലക്ഷണങ്ങൾ. ഗർഭിണികളായ പന്നികളിൽ ഗർഭം അലസുന്നു.

വൈറസ് രോഗമായതിനാൽ ചികിത്സയില്ല. രോഗം ബാധിച്ചവ രോഗവാഹകരായി വർത്തിക്കുന്നതിനാൽ ഏറെ ശ്രദ്ധിക്കണം.

പ്രതിരോധ കുത്തിവയ്പാണ് ഏക പോംവഴി. പന്നിക്കുഞ്ഞുങ്ങൾക്ക് രണ്ടുമാസം പ്രായമുള്ളപ്പോൾ ആദ്യ കുത്തിവയ്പു നൽകാം. ഗർഭിണികളായ പന്നികളെ കുത്തിവയ്പിൽനിന്ന് ഒഴിവാക്കണം. തിരുവനന്തപുരം പാലോട് പ്രവർത്തിക്കുന്ന Institute of Animal Health and Veterinary Biologicals എന്ന സർക്കാർ സ്ഥാപനം, പന്നിപ്പനിക്കുള്ള വാക്സിൻ നിർമിച്ച് മൃഗാശുപത്രികൾ വഴി നൽകുന്നുണ്ട്. ഫാമിൽ പുതുതായി കൊണ്ടുവരുന്ന പന്നികളെ മാറ്റിപ്പാർപ്പിച്ച് രോഗലക്ഷണം ഇല്ലെന്ന് ഉറപ്പാക്കിയിട്ടു മാത്രം പ്രവേശിപ്പിക്കണം. പന്നികൾക്കു തീറ്റ വേവിച്ച് നൽകുക. കൂടും പരിസരവും വൃത്തിയായി സൂക്ഷിക്കുക.

ഡാഷ്ഹണ്ടിനു പക്ഷാഘാതം

Q. എന്റെ നാലു വയസ്സുള്ള ഡാഷ്ഹണ്ട് നായ് നടക്കുമ്പോൾ ഇടതുവശത്തെ പിൻകാൽ തളർന്നുപോകുന്നു. എന്താണ് അസുഖം, പ്രതിവിധി എന്താണ്.

നിർമല ദാനിയേൽ, പാലാരിവട്ടം

തലച്ചോറിനെ ബാധിക്കുന്ന മെനിഞ്ചൈറ്റിസ്, നട്ടെല്ലിന്റെ തകരാറ് എന്നിവ കാലിലെ പേശികൾക്കുണ്ടാക്കുന്ന തളർച്ച പിൻകാലുകളുടെ ശേഷി കുറയ്ക്കുന്നു. നട്ടെല്ലിനു ബാഹ്യമായി ഉണ്ടായേക്കാവുന്ന ക്ഷതങ്ങൾ, നട്ടെല്ലിലെ കശേരുക്കളുടെ സ്ഥാനമാറ്റം, തള്ളിവരുന്ന ഡിസ്ക്, പ്രൊലാപ്സ് എന്നിവ ഇത്തരം തളർച്ചയ്ക്കു കാരണമാകും. ചില പരാദങ്ങളുടെ ലാർവ തലച്ചോറിൽ തങ്ങുന്നതും ബാഹ്യപരാദങ്ങളുടെ വിഷബാധയും തളർച്ചയ്ക്ക് ഇടയാക്കാം. എന്താണ് രോഗകാരണമെന്നു കണ്ടെത്തി ഉചിതമായ ചികിത്സ നൽകണം. ബി വിറ്റമിനുകൾ പതിവായി നൽകുക. വേദനസംഹാരികൾ, മാംസപേശികൾ പ്രവർത്തനക്ഷമമാക്കാനുള്ള മരുന്നുകൾ, ജീവകം ഇ എന്നിവ നൽകിയും ഫിസിയോതെറപ്പി ചെയ്തും രോഗം സൗഖ്യമാക്കാം. ആരംഭത്തിൽതന്നെ ചികിത്സ നൽകിയാൽ രക്ഷപ്പെടും.

ഉത്തരങ്ങൾ തയാറാക്കിയത്: ഡോ.സി.കെ. ഷാജു, പെരുവ
സീനിയർ വെറ്ററിനറി സർജൻ, ഗവ. വെറ്ററിനറി ക്ലിനിക്, മുളന്തുരുത്തി. ഫോൺ
: 9447399303

Your Rating: